Total Pageviews

Sunday, June 9, 2019

ഉപനിഷത്തുകൾ ഒരു പരിചയപ്പെടൽ

ഉപനിഷത്തുകൾ
ഒരു പരിചയപ്പെടൽ
പാരാവാരം പോലെയുള്ള വേദങ്ങൾക്കുള്ളിലെ മുത്തുകളാണ് ഉപനിഷത്തുകൾ
വേദങ്ങൾ പലപ്പോഴും അന്ധവിശ്വാസം നിറഞ്ഞതാണെങ്കിൽ ഉപനിഷത്തുകൾ അത്ര മോശമല്ല. വേദങ്ങളുടെ ചുവടു പിടിച്ച് നടത്തുന്നആചാര അനുഷ്ടാനങ്ങളെ അവആക്ഷേപിക്കുന്നുമുണ്ട്. അന്വേഷണം പുറത്ത് നിന്ന് അകത്തേയ്ക്ക് വേണം എന്ന് അവ ഒരേ സ്വരത്തിൽ പറയുന്നു

 ‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്.
‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും
‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും.
‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു.
  1. ബൃഹദാരണ്യകോപനിഷത്ത് (ഏഴ് ബി സി)
  2. ചാന്ദോഗ്യോപനിഷദ്  (ഏഴ് ബി സി)
  3. തൈത്തിരീയോപനിഷദ് (ആറു ബി സി)
  4. ഐതരേയോപനിഷത്ത് (ആറു ബി സി)
ബുദ്ധന് മുമ്പ്
**************
ബുദ്ധന് ശേഷം
  1. ഈശാവാസ്യോപനിഷത്ത് (ബി സി ഒടുവിൽ)
  2. കേനോപനിഷത്ത് (ബി സി ഒടുവിൽ)
  3. കഠോപനിഷത്ത് (ബി സി ഒടുവിൽ)
  4. മുണ്ഡകോപനിഷത്ത് (ബി സി ഒടുവിൽ)
  5. മാണ്ഡൂക്യോപനിഷദ് (എ ഡി തുടക്കത്തിൽ) 
  6. പ്രശ്നോപനിഷത്ത്  (എ ഡി തുടക്കത്തിൽ)  
പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്
അറിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്.,
1) ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)
അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
2) “പ്രജ്ഞാനാം ബ്രഹ്മ“
അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
3) “അയമാത്മ ബ്രഹ്മ”
അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
4) “അഹം ബ്രഹ്മാസ്മി”
അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

ആദ്യകാലത്തുണ്ടായ ബൃഹദാരണ്യകോപനിഷത്തിൽ തന്നെ മായാ എന്ന ആശയം വരുന്നുണ്ട് . അസതോ മാ  സത്ഗമായ എന്നതിലാണ് ഇത് വരുന്നതെങ്കിലും അസത് എന്നതിനെ മായയുമായി ഇവിടെ ബന്ധപ്പെടുത്തി കാണുന്നില്ല. എന്ന് മാത്രമല്ല തുടക്കത്തിൽ ബ്രഹ്മൻ മാത്രമായിരുന്നെന്നുംഅത് സ്വയംബോധം വന്നു പുരുഷൻ ആയപ്പോൾ ഉണ്മസ്വായം ആസ്വദിക്കാനായി ആണും പെണ്ണുമായി പിരിഞ്ഞെന്നും മറ്റും പറയുന്നത് കൊണ്ട്  “അഹം ബ്രഹ്മാസ്മി”  ഞാൻ ബ്രഹ്മമാകുന്നു എന്നതിന് മാത്രമാണ് ഇവിടെ പ്രാധാന്യം കൽപ്പിച്ച് കാണുന്നത് . 
ഏകദേശം ഇതേ കാലത്തുണ്ടായ ചാന്ദോഗ്യോപനിഷത്തിലാണ്  ‘തത്വമസി ‘ (അത് നീയാകുന്നു) എന്ന ആശയം ഉള്ളത്. സ്വന്തം വീട്ടിൽ നിന്നും കണ്ണുകെട്ടി കാട്ടിൽ കൊണ്ടുവിടപ്പെട്ട അവസ്ഥയാണ് ഒരു മനുഷ്യന് എന്ന് പ്രതീകാത്മകമായി പറഞ്ഞ ശേഷം നിലനിൽപ്പിന്റെ നാല് തലങ്ങൾ വിവരിക്കുന്നു. ഉണർന്നിരിക്കിമ്പോഴും സ്വപ്നം കണ്ടുറങ്ങുമ്പോഴും സ്വപ്നവും കാണാത്ത ഗാഢനിദ്രയിലും ഉള്ളത് യഥാർത്ഥരൂപമല്ല . അതിനുമപ്പുറത്താണ് യഥാർത്ഥ ബ്രഹ്മരൂപം എന്ന്ഇവിടെ പറഞ്ഞിരിക്കുന്നു.
ഉണർന്നിരിക്കുമ്പോൾ ലോകമാണ് സത്യമെന്നും സ്വപ്നം  കാണുമ്പോൾ അത് സത്യമെന്നും ഗാഢ നിദ്രയിൽ അഹമാണ് സത്യമെന്നും തോന്നാം. ഈ മൂന്ന് അജ്ഞാത മാറിയാലേ സ്വരൂപം ദൃശ്യമാവൂ എന്ന് പറഞ്ഞിരിക്കുന്നതിൽ നിന്നും ഈ ലോകം സ്വപ്നം പോലെ തന്നെ മായയാണ് അത് യാഥാർത്ഥം എന്ന് തോന്നുന്നത് അജ്ഞതയാണ് എന്നും എടുക്കാം. അപ്പോൾ മായാ അജ്ഞത യായി വരുന്നു.

