ഒട്ടും ശബ്ദമുണ്ടാക്കാതെയാണ് ലീല കടന്നു വന്നതെങ്കിലും പ്രഭാകരൻ ചട്ടുകത്തിലുള്ള പിടി ഒന്ന് അയച്ച് പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവളെയാണ്. ഉഷ്ണവും ചൂടും കൊണ്ട് അവളാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഷർട്ടാണ് ഇട്ടിരിക്കുന്നത്. കണങ്കാലിന് മേൽ വെച്ച് ലുങ്കിയുമുടുത്തിട്ടുണ്ട്. വെള്ളിപ്പാദസരങ്ങൾ ഇളം കറുപ്പ് നിറമുള്ള കാലിൽ അഴകിൽ തെളിഞ്ഞു കാണാം
പകൽനേരത്തെ തൊഴിലുറപ്പിനു പോകുമ്പോഴും ഇവളെ ഇതുപോലെ വിയർപ്പിൽ കുളിച്ച് കണ്ടിട്ടുണ്ട്. അപ്പോൾപിന്നെ മുഖമൊക്കെ വെയില് കൊണ്ട് കരിവാളിച്ചിട്ടുണ്ടാവും. ഇപ്പോൾ അങ്ങനെയില്ല.
ലീല പ്രഭാകരനെയും ശ്രദ്ധിച്ചു. വിറകടുപ്പിൽ നിന്നുയരുന്ന തീയും പുകയും കാരണം അയാളുടെ കണ്ണുകൾ ഒരു കാട്ടാളന്റെതു പോലെ ചുവന്നിരിക്കുന്നു. എപ്പോഴും കാണാറുള്ള ശാന്തസ്വഭാവം ഇപ്പോൾ കാണാനില്ല.
"അണ്ണനെ ഇവിടെ ഏൽപ്പിച്ചിട്ട് എല്ലാരും മുങ്ങിയോ?"
"ആ, അവന്മാരൊക്കെ കെടന്ന് ഒറക്കമായി. പായസമായോണ്ട് ഞാൻ വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് ഒന്ന് കെടന്നൊറങ്ങി. നീയും വേണേ ആ ബെഞ്ചേലോട്ട് കെടന്നോ. പേടിക്കേണ്ട. ഞാനില്ലേ ഇവിടെ?"
"ഓ. അതാ എന്റെ പേടി" അവൾ ബെഞ്ചിനടുത്ത് ചെന്ന് മുഖവും കുനിച്ചതിലിരുന്ന് അവനെ കടക്കണ്ണിട്ട് ഒന്ന് നോക്കി. അയാൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട് അവൾ പൊട്ടിച്ചിരിച്ചു
പ്രഭാകരൻ തിരിഞ്ഞു നോക്കി. ചെമ്പുകുടത്തിൽ വെള്ളം ഓളം വെട്ടുന്ന ശബ്ദം. തീരെ പതിയെ ആണെങ്കിലും കേൾക്കാൻ ഇമ്പമുള്ള ചിരി.
"ഞാനിവിടിരിക്കാം, അണ്ണന്റെ ജോലി നടക്കട്ട്"
"ഒറങ്ങുന്നെല്ലേൽ വെറുതെ അവിടെ കുത്തിയിരിക്കാതെ ഇത് വന്നൊന്ന് ഇളക്ക്"
അത് കേൾക്കേണ്ടാത്ത താമസം അവൾ ബെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റ് അയാളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി.
എന്തൊരു ഭാരം. ഒരു ഇരുമ്പ് പാരയുടെ ഇരട്ടി ഭാരമുണ്ട്.
അയാൾ തോളിലെ തോർത്തെടുത്ത് മുഖം തുടച്ചു. പിന്നെ അതിന്റെ തന്നെ അറ്റം രണ്ടു കയ്യിലുമായി പിടിച്ച് കറക്കി സ്വയം ഒന്ന് വീശി. ആ കാറ്റ് അയാളുടെ ഉഛ്വാസ വായു പോലെ അവളുടെ മുതുകിൽ സ്പർശിച്ച. അവൾ ഈറൻ കാറ്റു വീശിയതുപോലെ കുളിർ ചൂടി.
ബാലേ! സദ്ഗുണലോലേ, മംഗലശീലശാലിനി, കേൾ നീ.
പ്രാലേയരുചിമുഖി, ദമയന്തി,മാലകൊണ്ടൊരുവനെ വരിച്ചീടു നീ.
സ്‌കൂളിന്റെ മറുവശത്തുനിന്ന് മൈക്കിലൂടെ ചെണ്ടയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ ആ വരികൾ മുഴങ്ങി.
