Total Pageviews

Tuesday, September 5, 2023

 അനന്യയ്ക്ക്
 
കൊതിയോടെ കാത്തിരുന്നേറെ നാൾ
ചുണ്ടിലീ ചെഞ്ചായമൽപ്പം പുരട്ടാൻ
കൺകോണു കാന്തമായ് മാറ്റുമീ കണ്മഷി
കണ്ണിൽ നിനക്കായ് പുരട്ടാൻ
ഞാൻ കൊതിയോടെ കാത്തിരുന്നെന്നും

ഈ സന്ധ്യ പോലെന്റെ കവിളും തുടുക്കണം
കാന്തന്റെ നെഞ്ചം തുടിക്കാൻ
മുടിചൂടി അതിൽ നീളെ കുടമുല്ല ചൂടണം
മൈലാഞ്ചി വേണമെൻ കയ്യിൽ
കനക മൈലാഞ്ചി വേണമെൻ കയ്യിൽ

മുടിയും വളർത്തി ഞാൻ മുഖവും മിനുക്കി
ഞാൻ നഖവും പണിപ്പെട്ടു കാത്തു
ലാസ്യത്തിലാണെന്റെ ചലനങ്ങളൊക്കെയും
മാറുന്നു ഞാൻ നിന്റെ പെണ്ണായ്
എന്നെ നീ സ്വീകരിക്കില്ലേ

 


ഒടുവിൽ ജയിച്ചു ഞാനിന്നലെ ആണിന്റെ
ലോകത്തു നിന്നേ മറഞ്ഞു
പുഴുവായ് പിറന്നു ഞാൻ ശലഭമായ്തീർന്നു
ഞാൻ പുതുതായി നേടിയീ ജന്മം
എന്നും കൊതിച്ചൊരു ജന്മം

മൃദുലമാണെൻ മനം മധുരമാ ണെന്മൊഴി
കണ്ണിൽ കടുക്കുന്ന രാഗം
കസവുള്ള പുടവയും കനകച്ചിലങ്കയും
കരളിൻ തുടിപ്പായി മാറും
ഞാൻ നിന്റെ കരളിൻ തുടിപ്പായി മാറും

മെല്ലെ നടന്നാലുമെൻകാൽച്ചിലങ്കകൾ
നന്നായ് ചിലച്ചീടുമെന്നോ
നെഞ്ചിൽ ഒതുങ്ങാതെ പ്രണയം തുളുമ്പുന്നു
കാൽചിലങ്കയ്ക്കേ കി നാദം
അവ നിന്നെ ക്ഷണിക്കുന്നു നിത്യം

ഏറെനാൾ നീയെന്റെ കൂട്ടുകാരൻ
നമ്മളൊന്നായിരുന്നോരു ബാല്യം
ഇന്നീ മനോഹര സ്ത്രീ രൂപമാർന്നു ഞാൻ
നിന്നെ എനിക്കായി വേണം
പക്ഷെ എന്നെ വിലക്കുന്നു പേടി

നാണമാണെങ്കിലും നിന്നടുത്തെത്തിയാൽ
എല്ലാം മറന്നു ഞാൻ നില്ക്കും
ഇനിയില്ല കൂട്ടുകാർ അഴകുള്ള പെണ്ണു ഞാൻ
ഇനി നീയുമന്യനായേക്കാം
ഈ പെണ്ണിന്റെ ലോകമിതല്ലോ

പണ്ടേഎനിക്കുള്ളി ലിഷ്ട മുണ്ടായിരു
ന്നെന്നും കിനാവിൽ രമിച്ചൂ
എന്നേ കൊതിച്ചു പെണ്ണായി മാറി ഞാൻ
നിന്നോടു ചേർന്നുറങ്ങാനും
നിന്റെ ഇണയാകുവാനുമെൻ പൊന്നേ

നീയറിയാതെ നിൻ രൂപത്തെ ഞാൻ
മിഴി ചിമ്മാതെ നോക്കുമമ്പൊഴെല്ലാം
എന്നെ കളിയാക്കി എത്ര ചിരിച്ചു നീ
കണ്ടില്ല നീയെന്റെ കണ്ണീർ
കേട്ടില്ല നീയെന്റെ തേങ്ങൽ


അരികത്തു ചേർന്ന് നിൻ നെഞ്ചിൽ
കിടന്നെത്ര കാര്യങ്ങളോതാനുണ്ടെന്നോ
ഈ ജന്മമിങ്ങനെ നിന്നിൽ ലയിക്കുവാൻ
എന്തെന്തു നേർച്ചകൾ നേർന്നു
ഒടുവിലിന്നെന്റെ സ്വപ്നം വിരിഞ്ഞു

ഒരു നാടകത്തിന്റെ അന്ത്യ രംഗം പോലെ
കളിയും തമാശയും വേണം
ചിരിയും ചിലമ്പലും കഥയും കലമ്പലും
കൊതിയോടെ കാത്തിരുന്നെന്നും
രാവു നീളെ വിനോദമെന്നോർത്തു

ആരും കൊതിക്കുന്ന പെണ്ണായി
ഞാൻ നിന്റെ ചാരത്തു വന്നിരിക്കുമ്പോൾ
ശ്വാസം വിലങ്ങുന്നു നാവും വരളുന്നു
കൈകാൽ കുഴഞ്ഞു പോകുന്നു
എന്റെ ദേഹം വിയർപ്പിൽ മുങ്ങുന്നു

കരയാൻ വിതുമ്പുവാനാകാതെന്നുള്ളിലെ
കടലിൽത്തിരച്ചാർത്തൊഴിഞ്ഞു
ചിറകറ്റ പക്ഷിപോൽ ഇമകൾ തുടിക്കുന്നു
ആഹ്ലാദമാണെന്റെയുള്ളിൽ
ദുഃഖമെല്ലാ മൊഴിഞ്ഞെന്റെയുള്ളിൽ

ആൾക്കൂട്ടമുണ്ടെന്നതോർക്കാതെ ഞാൻ
നിന്റെകൈയാൽ പുണരാൻ കൊതിച്ചൂ
ശ്രീകോവിലാണെന്നത റിയാതെ നീയെന്നെ
 ആലിംഗനം ചെയ്തു പോയീ
ഞാൻ നിന്റെ നെഞ്ചിൽ മുഖം ചേർത്തു വിങ്ങി

മേളം കഴിഞ്ഞൂ തിരക്കൊഴിഞ്ഞമ്പലം
ഇരുളിൽ മറഞ്ഞുപോകുന്നു
നിന് കൈകളെന്നരക്കെട്ടിൽ ഞാൻ
ചേർത്ത് വെച്ചൊപ്പം നടക്കുന്നു മെല്ലെ
നിന്റെ വേർപ്പിൽ കുളിക്കുന്നു ഞാനും

