Total Pageviews

Thursday, May 30, 2019

നളചരിതം





ഒട്ടും ശബ്ദമുണ്ടാക്കാതെയാണ് ലീല കടന്നു വന്നതെങ്കിലും പ്രഭാകരൻ ചട്ടുകത്തിലുള്ള പിടി ഒന്ന് അയച്ച് പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവളെയാണ്. ഉഷ്ണവും ചൂടും കൊണ്ട് അവളാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഷർട്ടാണ് ഇട്ടിരിക്കുന്നത്. കണങ്കാലിന് മേൽ വെച്ച് ലുങ്കിയുമുടുത്തിട്ടുണ്ട്. വെള്ളിപ്പാദസരങ്ങൾ ഇളം കറുപ്പ് നിറമുള്ള കാലിൽ അഴകിൽ തെളിഞ്ഞു കാണാം

പകൽനേരത്തെ തൊഴിലുറപ്പിനു പോകുമ്പോഴും ഇവളെ  ഇതുപോലെ വിയർപ്പിൽ കുളിച്ച് കണ്ടിട്ടുണ്ട്. അപ്പോൾപിന്നെ മുഖമൊക്കെ വെയില് കൊണ്ട് കരിവാളിച്ചിട്ടുണ്ടാവും. ഇപ്പോൾ അങ്ങനെയില്ല.

ലീല പ്രഭാകരനെയും ശ്രദ്ധിച്ചു. വിറകടുപ്പിൽ നിന്നുയരുന്ന തീയും പുകയും കാരണം അയാളുടെ കണ്ണുകൾ ഒരു കാട്ടാളന്റെതു  പോലെ ചുവന്നിരിക്കുന്നു. എപ്പോഴും കാണാറുള്ള ശാന്തസ്വഭാവം ഇപ്പോൾ കാണാനില്ല.
"അണ്ണനെ ഇവിടെ ഏൽപ്പിച്ചിട്ട്  എല്ലാരും മുങ്ങിയോ?"
"ആ, അവന്മാരൊക്കെ കെടന്ന് ഒറക്കമായി. പായസമായോണ്ട് ഞാൻ വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് ഒന്ന് കെടന്നൊറങ്ങി. നീയും വേണേ ആ ബെഞ്ചേലോട്ട് കെടന്നോ. പേടിക്കേണ്ട. ഞാനില്ലേ ഇവിടെ?"
"ഓ. അതാ എന്റെ പേടി"  അവൾ ബെഞ്ചിനടുത്ത് ചെന്ന് മുഖവും കുനിച്ചതിലിരുന്ന് അവനെ കടക്കണ്ണിട്ട് ഒന്ന് നോക്കി. അയാൾ ശ്രദ്ധിക്കുന്നില്ല എന്ന്  കണ്ട്  അവൾ പൊട്ടിച്ചിരിച്ചു
പ്രഭാകരൻ തിരിഞ്ഞു നോക്കി. ചെമ്പുകുടത്തിൽ വെള്ളം ഓളം വെട്ടുന്ന ശബ്ദം. തീരെ പതിയെ ആണെങ്കിലും കേൾക്കാൻ ഇമ്പമുള്ള ചിരി.
"ഞാനിവിടിരിക്കാം, അണ്ണന്റെ ജോലി നടക്കട്ട്"
"ഒറങ്ങുന്നെല്ലേൽ വെറുതെ അവിടെ കുത്തിയിരിക്കാതെ ഇത് വന്നൊന്ന് ഇളക്ക്"
അത് കേൾക്കേണ്ടാത്ത താമസം അവൾ ബെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റ് അയാളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി.
എന്തൊരു ഭാരം. ഒരു ഇരുമ്പ് പാരയുടെ ഇരട്ടി ഭാരമുണ്ട്.
അയാൾ തോളിലെ തോർത്തെടുത്ത് മുഖം തുടച്ചു. പിന്നെ അതിന്റെ തന്നെ അറ്റം രണ്ടു കയ്യിലുമായി പിടിച്ച് കറക്കി സ്വയം ഒന്ന് വീശി. ആ കാറ്റ് അയാളുടെ ഉഛ്വാസ വായു പോലെ അവളുടെ മുതുകിൽ സ്പർശിച്ച.  അവൾ ഈറൻ കാറ്റു വീശിയതുപോലെ കുളിർ ചൂടി.

 ബാലേ! സദ്ഗുണലോലേ, മംഗലശീലശാലിനി, കേൾ നീ.
പ്രാലേയരുചിമുഖി, ദമയന്തി,മാലകൊണ്ടൊരുവനെ വരിച്ചീടു നീ.