"ഓ, തൊടങ്ങിയോ കഥകളി! പാവം, ആ കുട്ടികള് രാവിലെ മുതല് ചുട്ടീം കുത്തി ഇരിക്കുവാ"
"ഓ എവിടുന്നു! ഇതതിന്റെ പാട്ടു മാത്രമാ. എന്തോന്നാ അതിന്റെ പേര്?"
"കഥകളിപ്പദമാന്നോ"
"ങാ അതുതന്നെ. ഞാൻ അതിന്റെ പേര് എപ്പഴും മറന്നുപോകും. അവരുടെ ഐറ്റമൊക്കെ കഴിഞ്ഞോ? അണ്ണനു ഈ പായസം മാത്രമേ ഒള്ളോ?
"പിന്നല്ലാതെ, ലീല അന്തർജ്ജനത്തിന് പാത്രം മോറൽ തന്നല്യേ. ഇപ്പളും. ഉവ്വോ?'
കളിയാക്കിയതാണെങ്കിലും ലീലയ്ക്കും ചിരി വന്നു.
"പിന്നെ, ഞാനിപ്പോ വിറകും കൊറേ കീറി"
"ഓ പ്രോമോഷം ഒക്കെ ആയോ. എന്നാ ഇങ്ങനെ ഇളക്കിയാ പോരാ, കേട്ടോ. ചട്ടുകം ഉരുളിയേടെ അടിയിൽ മുട്ടാതെ ഇളക്കണം. നാളെ പായസത്തി ഓട് ചെവച്ചാ വിറകുകീറിയതിന്റെ കൊറവാന്നല്ല, എന്റെ കൊഴപ്പമാണെന്നേ വരൂ"
"എന്നാ, തന്നെ ഇങ്ങോട്ടു വന്ന് എളക്കിക്കൊ. നടുവൊടിഞ്ഞ് "
പ്രഭാകരൻ അവളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി തിളച്ചു കൊണ്ടിരുന്ന പാൽപായസത്തിലിട്ട് മെല്ലെ ഇളക്കാൻ തുടങ്ങി. അയാളുടെ കയ്യിലും തോളിലും പേശികൾ ഉയർന്നു താഴുന്നത് അവൾ കൊതിയോടെ നോക്കി നിന്നു.
"സ്വപ്നം കാണാതെ അങ്ങോട്ട് മാറി നിക്ക്. ഇതിലെങ്ങാണം ഉറങ്ങി വീണാൽ നാളെ ഉച്ചയ്ക്ക് കുട്ടികൾക്ക് വിളമ്പാനുള്ളതാ"
അവൻ അവളെ തള്ളി മാറ്റി. അവൾ വീഴാൻ തുടങ്ങി. വിയർപ്പിൽ നനഞ്ഞ അവന്റെ മുതുകിൽ അവൾ ഒരടി കൊടുത്തു.
സ്റ്റേജിൽ അടുത്ത കഥകളിപ്പദഗായകന്റെ പ്രകടനം കേട്ടു. ഒരു നിമിഷം ലീല അത് ശ്രദ്ധിച്ചു. നല്ല രസമുള്ള താളം.
നിരവധി മാരാധിനീരധിയിലേ നീന്തി
നിയതം നീ തളരൊല്ലാ പിളരൊല്ലാമനമിനി.
രാജപുംഗവ, തവ വാചാ, കൗശലത്താലേ
അത്രയുമായപ്പോഴേക്കും ലീല പാദം ഇളക്കി മെല്ലെ താളം പിടിച്ചു. ഇതുപോലെ എന്തോ കുടുംബശ്രീയുടെ വാർഷികത്തിന് തിരുവാതിരയായി കളിച്ചത് അവൾ ഓർത്തു.
പേശലാംഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ ആശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ
പ്രഭാകരനും അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൗതുകമായി
"ദേ അവിടേം എന്താണ്ടൊ ഇളക്കിവെച്ചുറപ്പിക്കുന്നു. അവിയലായിരിക്കും" പ്രഭാകരൻ അത് പറഞ്ഞത് കേട്ട് അവൾ പിന്നെയും ചിരിച്ചു.
അവന്റെ മുഖത്തും വന്നു ഒരു പുഞ്ചിരി.
"ഇനി ഇതിൽ എന്തൊക്കെ ചേർക്കണം?"
"അതൊക്കെ ദേ വറുത്ത് വെച്ചിട്ടുണ്ട്." അയാൾ ഒരു ചരുവം ചൂണ്ടിക്കാട്ടി.
