രാവിലെ നടക്കാൻ പോയപ്പോൾ ദിലീപിനെ കണ്ടില്ല. ഒരു ദിവസവും നടത്ത മുടക്കുന്ന ആളല്ല. ഇന്നെന്തുപറ്റിയോ എന്തോ. വിളിച്ചിട്ടൊന്നും കിട്ടുന്നുമില്ല.
ഡോക്ടറുടെ ക്ളിനിക്കാണെങ്കിൽ കുറെ കൂടി ഗ്രാമത്തിനടുത്താണ്.
എയർ ഫോഴ്സിൽ സർജൻ ആയിരുന്നു ദിലീപ്. റിട്ടയർ ആയപ്പോൾ ഈ സ്‌കൂളാണ് ശേഷിച്ച കാലത്തേയ്ക്ക് തിരഞ്ഞെടുത്തത്. ഇവിടെ ബിയോളജിയും ഹിസ്റ്ററിയും പഠിപ്പിക്കുന്നു. സ്‌കൂളിന്റെ തന്നെ പ്രൊജക്റ്റ് ആയ വില്ലേജ് ക്ലിനിക്കിൽ ഡോക്ടറായും സേവനം അനുഷ്ഠിക്കുന്നു.
രാവിലെ നടക്കാൻ കൂടും. ഒരു ചെറിയ കുന്നു ചുറ്റി വരും, എന്നോടൊപ്പം.
പിന്നെ ഞാൻ ബോർഡിങ്ങിലേയ്ക്കും ഡോക്ടർ ഹോസ്പിറ്റലിലേയ്ക്കും പോകും. പ്രാതൽ കഴിക്കാൻ നേരം വീണ്ടും ഒന്നു കാണും. അദ്ദേഹത്തിനും ക്‌ളാസ് ഉണ്ടെങ്കിൽ എന്റെ കൂടെ സ്‌കൂളിലേക്ക് വരും. ഇല്ലെങ്കിൽ ക്ലിനിക്കിലേയ്ക്ക് മടങ്ങും.
അപ്പോൾ ഇനി ഡൈനിങ്ങ് ഹാളിൽനോക്കാം.
ഞാൻ തിരിച്ച് ബോർഡിങ്ങിൽ പോയി. അവിടെ കുതിരയെടുപ്പിന്റെ മേളം. എല്ലാ കുളിമുറിയിൽ നിന്നും ഉച്ചത്തിലുള്ള പാട്ട്. ഓരോന്നും ഓരോ ഭാഷയിൽ. പുറത്തു കാത്ത് നിൽക്കുന്ന മറ്റു കുട്ടികളുടെ ചീത്ത വിളി
എന്റെ ഭാര്യയും മകളും ഡൈനിങ്ങ് ഹാളിൽ പോയി കഴിക്കില്ല. മഹാലക്ഷ്മി എന്ന് പേരുള്ള ഒരു സ്ത്രീ അവർക്കുള്ളത് ഡൈനിങ്ങ് ഹാളിൽ നിന്ന് എടുത്തു കൊണ്ട് വന്നു കൊടുക്കും. അധികമുള്ളത് മഹാലക്ഷ്മി കൊണ്ടുപോകും. അവർക്ക് മൂന്നു പെൺകുട്ടികളാണ്. രണ്ടുപേർ അടുത്തുള്ള ഏതോ വില്ലേജ് സ്‌കൂളിൽ പോകുന്നു.
ആന്ധ്രയുടെ ഉൾപ്രദേശത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. വിശാലമായ കാമ്പസ്. ആരും കൊതിക്കുന്ന സമാധാനം നിറഞ്ഞ അന്തരീക്ഷം. വലിയ ശമ്പളമില്ലെങ്കിലും ഒരു പ്രത്യേക തരം ജീവിതം ഇഷ്ടപ്പെടുന്നവരാണ് ആ സ്‌കൂളിൽ ജോലി നേടിയവരെല്ലാം. സ്‌കൂളിന്റേതായി കുറെ ഡെവലപ്മെന്റ് പ്രൊജെക്ടുകൾ ഉണ്ട്. അധ്യാപകർ തന്നെയാണ് അതൊക്കെ നടത്തുന്നതും.
ഇന്ന് നല്ല തണുപ്പുണ്ട്. അതായിരിക്കും നല്ല വിശപ്പും.