പിന്നീട് വരുന്ന  ഐതരേയോപനിഷത്ത് മായയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിലും അറിവിനെ കുറിച്ച് പറയുമ്പോൾ അത് ആചാരങ്ങളിലൂടെയോ ബലിയിലൂടെയോ അനുഷ്ടാനങ്ങളിലൂടെയോ നേടാനാകില്ല എന്ന് പറയുന്നുണ്ട്. അവയൊക്കെ അറിവില്ലായ്മയാണെന്നും പറയുന്നു. അറിവ് തന്നെയാണ് സ്വരൂപം എന്നും പറയുന്നു. ഞാൻ ആരെന്നറിയുക എന്നതാണ് പ്രപഞ്ചത്തെ തന്നെ അറിയാനുള്ള വഴി. പുനർജന്മത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനോടൊപ്പം ഞാനതിലൂടെ അമർത്യനാവാം എന്നും പറയുന്നു
ഇതേകാലത്തുണ്ടായ തൈത്തിരീയോപനിഷദ്മായയെ നന്നായി വിശകലനം ചെയ്ത് പ്രതിപാദിച്ചിരിക്കുന്നു. അറിവുകളെ കോശ സങ്കൽപങ്ങളാക്കിയാണ്അവതരിപ്പിച്ചിരിക്കുന്നത്.  ഈ ഉപനിഷത്തിൽ ആനന്ദവല്ലി (ബ്രഹ്മാണ്ഡവല്ലി) എന്ന ഭാഗത്ത് അറിവിന്റെ പുറംപോളയെ അന്നാമയകോശം എന്നും അതിനുള്ളിലുള്ളതിനെ പ്രണാമയകോശമെന്നും അതിന്റെയും ഉള്ളിൽ ഉള്ളതിനെ മനോമയകോശം എന്നും പറയുന്നു.  ജ്ഞാനസമ്പന്നമായ വിജ്ഞാനമയകോശം  ഇതിനുമുള്ളിലാലാണ്. അതിനും ഉള്ളിലാണ് യഥാർത്ഥ അറിവായ ആനന്ദകോശം ഉള്ളത് . അതാണ് പരമമായ അറിവും. അതിനെ മറയ്ക്കുന്ന മാറ്റ് അറിവുകളെ മായാ എന്ന ഗണത്തിൽ പെടുത്തിയിരുന്നു. ഇവിടെയും മായ ഒരു പ്രതിഭാസമല്ല വെറും അജ്ഞത മാത്രമാണ് .

ഇനിയുള്ള ആറ് ഉപനിഷത്തുകളും ബുദ്ധന്റെ കാലശേഷം ഉള്ളവയാണ്.