അവൾ അതിന്റെ മൂടി തുറന്ന് ഒരു അണ്ടിപ്പരിപ്പെടുത്തത് കൊറിച്ചു.
"ഇത് ചേർക്കാറായോ?"
"എവിടുന്നു! ഒന്നുമായില്ല. കൊറേ കുറുകണം. നേരം വെളുക്കും. അതല്ലേ ഞാൻ ഒന്നുറങ്ങീട്ടു വന്നത്. എനിക്കറിയാം എല്ലാം കൂടെ എവിടേലും പോയിക്കിടന്ന് ഉറങ്ങുമെന്ന്. ഉറക്കം വന്നാൽ പിന്നെ അടുപ്പിന്റെ അടുത്ത് പെരുമാറുന്നത് അപകടമാ."
"അല്ലെങ്കിലേ എനിക്കീ വലിയ അടുപ്പിലെ തീ കാണുമ്പോ പേടിയാകും. ഞങ്ങടെ വീട്ടിനടുത്ത് ഒരു വലിയ തീ പിടുത്തം ഉണ്ടായാരുന്നു. രണ്ടു പേര് ചാവുകേം ചെയ്തു"
"എന്ന്?"
"ഓ വളരെ പണ്ട്. അമ്മ പറഞ്ഞു കേട്ടതാ"
"നിങ്ങടെ വീട്ടിനടുത്തോ?"
"അടുത്തതല്ല. കൊറേ കൂടി പോണം"
"ഓ അതിപ്പോ പത്തറുപത് കൊല്ലമായില്ലേ? ആരാ മരിച്ചതെന്നറിയാമോ?"
പ്രഭാകരൻ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു തോന്നി അയാൾ പാട്ടു ശ്രദ്ധിക്കുകയാവുമെന്ന്. ആ പാട്ടിന്റെ പേര് പിന്നെയും അവൾ മറന്നുപോയി. അവർക്കിടയിലെ നിശ്ശബ്ദതയിൽ ഇമ്പമാർന്ന സ്വരത്തിൽ ഒരു കഥകളിപ്പദം ഉയർന്നു കേട്ടു.
സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോടിന്ദ്രൻതാനേ വരികിലിളകാ; കാ കഥാന്യേഷു രാജൻ?
ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം ഞാനെന്നും ചൊല്ലി ഖഗപതിപറന്നംബരേ പോയ്മറഞ്ഞാൻ
എത്ര ശ്രദ്ധിച്ചിട്ടും ഒരു വാക്ക് പോലും മനസ്സിലാകുന്നില്ല.
"ആരാ അന്ന് ചത്തതെന്ന് അറിയാമോ?"
പ്രഭാകരന്റെ ചോദ്യം വീണ്ടും കേട്ടപ്പോഴാണ് അയാൾ അവളുടെ ഉത്തരത്തിന് കാത്തതാണെന്ന് ലീലയ്ക് മനസ്സിലായത്
"ഞങ്ങക്കൊന്നും അറിയാത്തോരാ. അവിടെങ്ങും ഉള്ളവരല്ല" അവൾ താത്പര്യമില്ലാത്തതു പോലെ പറഞ്ഞു.
ചരുവത്തിൽ നിന്ന് അണ്ടിപ്പരിപ്പെടുത്തു കൊറിക്കണമെന്നുണ്ട്. അയാൾ എന്ത് കരുതും എന്നോർത്ത് അവൾ അത് വേണ്ടെന്നു വെച്ചു.
ചരുവത്തിൽ നിന്ന് അണ്ടിപ്പരിപ്പെടുത്തു കൊറിക്കണമെന്നുണ്ട്. അയാൾ എന്ത് കരുതും എന്നോർത്ത് അവൾ അത് വേണ്ടെന്നു വെച്ചു.
"ഞങ്ങടെ വകേലൊരു ബന്ധുവായിരുന്നു. നളിനിയമ്മായി. മറ്റേത് ദേഹണ്ഡത്തിനു വന്നതാ, ദിവാകരൻ. ഇതുപോലെ പാചകപ്പുരയിലെ തീ രാത്രിയിൽ പടർന്നതാ. കല്യാണവീടായിരുന്നു. നളിനി അമ്മായിയുടെ ചേച്ചീടെ മൂത്ത മോടെ കല്യാണം. അന്ന് മൊടങ്ങിയതാ. പിന്നെ ആ പെണ്ണിനെ കെട്ടാൻ ആരും വന്നില്ല." പ്രഭാകരൻ പറഞ്ഞു നിർത്തി.