ദിലീപ് കൂടെയുണ്ടങ്കിൽ ഒരു വില്ലേജിൽ നിന്ന് ഒരു ചായ പതിവുണ്ടായിരുന്നു. ഇന്ന് അതും കുടിച്ചില്ല.
മഹാലക്ഷ്മി കൊണ്ടുവന്ന ഉപ്പുമാവുണ്ട്.
അത് തിന്നാൻ ഭാര്യ സമ്മതിക്കില്ല. അവളും വളരെ കുറച്ചേ കഴിക്കാറുള്ളൂ.
ഇതിന്റെ ബാക്കി കൊണ്ട് ചെന്നിട്ടു വേണം മഹാലക്ഷ്മിയ്ക്ക് മൂന്നു കുട്ടികളുടെ പശിയടക്കാൻ.
വില്ലേജിലെ മിക്ക വീടുകളും ഇങ്ങനെ ഒക്കെ തന്നെയാണ്. ഒരു നേരമെങ്കിലും ആഹാരം കിട്ടുന്നവർ ഭാഗ്യം ചെയ്യ്തവർ.
നല്ല വിശപ്പ് തോന്നിയെങ്കിലും ആ മൂന്നു കുട്ടികളുടെ മുഖമോർത്തപ്പോൾ ക്ഷമിച്ചു.
കുളി കഴിഞ്ഞ് ഡൈനിങ്ങ് ഹാളിൽ പോയിത്തന്നെ കഴിക്കാം. ദിലീപിനെയും കാണാമല്ലോ.
പക്ഷെ ഡൈനിങ്ങ് ഹാളിൽ കുറെ നേരം നോക്കിയിരുന്നിട്ടും കണ്ടില്ല.
ബോർഡിങ്ങിലെ ബഹളം ഡൈനിങ്ങ് ഹാളിലും തുടരുന്നു.
എല്ലാവര്ക്കും എന്നും ചപ്പാത്തി തന്നെ വേണം. പക്ഷെ ചൊവ്വാഴ്ചത്തെ പ്രാതൽ എന്നും ഉപ്പുമാവാണ്
താഴത്തെ ക്ലാസ്സിലുള്ളവർ അതിനു മുന്നിലിരുന്നു ചിണുങ്ങുന്നു. മുതിർന്നവർ തങ്ങളുടെ പാത്രത്തിൽ മേട്രൺ നിർബന്ധപൂർവ്വം വിളമ്പിയത് ആരും കാണാതെ വേറെ കുട്ടികള്ക്ക് കൊടുക്കുന്നു.
അവർക്കും വേണ്ടാഞ്ഞിട്ട് കഴിച്ച് ശേഷം ഒഴിഞ്ഞിരിക്കുന്ന ആളില്ലാ പത്രങ്ങളിൽ തട്ടുന്നു.
ഇനിയും വേറെ ചിലർ ധൈര്യമായി വേസ്റ്റ് ബോക്സിൽ കൊണ്ട് കളയുന്നു.
അതിന്റെ പേരിൽ മേട്രൺ അവരുമായി വഴക്കിടുന്നു.
എന്നെ കണ്ടപ്പോൾ ബഹളം ഒന്നടങ്ങി. ഞാൻ അവാർഡ് അടുത്ത് ചെന്നു.
"നിങ്ങൾ ഇങ്ങനെ ആഹാരത്തോട് പെരുമാറരുത്. ഇതുപോലും ഇല്ലാത്തത് എത്രയോ പേരുണ്ട്."
"ശരിയാണ് സാർ," കൂട്ടത്തിലെ ചട്ടമ്പിയായ അഭിനന്ദ് പറഞ്ഞു, "അതുകൊണ്ട് എല്ലാ ചൊവാഴ്ച്ചത്തെയും ബ്രേക്ക് ഫാസ്റ്റ് നമുക്ക് അവർക്ക് കൊടുത്തേക്കാം "
കൂട്ടച്ചിരി. ഞാൻ വിട്ടു.
നല്ല കാശുള്ള വീട്ടിലെ കുട്ടികൾ.നല്ല കുട്ടികൾ തന്നെ. പക്ഷെ ജീവിത യാഥാർഥ്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല
ഒരിക്കൽ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ ആഹാരം തിരക്കി പലയിടത്തും പോയി വെറും കയ്യോടെ മടങ്ങി വന്ന കഥ.
അത് ഞാൻ ജനിക്കുന്നതിനും മുൻപാണ്.