അരയാലിൻ ചോടിതാ പണ്ട് നമ്മൾ
കൂടുമിടമാണ് കൂരിരുളെങ്ങും
നിന്നോടൊപ്പം തെല്ലിരിക്കണം നിൻ
തോളിലെൻ മുഖം ചേർത്തു വെയ്ക്കേണം
ലോകമെല്ലാം നമുക്കിന്നു സ്വന്തം



















Monday, August 7, 2023

വേനൽ വഴിയിലെയീത്തണലിൽ, എന്നും 

പാടുവാനെത്തുന്ന പൂങ്കുയിലേ 

ആത്മാവിൻ താളമായ് രാഗമായ് നീ  , നിൻറെ

 കൂട്ടിലെ കൂട്ടായി ഞാൻ വരട്ടേ  കൂടു 

കൂട്ടുന്നൊരാൺകിളിയായ് വരട്ടേ 


നീയെന്നെക്കീപ്പാടിയുറക്കീടുമോ, പാട്ടിൽ 

നിൻ മോഹമെല്ലാം നിറച്ചീടുമോ 

 നിദ്രാ നിമീലിതം നിൻ മിഴികൾ, സ്വപ്നലോകം 

നമുക്കായിക്കാത്തു നിൽപ്പൂ 

പൂക്കളെല്ലാം നമുക്കായ് വിടർന്നു നിൽപ്പൂ 

 

നീയെൻ കഥകളും കേട്ടുറങ്ങൂ, നിൻറെ 

ശയ്യയായെൻ കൈകൾ ചേർത്ത് വെക്കൂ 

നിദ്രയിൽ നാം കാണും സ്വപ്നലോകം   

നമ്മളൊന്നായിതീരുന്ന ദിവ്യലോകം 

നമ്മൾ കാണാൻ കൊതിച്ചൊരു സ്വർഗ്ഗലോകം 



Saturday, August 5, 2023

ചായ
******
വെളുത്ത മൺപാത്രവും ഉടുത്ത്
ആവി പറക്കുന്ന കൈകളുയർത്തി
മാടി വിളിച്ച്
ചുംബനങ്ങൾക്കായി തപസ്സ് ചെയ്ത്
തിളച്ചു മറിഞ്ഞിരുന്ന യൗവ്വനത്തിന്റെ
ഓർമ്മയും ചൂടും ചൂരും ചൂടി
ഞാനുണരുന്നതും കാത്ത്
എന്റെ മേശപ്പുറത്ത്
ആയിരമായിരം ജന്മങ്ങൾ താണ്ടി
എന്നോട് ചേർന്ന് ഞാനായി മാറാൻ
നാവിലെ കയ്പ്പും
ഓർമ്മയിലെ ഉണർവുമായി 
ദ്രാവകരൂപത്തിൽ
ലാസ്യത്തിന്റെ
വഴക്കവും വഴങ്ങലുമൊതുക്കി
മൂല്യനിർണ്ണയത്തിനും
അംഗീകാരത്തിനുമായി
ഒരു ഊഷ്മളവസ്തു

വില്യം വേഡ്സ് വർത്തിന്റെ കവിത


ഡാഫോഡിൽസ്


മൊഴിമാറ്റം

ശ്രീകുമാർ എഴുത്താണി

 


 കുന്നിൻ മേലെയും താഴ്‌വരക്കാട്ടിലും

ചുറ്റിടുന്നൊരു മേഘം കണക്കെ ഞാൻ

അങ്ങുമിങ്ങുമലഞ്ഞു തിരിഞ്ഞ നാൾ

കണ്ടു കൂട്ടമായ് ഡാഫൊഡിൽ പൂക്കളെ


മാമരങ്ങൾക്കു കീഴെയീത്തീരത്ത്

നൃത്തമാടി രസിക്കുന്നു ഭംഗിയിൽ

എണ്ണിയാലുമൊടുങ്ങാത്ത സഞ്ചയം

കാറ്റിലാടുമീ സൗവർണ്ണസൂനങ്ങൾ


മിന്നിനിൽക്കുന്ന താരകജാലമോ

പൂത്തിറങ്ങിയോരാകാശ ഗംഗയോ

സ്വശ്ചമീത്തടാകത്തിൻ വരമ്പിലായ്‌

നീളെ നീണ്ടു കിടക്കുമീ പൂക്കണി


ഇല്ലതിരുകളെങ്ങുമേ കാണുവാൻ

ഉല്ലസിക്കുന്നിളംകാറ്റിലൊക്കെയും

ആയിരം പതിനായിരം  കണ്ടു ഞാൻ

മെല്ലെയാട്ടുന്നു വർണ്ണാഭമാനനം


തൊട്ടടുത്തീതടാകത്തിലോളങ്ങൾ

നൃത്തമാടുന്നു ചേലോടെയെങ്കിലും

എല്ലാം നിഷ്പ്രഭമാനന്ദമൂർച്ഛയിൽ

പൂക്കളിങ്ങനെ നൃത്തം തുടരവേ


ഇത്രമാത്രമാനന്ദം നിറഞ്ഞൊരീ

പുഷ്പസാഗരതീരത്ത് നിൽക്കവേ

എങ്ങിനെയേതു കാവ്യമനസിലും

നിർവൃതി വന്നു ചേരാതിരുന്നിടും


നോക്കിനിന്നു ഞാനേറെനേരം പക്ഷെ

ഒട്ടുമേതിരിഞ്ഞില്ലെനിക്കപ്പോഴും

എന്തുസമ്പന്നനായി ഞാനാക്കാഴ്ച

കാണുവാൻ പുണ്യമെന്തു ഞാൻ ചെയ്തെന്നും


കാലമേറെക്കഴിഞ്ഞു പോയെങ്കിലും

വിശ്രമിക്കുന്ന വേളയിലൊക്കെയും

തൃപ്തനെങ്കിലും തപ്തനാണെങ്കിലും

കണ്ണിനുള്ളിൽ തെളിയുമാപ്പൂവുകൾ


എത്ര ഭാഗ്യവാനേകാന്തനെങ്കിലും

എങ്ങിനെ ഹൃത്തു മേലോട്ടുയർന്നു പോയ്

നൃത്തമാടുന്നു പൂക്കളോടൊപ്പമങ്ങെ-

ന്തൊരാനന്ദമെന്നുള്ളിലിങ്ങനെ



 An Unquiet Night by Kilimanoor Balan

Translation: Sreekumar K

 