ലീല അത് കേട്ടെങ്കിലും അവളുടെ മനസ്സ് ആ കഥകളിപ്പദങ്ങൾക്കൊപ്പം ചടുലമായി ചലിച്ചുകൊണ്ടിരുന്നു
അന്നത്തെ ആ വലിയ സ്റ്റേജിൽ തിരുവാതിര കളിച്ചത് അവൾ ഓർക്കുകയായിരുന്നു. ഇന്നും ഇവിടെ തിരുവാതിര ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും ഒന്ന് പോയി കാണണം.
"നീ ഒറക്കമായോ, വല്ലോം പറഞ്ഞോണ്ടിരിക്ക്. വേണേൽ ആ അണ്ടിപ്പരിപ്പ് രണ്ടെടുത്ത് കൊറിച്ചോ."
അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് അതിലുള്ള കൊതി പോയി. എന്ത് പറയാണെമെന്നറിയാതെ അവൾ കുഴങ്ങി.
"ചേച്ചീടെ മോൾക്ക് പായസം വലിയ ഇഷ്ടമാ. ഞാൻ ഉണ്ടാക്കി കൊടുത്താ കഴിക്കില്ല. അമ്പലത്തിലെ തന്നെ വേണം. വീട്ടിൽ ഉരുളിയൊന്നുമില്ല. അതായിരിക്കും എന്തൊക്കെ ചേർത്താലും അത്രേം രുചി വരില്ല. മിൽക്ക് മെയ്‌ടൊക്കെ വാരിയൊഴിച്ചു നോക്കി"
എന്തോ തമാശ കേട്ട പോലെ പ്രഭാകരൻ ചിരിച്ചു. കഥകളിപ്പാട്ടിനെ കുറിച്ച് അയാൾ വല്ലോം തമാശ പറഞ്ഞേക്കുമെന്ന് അവൾ കരുതി. എന്താണ് പാടുന്നതെന്ന് അവളും ശ്രദ്ധിച്ചു.
തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,
അതിലെ ഒന്ന് രണ്ടു വാക്കുകൾ അവൾക്ക് മനസ്സിലായി.തളിരൊളി, മനോരഥം. സ്‌കൂളിൽ പണ്ട് പര്യായമായി പഠിച്ചിട്ടുണ്ട്. അതേക്കുറിച്ച് തമാശയായിരിക്കില്ല, കാര്യമായ വല്ലതും അയാൾ പറഞ്ഞേക്കുമെന്ന് അവൾക്കു തോന്നി. അത്ര ഗൗരവം അയാളുടെ മുഖത്തു ഉണ്ടായിരുന്നു
അയാളെ നോക്കാൻ ധൈര്യമില്ലാതെ അവൾ ദൂരേയ്ക്ക് നോക്കി.
പുറത്ത് വെട്ടം വീണു തുടങ്ങിയിരുന്നു. ഇനിയെങ്കിലും ഒന്ന് കിടന്നു ഉറങ്ങണം.
"പായസം അലുമിനിയം പാത്രത്തിലും ഉണ്ടാക്കാം. കുറച്ച് പഞ്ചസാര കരിച്ച് അതിൽ ചേർത്താൽ മതി. അമ്പലപ്പുഴ പാൽപായസം പോലിരിക്കും."
"അതെയോ ?"
"ഇനി പാൽപായസം ഉണ്ടാക്കുമ്പോ അങ്ങനെ ഒന്ന് ചെയ്തു നോക്ക്. പിന്നെ പറ."
അയാൾക്ക് പായസം ഇളക്കാൻ പ്രയാസം തോന്നിത്തുടങ്ങി. നന്നായി കുറുകി എന്ന് അവൾക്കും അത് കണ്ടപ്പോൾ മനസ്സിലായി.
"നീ ആ വറത്തു വെച്ചതിങ്ങെടുത്തെ"
അവൾ വീണ്ടും പിടഞ്ഞെണീറ്റ് ചരുവം എടുത്ത് മൂടി തുറന്ന് അയാൾക്ക് നേരെ നീട്ടി. അയാൾ അത് വാങ്ങി. അവൾ അയാളുടെ കയ്യിൽ മെല്ലെ പിടിച്ച് തടഞ്ഞു.
"ഒന്ന് നിന്നേ"
എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ ആ പത്രം തിരിച്ച് അവൾക്കു നേരെ നീട്ടി. അവൾ അതിൽ നിന്നും കുറച്ച് വിരലുകൾ കൊണ്ട് കോരിയെടുത്തു.