സ്‌കൂളിന്റെ മറുവശത്തുനിന്ന് മൈക്കിലൂടെ ചെണ്ടയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ ആ വരികൾ മുഴങ്ങി.
"ഓ, തൊടങ്ങിയോ കഥകളി! പാവം, ആ കുട്ടികള് രാവിലെ മുതല് ചുട്ടീം കുത്തി ഇരിക്കുവാ"
"ഓ എവിടുന്നു! ഇതതിന്റെ പാട്ടു മാത്രമാ. എന്തോന്നാ അതിന്റെ പേര്?"
"കഥകളിപ്പദമാന്നോ"
"ങാ അതുതന്നെ. ഞാൻ അതിന്റെ പേര് എപ്പഴും മറന്നുപോകും. അവരുടെ ഐറ്റമൊക്കെ കഴിഞ്ഞോ? അണ്ണനു ഈ പായസം മാത്രമേ ഒള്ളോ?
"പിന്നല്ലാതെ, ലീല അന്തർജ്ജനത്തിന് പാത്രം മോറൽ തന്നല്യേ. ഇപ്പളും. ഉവ്വോ?'
കളിയാക്കിയതാണെങ്കിലും ലീലയ്ക്കും ചിരി വന്നു.
"പിന്നെ, ഞാനിപ്പോ വിറകും കൊറേ കീറി"
"ഓ പ്രോമോഷം ഒക്കെ ആയോ. എന്നാ ഇങ്ങനെ ഇളക്കിയാ പോരാ, കേട്ടോ. ചട്ടുകം ഉരുളിയേടെ അടിയിൽ മുട്ടാതെ ഇളക്കണം. നാളെ പായസത്തി ഓട് ചെവച്ചാ വിറകുകീറിയതിന്റെ കൊറവാന്നല്ല, എന്റെ കൊഴപ്പമാണെന്നേ വരൂ"
"എന്നാ, തന്നെ ഇങ്ങോട്ടു വന്ന് എളക്കിക്കൊ. നടുവൊടിഞ്ഞ് "
പ്രഭാകരൻ അവളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി തിളച്ചു കൊണ്ടിരുന്ന പാൽപായസത്തിലിട്ട് മെല്ലെ ഇളക്കാൻ തുടങ്ങി. അയാളുടെ കയ്യിലും തോളിലും പേശികൾ ഉയർന്നു താഴുന്നത് അവൾ കൊതിയോടെ നോക്കി നിന്നു.
"സ്വപ്നം കാണാതെ അങ്ങോട്ട് മാറി നിക്ക്. ഇതിലെങ്ങാണം ഉറങ്ങി വീണാൽ നാളെ ഉച്ചയ്ക്ക് കുട്ടികൾക്ക് വിളമ്പാനുള്ളതാ"
അവൻ അവളെ തള്ളി മാറ്റി. അവൾ വീഴാൻ തുടങ്ങി. വിയർപ്പിൽ നനഞ്ഞ അവന്റെ മുതുകിൽ അവൾ ഒരടി കൊടുത്തു.
സ്റ്റേജിൽ അടുത്ത കഥകളിപ്പദഗായകന്റെ പ്രകടനം കേട്ടു. ഒരു നിമിഷം ലീല അത് ശ്രദ്ധിച്ചു. നല്ല രസമുള്ള താളം.

 നിരവധി മാരാധിനീരധിയിലേ നീന്തി
നിയതം നീ തളരൊല്ലാ പിളരൊല്ലാമനമിനി.
രാജപുംഗവ, തവ വാചാ, കൗശലത്താലേ


അത്രയുമായപ്പോഴേക്കും ലീല പാദം ഇളക്കി മെല്ലെ താളം പിടിച്ചു. ഇതുപോലെ എന്തോ കുടുംബശ്രീയുടെ വാർഷികത്തിന് തിരുവാതിരയായി കളിച്ചത് അവൾ ഓർത്തു.

പേശലാംഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ ആശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ

പ്രഭാകരനും അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൗതുകമായി
"ദേ അവിടേം എന്താണ്ടൊ ഇളക്കിവെച്ചുറപ്പിക്കുന്നു. അവിയലായിരിക്കും" പ്രഭാകരൻ അത് പറഞ്ഞത് കേട്ട് അവൾ പിന്നെയും ചിരിച്ചു.
അവന്റെ മുഖത്തും വന്നു ഒരു പുഞ്ചിരി.
"ഇനി ഇതിൽ എന്തൊക്കെ ചേർക്കണം?"
"അതൊക്കെ ദേ വറുത്ത് വെച്ചിട്ടുണ്ട്." അയാൾ ഒരു ചരുവം ചൂണ്ടിക്കാട്ടി.
അവൾ അതിന്റെ മൂടി തുറന്ന് ഒരു അണ്ടിപ്പരിപ്പെടുത്തത് കൊറിച്ചു.
"ഇത് ചേർക്കാറായോ?"
"എവിടുന്നു! ഒന്നുമായില്ല. കൊറേ കുറുകണം. നേരം വെളുക്കും. അതല്ലേ ഞാൻ ഒന്നുറങ്ങീട്ടു വന്നത്. എനിക്കറിയാം എല്ലാം കൂടെ എവിടേലും പോയിക്കിടന്ന്  ഉറങ്ങുമെന്ന്. ഉറക്കം വന്നാൽ പിന്നെ അടുപ്പിന്റെ അടുത്ത് പെരുമാറുന്നത് അപകടമാ."
"അല്ലെങ്കിലേ എനിക്കീ വലിയ അടുപ്പിലെ തീ കാണുമ്പോ പേടിയാകും. ഞങ്ങടെ വീട്ടിനടുത്ത് ഒരു വലിയ തീ പിടുത്തം ഉണ്ടായാരുന്നു. രണ്ടു പേര് ചാവുകേം ചെയ്തു"
"എന്ന്?"
"ഓ വളരെ പണ്ട്. അമ്മ പറഞ്ഞു കേട്ടതാ"
"നിങ്ങടെ വീട്ടിനടുത്തോ?"
"അടുത്തതല്ല. കൊറേ കൂടി പോണം"
"ഓ അതിപ്പോ പത്തറുപത് കൊല്ലമായില്ലേ? ആരാ മരിച്ചതെന്നറിയാമോ?"

