Total Pageviews

Friday, May 24, 2019

വഴി



പകലൊടുങ്ങാത്ത പാഴ്വീ ഥിയൊക്കെയും
പകുതിയോളം നടന്നു തളർന്നു ഞാൻ
അകലെയാണു നീ നിൻനിഴൽ പോലുമെൻ
വികലനേത്രത്തിലൊട്ടും പതിഞ്ഞിടാ

ഇരവു തോറുമീദുസ്വപ്നവേള കൾ
ഇരകളാക്കുന്നു ഹൃത്തിന്നെയെപ്പൊഴും
ഇരുളിനുള്ളിലായെങ്ങൊ തെളിഞ്ഞൊരാ
ചെരുചിരാതിലെൻ ചിറകും കരിഞ്ഞുപോയ്

കവിതയുറാതെയുള്ളും വരണ്ടുപോയ്
ചുവടുതെറ്റിയെൻ പാദം പിണഞ്ഞുപോയ്
ശവസമാനനായ് കാത്തിരിക്കുന്നു ഞാൻ
എവിടെയാണെന്റെ വാല്മീകമെത്തണം

ഏതു ശക്തമാം കാറ്റിലെൻ ജീവിതം
പാതവക്കിലെ ദീപമായ് കെട്ടുപോയ്
ഏതു കാറ്റിലെൻ ലോലമാം തൂലിക
പാതിവാക്കിലെൻ കൈകളെ വിട്ടു പോയ്

ആരുമാരും അറിഞ്ഞില്ലഹല്യയായ്
ദൂരെ ദിക്കിൽ നീ കാത്തു കിടന്നതും
കാറ്റു വന്നൊരു സമ്മാനമായ്‌, മഷി
വറ്റിടാത്തോരീ തൂലിക തന്നതും

ഇന്നലത്തെയഹല്യയല്ലിന്നു നീ
മന്നിടം വിട്ടു വിണ്ണിൽ തിളങ്ങണം
എണ്ണമറ്റൊരു കാവ്യങ്ങളെത്രയൊ
ജന്മമേൽക്കാൻ കൊതിപ്പു നിന്നുള്ളിലായ്

കാകളി  ചൊല്ലി പാറിപ്പറക്കണം
താഴെ യെന്റെയീ വാല്മീകമെത്തിയാൽ
പാടണം നല്ലോരീരടിയെങ്കിൽ ഞാൻ
മൃത്യു വിട്ടങ്ങുണർന്നെഴുന്നേറ്റിടാം






No comments:

Post a Comment