Total Pageviews

Friday, May 24, 2019

നാനും ഒരു കതൈ സൊല്ലട്ടുമാ?

ആദ്യമായി നല്ലെഴുത്തിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങാം
പ്രമേഹം കൂടി കാലിൽ ഒരു നല്ല സർജറി വേണ്ടിവന്ന് ആശുപത്രിയിൽ രണ്ടു മാസവും വീട്ടിൽ രണ്ടു മാസവും ശയ്യാവലംബനായപ്പോഴാണ് നല്ലെഴുത്തിൽ കൂടുതലായി ആക്ടീവായത്. കഥകളൊക്കെ വായിച്ചപ്പോൾ
ഇതുവരെ എഴുതിയത് പോലെ പോരാ എന്ന് തീരുമാനിച്ചു.
ദൈവത്തെ ഉള്ളിൽ തിരയണമെന്നു പറയുന്നത് പോലെ കഥയ്ക്കും ഉള്ളിലാണ് തിരയേണ്ടതെന്ന് മനസ്സിലായി.
ലോകമല്ല നമ്മുടെ ദുഃഖകാരണം. ലോകത്തെ ദുഃഖങ്ങളോടുള്ള നമ്മുടെ പ്രതികരണമാണ് ദുഃഖകാരണം.
അസുഖം വരുന്നതല്ല, അസുഖം എന്നാലും എനിക്ക് തന്നെ വന്നല്ലോ എന്നോർത്താണ് സങ്കടം.
പ്രതികരണങ്ങൾ ചിന്തയിൽ നിന്നും പ്രവർത്തിയിലേയ്ക്ക് മാറുമ്പോൾ ഈ ദുഃഖവും ഏറെ മാറും.

നല്ലെഴുത്തിൽ വരുന്ന എല്ലാ കഥകളും മനസ്സിരുത്തി വായിക്കും. അല്ലാതെയും ദിവസവും കുറച്ച് വായിക്കും. ഇപ്പോൾ കുറേകൂടി വിശകലന മനോഭാവത്തോടെയാണ് വായന. പല കഥകളോടും നെഗറ്റീവ് ആയി പ്രതികരിക്കാറുണ്ട്. പ്രതികരിക്കുന്നതിലും കൂടുതൽ നെഗറ്റിവിറ്റി ഉള്ളിൽ അപ്പോഴൊക്കെ ഉണ്ടെന്നു മാത്രം പറയുന്നു. വായനക്കാരന്റെ സമയത്തിനു വിലകൽപ്പിക്കുന്ന ഒരു എഴുത്തും മോശമായി തോന്നിയിട്ടില്ല.

കാശിനു വേണ്ടി ഏറെ എഴുതേണ്ടി വരുന്നു. അതൊക്കെ ആത്മപീഡനമാണ്. ചിന്തിക്കാനാകാത്ത കടം കേറിയത് കൊണ്ട് മാത്രമാണ് അതൊക്കെ ചെയ്യേണ്ടി വരുന്നത്. സമ്മർ ക്യാമ്പിന്റെ അനൗൺസ്‌മെന്റ് തൊട്ട് പി എച്ച് ഡി തീസിസ് വരെ ഈ കൂട്ടത്തിൽ വരും. അതിനായി കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോൾ ഒരല്‌പമെങ്കിലും സന്തോഷത്തിന് എനിക്കും അവകാശമില്ലേ എന്ന ചിന്തയോടെയാണ് നല്ലെഴുത്തിൽ എഴുതുന്നതൊക്കെ.