ഒരിക്കൽ എന്റെ അച്ഛൻ എവിടെ നിന്നെങ്കിലും കാശോ ആഹാരമോ കടം വാങ്ങാമെന്ന് പറഞ്ഞു പോയി. ഒന്നും കിട്ടാതെ രാത്രിയിൽ മടങ്ങി. വീട്ടിനു പുറത്ത് വന്നപ്പോൾ അമ്മ കുട്ടികളെ ഉറങ്ങാൻ സമ്മതിക്കാതെ കഥയും പാട്ടുമൊക്കെയായി ഉറങ്ങാതെ ഇരിക്കുന്നു.
അകത്തു കയറി ആഹാരമൊന്നും കിട്ടിയില്ല എന്ന് പറഞ്ഞ് അവരുടെ ചങ്ക് തകർക്കാനാവാത്തതു കൊണ്ട് അച്ഛൻ മുറ്റത്തെ പാല്വിന് ചുവട്ടിൽ വെറും മണ്ണിൽ കിടന്നുറങ്ങി.
അതൊക്കെ പണ്ടല്ലേ എന്ന് പറഞ്ഞു കഥ കേട്ട കുട്ടികൾ സമാധാനിച്ചു.
ഡൈനിങ്ങ് ഹാളിൽ ദിലീപ് എത്തിയില്ല. ഡോക്ടറൊക്കെ ആണെങ്കിലും വലിയ തടിയനാണ്. ഭക്ഷണ പ്രിയനും.
ആഹാരം കഴിഞ്ഞു ഞാൻ സ്‌കൂളിലേക്ക് വിട്ടു.
മഹാലക്ഷ്മി സ്കൂളിൽ തൂക്കാനും വരാറുണ്ട്. ക്ളിനിക്കിന്റെ അടുത്താണ് അവർ താമസം. അവരും പറഞ്ഞു ക്ളിനിക്ക് അടഞ്ഞു കിടക്കുകയാണെന്ന്.
എനിക്ക് ചെറിയ ഭയം തോന്നി.
അറുപതു വയസ്സോളമുണ്ട് ഡോക്ടർക്ക്. ആരോഗ്യം സൂക്ഷിക്കില്ല.
നടക്കാൻ വരുന്നതുപോലും ഞാനുമായി ഒന്നിച്ച് നടന്നുള്ള പ്രഭാത ചർച്ചകൾ ഇഷ്ടമായതുകൊണ്ടു മാത്രം.
അന്ന് എനിക്ക് പഠിപ്പിക്കുന്നതിൽ തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുട്ടികളെയും കൊണ്ട് ലൈബ്രറിയിൽ പോയി വെറുതെ ഇരുന്നു.
ഇടയ്ക്ക് സമയം കിട്ടിയപ്പോൾ ഓഫീസിൽ പോയി ദിലീപിന് എന്ത് പറ്റിയെന്ന് അന്വേഷിച്ചു
തെലുങ്കിൽ അവ്യക്തമായി ഒരാൾ പറഞ്ഞു, തെട്ടുവിൽ ആരോ മരിച്ചു, ഡോക്ടർ അവിടെ പോയതാണ്
ആശ്വാസമായി.
പക്ഷെ ദിലീപ് എന്തിനാണ് അവിടെ പോയതെന്ന് മനസ്സിലായില്ല.
ഡോക്ടറുടെ ക്ളിനിക്കും കഴിഞ്ഞ് ഒരു തക്കാളിപ്പാടവും കഴിഞ്ഞുള്ള ഗ്രാമമാണ് തെട്ടു.
നാലഞ്ച് കിലോമീറ്റർ നടക്കണം, ബസ്സൊന്നും ഇല്ല.
അവിടുത്തെ പ്രത്യേകത ദോശയാണ്. ദിലീപിന്റെ കൂടെ ബൈക്കിൽ കയറി പലപ്പോഴും അവിടുത്തെ ദോശ തിന്നാനായി മാത്രം ഞാനും പോയിട്ടുണ്ട്
അയ്യായിരം ആൾക്കാർ, അയ്യായിരത്തി അന്ജഞ്ഞൂറു കന്നുകാലികൾ. കെട്ടിക്കിടക്കുന്ന ചാണകത്തിൽ നിന്നുയരുന്ന മീഥെയിൻ വാതകത്തിന്റെ മാത്രം ഗന്ധമുള്ള ഗ്രാമം. വളരെ പഴക്കമുള്ള ഗ്രാമമാണ്. അവിടെ ചെന്ന് നിന്നാൽ നമ്മൾ ഏതോ ചരിത്ര പുസ്തകത്തിന്റെ താളിലാണ് നിൽക്കുന്നതെന്ന് തോന്നും. ചെങ്കല്ല് പാകിയ വഴികൾ നൂറ്റാണ്ടുകളായി ആളുകൾ നടന്നു നടന്നു മാർബിൾ പോലെ മിനുസമായിട്ടുണ്ട്.