ഈശാവാസ്യം ഇദം സർവ്വം (ഇശ്വരനല്ലാതെ മറ്റൊന്നും ഇല്ല) എന്ന് തുടങ്ങുന്ന ഈ ഉപനിഷത്ത് . ഇത് തീർത്തും അദ്വൈതം അല്ല എന്ന് ചില പണ്ഡിതന്മാർ ചിന്തിക്കാൻ കാരണങ്ങളുണ്ട് . ആചാര അനുഷ്ടാനങ്ങളെ മറ്റു ഉപനിഷത്തുകൾ ചെയ്യുന്നത് പോലെ തള്ളിപ്പറയുന്നുണ്ടെങ്കിലും വിദ്യയും അവിദ്യയും ഒരുപോലെ നേടേണ്ടതാണ് എന്ന വിചിത്രമായ ഒരു വാദവും ഈ ഉപനിഷത്തിൽ കാണാം. അവിദ്യ കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് അജ്ഞതയല്ല മറിച്ച് മായാജടിലമായ ഈ ലോകത്തിൽ ജീവൻ നിലനിർത്തതാനുള്ള പ്രയോഗികജ്ഞാനം മാത്രമാണ് . അത് നിങ്ങളെ മരണത്തിൽ നിന്നും കാക്കുമെങ്കിലും മരണം എന്നെന്നേയ്ക്കുമായി ഒഴിവാക്കി അമർത്യനാകാൻ വേണ്ടത് ആത്മവിദ്യയാണ് എന്നും വ്യക്തമാക്കുന്നുണ്ട് . മായയെ അംഗീകരിക്കുകയും അതിനെ ജീവിതത്തിൽ വെല്ലാൻ അറിവ് നേടുകയും ചെയ്യണം എന്ന പ്രായോഗിക ഉപദേശമാണ് ഇവിടെ ലഭിക്കുന്നത് . ഇതിൽ നിന്നുമാണ് ഇത് ദ്വൈതത്തെ അംഗീകരിക്കുന്നു എന്ന വാദം ഉരുത്തിരിഞ്ഞത്

 
ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കേനോപനിഷത്ത്.   സത്യാന്വേഷണത്തിന്‌ ശക്തമായ പ്രേരണ നൽകുന്ന ഒരു രചനയാണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള ആത്യന്തിക സത്യം എന്താണെന്ന ചോദ്യം നാടകീയമായി ഉന്നയിച്ച് മറുപടി പറയുകയാണ് ഈ ഉപനിഷത്ത്ബ്രഹ്മത്തെ തന്നിൽ നിന്ന് വ്യത്യസ്തമായ എന്തോ ഒന്നായി അറിയുന്നുവെന്നു കരുതുന്നവൻ അതിനെ അറിയുന്നില്ല എന്നാണ് ഈ ഉപനിഷത്ത് ഉദ്ഘോഷിക്കുന്നത് . ബ്രഹ്മത്തിന്റെ മഹ്വത്ത്വം വിവരിക്കുകയും ബ്രഹ്മസാക്ഷാത്കാരത്തിന് ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിക്കുകയും ചെയ്യുനത് ഈ ഉപനിഷത്തിൽ മായയെ കുറിച്ചോ അജ്ഞത യെക്കുറിച്ചോ വിശേഷിച്ച് പായയുന്നില്ല . എങ്കിലും പ്രതീകാത്മകമായ ഒരു കഥയിലൂടെ അഹംഭാവം എങ്ങിനെ മായ പോലെ അറിവിന് തടസ്സം ആകും എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇടിമിന്നലിലും മനുഷ്യന്റെ കണ്ണിലും എല്ലാം പ്രകാശിക്കുന്നത് ബ്രഹ്മമാണ്. ചിന്തിക്കാനും ആഗ്രഹിക്കാനും തീരുമാനിക്കാനും മനസ്സിന് ശക്തിനൽകുന്നത് ബ്രഹ്മമാണ്. അതിനാൽ മനസ്സിനെ ബ്രഹ്മസാധനക്കായി ഉപയോഗിക്കണം. ബ്രഹ്മത്തെ ധ്യാനിക്കുന്നവർ എല്ലാവർക്കും പ്രിയങ്കരരായിത്തീരുന്നു. ഇന്ദ്രിയനിഗ്രഹവും ആശകളുടെ നിയന്ത്രണവുമാണ് ബ്രഹ്മസാധനയുടെ വഴി. ബ്രഹ്മപ്രാപ്തർ എല്ലാ തിന്മകളേയും കീഴടക്കി പരമപദം പ്രാപിക്കുന്നു.