ശമനമില്ലാതെ നായ്ക്കുര കേൾക്കുന്നു

യാമമില്ലീ നിശയ്ക്കിനി ബാക്കിയായ്‌

പൂമുഖത്തെത്തി, വാതിൽ തുറക്കവേ  

ആരുമില്ലാതെയിരുൾ മാത്രമെങ്ങുമേ 


കുരലടക്കിയെൻ ശ്വാനനും  നിൽക്കുന്നു

പരമശാന്തമായ് തീരുന്നിതൊക്കെയും

വരികയില്ലിനി നിദ്രയെൻ കൂട്ടിനായ്

ഇരുളു മൂടുന്ന ഭൂമിയ്ക്ക് സഖിയവൾ  


നിശവിരിച്ചോരീയൂടിന്നു പാവുപോൽ 

ഈ നിശ്ശബ്ദത ചേർക്കുന്നതാരിവർ

വശ്യമായൊരീപട്ടും പുതച്ചു തൻ 

ആശപോലെ മയങ്ങുന്നു ഭൂമിയും


കണ്ണിലാളുന്ന നക്ഷത്രശോഭയാൽ

വിൺതടം താഴെ ഭൂമിയെ നോക്കുന്നു

കണ്മിഴിച്ചങ്ങു  നോക്കുന്നു ഞാനുമീ

കണ്ണു പൂട്ടി മയങ്ങുന്ന ഭൂമിയെ

 

മഴ മഴേ മഴ 

ദൂരെയാ കുന്നിൻറെ മുകളിലെങ്ങും 

മഴമേഘമെല്ലാം കുമിഞ്ഞുകൂടി 

മണ്ണിലെ വൃദ്ധമിഥുനങ്ങൾ തൻ 

മുഖമിന്ന് ദുഃഖത്തിലാണ്ടുപോയി 

 തൂലിക കൊണ്ടു ഞാനെന്തിനായോ 

കവിത കുറിക്കുവാനാഞ്ഞിടുന്നു 

പിന്നെയെൻ വാഹനം തന്നടുത്തേ

യ്ക്കെത്തുവാൻ മെല്ലെ നടന്നിടുന്നു 

മാറ്റിവെക്കുന്നു ഞാൻ തൂലികയും 

എഴുതാനെടുത്തൊരു നോട്ടുബുക്കും 

 ഒരു തുള്ളിയെന്റെ മൂർദ്ധാവിൽ വീഴ്‌കേ 

കൈകാൽ നിവർത്തി കുടയുന്നു ഞാൻ 

മഴ നനഞ്ഞിട്ടെത്ര കാലമായി 

ഉത്കണ്ഠ ബാധിച്ചിതെന്നു തൊട്ടോ 

ഉത്കണ്ഠ ഇല്ലാത്ത മർത്യരാരും 

ഇല്ലയീ ലോകത്ത് സത്യമായും  

ചിന്തിച്ചിടാറില്ല നമ്മളാരും 

പെട്ടെന്ന് മാഞ്ഞൊരാ നാളുകളെ 

ഓടയിൽ വീണങ്ങൊഴുകി നീങ്ങും 

മഴവെള്ളം പോലെയീ ഭൂതകാലം 

 സ്വപ്നവും കണ്ടിങ്ങ് നാമിരിക്കെ 

കാലങ്ങളെത്ര കഴിഞ്ഞുപോയി 

 കെട്ടിപ്പടുക്കണം നല്ലഭാവി, പിന്നെ 

കൈകളിൽ സമ്പത്ത് നിറയെ വേണം 

ഒറ്റയ്ക്ക് കണ്ട കിനാവുകളേ നിങ്ങൾ 

എങ്ങുപോയ് പാതിനൂറ്റാണ്ടിനൊപ്പം 

ഇനിയുണ്ട് പാതി നൂറ്റാണ്ടു വീണ്ടും 

സന്തോഷം തേടുവാൻ കാലമുണ്ട് 

 ഇല്ലെനിക്കിയില്ല ഭാവിഭൂതം 

ഇന്നിലും ഇപ്പോഴുമെൻ ജീവിതം 

മഴപെയ്ത് പാതയിൽ ഒഴുകിനീങ്ങും 

ചെളിവെള്ളം തെപ്പുന്ന കുട്ടിയായി 

കണ്ണിലും 'മേത്തും' പതിക്കുമീ  പൊന്മഴ 

ആസ്വദിക്കാമിനിയുള്ള കാലം 

 ജീവിക്കുവാനേ മറന്നങ്ങൊടുങ്ങിയ 

പൂർവ്വികർ തന്നൊരു പുണ്യമാണീമഴ 

 ഉള്ളിലെന്നുള്ളിൽ നിറയുന്നു കാണാത്ത 

ജീവന്റെയുള്ളിൽ തളം കെട്ടുമീ ജലം 

 വേദന നീക്കുന്നിതെന്റെയാത്മാവിലും 

 ദേഹവും മനവും സുഖപ്പെടുന്നു 

 മുറിവുണക്കി മുറിപ്പാടു നീക്കി ഇനി 

 പ്രകൃതിയും ഞാനുമീ മന്ത്രണവും 

  

.

 ജനിച്ചിട്ടില്ലാത്തവരുടെ പുനർജ്ജന്മം 

Dr Ashalatha


****************************

Art lies in concealing art എന്ന് പറഞ്ഞത് ഷേക്സ്പിയറാണ്. കൂടുതൽ artfulness  യഥാർത്ഥ സഹൃദയനായി "അന്തിമമാം മണമർപ്പിച്ചടിവാൻ മലർ ഗന്ധവാഹകനെ" കാക്കുന്നത് പോലെ (വീണപൂവ്) ഒളിച്ചുവെച്ചു  wait ചെയ്യുന്ന ഒരു കൃതിയെ നല്ല കൃതിയെന്ന് വാഴ്ത്താമെങ്കിൽ  ശ്രീകുമാർ എഴുത്താണി എഴുതിയ പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും  എന്ന കഥയെയും വാഴ്ത്താം. കാരണം first readingൽ  തീരെ  simple  എന്ന് തോന്നുന്ന ഈ കഥയിൽ കഥാകൃത്തിന്റെ  skill and craft ഒളിഞ്ഞിരിക്കുന്നു, ഒപ്പം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള lirerary awareness കൂടിയുണ്ട്. ഈ കഥയുടെ പൂർണ്ണമായ ആസ്വാദനം മലയാളത്തിൽ ബിരുദമെടുത്തവർക്ക് സംവരണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നൊരു സംശയം ബാക്കിനിൽക്കുന്നുമുണ്ട്. കഥാകൃത്തുമായി നടന്ന തർക്കങ്ങളാണ് ഈ ലേഖനത്തിന്റെ കാരണവും.

