സ്ത്രീകളുടെ വാർഡ്
റിധയ്ക്ക് അല്ലെങ്കിലും അറിയാമായിരുന്നു വീഗാലാൻഡൊന്നും നടക്കുന്ന കാര്യമല്ലെന്ന്. അതൊക്കെ എന്നേ അടച്ചു. ബാപ്പ വരുമ്പോഴേയ്ക്കെങ്കിലും തുറന്നാൽ മതിയായിരുന്നു എന്ന് അവൾ പ്രാരർഥിക്കാറുണ്ട്. സ്‌കൂളിൽ നിന്ന് പോയിട്ടുണ്ട്. അത് ഫൺ ആയിരുന്നു. എന്നാലും ബാപ്പയുടെയും ഉമ്മയുടെയും കൂടെ ഒന്ന് പോകണം. അതും ഫൺ തന്നെയായിരിക്കും .
എന്നാലും ഉമ്മ ഇതെന്താ പതിയില്ലാതെ എറണാകുളത്തേയ്ക്ക്. മിക്കവാറും ഒഴിവു കിട്ടിയാൽ ഉപ്പുപ്പാനെ കാണാൻ ഓടുന്ന ആളാണ്. ബാപ്പയോട് പെർമിഷൻ ചോദിക്കുന്നതൊക്കെ അവൾ കേട്ടു. സൂക്ഷിച്ച് പോകണമെന്ന് ബാപ്പ പറയുന്നതും കേട്ടു. റിധയെ എവിടെയെങ്കിലും നിർത്തി തനിച്ച് പോയാ പോരേ എന്ന് അവളുടെ ബാപ്പ ചോദിച്ചതാണ്. ഉമ്മ പാതി സമ്മതിച്ചതായിരുന്നു. റിധ വഴക്കുണ്ടാക്കി ബാപ്പയുടെ മനസ്സ് മാറ്റിയതാണ്. ഫോണിൽ കൂടി വഴക്കടിക്കാനൊക്കെ എന്ത് എഴുപ്പമാണ് എന്ന് റിധ ഓർത്തു. തല്ലും പിച്ചുമൊന്നും പേടിക്കണ്ട. ബാപ്പ ഇന്ന് വരെ തല്ലിയിട്ടൊന്നുമില്ല. എന്നാലും ഇനിയും തല്ലാമല്ലോ.
സമീറയും ആകെ സന്തോഷത്തിലായിരുന്നു. വീട്ടിനു പുറത്ത് തന്നെ ഇറങ്ങാൻ കഴിയാതെ ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരു യാത്ര. റിധയുടെ ബാപ്പയുടെ കൂടെ ഇവിടെയെല്ലാം ആവശ്യത്തിന് കറങ്ങിയിട്ടുണ്ട്. എന്നാലും ഒറ്റയ്ക്ക് മോളേം കൊണ്ട്, എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഇതാദ്യം.
ആശുപത്രിക്ക് അടുത്തെത്താറായതും ഗ്രീഷ്മ വിളിച്ചു. അവളുടെ അനിയത്തി രേഷ്മയെ ഗേറ്റിന്റെ അടുത്ത് നിർത്തിയിട്ടുണ്ടെന്നു. എങ്ങിനെ തിരിച്ചറിയും. ഗ്രീഷ്മയുടെ ഫോട്ടോ കണ്ടിട്ടുണ്ട്. ശബ്ദവും കേട്ടിട്ടുണ്ട്. രേഷ്മ എന്നൊരു അനിയത്തി ഉണ്ടെന്നു അവൾ പറഞ്ഞിട്ടുണ്ട്. ഒരു ഗ്രൂപ്പ് ഫോട്ടോ കണ്ടതായി ഓർക്കുന്നു. മുഖം ഓർക്കുന്നില്ല.
