Total Pageviews

Thursday, February 4, 2016

     ഒരമ്മ മറ്റൊരമ്മയോട്
        കെ ശ്രീകുമാർ

മാപ്പ് ചോദിപ്പു ഞാനെന്റെ സോദരീ
മാപ്പുനൽകരുതെൻ മകനൊട്ടുമേ
മാധ്യമങ്ങളിൽ വന്നത് കണ്ടു ഞാൻ
വന്ധ്യയായിരുന്നെങ്കിലെന്നാശിച്ചു

പെറ്റുപോറ്റിയോരമ്മ തൻ സങ്കടം
മറ്റൊരമ്മയേ നന്നായറിഞ്ഞിടൂ 
ചോപ്പ് മാറ്റിയ ചോരയാണൂട്ടുവാൻ
പാൽ കുടിക്കുമ്പോഴുണ്ണി പേടിക്കൊലാ


കഷ്ടമീ രക്തമൊക്കെയും  കാണിലും 
തെല്ലു പോലും കുലുങ്ങുകില്ലെൻ മകൻ
ചേതനയറ്റ ദേഹം കിടക്കവേ 
ആഞ്ഞു പിന്നെയും തല്ലുന്ന രാക്ഷസൻ


ഉള്ളിലോന്പതു മാസം ചുമന്നു നീ 
ചോറ് നല്കി പണിപ്പെട്ടു പോറ്റി നീ 
ഞാനതുപോൽ വളർത്തിയോരെൻ മകൻ 
നിന്റെ കുഞ്ഞിനെ ഘാതകനാണവൻ

ഞാനറിഞ്ഞുനിൻ പ്രാണന്റെ വേദന
ഒപ്പമാനെന്റെ ഉള്ളിന്റെ നീറ്റലും 
നഷ്ടമായ് നിന്റെ ഉണ്ണിയെ ഇന്നലെ 
ശപ്തമായെന്റെ മാതൃത്വമക്ഷണം

ആരറിഞ്ഞില്ലയെങ്കിലും സോദരീ
ഞാനറിഞ്ഞിടും നിന്റെയീ നൊമ്പരം
നിന്നൊടൊപ്പമീ ഞാനുമൊരിക്കലീ
സുഖദ വേദന യേറ്റൊരു ധാത്രി താൻ


അമ്മമാർ നമ്മളിരുവരുംനമ്മുടെ 
ഉള്ളുനല്കിയോർ വാടകവീട് പോൽ 
വന്നു കേറുന്നോരാത്മാവിതാരുടെ 
ജന്മമെന്നു നാമെങ്ങനെ ചൊന്നിടും


ഉഗ്രമാം വിഷം പേറുന്ന തക്ഷകൻ 
നിഗ്രഹിക്കുന്നു പ്രതികാര വാഞ്ചയിൽ 
കണ്ണ് കാണാത്ത തേവർക്കു വേണ്ടിയും 
വെമ്പിടുന്നവർ ചാവേറുമാകുന്നു


നല്ല മൈതാനമൊന്നിൽ തിളങ്ങുവാൻ
വെമ്പി നിന്നൊരാ ബാറ്റും തരിച്ച് പോയ്
അരുമായായോരു നിന്റെ കിടാവിനെ
കുരുതി നല്കുന്നു രാക്ഷസനെൻ മകൻ

തലയിലേറ്റൊരു താഡനം ഭീകരം
നിലവിളിക്കാതെ നിഷ്ചേതനായവൻ
നൂറു നൂറായ് നുറുങ്ങുന്നു കാലുകൾ
ചെറുഞരക്കം പോലുമില്ലിനി കേൾക്കുവാൻ

ഓർത്തി ടുമ്പൊ ഴേ ദുഃഖം കനക്കുന്നു
കൂർത്ത മുള്ളുകൾ നെഞ്ചിൽ ഞെരുങ്ങുന്നു
എത്ര പാപി ഞാൻ മൂർഖന്റെ ഭ്രൂണമെൻ
ഉള്ളിലേറ്റിയെ ന്നുണ്ണിയെന്നോർത്തു ഞാൻ

വന്ധ്യയായിരുന്നെങ്കിലിന്നീവിധം
നിന്ദ്യയാകുവാൻ കാരണം കാണുമോ
എന്തിനെൻ ദൈവമിങ്ങനെ സാത്താന്റെ
മൂശയായ് തീർത്തിതെൻ ഗർഭപാത്രവും


ആദ്യമായെന്റെയുള്ളിൽ തുടിപ്പുപോൽ
കുഞ്ഞു സ്വപ്നമായ് മെല്ലെ മുളച്ചതും
സ്ഫടിക പാത്രത്തിലൊട്ടും തുളുമ്പാത്ത
തീർഥമെന്നപോലെത്രയും കാത്തതും

കൂടെയാരുമേ ഇല്ലാത്ത വേളയിൽ
ഉള്ളിലാരെന്നു മേല്ലെയാരാഞ്ഞതും
ഉദര ഭിത്തിയിൽ പാദം പതിപ്പിച്ചു
ഇവിടെയുണ്ട് ഞാനെന്നവൻ ചൊന്നതും

ഉരുളയൊന്നെനിക്കൊന്നെന്റെ കുഞ്ഞിനെ
ന്നെത്രയോ ചൊല്ലിയന്നം ഭുജിച്ചതും
ഉള്ളിലുല്ലതെൻ കൃഷ്ണനാണെന്നുമേ
നിലമറന്നു ഞാൻ ചിന്തിച്ചു പോയതും

കരളിലേറ്റം സുഖം തന്ന വേദനയ്ക്കൊടു
വിലന്നവൻ കണ്ണിൽ നിറഞ്ഞതും
എവിടെയെന്നമ്മഎന്നു ചിന്തിച്ചവൻ
മെല്ലെ നീട്ടിക്കരഞ്ഞു ചോദിച്ചതും

കാൽത്തളയിട്ടു മണ്ണിൽ നടന്നവൻ
മെല്ലെയെന്നിൽ നിന്നൊട്ടൊന്നകന്നവൻ
ഒടുവിലിന്നലെ ക്രൂരമായ്‌  നിന്റെയീ
സ്വപ്നമെല്ലാം ചവിട്ടി മെതിച്ചവൻ

എന്റെ ദൈവമേ എന്നോട് നീയന്നു
തെല്ലു സൂചന നല്കാഞ്ഞതെന്തു നീ
ഗർഭപാത്രത്തിലല്ലെങ്കിലീക്കളിത്തൊട്ടിലിൽ
തന്നെകൊന്നേനെയവനെ ഞാൻ

 എത്ര ക്രൂരമീ ദൃശ്യങ്ങളൊക്കെയും
സത്യമാണവൻ സാത്താന്റെ സന്തതി
ഭൂമിയിൽ കഷ്ടമീ ചെകുത്താനു ഞാൻ
ജീവനേകിയെൻ ജന്മമേ വ്യർഥമായ്