ഇനി കഥ

ഓ, ഇടയ്ക്കൊരു കാര്യം മറന്നുപോയി. ഇന്ന് ഒഡീഷയിൽ നിന്നും അപ്‌ലോഡ് ചെയ്യുന്ന Literary Vibes ഇറങ്ങുന്ന ദിവസമാണ്. ലിൻസി, ശ്രീധർ, ബിനിത, ജയൻ തളീരടി എന്നിവരുടെ ഓരോ കഥകൾ അതിനായി ഞാൻ തർജ്ജമ ചെയ്തിരുന്നു. ഇറങ്ങുന്നതിനു മുൻപ് തന്നെ എഡിറ്റോറിയൽ ബോർഡിൻറെ അഭിപ്രായം വന്നു. SUPERB എന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ന് വൈകിട്ട് വരും. ലിങ്ക് ഇവിടെ ഇടാം. കഴിഞ്ഞ ആഴ്ച സൂര്യയുടെ കഥ ഉണ്ടായിരുന്നു. അങ്ങനെ അഞ്ചുപേർ നല്ലെഴുത്തിനെ ദേശീയ തലത്തിൽ പ്രതിനിധീകരിക്കുന്നു. എന്തു സന്തോഷം. പ്രസിദ്ധർ സുഹൃത്തുക്കളാകുന്നതിലും സന്തോഷമാണ് സുഹൃത്തുക്കൾ പ്രസിദ്ധരാകുന്നത്.

ഇനി എന്തായാലും കഥ ചുരുക്കി പറയാം

യാചകൻ
(The Beggar by AntonChekhov, Russian writer who died  at  44 due to TB. കാരൂരിന്റെ കൃതികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്)