റിഡയ്ക് യാത്ര ബോറായി തുടങ്ങി . വഴിയിൽ ഒന്നും കാണാനില്ല. കടകൾ എല്ലാം അടച്ചിരിക്കുന്നു. ഉമ്മയാണെകിൽ മൊബൈലിൽ നോക്കിയിരുപ്പാണ്. ഓ വരണ്ടായിരുന്നു. വീട്ടിൽ കുത്തിയിരുന്നു ഹോം വർക്ക് തീർത്താൽ വൈകിട്ട് സീരിയൽ കാണാമായിരുന്നു. ഇതിപ്പം ഒന്നും നടക്കില്ല. എവിടെ പോകുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ മാത്രം പറയുന്നില്ല. പറഞ്ഞാൽ പിന്നെ എന്ത് സർപ്രൈസ് എന്ന് പോലും. പിന്നേ ഈ കൊറോണ കാലത്ത് എന്ത് സർപ്രൈസ്! വെറുതെ കൊതിപ്പിക്കാൻ ഓരോന്ന് പറയുന്നതാ. കൂടെ വന്നത് പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ട മട്ടില്ല. ബാപ്പയുടെ മനസ്സിലെന്തുണ്ടായാലും മുഖത്ത് അങ്ങനെ കാണാം. ഇതങ്ങാനാണോ? ഇനി വല്ല ചുറ്റിക്കളിയുമാണോ. ഹേയ് ഉമ്മ അങ്ങനത്തെ ആളൊന്നുമല്ല. നല്ല കലിയും വാശിയുമൊക്കെ ഉണ്ട്. ഉമ്മാടെ വീട്ടിൽ ഉമ്മയെ ഉപ്പൂപ്പായ്ക്ക് വരെ പേടിയാണ്. ബാപ്പയോടൊക്കെ വഴക്കിട്ടാൽ ഒന്നും രണ്ടും ദിവസമൊക്കെ ആരോടും മിണ്ടാതെ ഇരുന്നു കളയും. ആ നീണ്ട മൂക്കു കണ്ടില്ലേ. മുന്കോപക്കാരിയാ. പിന്നേ ആർക്കാ ഇപ്പൊ പേടി.
രേഷ്മ ഗേറ്റിൽ തന്നെ പോകുന്നവരെയും വരുന്നവരെയും നോക്കി നിന്നു. തട്ടമിട്ടൊരു മൊഞ്ചത്തിയാണെന്നാണ് ചേച്ചി പറഞ്ഞത്. മുസ്ലിങ്ങൾ പൊതുവേ കാണാൻ നല്ല ചന്തമാണ് ആണായാലും പെണ്ണായാലും. തട്ടമിട്ട എത്ര പേരാണ് വന്നും പോയുമിരിക്കുന്നത്. ഇത്രയും മുസ്ലീങ്ങളോ! വെയിലുകൊള്ളാതിരിക്കാൻ പിന്നെ മാസ്കിന്റെ വൃത്തികേട് മറയ്ക്കാൻ എല്ലാരും ഷാള് വലിച്ച് തലയിലൂടെ ഇടുന്നതാവും. ഒരു സുന്ദരിക്കുട്ടിയും അമ്മയും സ്‌റ്റെപ്സ് കയറി വരുന്നു. ചെന്ന് ചോദിക്കാം. അമ്മയും സുന്ദരി തന്നെ.
"സമീറ?"
റിദ ഞെട്ടി അമ്മയുടെ പിന്നിൽ ഒളിച്ചു.
"അതെ, രേഷ്മ അല്ലേ?"
"അതെ ചേച്ചീ. വാ താഴത്തെ നിലയിലാ."
"മോളാണോ ചേച്ചീ?"
എന്തൊരു ചോദ്യം! അല്ല മോനാ. റിഥയ്ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.
റിധ ചുറ്റും നോക്കി. ആശുപത്രിയാണ്.
എന്താണ് അമ്മ പറയാതിരുന്നത്. ഇനി തന്നെ ഡോക്ടെറെ കാണിക്കാനാണോ. കഴിഞ്ഞയാഴ്ച ചെവിവേദന വന്ന് രാത്രിയിൽ കിടന്ന് വിളച്ചായിരുന്നു. രണ്ടു രാത്രി ഉറങ്ങിയില്ല അമ്മയെയും ഉറക്കിയില്ല. ഇല്ല അതൊക്കെ മാറി.
