വിധി പറഞ്ഞു ന്യായാധിപൻ, നിങ്ങൾക്ക-
ങ്ങധികനാളില്ല തൂക്കിലേറീടുവാൻ
അവരിലഞ്ചാമനേറ്റവും ക്രൂരനാ-
ണവനു ശിക്ഷയേ കിട്ടിയില്ലൊട്ടുമേ
അരുമ ബാലികതൻ ജീവരക്തമേറ്റി
രിരുളു പോലെ കറുത്തൊരു വസ്തുഞാൻ
തെളിവിനായ് വന്ന വസ്തുക്കളോടോപ്പ-
മരുളി മൌനമായ് ഞാനുമാസംഭവം
ശ്യാമധൂളിയായ് മണ്ണിൽ പിറന്നു ഞാൻ
ഹോമകുണ്ഡത്തിൽ നീറിയമർന്നു ഞാൻ
ചൂടു തീരെ സഹിക്കുവാനാകാതെ
കൂടി ധൂളികൾ ഞങ്ങളൊന്നായിപോൽ
പിന്നെ രാസപ്രയോഗങ്ങളഗ്നിയു-
മൊന്നു ചേർന്നു ഖരവസ്തുവായ് മാറി
ഒടുവിലായുധത്തല്ലാൽ തലോടലാൽ
നെടിയ നീണ്ടൊരു കമ്പിയായ് മാറി ഞാൻ
ബുദ്ധിയുള്ളോരു മർത്യൻ സഹായിച്ചു
സിദ്ധമായെനിക്കങ്ങൊരു കർമ്മവും
പതിവ് തെറ്റാതെയോടുമീ ബസ്സിന്റെ
ഗതി നിയന്ത്രിക്കുമായുധമായി ഞാൻ
പാതിരാവിലീ കാപാലികർ വന്നു
പാതിമാത്രം വിരിഞ്ഞൊരാ മൊട്ടിനെ
കൈവിരലാൽ കശക്കിയെറിയവേ
ഭൂവിൽ ഞാൻ മാത്രമതിനന്നു സാക്ഷിയായ്
മരണവേദനയേറ്റു പിടയുന്ന
തരളമേനിയിൽ ക്രൂരമാം കൈകളാൽ
എന്നെയാഴത്തിലാഴ്ത്തിയിറക്കിയോർ
കൊന്നു പാവമാതിങ്കൾകിടാവിനെ
ക്രൂരമാം രംഗമീ വിധം ഭീകരം
ഉരുകുവാനും കഴിഞ്ഞില്ലയെങ്കിലും
കാരിരുമ്പിന്റെയുള്ളിൽ തിളങ്ങുന്ന
സൂര്യതേജസാം സത്യമറിഞ്ഞു ഞാൻ
വിധി, വിചാരണയെല്ലാം കഴിഞ്ഞു പോയ്
അധികമാളുകളൊന്നുമോർക്കാതെയായ്
ആർക്കു വേണമീ പിഞ്ചിയ വസ്ത്രവു
മൊരുസ്റ്റെതസ്കോപ്പ് കമ്പിയും ഗാവലും*
വഴിയിൽ വീണു കിടന്നൊരു ഞങ്ങളെ
കുഴികുഴിച്ചങ്ങു മൂടുവാനാകാതെ
ലോറിയിലേറ്റിയെങ്ങോ കടത്തുന്നു
അറിയുകില്ലെന്റെ ശേഷിച്ച നാളുകൾ
കാരിരുമ്പെന്നെയഗ്നിക്കു നൽകിയാൽ
ഉരുകിടും പിന്നെ മാറ്റിടാം രൂപവും
അഗ്നിയിൽ വീണു ശുദ്ധമായീടവേ
ഭഗ്നമെന്റെയുമുള്ളിലീ പ്രാർത്ഥന
ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കിൽ
കനിവിയന്നെന്റെ ആഗ്രഹം കേൾക്കണം
ഉരുകി ഞാനതെൻ തെറ്റിന്നു ശിക്ഷയായ്
കരുതി മാപ്പെനിക്കേകണേ ദൈവമേ
ഉരുകിയഗ്നിയിൽ ശുദ്ധമായെങ്കിലീ
കാരിരുമ്പിനെ ഖഡ്ഗമാക്കീടണം
ഉടലുനല്കിയും പെണ്ണിനെ കാക്കുന്ന
ഭടനൊരുവന്റെയായുധമാക്കണം