ഉച്ചയ്ക്കും ദിലീപ് എത്തിയിട്ടില്ല.
മരണത്തിന് പോയി ഭക്ഷണവും ഉപേക്ഷിക്കാൻ ഡോക്റ്ററുടെ ആരാണ് തെട്ടുവിൽ?
മൂന്നാലു യുദ്ധങ്ങൾ കണ്ട മനുഷ്യൻ. ആ കണ്ടതത്രയും അതുപോലെ ചരിത്ര ക്‌ളാസ്സുകളിൽ വിളമ്പുമ്പോൾ കുട്ടികൾ നെടുവീർപ്പോടെ കേട്ടിരിക്കും. ആഹാരം കാണാതെ ദിവസങ്ങളോളം ട്രെഞ്ചിൽ കഴിഞ്ഞതും വഴിയിലെ ചെളിക്കുണ്ടിൽ വെള്ളം കുടിച്ചതും ക്കെ കേൾക്കുമ്പോൾ യുദ്ധത്തിന് സിനിമയിൽ കാണുന്ന ഗ്ളാമർ ഒന്നുമില്ലെന്ന് കുട്ടികൾ ഓർക്കും.
വലിയ ഫാൻക്ളബ്ബ് ഉള്ള അധ്യാപകനാണ്. ബയോളജി ക്ളാസ്സും പ്രസിദ്ധമാണ്. ഒരു ഡോക്ടർ പഠിപ്പിക്കുന്ന ബയോളജി എങ്ങനെ കുട്ടികൾ പഠിക്കാതിരിക്കും!
ഉച്ചയ്യ്ക്ക് വീണ്ടും എനിക്ക് ഡൈനിങ്ങ് ഹാൾ ഡ്യൂട്ടി.
പച്ചരിയും പരിപ്പും രസവുമാണ് ഇന്നത്തെ ആഹാരം.
രാവിലെ ഉപ്പുമാവ് കൊണ്ട് കളഞ്ഞ വൃകോദരന്മാർക്ക് അതെങ്കിലും കിട്ടിയാൽ മതിയെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.
ഡൈനിങ്ങ് ഹാളിലെ ബോർഡിൽ പോയി ഇനി നോൺ വെജ് എന്നാണെന്നൊക്കെ നോക്കി ചിലർ ആശ്വസിക്കുന്നു.
പത്രമെടുക്കാൻ വരുന്ന ജോലിക്കാർ പാത്രത്തിലും കുട്ടികളുടെ മുഖത്തും മാറിമാറി നോക്കുന്നു.
അവർക്ക് ഇങ്ങനെ ഭക്ഷണം പാഴാക്കുന്നത് വിശ്വസിക്കാൻ വയ്യ.
ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ കുറെ കൂടുതൽ ചോറ് കഴിച്ചു.
ഒരു കുട്ടി എന്റെ അടുത്ത് വന്നു എളിയിൽ കയ്യും കുത്തി നിന്നു. വെല്ലുവിളിക്കുന്ന പോലെ. പിന്നെ ചിരിച്ചു
"സർ, നൗ വീ നോ, സാർ ഒറ്റയൊരാൾ കാരണമാണ് അവർ ഈ ഹൊറിബിൾ റൈസ് ഇവിടെ ഉണ്ടാക്കുന്നത്. നോട്ട് ഫെയർ സർ നോട്ട് ഫെയർ,"
ഞാൻ ചിരിച്ചു
"എന്നാപ്പിന്നെ നീയങ്ങു സ്‌കൂള് മാറെടാ ഉവ്വേ"
"പാർഡൺ മി, സർ"
"നത്തിങ്ങ്"
ഉച്ച കഴിഞ്ഞപ്പോൾ നല്ല ഉറക്കം. ചോറ് കൂടുതൽ കഴിച്ചിട്ടായിരിക്കും. വൺ ടച്ച് എടുത്ത് ഷുഗർ നോക്കി. ഹോ മുന്നൂറ്റന്പത്. ചുമ്മാതല്ല ഉറക്കം. ദിലീപ് അറിഞ്ഞാൽ ചീത്ത വിളിച്ചേനെ.
