(സൈലന്റ് വാലിയുടെ പ്രേരണ)
നിശ്വാസത്തിലെ
അഗ്നിയെ
ഭയന്ന്
പച്ചപ്പുതപ്പു
ചൂടി
അതിന്നടിയിൽ
മുട്ടും
മടക്കി വെച്ച്
തലയുമൊളിപ്പിച്ചു
കുന്നുകളെത്ര
ഇല്ലാത്ത ചീവീടിന്റെ
കേൾക്കാത്ത
ശബ്ദത്തിനു
കാതോർത്തൊരു
താഴ്വര
ഈർപ്പത്തിൽ
നിന്നും ശ്വാസവും
കുഴമണ്ണിൽ
നിന്നു മുലപ്പാലും
വേർതിരിച്ചെടുത്ത്
വളരുന്നതിനെക്കുറിച്ച്
മാത്രം ചിന്തിച്ച്
തളരുന്നതെന്തെന്നറിയാത്ത
പച്ച
ആവശ്യത്തിലേറെ
ചോര കുടിച്ചതിന്റെ
മടുപ്പിൽ
വയലട്ട കള്ളയുറക്കം
നുണപറഞ്ഞുകൊണ്ട്
കുന്തിപ്പുഴ
ചിന്തയില്ലാത്ത
ജീവൻ
ചിന്തിക്കാനൊന്നുമില്ലാത്ത
ലോകം
സൂര്യന്റെ
തൃക്കണ്ണ് മറഞ്ഞ്
മൃദുവായി,
പൂർണമായി
ഇരുട്ടു
പുണരുന്ന
കാട്ടിലേയ്ക്ക്
മടങ്ങിവരുക
പുണർന്നു
പുണർന്ന്
പച്ചയെല്ലാം നീലയും
കറുപ്പുമാവുമ്പോൾ
മടങ്ങിവരുക
അശാന്തിയുടെ കരിനാഗമിഴയുന്നത്കാണാം
വേട്ടക്കാരൻ
വേട്ടയാടപ്പെടുന്നതും.
വേറിട്ടൊന്നും
വേറിടാൻ മറ്റൊന്നും
ഇല്ലാതെ
ഒന്നിനെ
മാത്രം കാണാം
ഏഴഴകുള്ള
ഒന്നിനെ
ഏതായാലും
കണ്ണിന്റെ
കാവൽ കഴിയട്ടെ
കാതിന്റെ
പരിഭ്രമവും
വഴിയറിയാത്ത
കാട്ടിൽ
ഇരുളുതന്നെ
ഭേദം
ഉത്തരമില്ലെങ്കിൽ
അജ്ഞതയും
മറ്റെന്ത്
No comments:
Post a Comment