സിനിമയിൽ മൊണ്ടാഷ്, ചിത്രരചനയിൽ കൊളാഷ്, മൊസൈക് ആർട്ട്, ആർക്കിടെക്ച്ചറിൽ റ്റെസ്സലേഷൻ, സംഗീതത്തിൽ ഫ്യൂഷൻ, എന്നിങ്ങനെയുള്ള സംവേദനശൈലിയാണ് ഈ കഥയിൽ ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത്. പായസം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട  ഇമേജുകളിലൂടെയും, കഥാപാത്രങ്ങളുടെ ഊരും പേരും തെരഞ്ഞെടുത്തിരിക്കുന്നതിലൂടെയും, അവർ കേൾക്കുന്ന കഥകളിപ്പദങ്ങളിലൂടെയും, poetryയിൽ  നിന്ന്  prose ലേയ്ക്ക് paraphrase നടത്തിയ വരികളിലൂടെയും, പരിസരവർണ്ണനകളിലൂടെയും, പൂർവകഥകളിലൂടെയും നീങ്ങുന്ന വിവിധ streams ആയാണ് ഈ കഥ progress ചെയ്യുന്നത്. 

സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ കഥയുടെ spine ഒരു സാധാരണ പ്രണയ കഥയാണ്. അങ്ങിനെ മാത്രം വായിക്കുമ്പോൾ അതിൽ ലൈംഗികതയും തോന്നാം. പക്ഷേ ലൈംഗികത സാഹിത്യത്തിലോ സിനിമയിലോ ഒരു കുറ്റമോ കുറവോ ആയി പറയാൻ കഴിയില്ലല്ലോ. 

ഒരു ചലച്ചിത്രത്തെ അവലംബിച്ച് മറ്റൊരു ചലച്ചിത്രം പലരും നിർമ്മിച്ചിട്ടുണ്ട്. ആൽഫ്രഡ്‌ ഹിച്ച്കോക്കിന്റെ ദി ലേഡി വാനിഷെസ് (The Lady Vanishes, 1938) എന്ന സിനിമയിലെ കാൾടിക്കോട്ട് എന്നും ചാർട്ടേഴ്‌സ് എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾ പിന്നീട് നൈറ്റ് ട്രെയിൻ (Night Train, 1941) എന്ന സിനിമയിലും ഡെഡ് ഓഫ് നൈറ്റ് (Dead of Night, 1946) എന്ന സിനിമയിലും നിരവധി റേഡിയോ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇവയൊന്നും മറ്റൊന്നിന്റെ തുടർച്ച (sequels) ആയിരുന്നില്ല. ഇങ്ങനെയുള്ള പ്രശസ്ത സിനിമകൾ ഒരു ഡസനിലധികം ഉണ്ട്. 

എന്നാൽ ഈ കഥയിൽ കാര്യങ്ങൾ കുറേക്കൂടി  complex ആണ്. പ്രേതവും പുനർജ്ജനാവുമൊക്കെ അന്ധവിശ്വാസങ്ങൾ തന്നെയെങ്കിലും മനുഷ്യന്റെ വികാരത്തിന്റെയോ രസങ്ങളുടെയോ  sources എന്നനിലയ്ക്ക്  വിഷയമാകാറുണ്ട്. ഡേവിഡ് ലീനിന്റെ ബ്ലിത് സ്പിരിറ്റ് (Blithe Spirit) എന്ന  ചിത്രം അദ്ദേഹം പരലോകത്തിൽ വിശ്വസിക്കുന്നത് കൊണ്ട് നിർമ്മിച്ചതാല്ലല്ലോ. കഥ കഥയായി തന്നെ എടുക്കേണ്ടതുണ്ട്‌.  ജീവിതം കഥയായും കഥ ജീവിതവുമായി എടുക്കുന്ന പോസ്റ്റ്‌മോഡേൺ രീതിയൊക്കെ എന്നേ  പോയല്ലോ. കഥാകാരനും അതിൽ വിശ്വസിക്കുന്നു എന്ന്  കരുതാൻ ന്യായമില്ല. 

കുമാരനാശാന്റെ ലീലയിലെ ഒരു situation  ആണ് കഥയുടെ തുടക്കത്തിൽ നമ്മൾ കാണുന്നത്.  മദനനെ അന്വേഷിച്ച് മാധവിയോടൊപ്പം വരുന്ന ലീലയുടെ presence അയാൾ കാണാതെ തന്നെ അറിയുന്നു.  ഇത് ലീലയുടെ മനപ്പൂർവ്വമുള്ള കോപ്പിയടിയാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ പുനർജ്ജന്മം എന്ന ആശയത്തെ കഥാപാത്രങ്ങളിലൂടെയും കവിതയുടെ ഭാഷയിലൂടെയും  ഉദാഹരിക്കുകയേ കഥാകൃത്ത് ചെയ്തിട്ടുള്ളൂ.

"ഇരുട്ടിലൂടെയോ കാട്ടിലൂടെയോ ഏറെ നടന്നു വന്നതുപോലെ ഒരു പരിഭ്രമവും അവളിൽ അയാൾ കണ്ടു." ഇനി മാത്രം നമ്മൾ കേൾക്കാൻ പോകുന്ന നളചരിതത്തിലെ നിഷാദസമാഗമം നന്നായി ഒളിച്ചുവെച്ചിരിക്കുന്നു. പിന്നീട് "അംഗനേ ഞാൻ അങ്ങുപോകതെങ്ങിനെ" എന്ന പ്രസിദ്ധമായ പദം "എനിക്കങ്ങനങ്ങു പോകാനൊക്കുമോ?" എന്ന് പുനർജ്ജനിക്കുന്നു.  "വിറകടുപ്പിൽ നിന്നുയരുന്ന തീയും പുകയും കാരണം അയാളുടെ കണ്ണുകൾ ഒരു കാട്ടാളന്റേതുപോലെ ചുവന്നിരിക്കുന്നു." എന്ന വരിയിലാണ് ഈ  ഏറ്റവും വ്യക്തമാവുന്നത്. "കൈക്കുമ്പിളിലെടുത്ത കുടിനീർ തുളുമ്പുന്ന പോലെ തീരെ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും  കേൾക്കാനിമ്പമുള്ള ചിരി. അയാളുടെ  ഉള്ളിൽ അത് ചെറുതായെങ്കിലും പൂക്കൾ വിതറി" എന്ന വാചകത്തിലൂടെ ചണ്ഡാലഭിക്ഷുകിയിലേയ്ക്ക്. 