പ്രഭാകരൻ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു തോന്നി അയാൾ പാട്ടു ശ്രദ്ധിക്കുകയാവുമെന്ന്. ആ പാട്ടിന്റെ പേര് പിന്നെയും അവൾ മറന്നുപോയി. അവർക്കിടയിലെ നിശ്ശബ്ദതയിൽ ഇമ്പമാർന്ന സ്വരത്തിൽ ഒരു കഥകളിപ്പദം ഉയർന്നു കേട്ടു.

 സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോടിന്ദ്രൻതാനേ വരികിലിളകാ; കാ കഥാന്യേഷു രാജൻ?
ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം ഞാനെന്നും ചൊല്ലി ഖഗപതിപറന്നംബരേ പോയ്മറഞ്ഞാൻ
എത്ര ശ്രദ്ധിച്ചിട്ടും ഒരു വാക്ക് പോലും മനസ്സിലാകുന്നില്ല.
"ആരാ അന്ന് ചത്തതെന്ന് അറിയാമോ?"
പ്രഭാകരന്റെ ചോദ്യം വീണ്ടും കേട്ടപ്പോഴാണ് അയാൾ അവളുടെ ഉത്തരത്തിന് കാത്തതാണെന്ന് ലീലയ്ക് മനസ്സിലായത്  
"ഞങ്ങക്കൊന്നും അറിയാത്തോരാ. അവിടെങ്ങും ഉള്ളവരല്ല" അവൾ താത്പര്യമില്ലാത്തതു പോലെ പറഞ്ഞു.
ചരുവത്തിൽ നിന്ന് അണ്ടിപ്പരിപ്പെടുത്തു കൊറിക്കണമെന്നുണ്ട്. അയാൾ എന്ത് കരുതും എന്നോർത്ത് അവൾ അത് വേണ്ടെന്നു വെച്ചു.
"ഞങ്ങടെ വകേലൊരു ബന്ധുവായിരുന്നു. നളിനിയമ്മായി. മറ്റേത് ദേഹണ്ഡത്തിനു വന്നതാ, ദിവാകരൻ. ഇതുപോലെ പാചകപ്പുരയിലെ തീ രാത്രിയിൽ പടർന്നതാ. കല്യാണവീടായിരുന്നു. നളിനി അമ്മായിയുടെ ചേച്ചീടെ മൂത്ത മോടെ കല്യാണം. അന്ന് മൊടങ്ങിയതാ. പിന്നെ ആ പെണ്ണിനെ കെട്ടാൻ ആരും വന്നില്ല." പ്രഭാകരൻ പറഞ്ഞു നിർത്തി.

ലീല അത് കേട്ടെങ്കിലും അവളുടെ മനസ്സ് ആ കഥകളിപ്പദങ്ങൾക്കൊപ്പം ചടുലമായി ചലിച്ചുകൊണ്ടിരുന്നു

കാമനോ സോമനോ നീ? നിന്നാഗമനം കിന്നമിത്തം?

അന്നത്തെ ആ വലിയ സ്റ്റേജിൽ തിരുവാതിര കളിച്ചത് അവൾ ഓർക്കുകയായിരുന്നു. ഇന്നും ഇവിടെ തിരുവാതിര ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും ഒന്ന് പോയി കാണണം.

"നീ ഒറക്കമായോ, വല്ലോം പറഞ്ഞോണ്ടിരിക്ക്. വേണേൽ ആ അണ്ടിപ്പരിപ്പ് രണ്ടെടുത്ത് കൊറിച്ചോ."

അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് അതിലുള്ള കൊതി പോയി. എന്ത് പറയാണെമെന്നറിയാതെ അവൾ കുഴങ്ങി.
"ചേച്ചീടെ മോൾക്ക് പായസം വലിയ ഇഷ്ടമാ. ഞാൻ ഉണ്ടാക്കി കൊടുത്താ കഴിക്കില്ല. അമ്പലത്തിലെ തന്നെ വേണം. വീട്ടിൽ ഉരുളിയൊന്നുമില്ല. അതായിരിക്കും എന്തൊക്കെ ചേർത്താലും അത്രേം രുചി വരില്ല. മിൽക്ക് മെയ്‌ടൊക്കെ വാരിയൊഴിച്ചു നോക്കി"
എന്തോ തമാശ കേട്ട പോലെ പ്രഭാകരൻ ചിരിച്ചു. കഥകളിപ്പാട്ടിനെ കുറിച്ച് അയാൾ വല്ലോം തമാശ പറഞ്ഞേക്കുമെന്ന് അവൾ കരുതി. എന്താണ് പാടുന്നതെന്ന് അവളും ശ്രദ്ധിച്ചു.

 തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,

അതിലെ ഒന്ന് രണ്ടു വാക്കുകൾ അവൾക്ക് മനസ്സിലായി.തളിരൊളി, മനോരഥം. സ്‌കൂളിൽ പണ്ട് പര്യായമായി പഠിച്ചിട്ടുണ്ട്. അതേക്കുറിച്ച് തമാശയായിരിക്കില്ല, കാര്യമായ വല്ലതും അയാൾ പറഞ്ഞേക്കുമെന്ന് അവൾക്കു തോന്നി. അത്ര ഗൗരവം അയാളുടെ മുഖത്തു  ഉണ്ടായിരുന്നു
അയാളെ നോക്കാൻ ധൈര്യമില്ലാതെ അവൾ ദൂരേയ്ക്ക് നോക്കി.
പുറത്ത് വെട്ടം വീണു തുടങ്ങിയിരുന്നു. ഇനിയെങ്കിലും ഒന്ന് കിടന്നു ഉറങ്ങണം.

"പായസം അലുമിനിയം പാത്രത്തിലും ഉണ്ടാക്കാം. കുറച്ച് പഞ്ചസാര കരിച്ച് അതിൽ ചേർത്താൽ മതി. അമ്പലപ്പുഴ പാൽപായസം പോലിരിക്കും."
 "അതെയോ ?"
"ഇനി പാൽപായസം ഉണ്ടാക്കുമ്പോ അങ്ങനെ ഒന്ന് ചെയ്തു നോക്ക്. പിന്നെ പറ."
അയാൾക്ക് പായസം ഇളക്കാൻ പ്രയാസം തോന്നിത്തുടങ്ങി. നന്നായി കുറുകി എന്ന് അവൾക്കും അത് കണ്ടപ്പോൾ മനസ്സിലായി.
"നീ ആ വറത്തു വെച്ചതിങ്ങെടുത്തെ"
അവൾ വീണ്ടും പിടഞ്ഞെണീറ്റ് ചരുവം എടുത്ത്  മൂടി തുറന്ന് അയാൾക്ക് നേരെ നീട്ടി. അയാൾ അത് വാങ്ങി. അവൾ അയാളുടെ കയ്യിൽ മെല്ലെ പിടിച്ച് തടഞ്ഞു.
"ഒന്ന് നിന്നേ"
എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ ആ പത്രം തിരിച്ച് അവൾക്കു നേരെ നീട്ടി. അവൾ അതിൽ നിന്നും കുറച്ച് വിരലുകൾ കൊണ്ട് കോരിയെടുത്തു.
കുറുകിയ പായസത്തിൽ വീണ അണ്ടിപ്പരിപ്പും മറ്റും ഒട്ടും മുങ്ങാതെ കിടന്നു.
കാലത്തിന്റെ കയ്യിൽ പെട്ട് ഇല്ലാതാകുന്ന ജന്മങ്ങൾ പോലെ ചട്ടുകത്തിന് വഴങ്ങി അവ പെട്ടെന്ന് എവിടെയോ മറഞ്ഞു.