കുറുകിയ പായസത്തിൽ വീണ അണ്ടിപ്പരിപ്പും മറ്റും ഒട്ടും മുങ്ങാതെ കിടന്നു.
കാലത്തിന്റെ കയ്യിൽ പെട്ട് ഇല്ലാതാകുന്ന ജന്മങ്ങൾ പോലെ ചട്ടുകത്തിന് വഴങ്ങി അവ പെട്ടെന്ന് എവിടെയോ മറഞ്ഞു.
അയാൾ കുനിഞ്ഞു അടുപ്പിലെ വിറക് പകുതിയും പുറത്തേയ്ക്ക് നീക്കിവെച്ച് കുറെ വെള്ളം അതിൽ കുടഞ്ഞ് തീ കുറച്ചു.
അമ്മ പറഞ്ഞു കേൾപ്പിച്ച കഥയിലെ ആളിക്കത്തുന്ന വീട്ടിനു മുകളിൽ ആൾക്കാർ വെള്ളം കോരി ഒഴിക്കുന്ന രംഗം അവളുടെ ഉള്ളിൽ തെളിയവേ അപരിചിതമായ ഒരു ചിന്ത അവളെ പൊതിഞ്ഞു.
അത്ര വിശദമായി ഒരിക്കലും അവൾ ആ കഥ കേട്ടിട്ടുണ്ടായിരുന്നില്ല. പിന്നെങ്ങിനെ ആ രംഗം ഇങ്ങനെ മനസ്സിൽ തെളിഞ്ഞു?
ആ കഥയുമായി വേറൊരു തരത്തിൽ പ്രഭാകരനും ബന്ധപ്പെട്ടിരിക്കുന്നു.
അഴിച്ചു മാറ്റിയാലും ദേഹത്തു തങ്ങി നിൽക്കുന്ന മുഷിഞ്ഞ ഉടുപ്പുകളുടെ ദുർഗന്ധം പോലെ ആ കഥകൾ ഓർമകളായി അവളെ പൊതിഞ്ഞു നിന്നു.
ഒരു പേപ്പർ കപ്പിൽ ചൂടുള്ള പായസവുമായി പ്രഭാകരൻ അവളുടെ അടുത്ത് വന്ന് ചേർന്നിരുന്നു. അയാളുടെദേഹത്തിന്റെ ചൂര് പാൽപായസത്തിലും ഹൃദ്യമായി അവൾക്ക് തോന്നി. തീയും പുകയും നിറഞ്ഞ ആ ഓലഷെഡിൽ പുലർ മഞ്ഞു പെട്ടെന്ന് വന്നു നിറഞ്ഞതു പോലെ
അയാൾ പേപ്പർ കപ്പിനുള്ളിലേയ്ക്ക് നോക്കി. കപ്പിന്റേതു പോലെ തന്നെ മങ്ങിയ വെള്ള നിറം പായസത്തിനും വന്നിരിക്കുന്നു. അപ്പോൾ മൂപ്പ് കൃത്യമായി. നല്ല മണവുമുണ്ട്. രുചിയും കൂടി നോക്കണം.
കപ്പിലെ പായസം പകുതി കുടിച്ചിട്ട് ബാക്കി അവൾക്ക് കൊടുത്തു. മറന്നു പോകാനിടയുള്ളതെന്തോ മറക്കാതെ ചെയ്ത് തീർത്ത പോലെയൊരു തോന്നൽ.
കപ്പിലെ പായസത്തിന്റെ ബാക്കി അവൾ കുടിക്കുന്നത് നോക്കിയിരുന്നപ്പോൾ അത്രയും നല്ല പാൽപായസം എവിടെയോ കുടിച്ചതായി ഓർത്തെങ്കിലും എവിടെയെന്നോ എന്നെന്നോ ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
പാൽപായസത്തിന്റെ രുചിയിൽ കണ്ണുകൾ പാതിയടച്ച് എല്ലാം മറന്നിരുന്ന ലീല അവൾ കേൾക്കുന്ന പാട്ടുകളുടെ പേര് കഥകളിപ്പദങ്ങൾ എന്നാണെന്നു ഓർത്തെടുത്തു. ആദ്യമായി കേൾക്കുയാണെങ്കിലും അതിന്റെ വരികൾ തനിക്ക് എങ്ങിനെ പരിചിതമായി തോന്നുന്നുവെന്ന് അവൾ ചിന്തിച്ചു.
നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,
അവസാനത്തെ മത്സരാർത്ഥിയും അപ്പോഴേക്കും അരങ്ങൊഴിഞ്ഞിരുന്നു.
No comments:
Post a Comment