 സംഭാഷണരൂപത്തിലാണ് കഠോപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലാണ് സംഭാഷണം. യമനിൽ നിന്നും മൂന്നു വരങ്ങൾക്ക് വാഗ്ദാനം കിട്ടിയ നചികേതസ്സ്, മരിച്ചുകഴിഞ്ഞ മനുഷ്യർ "ഉണ്ട്" എന്ന് ചിലരും "ഇല്ലാതായി" മറ്റു ചിലരും പറയുന്നു, ഇതിന്റെ പരമാർത്ഥം പറഞ്ഞു തരാനാണ് മൂന്നാം വരമായി  ആവശ്യപ്പെട്ടത്. നചികേതസിന്റെ ചോദ്യത്തിനു മറുപടിയായി, വേദങ്ങളുടെ ഇരിപ്പിടവും വിഷയവും എല്ലാ പുണ്യജീവിതത്തിന്റേയും ലക്ഷ്യവുമായിരിക്കുന്നത് സംഗ്രഹിച്ചു പറഞ്ഞാൽ 'ഓം' ആണെന്ന് യമൻ പറഞ്ഞു. അതു തന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരം അറിയുന്നവന് എല്ലാം ഇച്ഛകളും പ്രാപ്യമാണ്. ഏറ്റവും നല്ലതും പരമവുമായ അവലംബം ഇതാണ്; ഇതറിയുന്നവൻ ബ്രഹ്മലോകത്തിൽ മഹത്ത്വം പ്രാപിക്കുന്നു. സർവജ്ഞാനമായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും വന്നതല്ല. അത് ആരുമല്ല. പുരാതനവും നിത്യവുമാണത്. അത് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല.  ആസനസ്ഥമായിരിക്കുമ്പോൾ അത് അതിദൂരം സഞ്ചരിക്കുന്നു. ശയിക്കുമ്പോൾ എല്ലായിടത്തും എത്തുന്നു. ആത്മതത്ത്വത്തെ വാചാലമായ പ്രബോധനത്തിൽ നിന്നോ, ബുദ്ധിയെ ആശ്രയിച്ചോ കണ്ടെത്താനാവില്ല. അത് തെരഞ്ഞെടുക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്നു. ആത്മാവിനെ രഥയാത്രിയും, ശരീരത്തെ രഥവും, ബുദ്ധിയെ തേരാളിയും, മനസ്സിനെ കടിഞ്ഞാണും, ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴിയും ആയി കാണുന്ന ഈ "രഥോപമ" കഥോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗങ്ങളിൽ ഒന്നാണ്. മനസാകുന്ന കടിഞ്ഞാണിനെ വേണ്ടതുപോലെ ഉപയോഗിക്കുന്നവർ, ഇന്ദ്രിയങ്ങൾ അനുസരണയുള്ള കുതിരകളായിരിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുന്നു. അല്ലാത്തവർ പ്രാതിഭാസലോകത്തിൽ ജന്മാന്തരങ്ങൾ ചുറ്റിത്തിരിയുന്നു.