പല്ല് എടുക്കാൻ ആണെങ്കിൽ ഇവിടെവരെ വരേണ്ടല്ലോ.
ഈ ആശുപത്രികൾക്കൊക്കെ ഒരു മണമുണ്ട് ഉണ്ട്. വൃത്തി കൂടുംതോറും വൃത്തികെട്ട മണവും കൂടും.
അമ്മയും ആ ചേച്ചിയും സംസാരിക്കുന്നതിൽ നിന്നും ചേച്ചിയുടെ ചേച്ചിയെ കാണാനാണ് വന്നിരിക്കുന്നതെന്ന് റിധയ്ക്ക് മനസ്സിലായി. പാവം എന്തെങ്കിലും അസുഖമാണോ എന്തോ. വലിയ ആശുപത്രിയാണ്. അപ്പോൾ ചെറിയ കാര്യമൊന്നും ആയിരിക്കില്ല.
കാലിലൂടെ ഒരു പെരുപ്പ് മേലോട്ട് കയറി, തലകറങ്ങുന്നതുപോലെ തോന്നുന്നു. ചുറ്റും പച്ചനിറമാണ് നോക്കുമ്പോൾ എല്ലാം ചുവപ്പായി മാറുന്നുണ്ടോ?
നീണ്ട ഇടനാഴി എത്ര നേരമായി നടക്കുന്നു.
ഉമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു
എന്താടീ
ടോയ്ലറ്റിൽ പോകണം
അമ്മയും ചേച്ചിയും ചിരിച്ചു
ആ ചേച്ചി വന്നു കയ്യിൽ പിടിച്ചു
റൂമിൽ ടോയ്‌ലറ്റ് ഉണ്ട്. അവിടെ പോകാം .
തൊട്ടപ്പുറത്ത് തന്നെയായിരുന്നു റൂമും
വാതിൽ തുറന്നപ്പോൾ നല്ല പരിചയമുള്ള ഗന്ധം
ഉമ്മൂമ്മയേയും ഉമ്മയെയും കെട്ടിപ്പിടിക്കുമ്പോഴുള്ള നേരിയ ഗന്ധം ഇപ്പോൾ മുറിയിൽ നിറഞ്ഞു നിൽക്കുന്നു
മുറിക്കുള്ളിലെ കട്ടിലിൽ രേഷ്മ ചേച്ചിയെപ്പോലെ വേറൊരു ചേച്ചി ഇരിക്കുന്നു
കയ്യിലെ ഒരു വെളുത്ത ടവ്വലിൽ ഒരു പിഞ്ചുകുഞ്ഞ്.
റിധ അറിയാതെ തുള്ളി പോയി. ആ ചേച്ചി കുഞ്ഞിന് പാലു കൊടുക്കുകയാണ്.
ഉമ്മ ചെന്ന് ആ ചേച്ചിയുടെ തോളിൽ കൈവെച്ചു , ഒരു കൈ കൊണ്ട് ചേച്ചി അമ്മയുടെ കൈ കവിളിനോട് ചേർത്ത് പിടിച്ചു.
"അമ്മേ, ഇത് സമീറ ഞാൻ പറയാറില്ലേ? "
"കുഞ്ഞിന്റെ കൂടെ പഠിച്ചതാണോ?"
" അല്ലമ്മേ ഇത് ഞാൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാ. ഇന്നാ ആദ്യമായിട്ട് കാണുന്നെ"
"മോളെ മോൾക്ക് ടോയ്‌ലറ്റിൽ പോകണ്ടേ?" രേഷ്മച്ചേച്ചി ചോദിക്കുന്നു.
ഓ മറന്നു പോയി. റിധ വെറുതെ ടോയ്‌ലറ്റിൽ പോയി സാനിറ്റൈസറുപയോഗിച്ച് കയ്യൊക്കെ കഴുകിയിട്ട് ഇറങ്ങിവന്നു.