ലഷ്‌കോവ്  (Lushkov )എന്ന ഒരു ചെറുപ്പക്കാരൻ പല കാരണങ്ങൾ പറഞ്ഞ് സ്കോവോർട്സ് (Skvortov)എന്ന ഒരു വക്കീലിൽ നിന്നും കാശ് പിടുങ്ങാൻ ശ്രമിക്കുന്നു. വക്കീൽ അയാളെ കയ്യോടെ പിടിച്ചു. ജോലിയൊന്നും കിട്ടാത്തതാണ് തൻ ഇങ്ങനെ കളിപ്പീരിനിറങ്ങാൻ കാരണം എന്ന് ലഷ്‌കോവ് പറയുന്നു
അതുവെറുതെ ആണെന്നും ഉഴപ്പന്മാർ കള്ളന്മാരാണെന്നും തന്റെ വീട്ടിൽ വിറകുകീറാനുണ്ടെന്നും പറയുന്ന സ്കോവോർട്സ് തന്റെ വേലക്കാരി ഓൾഗയെ (Olga)വിളിച്ച് കീറാനുള്ള വിറക് കാണിച്ചു കൊടുക്കാൻ പറയുന്നു.
കുറെ കഴിഞ്ഞ് ഓൾഗ അയാളുമായി മടങ്ങി വന്നു വിറകു കീറി എന്ന് അറിയിക്കുമ്പോൾ വക്കീൽ അയാൾക്ക് അര റൂബിൾ കൂലിയായി കൊടുക്കുന്നു. എപ്പോൾ അര റൂബിൾ വേണമെങ്കിലും ഇവിടെ വന്നു വിറകു കീറിക്കൊള്ളാനും പറയുന്നു. അങ്ങനെ പലപ്പോഴും അയാൾ വന്നു. കൂലിയായി അര റൂബിൾ വീതം വക്കീൽ കൊടുക്കുകയും ചെയ്തു. ഒടുവിൽ വക്കീൽ അവിടെ നിന്നും വീട് മാറി പോയി. വീട് മാറുന്നതിന് കുറെയൊക്കെ സഹായിച്ചെങ്കിലും ലഷ്‌കോവ് വളരെ ദുഃഖിതനായി കാണപ്പെട്ടു. അന്നത്തെ കൂലിയായി വക്കീൽ അയാൾക്ക് ഒരു റൂബിൾ നൽകി. ജോലി ചെയ്തു ജീവിക്കാൻ ലഷ്‌കോവ് കാണിച്ച് തുടങ്ങിയ താത്പര്യം പരിഗണിച്ച്  അയാളെ വേറൊരു വക്കീലിന്റെ ഗുമസ്ഥനാക്കാൻ ഏർപ്പാട് ചെയ്തിട്ടാണ് വക്കീൽ ആ നാട്ടിൽ നിന്നും പോകുന്നത്.
വർഷങ്ങൾക്ക് ശേഷം വേറൊരു നഗരത്തിലെ നാടകശാലയിൽ നാടകം കാണാനെത്തിയ വക്കീൽ ആകെയുള്ള ഒരു സ്‌പെഷ്യൽ സീറ്റ് വേറെ ആരോ ബുക്ക് ചെയ്തു എന്നറിയുന്നു. അത്ര വലിയ മഹാൻ ആരെന്നറിയാൻ കാത്തുനിന്ന വക്കീലിന് സമീപം ലഷ്‌കോവ് തന്നെ  തേരുപോലെയുള്ള ഒരു കുതിരവണ്ടിയിൽ വന്നിറങ്ങുന്നു
വക്കീൽ അങ്ങോട്ട് ചെന്ന് പരിചയപ്പെടുത്തുന്നു. ഇനി അവരുടെ സംഭാഷണം:
കണ്ണ് നിറഞ്ഞു കൊണ്ട് വക്കീൽ: "അന്ന് നിന്നോട് ഞാൻ വളരെ കർക്കശമായി പെരുമാറിയെങ്കിലും നിനക്ക് അതുകൊണ്ടു ഗുണമുണ്ടായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഒരാളെ മാറ്റിയെടുക്കുവാൻ കഴിയുന്നത് വലിയ പുണ്യമാണ്"
ലഷ്‌കോവ്, വളരെ ഉയർന്ന പെരുമാറ്റ മര്യാദകളോടെ: "സർ, താങ്കൾ ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. ആ ഗുമസ്തപ്പണിയിൽ നിന്ന് ഉയർന്നുയർന്നു ഞാൻ ഒരു പബ്ളിക് നോട്ടറിയായതിന് കാരണക്കാരൻ താങ്കൾ തന്നെ. പക്ഷെ ക്ഷമിക്കണം സർ, ഞാൻ പാഠം പഠിച്ചത് അങ്ങയിൽ നിന്നല്ല. താങ്കളുടെ വീട്ടിൽ വേലയ്ക്കു നിന്ന ഓൾഗയാണ് എന്നെ മാറ്റിയെടുത്തത്"
വക്കീൽ, അമ്പരപ്പോടെ:" അതെങ്ങനെ?"
ലഷ്‌കോവ്: "താങ്കൾക്കറിയാമോ, ഒരിക്കലും ഞാൻ താങ്കളുടെ വീട്ടിൽ ഒരു തുണ്ടു വിറക് പോലും കീറിയിട്ടില്ല. ജോലി ചെയ്യാൻ മടിച്ച് ഞാൻ ആ വിറക് കൂനയ്ക്കടുത്ത് കൂനിക്കൂടിയിരിക്കും. അവർ എന്നെ വന്നു ചീത്ത വിളിക്കും. ഒടുവിൽ പ്രാകിക്കൊണ്ടു എനിക്കായി വിറകു കീറി ഇടും. "നശിച്ചവനേ, പോയി കാശു വാങ്ങിക്കോ" എന്ന് പറയും. എന്റെ ആത്മാവിനെ പോലും അവർ മാറ്റിക്കളഞ്ഞു. എങ്ങിനെയാണ് അവർ അത് സാധിച്ചതെന്ന് ഇന്നും എനിക്കറിയില്ല. നാടകം തുടങ്ങാറായി സർ, ഞാൻ പോകട്ടെ"

ആ വാക്കുകൾ പറഞ്ഞുകൊണ്ട് ലഷ്കർ വക്കീലിനെ താണ്  വണങ്ങി നാടകശാലയിലേയ്ക്ക് തിരിച്ചു.

