മഞ്ഞവസ്ത്രത്തിന്റെ പേരുകാരൻ
കഞ്ഞിപിഴിഞ്ഞോരു ഖദറുമായി
മഞ്ഞിൻ നിറമുള്ള പെണ്‍കുട്ടിയെ
കുഞ്ഞുവിരൽ കൊണ്ടു തൊട്ടുനോക്കി
വള്ളം കളിയിന്നു കേമമായി
വെള്ളമുള്ളിൽ കിടന്നോളമിട്ടാൽ
തള്ളയും പെങ്ങളും മകളുമാട്ടെ
കള്ളു സേവിപ്പവർക്കെന്തു ഭേദം
കണ്ടുനിന്നോർക്കതു കൗതുകമായ്
തൊണ്ടി സഹിതം പിടിക്കുമെന്നായ്
തെണ്ടിത്തരം ചെയ്ത മാന്യദേഹം
തണ്ടു തപ്പി, കാറിലേറി മുങ്ങി
മാന്യതയില്ലാത്ത രീതി കണ്ട്
ചാനലുകാരതു വാർത്തയാക്കി
കളിമണ്ണു തലയിൽ നിറഞ്ഞൊരുത്തി
കളിയതു കാര്യമായ് മാറ്റിപോലും
പത്രം മുഴുവനും വെണ്ടയ്ക്കയായ്
ഇത്രയും പ്രാധാന്യമെന്തിനായി
വാർത്തകൾ നാരിയേപ്പറ്റിയായാൽ
ആർത്തിയോടാളുകൾ കൊണ്ടാടിടും
വള്ളം കളിക്കിടെ തള്ളുകൂടി
ഉള്ളിലെ മോഹത്തിനാക്കമേറി
കൂട്ടത്തിലാരുമറിഞ്ഞിടാതെ
തൊട്ടതാണദ്ദേഹമെന്നു സത്യം
പാടുപെട്ടദ്ദേഹമാളു കൂട്ടി
കൂടെനില്കാനൊരു മുഖ്യനില്ലേ
പടകൂട്ടി വന്നൂ യുവജനങ്ങൾ
നടിയെ പഠിപ്പിച്ചു പാഠമെല്ലാം
ക്യാമറ കള്ളം പറഞ്ഞതാവും
കോമള ഗാത്രി നീ മാപ്പാക്കണേ
ഉമ്മ വെച്ചില്ല ഞാൻ തൊട്ടേയുള്ളൂ
നമ്മളുമൊക്കെ മനുഷ്യരല്ലേ
തപ്പു ചെയ്തെന്നുമേ സമ്മതിച്ചു
മാപ്പ് പറഞ്ഞങ്ങു മാന്യനായി
ഒപ്പിട്ടു നല്കിയ പെറ്റീഷനും
പെട്ടെന്നു നടിയും വലിച്ചു കീറി
ഇല്ലാ പരാതിയെന്നോതി മുഖ്യൻ
പൊല്ലാപ്പിനില്ലെന്നു മന്ത്രിമാരും
ജില്ലാ കളക്ടറും കൈമലർത്തി
തെല്ലും ഭയക്കേണ്ട കാര്യമുണ്ടോ
കിട്ടിയില്ലൊന്നും പരാതിയായി
കിട്ടിയാലും നിങ്ങളെന്തു ചെയ്യും
കാട്ടിലെ തടിയുമീ പെണ്ണുടലും
നാട്ടിലെ പ്രഭുവിന്റെ സ്വന്തമല്ലേ
പിന്നെയും ക്യാമറാ ക്കണ്ണുമായി
പിന്നാലെയെത്തുന്നു മാധ്യമങ്ങൾ
തൊട്ടതു നാട്ടിലെ കേമനല്ലേ
ഒട്ടുമവൾക്കു പരാതിയില്ല
കളിമണ്ണു തലയിലെ ചിന്ത നിങ്ങൾ
കളിയായെടുക്കല്ലേ നാട്ടുകാരേ
നടിയാണിവൾ കെട്ടുമെത്രവേഷം
നാട്യമിവളെ പഠിപ്പിക്കണോ
എന്താണു സത്യമെന്നാരറിഞ്ഞൂ
എന്താണതെങ്കിലുമൊന്നു ചൊല്ലാം
തൊട്ടതിനൊന്നും പരാതിയില്ല
നാട്ടുകാർ കാണേണമെന്നു മാത്രം
No comments:
Post a Comment