ഇയാൾ ഇതെവിടെ പോയി കിടക്കുന്നു!
വൈകുന്നേരം കുട്ടികളെ നടക്കാൻ കൊണ്ട് പോകണം. സുലഭ ടീച്ചറിനോടൊപ്പം ഞാനും കൂടി.
പത്താം ക്ലാസ്സിന്റെ ക്‌ളാസ് ടീച്ചറാണ് സുലഭ.
"ഓ, സാറുമുണ്ടോ. എന്നാൽപ്പിന്നെ ഞാൻ വരണോ. ഡാൻസ് ക്‌ളാസ്സ് ഉണ്ടായിരുന്നു."
"പഠിപ്പിക്കുന്നോ പഠിക്കുന്നോ?"
"രണ്ടുമുണ്ട്."
"ഓ അതാണോ ഈ ഫിഗറിന്റെ രഹസ്യം?"
"അതൊന്നുമാല്ല. സ്‌ട്രിക്‌ട് ഡയറ്റിങ്ങാ. വണ്ണം വെച്ചാൽ പിന്നെ എന്ത് യോഗാ ടീച്ചർ! അവര് പറഞ്ഞു വിടും."
"ടീച്ചറും വാ. ഞാൻ മടങ്ങാൻ താമസിക്കും. ഏഴു മണിക്ക് മുൻപ് ഈ വാനരപ്പടയെ തിരികെ എത്തിക്കണ്ടേ?"
"അപ്പോൾ നടക്കാനിറങ്ങിയതല്ലേ? എവിടെ ഡോക്ടർ? കെട്ടിയോനും കെട്ടിയോളും പോലെ ഒന്നിച്ചാണല്ലോ നടപ്പ്?"
"ഇന്ന് കണ്ടില്ല. ഗ്രാമത്തിൽ ആരോ മരിച്ചു. അവിടെ പോയിരിക്കുവാ."
"അതേ മാഡം, ഡോക്ടർ സാർ ക്ലാസ്സിലും വന്നില്ല, "ഒരു കുട്ടി പറഞ്ഞു.
സുലഭയെയും കൂട്ടി കുട്ടികളുടെ കൂടെ നടക്കാൻ പോയി. പാടത്തിനു നടുവിലൂടെയുള്ള വെട്ടുറോഡ്. ഇരുവശവും കരിമ്പ് കൃഷി. ഇവിടെ കരിമ്പ് കൃഷി ചെയ്യാൻ പാടുള്ളതല്ല. മഴനിഴൽ പ്രദേശമാണ്. ധാരാളം കുഴൽകിണറുകൾ ഉണ്ട്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കില്ല. മഴപെയ്യുന്ന വര്ഷം കരിമ്പ് കൃഷി പോലെ ധാരാളം വെള്ളം വേണ്ട കൃഷികൾക്കായി ഭൂഗർഭജലം പോലും പമ്പ് ചെയ്തെടുത്ത് ഉപയോഗിച്ചു തീർക്കും. പിന്നെ നാലഞ്ച് വര്ഷം കഴിഞ്ഞേ മഴ കാണൂ. അതുവരെ കൃഷിയും ഇല്ല, ആഹാരവും ഇല്ല. ആളുകളുടെ വലിപ്പം പോലും പരമ്പരാഗതമായി ചെറുതാണ്. മിക്കവർക്കും ഒന്നോ രണ്ടോ കുട്ടികൾ മാത്രം. അതുകഴിഞ്ഞാൽ പിന്നെ കുട്ടികളെ സൃഷ്ടിക്കാനുള്ള ആരോഗ്യമില്ല.
ക്ളിനിക്കിന്റെ അടുത്ത് തന്നെ ദിലീപ് ഒരു വീട് വെച്ചിട്ടുണ്ട്. ഒറ്റയാനാണ്. കുടുംബമൊന്നുമില്ല.
ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞു, "ഞാൻ തന്നെ ഈ ലോകത്ത് വന്നതിൽ പശ്ചാത്തപിച്ചിരിക്കുവാ. പിന്നാ ഇനി കുറെ എണ്ണത്തിന്റെ കൂടി ഉണ്ടാക്കുന്നത്. "
വീട്ടിനു മുന്നിലെ കസേരയിൽ തന്നെ ഡോക്ടർ ഇരിപ്പുണ്ടറിയിരുന്നു.