പുണ്യശാലിനീ പകർന്നീടുമീ 

തണ്ണീർ തന്നുടെ ഓരോരോ തുള്ളിയുംയായേ 

അന്തമറ്റ  സുകൃതാഹാരങ്ങൾ നിൻ 

അന്തരാത്മാവിൽ അർപ്പിക്കുന്നുണ്ടാകാം 

ഉറക്കത്തിൽ പാമ്പിനെ ചുരുട്ടി തലയിണയാക്കി വെയ്ക്കുന്ന വിഡ്ഢികളെക്കുറിച്ച് ഏഴാം ക്‌ളാസ്സിലോ മറ്റോ പഠിച്ചത് അയാൾ ഓർത്തു. (കൂറ്റനായോരുരഗത്തിൻ ചുരുളിനെ ഉറക്കത്തിൽ കാറ്റു തലയണയായേ കരുതൂ ഭോഷർ (ആശാൻ, കരുണ) എന്ന വരിയാണ് ഉദ്ദേശിച്ചിരിക്കുന്നത്)

"ഉടഞ്ഞുപോയ ചേങ്ങിലയുടെ അപശബ്ദത്തോടെ ചട്ടുകം പായസം നിറഞ്ഞ ഉരുളിയുടെ അടിയിൽ ചെന്ന് മുട്ടി. അത് പാടില്ലെന്ന് ആരോ തന്നോട് പറയുന്നത് പോലെ അവൾക്ക് തോന്നി" ഇവിടെയാണ് അഭൗമതയുടെ ആദ്യസൂചന വരുന്നത്. ജനിമൃതികളുടെ പുഴകടന്നു ദിവാകരന്റെ വാക്കുകളാകും വന്നത്.

ഇതിനുശേഷം കഥയിലെ ഒരു പ്രധാന ശ്രേണിയായ കഥകളിപ്പദങ്ങൾ കേട്ടുതുടങ്ങുന്നു.  നാടകങ്ങളിലെ കോറസ്സ്  സങ്കേതം കൂടിയാണ്. ചില ചലച്ചിത്രകാരന്മാരും ഈ സങ്കേതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും ഹെർക്കുലീസ് തുടങ്ങിയ  മ്യൂസിക്കലുകളിലും വാൾട്ട് ഡിസ്‌നി ആനിമേഷനുകളിലും. അവിടെയൊക്കെ കോറസ് എന്ന് കഥാപാത്രങ്ങൾക്ക് ദൃശ്യരാകാതെ മാറിനിൽക്കുന്ന ഒരു ഘടകമാണ്. ശ്രീകുമാറിന്റെ കഥയിലെ ലീലയും മദനനും പക്ഷേ കഥകളിപ്പദങ്ങളോട് എപ്പോഴും പ്രതികരിക്കുന്നുണ്ട്. ഹൈദരാലി വേദി എന്നും കാർത്തികപ്പള്ളി താലൂക്കിലെ  പല്ലന എന്നുമൊക്കെ  സ്വാഭാവികമായി പറഞ്ഞിരിക്കുന്നു. അതിലൊരു നനുത്ത ഹാസ്യവുമുണ്ട്. 

ലീലയും മദനനും സ്‌കൂൾ ടാബ്ലോയിൽ ചന്ദ്രികയും രമണനുമായി വേഷമിട്ടു എന്ന് പറയുന്നിടത്ത് കാലം  കൈയിലെ കളിക്കോപ്പ് ആയിമാറുന്നത്  നോക്കാം. ഇത്   തോന്നുമെങ്കിലും ചലച്ചിത്രങ്ങളിൽ  മാത്രം  ഉപയോഗിക്കുന്ന കാലഭ്രംശത്തിന്റെ (anachronism) അതീവ സങ്കീർണ്ണമായ രൂപമാണ്. വിവിധരീതിയിൽ കുമാരനാശാന്റെ ലീലയിൽ നിന്നും ഈ കഥയിലേക്ക് കുടിയേറിയവരാണ് മദനനും ലീലയും.കഥാകൃത്ത് ചമയ്ക്കുന്ന കഥയ്ക്ക് പുറത്ത് അവർക്ക് ഒരു ജീവിതം ഇല്ല. വിവിധ റ്റെസ്റ്റിമണികളിലൂടെ മറിച്ച് ചിന്തിക്കാൻ കഥാകൃത്ത് നിരന്തരം പ്രേരിപ്പിക്കുന്നതായി കാണാം. സംഭാഷണത്തിലെ നാടൻ ശീലകളും കാരൂർക്കഥകളെ  ഓർമ്മിപ്പിക്കുന്ന ഹാസ്യപ്രധാനമായ സംഭാഷണങ്ങളും ഇതിനുദാഹരങ്ങളാണ്.

പക്ഷേ മദനനും ലീലയും മറ്റൊരു  കഥയിലെ (ആശാന്റെതന്നെ നളിനിയിലെ) കഥാപാത്രങ്ങളുടെ  പുനർജ്ജന്മമാണെന്ന് കഥയിൽ വ്യക്തമാക്കുന്നതിനു മുമ്പാണ് ചങ്ങമ്പുഴയുടെ രമണനിലെ കഥാപാത്രങ്ങളായി  അവർ ഒരിക്കൽ വേഷമിട്ടിരുന്ന കഥ അതീവ ഹാസ്യബോധത്തോടെ കഥാകൃത്ത് പറഞ്ഞു വെയ്ക്കുന്നത്. മിക്കവാറും എല്ലാ ചെറുകഥകളും ഘടനാപരമായി നാടോടിക്കഥകളുടെ ആവർത്തനം മാത്രമാണെന്ന ഷെനെത്തിന്റെ (Gérard Genette Narrative Discourse: An Essay in Method) കണ്ടുപിടുത്തത്തെ ഈ കഥ അങ്ങിനെ കളിയാക്കുന്നുണ്ട്.

"കിട്ടാത്തതിനൊക്കെയാണ് സത്യത്തിൽ എപ്പോഴും രുചി കൂടുതൽ." എന്ന ഒറ്റവാചകത്തിലാണ് ലീലയുടെ ജീവിതദുഃഖമെല്ലാം ഒതുങ്ങിയിരിക്കുന്നത്. "വിവാഹമോതിരം കിടന്നതിന്റെ ആ പാട് കണ്ടപ്പോൾ അയാൾക്കുള്ളിൽ ഒരു നെടുവീർപ്പുയർന്നു." എന്ന വാചകത്തിലൂടെ മദനന്റെ മനസ്സും നമ്മൾ അറിയുന്നു. പ്രണയം സർവ്വലൗകികമാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കെ ഓട്ടുരുളിയിൽ മാത്രമല്ല അലുമിനിയപ്പാത്രത്തിലും നല്ല അമ്പലപ്പുഴപ്പാൽപ്പായസം വീട്ടിൽത്തന്നെയുണ്ടാക്കാം എന്ന് പ്രതീകാത്മകമായും എന്നാൽ തീർത്തും സ്വഭാവികമായും പറഞ്ഞുവെയ്ക്കുന്നു. 