സാധാരണമനുഷ്യർക്ക് ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് രണ്ടാം അദ്ധ്യായം തുടങ്ങുന്നത്. സ്രഷ്ടാവ് ഇന്ദിയങ്ങളെ ബാഹ്യലോകത്തേയ്ക്ക് തുറക്കുന്നവയായി രൂപപ്പെടുത്തി. അതിനാൽ നാം വെളിയിലേയ്ക്ക് മുഖം തിരിക്കുകയും ഉള്ളിലുള്ള ആത്മാവിനെ കാണാതിരിക്കുകയും ചെയ്യുന്നു. അമർത്ത്യതയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഉള്ളിലേയ്ക്ക് ദൃഷ്ടിതിരിച്ച് അവിടെ കുടികൊള്ളുന്ന അത്മതത്ത്വത്തെ കാണുന്നവർ ഒന്നോ ഒറ്റയോ മാത്രമായിരിക്കും. അല്ലാത്തവർ ബാലിശഭാവത്തിൽ സുഖങ്ങൾ തേടിപ്പോയി‍, മൃത്യുവിന്റെ വലയിൽ ചെന്നുപെടുന്നു. 
സൃഷ്ടികർത്താവായ ബ്രഹ്മാവും, അമ്മയുടെ ഗർഭത്തിൽ ശിശുവെന്നപോലെ അരണിക്കമ്പുകൾക്കിടയിൽ സൂക്ഷിക്കപ്പെടുന്ന അഗ്നിയും  എല്ലാം ആത്മതത്ത്വത്തിന്റെ പ്രകടനങ്ങൾ തന്നെ. സൂര്യന്റെ ആരംഭവും ചന്ദ്രന്റെ അന്ത്യവും എല്ലാം അതുതന്നെ. ഈ പ്രപഞ്ചത്തിൽ വ്യത്യസ്തമായി ഒന്നുമില്ല. പലതായി കാണുന്നവർ മരണത്തിൽ നിന്ന് മരണത്തിലേയ്ക്ക് പോകുന്നു. ഭൂത-ഭാവികളുടെ അധീശനായി നമ്മുടെ ഹൃദയമദ്ധ്യത്തിൽ കുടികൊള്ളുന്ന ആത്മതത്ത്വം വിരലോളം മാത്രം(അങ്കുഷ്ടമാത്ര:) ഉള്ളതാണ്. അതിനെ ദർശിച്ചവരെ ഭയം തീണ്ടുന്നില്ല. ലോകത്തിലെത്തിയ ഒരേ അഗ്നി തന്നെ വ്യത്യസ്ത വസ്തുക്കളുടെ രൂപം കൈക്കൊണ്ടിട്ടും മാറ്റമില്ലാതിരിക്കുന്നതുപോലെയും, ഒരേ വായു, വിവിധങ്ങളായ ആകാരങ്ങൾ സ്വീകരിക്കുമ്പോഴും മാറ്റമില്ലാതിരിക്കുന്നതുപോലെയും, എല്ലാം കാണുന്ന സൂര്യനെ ആ കാഴ്ചകളിലെ കളങ്കങ്ങൾ ബാധിക്കാതിരിക്കുന്നതുപോലെയും എല്ലാവരുടേയും ഉള്ളിലുള്ള ഒരേ പ്രശാന്താത്മാവ് വ്യത്യസ്തരൂപങ്ങളെ ചമയ്ക്കുന്നു. കണ്ണാടിയിലെന്നപോലെ സ്വന്തം രൂപങ്ങളിൽ ആത്മതത്ത്വത്തെ കാണാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് നിത്യമായ ശാന്തത.
 