നടക്കാൻ കാലും കയ്യും വയ്യെന്ന് പരാതി പറഞ്ഞ കുട്ടികളൊക്കെ ഡോക്ടറെ കണ്ടതും പാഞ്ഞു ചെന്നു.
ചില സുന്ദരികൾ കൊഞ്ചാൻ തുടങ്ങി.
"വൈ ഡിഡിന്റ് യു കം ടുഡേ? ഇറ്റ് ഈസ് നോ ഫൺ വിത്തൗട്ട് യു."
അപ്പോഴേയ്ക്കും ഞങ്ങളും എത്തി.
"എന്ത് പറ്റി? പണിയാണോ ? ഒന്നും കഴിച്ച ലക്ഷണം ഇല്ലല്ലോ."
കുട്ടികളാരോ കയ്യിലിരുന്ന ആപ്പിൾ ഡോക്ടർക്ക് നീട്ടി. ഡോക്ടർ അത് നിരസിച്ചു.
"ഡൂ സിറ്റ് ഡൌൺ റൈറ്റ് എറൗണ്ട് മീ."
കുട്ടികളെല്ലാം മുറ്റത്ത് ഡോക്ടർക്ക് ചുറ്റും ഇരുന്നു.
"ഞാൻ ഇന്ന് എങ്ങും പോയില്ല. ഒന്നും കഴിച്ചുമില്ല . കഴിക്കാൻ തോന്നിയില്ല. ദേ അങ്ങ് ദൂരെ തെട്ടുവിൽ ഒരു മരണം."
"ആര് മരിച്ചു?" സുലഭയാണ് ചോദിച്ചത്.
"ഒരു കഞ്ഞ്."കുട്ടികൾ മരിക്കുന്നതൊന്നും തെട്ടുവിൽ ഒരു വാർത്തയല്ല. അവിടെ വന്നുകയറാത്ത രോഗങ്ങളില്ല.
പെൺകുട്ടികൾ എല്ലാരും വല്ലാതെയായി. ചിലർ ഉയർന്നു വന്ന നിലവിളി വായ കൈ കൊണ്ട് മൂടി തടുത്തു
"എന്ത് പറ്റി, ദിലീപ്? അസുഖം?"
"അസുഖം ഒന്നുമല്ല. ആഹാരം കിട്ടാതെ മരിച്ചതാ."
"ഹൌ ഓൾഡ്?"ഒരു പെൺകുട്ടി ചോദിച്ചു
"ഫോർ മന്ത്സ്."
കുട്ടികൾ നിശ്ശബ്ദരായി. ഞാനും.
"അതെങ്ങനെ?"സുലഭയാണ് ചോദിച്ചത്. "ആഹാരം കഴിച്ചു തുടങ്ങി കാണില്ലല്ലോ?"
"അതേ, അതിന്റെ അമ്മ ദിവസങ്ങളായി പട്ടിണിയായിരുന്നു. പാല് കിട്ടാതെയാണ് കുട്ടി മരിച്ചത്."
ഒരുപാടു യുദ്ധങ്ങൾ കണ്ട ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു.
കുട്ടികൾ ആകെ വല്ലാതെയായി. കുറെ നേരം കൂടി ഞങ്ങൾ അവിടെ ഇരുന്നു.
ഡോക്ടറെ തനിച്ചാക്കി ഞാനും കുട്ടികളുടെ കൂടെ മടങ്ങി.
ഡോക്ടർക്ക് ആഹാരം വല്ലതും കൊടുത്തയയ്ക്കാമെന്നു പറഞ്ഞു.
നിര്ബന്ധിച്ചപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്.
മടങ്ങി വരുമ്പോൾ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
ഇടയ്ക്ക് ഒരു കുട്ടി പറഞ്ഞു "ഓ, വീ ഡിഡിന്റ് ആസ്‌ക്ക് ദി ബേബീസ് നെയിം."
അത് കേട്ടപ്പോഴാണെന്നു തോന്നുന്നു സുലഭ എന്നെ ചേർത്ത് നിർത്തി തോളിൽ മുഖമമർത്തി പൊട്ടിപ്പൊട്ടി കരഞ്ഞത്.
No comments:
Post a Comment