"കുറുകിയ പായസത്തിൽ വീണ അണ്ടിപ്പരിപ്പും മറ്റും ആദ്യം ഒട്ടും മുങ്ങാതെ കിടന്നു. പിന്നെ, കാലത്തിന്റെ കയ്യിൽ പെട്ട്  കണ്ണിൽ നിന്നും മറഞ്ഞു പോകുന്ന ജന്മങ്ങൾ പോലെ, ചട്ടുകത്തിന് വഴങ്ങി അവ പെട്ടെന്ന് എവിടെയോ മറഞ്ഞു." ഇതാണ് പുനർജ്ജന്മത്തെക്കുറിച്ച് കഥയിൽ ഏറ്റവും ഋജുവായുള്ള ആദ്യത്തെ പരാമർശം. തുടർന്ന് "അഴിച്ചു മാറ്റിയ ഉടുപ്പുകളുടെ ഗന്ധം ദേഹത്തു തങ്ങി നിൽക്കുന്ന പോലെ ആ കഥകൾ ഓർമകളായി അവളെ പൊതിഞ്ഞു നിന്നു." എന്നും പറയുന്നുണ്ട്. മറന്നു പോകാനിടയുള്ളതെന്തോ മറക്കാതെ ചെയ്ത് തീർത്ത പോലെയൊരു തൃപ്തി ഇരുവർക്കുമുണ്ടായി" എന്ന വാചകം അതിന്റെ ജോലിയും ഭംഗിയായി നിർവഹിക്കുന്നുണ്ട് 

 "നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ," എന്ന നളചരിതത്തിൽ നിന്നുള്ള ഉദ്ധരണി കഥയുടെ മംഗളഗീതമായി എടുക്കാം. 

"അപ്പോഴേക്കും അവസാനത്തെ മത്സരാർത്ഥിയും അരങ്ങൊഴിഞ്ഞിരുന്നു. അടുത്ത കലാപ്രകടനമോ  നൃത്തനൃത്യങ്ങളോ  കാണാനും കേൾക്കാനും  സദസ്സിൽ പുതിയൊരു കൂട്ടം ആളുകളുമെത്താൻ തുടങ്ങി." എന്ന വാചകത്തിൽ ഷേക്‌സ്‌പിയറിന്റെ ലോകവീക്ഷണം തന്നെ കഥാകൃത്തും പങ്കുവെയ്ക്കുന്നതായി കാണാം

 Life is a walking shadowm, but poor player, who struts and frets upon the stage ad then is heard no more. (Macbeth)തലക്കെട്ടിന്റെ വിശദീകരണം കഥാകൃത്ത് തന്നെ നൽകുന്നതും കഥയുടെ ഭാഗമായി എടുക്കാമെങ്കിൽ എഴുത്തച്ഛനും ഇത് തന്നെ പറഞ്ഞിരിക്കുന്നു. ചുട്ടു പഴുത്തുകിടക്കുന്ന ലോഹത്തിൽ വീഴുന്ന ജലകണം തന്നെയാണ് ജീവിതമെന്ന്. പാല്പായസം അങ്ങിനെയല്ല. ലോഹത്തിൽ വീണു ബാഷ്പീകരിച്ചാലും അതിൽ ചിലത് അതിൽ അടിമ്പ് പോലെ ബാക്കിയുണ്ടാവും. ജനിമൃതികളിലൂടെ നീളുന്ന അവ്യക്തമായ ഓർമ്മകൾ പോലെ.

But how is it
That this lives in thy mind? What seest thou else
In the dark backward and abysm of time?
If thou remember'st aught ere thou camest here,
How thou camest here thou mayst. (The Tempest, William Shakespeare)

ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീകുമാർ ഈ വരികൾ വായിച്ചിരിക്കാം. ഈ കഥ തന്നെ ഈ വരികളിൽ നിന്നും ഉണ്ടായതാവാനും മതി.