 മുണ്ഡകോപനിഷദ്. ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. എല്ലാ അറവിലേയ്ക്കുമുള്ള വഴി തുറക്കുന്ന അറിവേതാണ് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ഗുരുവിന്റെ ശ്രമമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.ശാസ്ത്രങ്ങളിൽ വിവരിക്കുന്ന ചില മന്ത്രങ്ങൾ ജ്ഞാനം പ്രാപിക്കാൻ അപര്യാപ്തമാണ് ഈവിധ കർമ്മങ്ങളൊക്കെ എന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ട് ഈ ഉപനിഷത്തിൽ. അവയ്ക്ക് വലിയ മഹത്ത്വം കല്പിക്കുന്ന മൂഢന്മാർ ജരാമൃതികളുടെ ഈ ലോകത്തിൽ വീണ്ടും വീണ്ടും എത്തിപ്പെടുന്നു. സ്വന്തം അജ്ഞതക്കുള്ളിൽ അടച്ചുപൂട്ടി വലിയ ബുദ്ധിമാന്മാരെന്ന ഭാവത്തിൽ കഴിയുന്ന ഈ മൂഢന്മാർ അന്ധനെ പിന്തുടരുന്ന അന്ധനെപ്പോലെ ചുറ്റിത്തിരിയുന്നു. രൂപമില്ലാത്തതിനെ ചെയ്തികൾ കൊണ്ട് പ്രാപിക്കാനാവില്ല. അതിനെ അറിയാൻ കയ്യിൽ അഗ്നിയും ഏന്തി, വേദജ്ഞാനിയും ബ്രഹ്മലീനനുമായ ഗുരുവിനെ സമീപിക്കുകയാണ് വഴി. നിശ്ചലമനസ്സും പ്രശാന്താത്മാവുമായി തന്നെ ശരണം പ്രാപിക്കുന്നവന് ജ്ഞാനിയായ ഗുരു, സത്യവും യഥാർത്ഥവുമായ ആത്മതത്ത്വത്തിലേയ്ക്ക് നയിക്കുന്ന ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നു. എല്ലാത്തിന്റേയും ശ്രോതസ്സെന്ന നിലയിൽ അക്ഷരബ്രഹ്മത്തിന്റെ മഹത്ത്വം വിവരിക്കുകയാണ് ഈ മുണ്ടകത്തിന്റെ ആദ്യഭാഗത്ത്. "ഓംകാരം വില്ലും ആത്മാവ് ശരവും ബ്രഹ്മം അതിന്റെ ലക്ഷ്യവുമാണ്. മനസ്സിടറാതെ ലക്ഷ്യം വച്ചാൽ ശരം (ലക്ഷ്യവുമായി) എന്നപോലെ, അതുമായി ഒന്നായിത്തീരാം" എന്നാണ് പ്രസിദ്ധമായ ഈ മന്ത്രത്തിന്റെ അർത്ഥം. അപ്പോൾ മനസ്സിൽ ഭേദബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്ന കാമബന്ധങ്ങളെല്ലാം പൊട്ടിത്തകരുകയും സംശയങ്ങൾ മുറിഞ്ഞുവീണ് പാപങ്ങൾ ഒടുങ്ങുകയും ചെയ്യുന്നു. അനുഭൂതിയുടെ ആ ലോകത്തിൽ പ്രകാശം പരത്തുന്നത് സൂര്യചന്ദ്രന്മാരോ അഗ്നിയോ ഒന്നുമല്ല, അവയുടെ ഒക്കെ പ്രകാശത്തിന്റെ സ്രോതസ്സ് ഈ ആത്മതത്ത്വം തന്നെയാണ്. മുൻപിലും പിന്നിലും വലത്തും ഇടത്തും കീഴെയും മേലെയും എല്ലാം സന്നിഹിതമായ ചൈതന്യമാണത്."ഭംഗിയേറിയ രണ്ടു പക്ഷികൾ ഒരേവൃക്ഷത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു; അവയിലൊന്ന് ഫലം തിന്നുകയും മറ്റേപ്പക്ഷി നോക്കിയിരിക്കുകയുമാണ്" എന്നർത്ഥമുള്ള ഈ മന്ത്രത്തെ തുടർന്ന് അതിലെ പ്രതീകത്തിന്റെ നേരായ വിശദീകരണമാണ്. ഫലത്തിൽ മുഴുകി ദുഃഖിതനും നിസ്സഹായനുമായിരിക്കുന്ന പക്ഷി ജീവാത്മാവാണ്. സുഹൃത്തും അധീശനുമായി തൊട്ടടുത്തിരിക്കുന്നവനെ തിരിച്ചറിഞ്ഞ് സ്വന്തം മഹത്ത്വം ബോധ്യമാകുന്നതോടെ അവന്റെ ദുഃഖം അകലും. സത്യം, തപസ്സ്, ജ്ഞാനം എന്നിവയുടെ വഴിയാണ് ഈ അവസ്ഥ പ്രാപിക്കാൻ പിന്തുടരേണ്ടത്. സത്യം മാത്രം ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല.ആത്മതത്ത്വത്തെ പ്രവചനം കൊണ്ടോ ബുദ്ധികൊണ്ടോ വേദജ്ഞാനം കൊണ്ടോ പ്രാപിക്കാനാവില്ല. സ്വയം തെരഞ്ഞെടുക്കുന്നവർക്ക് അത് സ്വന്തം രൂപം വെളിപ്പെടുത്തുന്നു. ബലഹീനന്മാർക്ക് അതിനെ പ്രാപിക്കാനാവില്ല(നായമാത്മാ ബലഹീനേന ലഭ്യോ). നദികൾ സമുദ്രത്തിലെത്തി സ്വന്തം നാമഭാവങ്ങൾ ഉപേക്ഷിക്കുന്നതുപോലെ, ആത്മതത്ത്വത്തെ അറിയുന്നവർക്ക് സ്വന്തം നാമരൂപങ്ങളിൽ നിന്ന് മുക്തികിട്ടുന്നു.

 മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്.മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്.ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌. സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.
ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌. അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌.
ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.
ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.
ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌. നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു. 
 
 
 പിപ്പലാദൻ എന്ന ഋഷിയോട് വിദ്യാർത്ഥികൾ ചോദിക്കുന്ന ആത്മവിദ്യയെ സംബന്ധിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. പ്രശ്നങ്ങളുടെ ഉപനിഷത്തായതുകൊണ്ടാണ് ഇതിന് പ്രശ്നോപനിഷത്തെന്ന് പേരുണ്ടായത്. പ്രശ്നോപനിഷത്തിന്റെ ഘടന താരതമ്യേന ലളിതമാണ് ആറു വിദ്യാർത്ഥികൾ ഗുരുവിനെ സമീപിച്ച് ചോദിക്കുന്ന ആറുചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ആയതു കൊണ്ട്, ഈ ഉപനിഷത്ത് "പ്രശ്നങ്ങൾ" എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. മുന്നോട്ടുപോകും തോറും ചോദ്യങ്ങൾ ആത്മവിദ്യയുടെ കൂടുതൽ ദുർഗ്രഹമായ തലങ്ങളെ സ്പർശിക്കുന്നു. പ്രശ്നോപനിഷത്തിന്റെ തുടക്കം നാടകീയമാണ്. നാടകീയതയിൽ ഇതിനെ വെല്ലാൻ കഠോപനിഷത്ത് മാത്രമേയുള്ളു. ഭരദ്വാജനായ സുകേശൻ, ശൈബ്യനായ സത്യകാമൻ, സൂര്യവംശജനായ ഗാർഗ്യൻ, അശ്വലന്റെ മകനായ കൗസല്യൻ, വിദർഭയിലെ ഭാർഗവൻ, കൃത്യന്റെ മകൻ കബന്ധി എന്നിവർ ദൈവജ്ഞാനം അന്വേഷിക്കാൻ തുടങ്ങി. അത് പകർന്നുതരാൻ കഴിയുന്നവൻ ഇദ്ദേഹമാണെന്നു പറഞ്ഞ് അവർ ഗുരു പിപ്പലാദനെ സമീപിച്ചു. തുടങ്ങും മുൻപ് ശുദ്ധിയിലും വിശ്വാസത്തിലും തപസ്സിലും ഒരു വർഷം തന്നോടൊപ്പം കഴിയാൻ ഗുരു അവരോടാവശ്യപ്പെട്ടു. അതിനു ശേഷം ചോദിക്കാനുള്ളതെല്ലാം ചോദിക്കാമെന്നും ഒന്നും മറച്ചുവയ്ക്കാതെ താൻ മറുപടി പറയാമെന്നും അദ്ദേഹം അവർക്ക് ഉറപ്പുകൊടുത്തു.