അയാൾ കുനിഞ്ഞു അടുപ്പിലെ വിറക്  പകുതിയും പുറത്തേയ്ക്ക് നീക്കിവെച്ച് കുറെ വെള്ളം അതിൽ കുടഞ്ഞ് തീ കുറച്ചു.
അമ്മ പറഞ്ഞു കേൾപ്പിച്ച കഥയിലെ ആളിക്കത്തുന്ന വീട്ടിനു മുകളിൽ ആൾക്കാർ വെള്ളം കോരി ഒഴിക്കുന്ന രംഗം അവളുടെ ഉള്ളിൽ തെളിയവേ അപരിചിതമായ ഒരു ചിന്ത അവളെ പൊതിഞ്ഞു.
അത്ര വിശദമായി ഒരിക്കലും അവൾ ആ കഥ കേട്ടിട്ടുണ്ടായിരുന്നില്ല. പിന്നെങ്ങിനെ ആ രംഗം ഇങ്ങനെ മനസ്സിൽ തെളിഞ്ഞു?
ആ കഥയുമായി വേറൊരു തരത്തിൽ പ്രഭാകരനും  ബന്ധപ്പെട്ടിരിക്കുന്നു.
അഴിച്ചു മാറ്റിയാലും ദേഹത്തു തങ്ങി നിൽക്കുന്ന  മുഷിഞ്ഞ ഉടുപ്പുകളുടെ ദുർഗന്ധം പോലെ ആ കഥകൾ ഓർമകളായി അവളെ പൊതിഞ്ഞു നിന്നു.
ഒരു പേപ്പർ കപ്പിൽ ചൂടുള്ള പായസവുമായി പ്രഭാകരൻ അവളുടെ അടുത്ത് വന്ന് ചേർന്നിരുന്നു. അയാളുടെദേഹത്തിന്റെ ചൂര് പാൽപായസത്തിലും ഹൃദ്യമായി അവൾക്ക് തോന്നി. തീയും പുകയും നിറഞ്ഞ ആ ഓലഷെഡിൽ പുലർ മഞ്ഞു പെട്ടെന്ന് വന്നു നിറഞ്ഞതു പോലെ
അയാൾ പേപ്പർ കപ്പിനുള്ളിലേയ്ക്ക് നോക്കി. കപ്പിന്റേതു പോലെ തന്നെ മങ്ങിയ വെള്ള നിറം പായസത്തിനും വന്നിരിക്കുന്നു. അപ്പോൾ മൂപ്പ് കൃത്യമായി. നല്ല മണവുമുണ്ട്. രുചിയും കൂടി നോക്കണം.
കപ്പിലെ പായസം പകുതി കുടിച്ചിട്ട് ബാക്കി അവൾക്ക് കൊടുത്തു. മറന്നു പോകാനിടയുള്ളതെന്തോ മറക്കാതെ  ചെയ്ത് തീർത്ത പോലെയൊരു തോന്നൽ.
കപ്പിലെ പായസത്തിന്റെ ബാക്കി അവൾ കുടിക്കുന്നത് നോക്കിയിരുന്നപ്പോൾ അത്രയും നല്ല പാൽപായസം എവിടെയോ കുടിച്ചതായി  ഓർത്തെങ്കിലും എവിടെയെന്നോ എന്നെന്നോ ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
പാൽപായസത്തിന്റെ രുചിയിൽ കണ്ണുകൾ പാതിയടച്ച് എല്ലാം മറന്നിരുന്ന ലീല അവൾ കേൾക്കുന്ന പാട്ടുകളുടെ പേര് കഥകളിപ്പദങ്ങൾ എന്നാണെന്നു ഓർത്തെടുത്തു. ആദ്യമായി കേൾക്കുയാണെങ്കിലും അതിന്റെ വരികൾ തനിക്ക് എങ്ങിനെ പരിചിതമായി തോന്നുന്നുവെന്ന് അവൾ ചിന്തിച്ചു.

നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,

അവസാനത്തെ മത്സരാർത്ഥിയും അപ്പോഴേക്കും അരങ്ങൊഴിഞ്ഞിരുന്നു. 




 