Wednesday, August 2, 2023

കനൽപ്പാതകൾ
********************
ഹാളിൽ നിറയെ ആളുണ്ട്. ഇത്രയും ആൾക്കൂട്ടമൊന്നും അമ്മ പാടുമ്പോൾ ഇതിന് മുൻപ് കണ്ടിട്ടില്ല.
മുന്നിലെ വരിയിൽ തന്നെ അവൾ സ്ഥാനം പിടിച്ചു. ഫോണിലെ ചാർജ്ജ് നോക്കി. എഴുപത് ശതമാനം ഉണ്ട്. മതിയാകും. മൂന്നു മിനിറ്റിലധികം നീളമില്ല ആൻറണി സാറിൻറെ കവിതയ്ക്ക്.
റെക്കോർഡ് ചെയ്ത് അച്ഛന് അയയ്ക്കണമെന്ന് അമ്മ നിർബന്ധിച്ച് പറഞ്ഞിട്ടുണ്ട്. ഫോണിനുള്ളിലെ ഒരു കോണ്ടാക്ട് നമ്പർ മാത്രമാണ് അച്ഛൻ. നേരിൽ കണ്ട ഓർമ്മയില്ല.
ഹാളിൽ ആളുകൾ തിങ്ങിനിറഞ്ഞതിന്റെ ആരവം. തുറന്ന വേദിയിൽ പാടുവാൻ പ്രയാസമാണ്. ശബ്ദം ഉയരുമ്പോൾ ശ്രുതിയും അറിയാതെ ഉയർന്നുപോകും. അമ്മയ്ക്ക് അത് ബുദ്ധിമുട്ടാണ്. അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.
സ്പീക്കറിലൂടെ ഒരു അറിയിപ്പ് വന്നു. ആരുടെയോ കാറ് മാറ്റിയിടണമെന്ന്. അവൾ ശ്രദ്ധിച്ചു. അവളുടെ കാറല്ല.
കാറ് വാങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. ആറുമാസത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ജോലിയിൽ കൺഫേം ആയത്. കാറ് വാങ്ങാൻ അതും കാത്തിരിക്കുകയായിരുന്നു. പ്രോഗ്രാമിന് കാറിൽ ചെന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞിട്ട് അമ്മ കേട്ടില്ല. ബസിലാണ് വന്നത്. തിരിച്ചു ബസിൽ പോകാൻ സമ്മതിക്കരുത്.
"ബസ് തന്നെ എനിക്ക് ആർഭാടമാണ്, നടന്നാണ് ശീലം." അമ്മ പറയും
"പണ്ട് മുട്ടിലിഴഞ്ഞെന്ന് പറഞ്ഞ് ഇപ്പോൾ രണ്ടുകാലിൽ നിവർന്ന് നടന്നുകൂടേ?" അവൾ ചോദിക്കും.
പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞു. മന്ത്രി എത്തിയിട്ടില്ല. ഏതോ കവിതാ സമാഹാരത്തിന്റെ പ്രകാശനം. കവി നിർബന്ധിച്ച് വിളിച്ചിട്ടാണ് അമ്മ വന്നത്. യെല്ലോ സാരിയിലും ഒലീവ് ഗ്രീൻ ബ്ലൗസിലും അമ്മ എന്ത് സുന്ദരിയാണ്.
പ്രോഗ്രാം തുടരുന്നതിനിടയിൽ അമ്മ പല തവണ അവളെ നോക്കി പുഞ്ചിരിച്ചു. വല്ലാത്ത ഒരു പരിഭ്രമം ആ ചിരിക്ക് പിന്നിലുണ്ട്. എന്തെല്ലാമാണ് ആ പുഞ്ചിരി കൊണ്ട് അമ്മ മറച്ചു വെച്ചിട്ടുള്ളത്.
താൻ മ്യൂസിക് കോളജിൽ പഠിക്കുമ്പോൾ ഒരു അവധി ദിവസം കോളേജിൽ കൊണ്ടുപോകണമെന്ന് അമ്മ ഒരു ആഗ്രഹം പറഞ്ഞു. എല്ലാ മുറികളും ഹാളുകളും അടഞ്ഞു കിടക്കുന്ന അവിടെ എന്ത് കാണാനെന്ന് ചോദിച്ചപ്പോൾ എന്നാൽ വേണ്ട എന്ന് മറുപടി.
അമ്മ അങ്ങനെയാണ്. ഒരാഗ്രഹവും പറയില്ല. വല്ലതും പറഞ്ഞാൽത്തന്നെ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടാകും എന്ന് തോന്നിയാൽ അപ്പോൾത്തന്നെ മനസ്സ് മാറ്റിക്കളയും.
വളരെ നിർബന്ധിച്ചിട്ടാണ് അമ്മ പിന്നെ അന്ന് കോളേജിൽ വരാൻ തയ്യാറായത്. കോളേജിന്റെ വരാന്തയിലൂടെ അമ്മ എല്ലാം ഒറ്റയ്ക്ക് നടന്നു കണ്ടു. പഴയ മ്യൂസിക് ഹാളിന്റെ അടുത്തേയ്ക്ക് പോയ അമ്മ മടങ്ങിവരാതിരുന്നപ്പോൾ അന്വേഷിച്ച് ചെന്നു.
അമ്മ സമ്മതിച്ച് തന്നില്ല. പക്ഷേ അവൾക്ക് മനസ്സിലായി. അതിൻറെ പടിയിലിരുന്ന് കരയുകയായിരുന്നു അമ്മ.
മന്ത്രി എത്തി പുസ്തകപ്രകാശനം നിർവ്വഹിച്ചു. ആരൊക്കെയോ ആശംസകൾ നേർന്നു. പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഒരു അങ്കിൾ ദീർഘമായി സംസാരിച്ചു. ആർക്കും കഥയെഴുതാം. പാടാനുള്ള സ്വരശുദ്ധിയുണ്ടെങ്കിൽ പാടാം. ഏതാനും വർഷങ്ങൾ പരിശീലിച്ചാൽ നൃത്തമോ ചിത്രമെഴുത്തോ ഒക്കെയാകാം. പക്ഷെ കല ഉൽകൃഷ്ടമാകണമെങ്കിൽ അനുഭവങ്ങൾ അത്യാവശ്യമാണ്. മനുഷ്യാവസ്ഥകളോട് നിസ്സഹായതയോടെ പ്രതികരിക്കാൻ പോലുമാകാതെ തരിച്ചു നിൽക്കുന്ന തരള ഹൃദയമാണ് കാഞ്ചനസമാനമായ ആവിഷ്ക്കാരങ്ങളുടെ ഈറ്റില്ലം.
ഈ കവിയുടെ കവിതകൾ വായനക്കാരുടെ ഹൃദയത്തിൽ അനുരണനമുണ്ടാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. പഠിച്ചെടുക്കാൻ സാധിക്കുന്ന ഒന്നല്ല വേദന. അതൊക്കെ കേട്ടപ്പോൾ വേദിയിലിരിക്കുന്ന അമ്മയുടെ കയ്യിലെ പുസ്തകത്തിൽ അവൾ സൂക്ഷിച്ച് നോക്കി. വീട്ടിൽ എത്തിയാൽ അതിലെ ഒന്ന് രണ്ടു കവിതകളെങ്കിലും വായിച്ചിട്ടേ മടങ്ങാവൂ എന്ന് തീരുമാനിച്ചു. ദിനേശും കുട്ടികളും ടെന്നീസൊക്കെക്കഴിഞ്ഞ് എപ്പോഴേ വീട്ടിൽ എത്തിയിട്ടുണ്ടാകും
സദസ്സിലും വേദിയിലും ഇരിക്കുന്നവർ അസ്വസ്ഥരാണ്. ഹാളിൽ നല്ല ഉഷ്ണവുമുണ്ട്.
