Total Pageviews

Wednesday, July 29, 2015

ഓണം പൊന്നോണം
ഓണം പൊന്നോണം

മറന്നിടാതീ ചിങ്ങത്തിൽ
വിരുന്നു വന്നീ തിരുവോണം
പറന്നു വന്നൊരു താരിളം കാറ്റും
അണഞ്ഞിതോണത്തുമ്പികളും
നിറഞ്ഞിതെങ്ങും ധാന്യപ്പുരകൾ
നിറഞ്ഞു നാടിൻ മനമെല്ലാം

വയലുകൾ കൊയ്യാൻ പൈങ്കിളിയും
കറ്റയുണക്കാൻ തെളിവെയിലും
കോടിയുടുക്കാൻ നീലനിലാവും
പൂക്കളമെഴുതാൻ പൂത്തുമ്പി
ഒഴിഞ്ഞുപോയീ കാർമുകിലെല്ലാം
തെളിഞ്ഞു വാനിൽ മഴവില്ലും

പോയിമറഞ്ഞൊരു കാലത്തിൽ
കണ്ടുമറന്നൊരു സ്വപ്‌നങ്ങൾ
സത്യം ധർമ്മം നീതിയുമെല്ലാം
സമൃദ്ധമായ് വിളയുന്നൊരു നാൾ
ഇലകൾ വിരിക്കാം സദ്യയൊരുക്കാം
ഓണത്തപ്പനെ വരവേൽക്കാം



Thursday, July 16, 2015

കറുത്ത വാർത്തകൾ


(ഡൽഹിയിലെ തെരുവിൽ മാത്രമല്ല, ലോകത്തെങ്ങും ഓരോ നിമിഷവും കൊഴിഞ്ഞു വീഴുന്ന പെണ്‍ജീവിതങ്ങൾക്ക്)

നനവാർന്ന താളിലെ പടരുന്നോരീ മഷിപ്പാടായ് മറഞ്ഞിടും മുന്നേ
കാതിൽ പതിക്കുന്ന കനലായി മാറി നീ കണ്ണിൽ നിറഞ്ഞൊരിരുട്ടായ്

ഹൃദയം  നിശ്ശബ്ദമായ്‌ പ്രാണനോടവസാന മൊഴിയും പറഞ്ഞങ്ങുറങ്ങി
ഇരുളായ് മറഞ്ഞൊരു കാഴ്ചയ്ക്കുമപ്പുറം തെളിയുന്നു നിശ്ചലം കാലം

വഴിവക്കിൽ നിന്നെ പിരിഞ്ഞു പോകാതെയീ ചുടുചോരയൊഴുകാൻ മറന്നു
ഇനിയില്ല മധുരമീ മൊഴിയും കിനാക്കളും ഒരു തേങ്ങൽ ബാക്കി നില്ക്കുന്നു

ഒരു  പാഴ്ക്കിനാവുപോലുരുകുന്ന മഞ്ഞുപോൽ ഒരു കാലമെങ്ങോ മറഞ്ഞാൽ
അതുപോലെയുള്ളിൽ ഞെരിഞ്ഞമർന്നേക്കുമീ കദനം മണല്ക്കട്ട പോലെ

ഒരു കല്ലുപോലുമെൻ മണ്‍കൂന കാട്ടുവാൻ അരുതെന്നിതെന്തേ വിലക്കി
കഥയായ് കൊഴിഞ്ഞോരു കാവ്യമാണിന്നു നീ അടയാളമെന്തിന്നു വേറെ

തെരുവിലെപ്പീരങ്കി ജലപാതമിന്നെന്റെ മിഴിനീരിനുപ്പുമായ്ക്കുന്നു
കടലിന്റെയുപ്പല്ലിതുള്ളിലെസ്സാഗരത്തിരയാണു കണ്ണീർക്കണങ്ങൾ