Monday, May 27, 2019

ഇനി അവർ പറയും



കൽക്കട്ടയിൽ ജോലി ചെയ്യുന്ന ഇളയ മകൻ അപ്രതീക്ഷിതമായി വീട്ടിലെത്തിയതോടെയാണ് ആക്രമണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തെ സമാധാനം ഈ കൊടുങ്കാറ്റിന് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും ഓർത്തിരുന്നില്ല.
രണ്ടു വർഷം മുൻപാണ് മാവൂരച്ചൻ ബിഷപ്പിന്റെ അരമനയിൽ വിളിച്ചു വരുത്തി കുടുംബത്തെ മുൻനിർത്തി ഒരു ചെറിയ ത്യാഗം ചെയ്യണമെന്നു നിർദ്ദേശിച്ചത്. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും ഒടുവിൽ മനസില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു.
"റൂത്ത് ഇതിന് നീ വഴങ്ങിയേ തീരൂ. കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ സഭയ്ക്ക് ചില കാഴ്ചപ്പാടുകളൊക്കെ ഉണ്ട്. വിവാഹത്തിനു മുൻപ് കൗണ്‍സലിങ്ങിന്റെ സമയത്ത് ഞാൻ തന്നെയല്ലേ റൂത്തിനെ അതൊക്കെ ധരിപ്പിച്ചത്?"
അച്ചനന്ന് വിശദീകരി ച്ചതൊക്കെ റൂത്ത് ഓർത്തെടുക്കാൻ ശ്രമിച്ചു.
കുമാരനാശാന്റെ കവിതകളൊക്കെ ഉദ്ധരിച്ച് മാംസ നിബദ്ധമല്ല സ്ത്രീ പുരുഷ ബന്ധമെന്നൊക്കെ അച്ചൻ പറഞ്ഞത് ഓർമ്മയുണ്ട്. അന്ന് സിസ്റ്റർ സിസിലിയും അച്ചന്റെ കൂടെ ഉണ്ടായിരുന്നു. ഒരു പള്ളീലച്ചനിൽ നിന്ന് ഇതൊക്കെയല്ലേ കേൾക്കാൻ കഴിയൂ എന്ന് അന്നേ തോന്നിയിരുന്നു. അച്ചനന്നു പറഞ്ഞതൊക്കെ ആണിന്റെ അവകാശങ്ങളെക്കുറിച്ചും പെണ്ണിന്റെ ബാധ്യതകളെക്കുറിച്ചും ആയിരുന്നെന്ന് അന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല.
അച്ചൻ പിന്നെയും തുടർന്നു
"റൂത്തെന്തായാലും ഈ കഥയെഴുത്തൊക്കെ നിർത്തണം. സാഹിത്യം അത്ര മോശമായ കാര്യമായതു കൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്. റൂത്തിന്റെ സാഹചര്യം അങ്ങിനെ ആയിപ്പോയി. എന്നു വെച്ചാൽ ജോസിനു ഇതുമായി യോജിക്കാൻ കഴിയുന്നില്ല. എന്തിന്നാണിങ്ങനെ പല്ലിട കുത്തി മണപ്പിക്കുന്നതെന്നാണ് അയാള് ചോദിക്കുന്നത്."
ആ അവസാനത്തെ വാചകം ജോസേട്ടന്റെ അല്ലെന്നും അത് അച്ചന്റെ സ്വന്തം കൃതി ആണെന്നും മനസിലാക്കാൻ പ്രയാസമുണ്ടായില്ല.
"ഈ കാര്യത്തിൽ എനിക്ക് ജോസിനോട് മറുപടി ഒന്നും പറയാനില്ല. ഞാനും ചിലതൊക്കെ വായിച്ചു. നീ എഴുതുന്നതൊന്നും സഭയുടെ വിശ്വാസ പ്രമാണങ്ങൾക്ക് യോജിച്ച തല്ലെന്നതോ പോട്ടേ, അതിനൊന്നും യാതൊരു റെലവൻസും ഉളളതായി എനിക്ക് തോന്നുന്നില്ല."
ഒന്നും മിണ്ടാതെ കേട്ടു നിന്നതേയുള്ളൂ. അച്ചന്റെ വെട്ടിയൊരുക്കിയ സമൃദ്ധമായ താടിയും കണ്ണിലെ തിളക്കവും വളരെ ആകർഷകമായി തോന്നി. കട്ടി ഫ്രെയിമുള്ള കണ്ണാടിയൊക്കെ വെച്ച് ആ തിളക്കം മറയ്ക്കാൻ ശ്രമിച്ചിരിക്കുന്നു.
"നീയെന്താ ഒന്നും മിണ്ടാത്തത്?"
റൂത്ത് എന്നുലാൽ വിളി മാറി 'നീ' എന്നായിരിക്കുന്നു.
"ഇങ്ങനെയൊക്കെ എഴുതിയിട്ട് നീ എന്ത് നേടി? മാസികയിൽ അയച്ചതൊന്നും അവരെടുത്തില്ല. കാശു മുടക്കി പ്രസിദ്ധീകരിച്ചാൽ ഇപ്പോഴാരാ പുസ്തകം വാങ്ങി വായിക്കുന്നത്? എന്റെ അഭിപ്രായത്തിൽ നീ ഈ വായനയും കൊറേ കൊറയ്ക്കണം. വേദപുസ്തകം തന്നെ വായിക്കാ നേറെയുണ്ടല്ലോ? പിന്നെ എഴുതണം എന്ന് തോന്നിയാൽ, ഞാൻ എന്നേ പറയുന്നില്ലേ ഒരാറേഴു സങ്കീർത്തനങ്ങൾ എഴുതാൻ. ആ തച്ചങ്കരി എന്നെ കാണുമ്പോഴൊക്കെ ചോദിക്കും. അതെഴുതിക്കിട്ടിയോ കിട്ടിയോന്നു. ഒരാൽബം ഇറക്കിയാൽ നല്ല പേരും കിട്ടും. ഇങ്ങനത്തെ ദുഷ്പേരല്ല. സൽപ്പേര് "