കവിത ചൊല്ലാൻ അമ്മയെ വിളിച്ചു. സ്റ്റാൻഡിൽ നിന്നും മൈക്ക് കയ്യിലെടുത്ത് അമ്മ നന്ദി പറഞ്ഞു. പിന്നെ മൈക്ക് മാറ്റിപ്പിടിച്ച് ചെറുതായി ഒന്ന് ചുമച്ചു. അവളുടെ നേരെ നോക്കി. ഇപ്പോൾ മുഖത്ത് പുഞ്ചിരി ഇല്ല.
"മഞ്ഞുകാലം പുതച്ചു നിന്നൊരു മഞ്ഞമന്ദാരമാണ് ഞാൻ"
അമ്മ പാടുകയാണ്. ഹാളിനുള്ളിൽ കനത്ത നിശബ്ദത. ലൗഡ്‌സ്പീക്കറിലൂടെ ഒഴുകി വരുന്ന അമ്മയുടെ മധുരശബ്ദം ഹാളിൽ നിറയുന്നു. പണ്ടെങ്ങോ മഴയിലും കാറ്റിലും പൊളിഞ്ഞുവീഴാൻ കാത്തു നിൽക്കുന്ന ഒരു കുടിലിൻറെ ഉള്ളിൽ തുണിത്തൊട്ടിലിൽ കിടന്ന് കേട്ട താരാട്ടിന്റെ അതേ ശബ്ദം.
പലരും ക്യാമറയിലും മൊബൈലിലും അമ്മയുടെ പാട്ടും രൂപവും പകർത്തുന്നു
കവിത അവസാനത്തെ വരിയിലെത്തി. ഇത്ര ഭാവം എങ്ങിനെ കവിത പാടുമ്പോൾ അതിൽ ചേർക്കാൻ അമ്മയ്ക്ക് കഴിയുന്നു കഴിയുന്നു. ശബ്ദം മേൽസ്ഥായിയിലേയ്ക്ക് പോകുകയാണ്, അനന്തമായ ആകാശത്തിൽ ചിറകടിച്ചുയരുന്ന കുയിലിൻറെ പഞ്ചമം പോലെ. ശ്വാസം അടക്കിപ്പിടിച്ചിരുന്നു. അമ്മയുടെ മുഖവും ആയാസം കൊണ്ട് വിയർത്ത് തി ളങ്ങുന്നു.
"കാത്ത് വെച്ച കിനാക്കളോടൊപ്പം ചേർത്ത കുന്നിമണികളും"
അമ്മ പാടി നിർത്തുന്നു, മുഖം സാരിത്തലപ്പ് കൊണ്ട് തുടയ്ക്കുന്നു. നിലയ്ക്കാത്ത കയ്യടി. ഒരു നറും പുഞ്ചിരിയോടെ അമ്മ തല കുമ്പിട്ട് സദസ്സിന് നന്ദി പറയുന്നു. ഇടയ്ക്ക് തന്നെയും പാളി നോക്കുന്നു.
കണ്ടോ ഇതൊക്കെ എന്ന അഹന്തയാണോ. ആയിരിക്കില്ല. രണ്ടുമൂന്ന് മിനിറ്റ് അവളെപ്പോലും മറന്നതിന്റെ പശ്ചാത്താപമാവും.
പ്രോഗ്രാം കഴിഞ്ഞ് സദസ്സ് ഏതാണ്ട് ഒഴിഞ്ഞമട്ടായി. അവളെ അമ്മ അടുത്തേയ്ക്ക് വിളിച്ചു. എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുത്തു. അവൾ നന്നായി പാടുമെന്ന് എല്ലാരോടും പറഞ്ഞു
"ജോലിയൊക്കെ കിട്ടിയാലും പാട്ട് കളയരുത്. ഈ കഴിവൊക്കെ അതുപോലെ കിട്ടിക്കാണുമല്ലോ" കവിയാണ് പറഞ്ഞത്.
"അവൾക്ക് ശാസ്ത്രീയ സംഗീതമാണ് പ്രിയം. മെലഡിയും കവിതയുമൊന്നും അത്ര പ്രിയമല്ല."
കവിയെ ഓർമ്മ വന്നു. പുസ്തകം പരിചയപ്പെടുത്തിയ അങ്കിളിനോടൊപ്പം രണ്ടുമാസം മുൻപ് താൻ വീട്ടിലുള്ള സമയത്ത് അമ്മയെ കാണാൻ വന്നിരുന്നു. കവിത ചൊല്ലാൻ ആദ്യം തന്നെയാണ് ക്ഷണിച്ചത്. എങ്ങനെ ചൊല്ലിയിട്ടും അവർക്ക് അമ്മ ചൊല്ലിയ അത്രയും ഇഷ്ടപ്പെട്ടില്ല.
അന്നതിന് അമ്മയോട് കുറുമ്പ് കാട്ടി. അത്താഴം കഴിക്കാതെ കിടന്നുറങ്ങി. അമ്മയും ഒട്ടും വിട്ടു തന്നില്ല.
"പിന്നേ ആഹാരം കഴിക്കാതിരുന്നാൽ ചത്തുപോവുകേമൊന്നുമില്ല. അല്ലെങ്കിൽ ഞാനൊക്കെ എന്നേ ചത്തേനെ."
"ഓ, തൊടങ്ങി പണ്ടത്തെ ദാരിദ്ര്യം പറയാൻ."
അമ്മയെ തള്ളി ബെഡ്റൂമിന് പുറത്താക്കി കതകടച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ വിഷമം തോന്നി. അമ്മയുടെ കൂടെ പോയി കെട്ടിപ്പിടിച്ച് കിടന്നു. പാവമാണ്, ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.
അത് കഴിഞ്ഞ് ഇന്നാണ് ഇവരെ രണ്ടുപേരെയും കാണുന്നത്. പുസ്തകം പരിചയപ്പെടുത്തിയ അങ്കിളും അടുത്തേയ്ക്ക് വന്നു.
"അന്ന് മോള് പാടിയതും നന്നായിരുന്നു. പക്ഷേ കവിതയാകുമ്പോൾ ഭാവം ചേരണം. ഭാവം രസജന്യമാണ്. നമ്മുടെ കവി അതിന്റെ ഉസ്താദാണ്. അമ്മ അതുക്കും മേലെ."
"മോള് അമ്മയുടെ അടുത്തുകൂടി എല്ലാം പഠിച്ചെടുക്കണം." കവിയാണ് പറഞ്ഞത്.
""ശ്രമിക്കാം അങ്കിളേ"
കാറിൽ അമ്മയോടൊപ്പമിരിക്കുമ്പോൾ അവരോട് അങ്ങനെ ഒരു പാഴ് വാക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.
ഭാവമൊന്നും ഇനി തൻറെ ശബ്ദത്തിൽ ചേരാൻ പോണില്ല. അതിനുള്ള അവസരം ഒരിക്കലും 'അമ്മ തന്നിട്ടേയില്ല
അവൾ സ്റ്റിയറിങ്ങിൽ നിന്നും ഇടത് കയ്യെടുത്ത് അമ്മയുടെ കയ്യ് ഉയർത്തി സ്വന്തം കവിളിൽ ചേർത്ത് വെച്ചു,
"മഞ്ഞുകാലം പുതച്ചു നിൽക്കുന്ന മഞ്ഞ മന്ദാരമാണ് ഞാൻ"
അമ്മ ഇപ്പോഴും അത് മൂളുന്നുണ്ടോ.

Thursday, June 15, 2023

 ആരുമെന്നോട് പറഞ്ഞില്ലയെങ്കിലും 

Friday, June 2, 2023

 ഒട്ടും ശബ്ദമുണ്ടാക്കാതെയാണ് ലീല കടന്നുവന്നതെങ്കിലും, ചട്ടുകത്തിലുള്ള പിടി ഒന്നയച്ച് മദനൻ പിന്തിരി

... Read more at: https://emalayalee.com/vartha/241259?fbclid=IwAR3ZtthEuF3F4Wq7c4CYQ02O_E_FnXeGdZgwKZebHkJQX3ul7nbJzaq_zg0

 അഗ്നിശുദ്ധി