കബന്ധി: ഈ സൃഷ്ടികളൊക്കെ എവിടെനിന്ന് വന്നു?
  • സൃഷ്ടിയുടെ തുടക്കത്തിൽ പ്രജാപതിയുടെ തപസ്സിൽ നിന്ന് ജനിച്ച ധൃവപ്രകൃതികളായ പ്രാണനിൽ നിന്നും രയിൽ നിന്നും പ്രജകളൊക്കെ ഉത്ഭവിച്ചു എന്നും മറ്റുമാണ് പിപ്പലാദൻ ഇതിനു കൊടുത്ത മറുപടി.
ഭാർഗവൻ: ഏതൊക്കെ ദേവന്മാരാണ് ശരീരത്തെ താങ്ങി നിർത്തുന്നതും അതിൽ പ്രകടമാകുന്നതും? അവയിൽ ഏറ്റവും ശക്തമായത് ഏതാണ്?
  • ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം എന്നിവയാണ് ശരീരത്തെ താങ്ങി നിർത്തുന്ന ശക്തികളെന്നും എന്നാൽ ഏറ്റവും പ്രധാനമായ ശക്തി പ്രാണനാണെന്നുമായിരുന്നു മറുപടി. തേനീച്ചകളുടെ രാജാവ് കൂടു വിട്ടുപോകുമ്പോൾ തേനീച്ചകളെല്ലാം പറന്നുപോകുന്നതുപോലെ, പ്രാണൻ ശരീരം വിടുമ്പോൾ മറ്റു ശക്തികളെല്ലാം വിട്ടുപോകുന്നു.
കൗസല്യൻ: പ്രാണന്റെ ഉറവിടം ഏതാണ്? എങ്ങനെ അത് ശരീരത്തിൽ പ്രവേശിക്കുകയും, മരണസമയത്ത് വിട്ടുപോവുകയും ചെയ്യുന്നു? അകത്തും പുറത്തും ഉള്ളതിനെ അത് താങ്ങി നിർത്തുന്നതെങ്ങനെ?
  • പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നെന്നും സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ വിവിധശക്തികളെ ഉപകരണങ്ങളാക്കി ഭരിക്കുന്നെന്നും മറ്റുമായിരുന്നു ഇതിനുള്ള മറുപടി.
ഗാർഗ്യൻ: (ഒരാൾ)ഉറങ്ങുമ്പോൾ ഉറങ്ങുന്നതും ഉണർച്ചയിൽ ഉണർന്നിരിക്കുന്നതും ആരാണ്? സ്വപ്നങ്ങൾ കാണുന്നതാരാണ്? സന്തുഷ്ടിയിൽ ആരാണ് സന്തോഷിക്കുന്നത്? ആരിലാണ് ഈ കഴിവുകളൊക്കെ കുടികൊള്ളുന്നത്?
  • സൂര്യാസ്തമയത്തിൽ സൂര്യരശ്മികളെല്ലാം സൂര്യബിംബത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതുപോലെ, മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു കഴിയുന്നു. പക്ഷികൾ ചെക്കേറാൻ വാസവൃക്ഷത്തിലേയ്ക്ക് പോകുന്നതുപോലെ എല്ലാ ശക്തികളും ആത്മാവിനെ ആശ്രയിച്ചു കഴിയുന്നു എന്നൊക്കയാണ് ഇതിനു കൊടുത്ത മറുപടി.
സത്യകാമൻ: "ഓം" എന്ന അക്ഷരത്തിൽ ഉറച്ചവൻ, മരിക്കുമ്പോൾ ഏതു ലോകത്തിൽ എത്തിച്ചേരുന്നു?
  • ബ്രഹ്മത്തിന്റെ പ്രതീകമായ ഓംകാരത്തിലെ മാത്രകളെ വ്യത്യസ്തമായി കാണാതെ ഒന്നായി കണ്ട് ധ്യാനിക്കുന്നവൻ ബ്രഹ്മപദം പ്രാപിക്കുമെന്നാണ് മറുപടി.
സുകേശൻ: "പതിനാറു ശക്തികളുള്ള ആത്മാവിനെ അറിയാമോ" എന്ന് കോസലരാജകുമാരൻ ഹിരണ്യനാഭൻ എന്നോടു ചോദിച്ചു. നുണപറയുന്നവർ വേരോടെ ഉണങ്ങിപ്പോകുമെന്നതിനാൽ‍, എനിക്കറിയില്ലെന്നും, അറിയുമായിരുന്നെങ്കിൽ അവന് പറഞ്ഞു കൊടുക്കുമായിരുന്നെന്നും ഞാൻ മറുപടി പറഞ്ഞു. അതു കേട്ട് അവൻ, ഒന്നും മിണ്ടാതെ രഥത്തിൽ‍ കയറിപ്പോയി. അതുകൊണ്ട്, ആത്മാവിനെക്കുറിച്ച് എനിക്കു പറഞ്ഞുതരുക
  • ആത്മാവിന്റെ ശക്തികളുടെയെല്ലാം ഉത്ഭവമായ ചൈതന്യം ശരീരത്തിൽ തന്നെയാണെന്നും നദികൾ സമുദ്രത്തിൽ ചെന്നു ലയിച്ച് അതിന്റെ ഭാഗമായി മാറുന്നതുപോലെ എല്ലാശക്തികളും ആത്മചൈതന്യത്തിലേക്കൊഴുകി അതിൽ ലയിക്കുന്നുവെന്നുമായിരുന്നു ഇതിന് ഗുരു കൊടുത്ത മറുപടി.

No comments:

Post a Comment