"ഇതിനെന്താ കുഴപ്പം എന്ന് എനിക്കിനിയും മനസിലായിട്ടില്ല."
"അത്... ഉറങ്ങുന്നവനെ വിളിച്ചു ണർത്താം.ഉറക്കം നടിക്കുന്നവൻ കർത്താവ്‌ വിളിച്ചാലും ഉണരില്ല. അതാ നിന്റെ അവസ്ഥ. നിന്റെ മക്കളൊക്കെ മുതിർന്നില്ലേ. അവരൊക്കെ ഇതൊക്കെ വായിക്കില്ലേ. അവരൊക്കെ നിന്നെ കുറിച്ചെന്തു വിചാരിക്കും?"
"അതൊക്കെ സത്യമാണച്ചോ. ജോസേട്ടന്റെ തനിനിറം എനിക്കല്ലേ അറിയൂ?"
"ആ സത്യം വിളിച്ചു പറഞ്ഞാൽ നിന്റെ നഷ്ടപ്പെട്ട സ്വസ്ഥത നിനക്ക് തിരിച്ചു കിട്ടുമോ? നിന്റെ എഴുത്തു നിർത്തി യാൽ പിന്നെ നിന്നേ കുറിച്ചൊരു പരാതിയും ഇല്ലെന്നാണ് ജോസ് പറയുന്നത്."
"അതുകൊണ്ട് എന്റെ പരാതികൾ തീരുന്നില്ലല്ലോ. ജോസേട്ടനു എന്റെ ആവശ്യമില്ല. രണ്ടു മക്കളായപ്പോഴെ എന്നെ മടുത്തു. വിത്തുകാളയെ പോലെ നാട് നിരങ്ങി നടക്കുകയാണെന്ന് മക്കൾക്കുമറിയാം. അതൊന്നും എന്റെ പരാതിയല്ലേ?"
"അതൊക്കെ ഓരോ സാമൂഹ്യ വ്യവസ്ഥിതി. നീ തത്കാലം നിന്റെ ജീവിതം നോക്ക്. ഇങ്ങനെ തല്ലും ചവിട്ടും കൊണ്ട് എത്രകാലം ജീവിക്കും?
ഈ തല്ലും ചവിട്ടും കൊണ്ട് ഞാൻ ജീവിക്കും. പിന്നെ ഒരിക്കൽ മരിക്കും. പക്ഷെ ഞാൻ മരിച്ചാലും എന്റെ അക്ഷരങ്ങൾ എനിക്ക് വേണ്ടി സംസാരിക്കും. അവ ചിലരുടെ ചിരകാല പേക്കിനാവുകളാവും
പറയാവുന്ന രീതിയിലെല്ലാം പറഞ്ഞു നോക്കി . പക്ഷെ അതൊന്നും അച്ചന്റെ മുന്നിൽ വിലപ്പോയില്ല. അച്ചന്റെ സ്നേഹമസൃണമായ നിർബന്ധത്തിനു മുന്നിൽ വഴങ്ങേണ്ടി വന്നു. ആ സുന്ദര രൂപവും ഒരു പക്ഷെ തന്നെ സ്വാധീനിച്ചി ട്ടുണ്ടാവുമോ? അറിയില്ല.
ഒന്ന് രണ്ടു തവണ പിന്നെയും അച്ചൻ ഫോണിൽ സംസാരിച്ചു. അതൊന്നും കുടുംബപ്രശ്നം പരിഹരിക്കാൻ മാത്രമായിരുന്നില്ല. അച്ചന്റെ കണ്ണുകളുടെ തിളക്കം ആ ശബ്ദത്തിലൂടെ വ്യക്തമായിരുന്നു.
എഴുത്ത് നിർത്തുവാാൻ തീരുമാനിച്ച അന്നുതന്നെ പേനയും ബുക്കും പുസ്തകങ്ങളുമൊക്കെ തീയിട്ടു.
എന്റെ ചിതയ്ക്ക് ഞാൻ തന്നെ തീ കൊളുത്തുന്നു
താര എന്നാ തൂലികാനാമത്തിലെഴുതിയ അനേകം കഥകളും കവിതകളും ഇനി ആരും വായിക്കില്ല.
റൂത്ത് ജീവിച്ചില്ല. ജീവിക്കാൻ റൂത്തിനെ അനുവദിച്ചില്ല.
അതുകൊണ്ട് ഞാൻ താരയ്ക്ക് ജന്മം കൊടുത്തു.
കഥകൾ പറഞ്ഞുകൊടുത്തും പാട്ടുപാടിക്കൊടുത്തും അവളെ വളർത്തി.
ഒരു സംരക്ഷിച്ചു. അവളെ കണ്ടെത്തിയിരുന്നെങ്കിൽ അവൾ ശൈശവത്തിലേ കൊല്ലപ്പെട്ടെനെ.
ഈ കഥകളോ കവിതകളോ ഒന്നും ഉണ്ടാകുമായിരുന്നില്ല.
തന്നിലെ എഴുത്തുകാരിക്ക് താൻ തന്നെ നല്കിയ പേര്.
താര. മരിച്ചു ജീവിക്കുന്ന തന്റെ ആത്മാവ് ആ നക്ഷത്രമാവണം എന്നൊക്കെ സ്വപ്നം കണ്ടു.
അവളെ അസൂയയോടെ നോക്കി
ആദരവോടെ വാഴ്ത്തി
സോഷ്യൽ നെറ്റ് വർക്കുകളിൽ അവൾക്കും ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തു.
കഥകളിലൂടെയും കവിതകളിലൂടെയും അവ ൾ വായനക്കാരുടെ മനസ്സിൽ സ്ഥാനമെടുത്തു.