ഈ കഥ ഞാൻ ഒരു നൂറു തവണയെങ്കിലും പല സദസ്സിലും വ്യക്തികളോടും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കഥ നമ്മെ ഇത്രയധികം ഇളക്കുന്നത്? അതിനു കാരണം ഇതിന്റെ ഒരു തുണ്ട് നമ്മുടെ ഉള്ളിൽ നേരത്തെ മറഞ്ഞു കിടക്കുന്നതു കൊണ്ടാണ്. ഓൾഗയുടെ നിസ്സാരമായ ത്യാഗത്തിന്റെയും നിസ്സാരമല്ലാത്ത സ്നേഹത്തിന്റെയും കഥ പറഞ്ഞ് സമർത്ഥമായി ചെക്കോവ് നമ്മുടെ ഉള്ളിൽ  നിന്നും മറഞ്ഞു കിടക്കുന്ന  മറ്റൊരു  വലിയ ത്യാഗത്തിന്റെ കഥ ചൂണ്ടയിട്ട് പിടിക്കുന്നു. മനസ്സിൽ നടക്കുന്ന ഈ ചൂണ്ടയിടീൽ മസ്തിഷം അറിയുന്നില്ല. അതുകൊണ്ടു അതിന് നമ്മുടെ കണ്ണുനീർ  ന്യായീകരണങ്ങൾ ഉയർത്തി തടയുവാൻ കഴിയുന്നില്ല. നാം കരഞ്ഞു പോകുന്നു.
എന്താണ് നമ്മുടെ ഉള്ളിൽ നിന്നും ചെഖോവ് ചൂണ്ടയിട്ട് പിടിച്ചെടുക്കുന്ന ആ ദിവ്യാംശം. ചാൾസ് ഡിക്കെൻസ് തന്റെ "ഇരുനഗരങ്ങളുടെ കഥ" (A Tale of Two Cities) എന്ന നോവലിൽ ഉദ്ധരിച്ച ഒരു വാചകം ശ്രദ്ധിക്കുക: Greater love hath no man than this, that a man lay down his life for his friends. (ജോൺ 15 :13 (തൻ സഹജീവിക്ക് തന്നുയിർ പോലുമേ സ്നേഹത്തൊടങ്ങു കൊടുക്കുന്നതാരുവാൻ (എന്റെ വിവർത്തനം!)
അതെ, മറ്റുള്ളവരുടെ പാപങ്ങൾക്കായി സ്വയം കുരിശിലേറാൻ തയാറായ യേശുദേവന്റെ കഥയാണ് ഓൾഗയിലൂടെ ചെഖോവ് ചൂണ്ടയിട്ടെടുത്തത്. മരിച്ചു പോയ മകനെ ജീവിപ്പിക്കാൻ മരണം നടക്കാത്ത വീട്ടിൽ നിന്നും കടുക് വാങ്ങാൻ പറഞ്ഞു വിട്ട അമ്മ വെറും കയ്യോടെ തിരിച്ചു വന്നപ്പോൾ ശ്രീബുദ്ധനെ കൊണ്ട് കുമാരനാശാൻ പറയിച്ചതും മറ്റൊന്നല്ല. "കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ജീവൻ ത്യജിച്ചും ഞാൻ അത് ചെയ്യുമായിരുന്നല്ലോ. മരണമെല്ലാരേയും ബാധിക്കുമെന്ന് നിങ്ങളെ ബോധ്യം വരുത്തനാണ് കടുക് വാങ്ങാൻ നിങ്ങളെ പറഞ്ഞു വിട്ടത്." (ശ്രീബുദ്ധചരിതം)
ഇങ്ങനെയാണ് വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിവുള്ള സാഹിത്യകാരന്മാർ ദൈവജ്ഞരായി മാറുന്നത്.
നമ്മുടെ ഉള്ളിലുള്ള ലോകത്തെ പുറത്തെടുത്ത  നമുക്ക് തന്നെ കാട്ടിത്തരുന്നത്.

നമുക്കും ആ വഴിക്കൊന്നു ചിന്തിച്ചാലോ?







No comments:

Post a Comment