കുഞ്ഞിൻറെ അടുത്ത് ചെന്ന് നോക്കി. കാലിലെങ്കിലും ഒന്ന് തൊടണം. റോസാപ്പൂവിന്റെ ഇതളുകൾ പോലെയുണ്ട് പാദങ്ങൾ.
"ഞാൻ പറഞ്ഞിരുന്നു അമ്മേ, ആശുപത്രിയിൽ നിന്നും വരണ്ട കൊറോണയെ ഉള്ള കാര്യമല്ലേന്ന് . ഇന്നലെ ഞാൻ പ്രസവിച്ചത് അറിഞ്ഞ ഉടനെ പറഞ്ഞു കാണാൻ വരുന്നുണ്ടെന്ന."
റിധ ഉമ്മയെ നോക്കി.
"മോളെ ഒന്ന് നീങ്ങിയെ ഉമ്മ വാവയെ ഒന്ന് എടുക്കട്ടെ ?"
റിധ അതെങ്ങനെ പറയുമെന്ന് കരുതി ഇരിക്കുകയായിരുന്നു. ഉമ്മ വാവയെ എടുത്താൽ കുറേക്കൂടി അടുത്തോട്ടു ചേർന്നു നിൽക്കാം.
കുറച്ചുകഴിഞ്ഞ് നേഴ്സ് വന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടു പോയി.
എന്തോ മരുന്നു കൊടുക്കാൻ ഉണ്ട്.
കുഞ്ഞിനെ തിരിച്ചു കൊണ്ടു വരുന്നത് വരെ എല്ലാവരും ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
റിയയ്ക്ക് അൽഭുതം തോന്നി. ഫെയ്സ്ബുക്ക് വഴി മാത്രം പരിചയപ്പെട്ട ഉമ്മയുടെ സ്നേഹിത. കാണാൻ ഉമ്മയെ പോലെ തന്നെയുണ്ട്
നല്ല സുന്ദരി
വലുതാകുമ്പോൾ ഇതുപോലെ മുടി വെട്ടി ഇടണം. ബാപ്പ വരുമ്പോൾ പറഞ്ഞ് ഉമ്മയുടെ മുടിയും ഇതുപോലെ വെട്ടണം.
കുറച്ചുകഴിഞ്ഞ് നേഴ്സ് കുഞ്ഞിനേയും കൊണ്ട് വന്നു
റബ്ബേ ഇഞ്ചക്ഷനായിരുന്നോ!
ഈ പിഞ്ചുകുഞ്ഞിനോ?
പിന്നെയും കാലിലൂടെ ഒരു പെരുപ്പു മേലോട്ട് കേറുന്നു
പിന്നെ അധികം താമസിയാതെ അവിടെ നിന്നും ഇറങ്ങി
കുഞ്ഞിനെ പുതപ്പിച്ചിരിക്കുന്നു ഫ്ലാനലിലേ ഒരു ഉമ്മ കൊടുക്കാൻ പറ്റിയുള്ളൂ
വീണ്ടും കാണാം എന്നൊക്കെ പറഞ്ഞാണ് ഇറങ്ങിയത്
ഉമ്മയെ അവർക്കെല്ലാം ഒത്തിരി ഇഷ്ടമായി
അല്ലെങ്കിൽ തന്നെ ആരാണ് ഉമ്മയെ ഇഷ്ടപ്പെടാതിരിക്കുന്നത്
എന്നാലും എഫ് ബി യിൽ കണ്ട കൂട്ടുകാരി പ്രസവിച്ചപ്പോൾ കാണാൻ ഓടി വന്നു കളഞ്ഞല്ലോ
റിധ അമ്മയുടെ കൈ ദേഹത്തോട് ചേർത്തുപിടിച്ചു
ബസ്സിൽ മടങ്ങുമ്പോൾ മുഖത്തിന് അടുത്ത് തന്നെ ഉമ്മയുടെ വലതു കൈ പിടിച്ചു
നല്ല മണമുണ്ട്
മുല്ലപ്പൂവിന് പോലുമില്ലാത്ത മണം
ഉമ്മയുടെ മണം
ആ വാവയുടെയും മണം