അവളെ അന്യവൽക്കരിച്ച് അവളിലൂടെ സ്നേഹം എന്തെന്നറിയാൻ ശ്രമിച്ചു
അതിൽ വിജയിച്ചു
ആ കണ്മണിയുടെ ചിതയ്കാണ് ഞാനിന്നു തീ കൊളുത്തിയത്
ഉള്ളിലെ എഴുത്തുകാരിയെ എന്നെന്നേയ്കുമായി ആ അഗ്നിയിൽ ഞാൻ ഹോമിച്ചു
ആ ചിതയൊരുക്കൽ ആവശ്യമായിരുന്നു.
അല്ലായിരുന്നെങ്കിൽ ആർക്കു കൊടുത്താലും ഞാൻ എഴുത്തു നിർത്തുമായിരുന്നില്ല
അത്രമാത്രം എന്റെ ജീവിതത്തിന്റെ ഭാഗമായിപ്പോയിരുന്നു അക്ഷരങ്ങളും വാക്കുകളും പൂർണ്ണവിരാമങ്ങളും അർദ്ധവിരാമങ്ങളും ഒക്കെ.
അങ്ങിനെ രണ്ടു വർഷം
ആ രണ്ടുവർഷത്തിൽ ഉള്ളിൽ കെട്ടി പ്പൊക്കിയതു പുറം ലോകത്തെയും വെല്ലുന്ന ഒരു പ്രപഞ്ചം. മനസ്സിന്റെ ഭിത്തിയിൽ എഴുതിയും മായ്ച്ചും എത്രയെത്ര കഥയും കഥാപാത്രങ്ങളും മരണവും പ്രണയവും കലഹവും സ്വപ്നങ്ങളും നിരാശകളും. അവ വാക്കുകളുടെ ചിറകേറി ചിന്തകളാകാതിരിക്കാൻ ശ്രമിച്ചു. ചിത്രലിപികളായി അവ മനസ്സിൽ ചാപിള്ളകൾ പോലെ ജനിച്ചു മരിച്ചു.
നാല് നിറമുള്ള ഒരു ബോൾ പോയിന്റ്‌ പേനകൊണ്ട് അവയുടെയെല്ലാം അമൂർത്ത രൂപങ്ങള്‍ക്ക് നിറം കൊടുത്ത് ഒരു നോട്ട് ബുക്ക് നിറച്ചു.
കൃത്യമായി അവരെല്ലാം അതെടുത്ത് പരിശോധിച്ചു നെറ്റി ചുളിച്ചു. കുറ്റം കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശ അവരെ ഉറക്കത്തിലും കാതും തുറന്നു പ്രേരിപ്പിച്ചു.
അറിയാതെ ഒരു മൂളിപ്പാട്ടുപോലും താൻ പാടിയില്ല. മൂളലുകൾ അക്ഷരങ്ങളായി മാറുന്നതുപോലും താൻ ഭയന്നു.
എനിക്കൊരു കുടുംബമുണ്ട്. മക്കൾ മുതിർന്നവരാണ്
എനിക്ക് ചുറ്റും ഒരു സമൂഹം
അവരുടെ എല്ലാം മാന്യമായ നിലനിൽപ്പ് എന്റെ മൌനത്തെ ആശ്രയിച്ചിരിക്കുന്നു.
ഒരു വാക്ക് പോലും മിണ്ടരുത്.
അവർ കെട്ടിപ്പൊക്കിയ മാന്യതയുടെ സ്ഫടികമാളിക ഒരു വാക്ക് കൊണ്ട് പോലും തകർന്നു പോകാം
എന്റെ മക്കളും അതിലാണ് ജീവിക്കുന്നത്
"ഇനിയുമിതാവർത്തിച്ചാൽ ഞാനീ വീട്ടിനു തീയിടും. നിന്നെയെല്ലാം വെട്ടിക്കൊന്നു ചാവും. എനിക്കൊരു സൽപ്പേരൊക്കെ നാട്ടിലുണ്ട്. നിന്റെ വൃത്തികെട്ട കഥയെഴുത്തുകൊണ്ടു ഞങ്ങൾക്കാ ചീത്തപ്പേര്."
അതെ നിങ്ങളുടെ സ്വഭാവമെന്തായാലും കാഴ്ച്ചപ്പാടുകൾ എത്ര പ്രാകൃതമായാലും സൽപ്പേര് അങ്ങിനെ തന്നെ ഇരിക്കട്ടെ.
എന്റെ പേനയിൽ നിന്നല്ല എന്റെ നാവിൽ നിന്ന് പോലും ഒരു പൂർണ്ണ വാചകം നിങ്ങൾ ആരുമിനി കേൾക്കില്ല.
അതെ. അല്ല. ചെയ്യാം. ചെയ്യില്ല. ശ്രദ്ധിക്കാം.
പരിമിതമായ ശബ്ദകോശം. അതിൽ ഞാനെന്നെ തളച്ചിട്ടു
എന്നിട്ടും...
അങ്ങകലെ കൽക്കട്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരിംഗ്ലീഷ് വാരിക മുഖത്ത് വലിച്ചെറിഞ്ഞു മകൻ ചോദിക്കുന്നു
"അമ്മയിതെന്തു ഭാവിച്ചാ?"
കോടതിയിലെ പ്രതിക്കൂട്ടിൽ നില്ക്കുന്ന കൊലപ്പുള്ളി കുറ്റപത്രം വായിച്ചു നോക്കുന്നത് പോലെ താളുകൾ മറിച്ചു നോക്കുമ്പോൾ പ്രസിദ്ധനായ മലയാളി സാഹിത്യകാരന്റെ കഥ
അതിന്റെ ഇംഗ്ലീഷ് തർജ്ജമയാണ്
മൈനസ് നാല് ഡിഗ്രി
മഞ്ഞു പോലെ മരവിച്ച ദാമ്പത്യത്തിന്റെ കഥ.
റൂത്തും ജോസും
മക്കളുടെ പേരിലും നല്ല സാമ്യം
മക്കളുടെ മുന്നില്‍ വെച്ചാണ് ജോസേട്ടനും തന്റെ ഇളയ അനിയനും ചേർന്നു തന്നെ തല്ലിച്ചതച്ചത്
വായിൽ നിന്നും ചീറ്റി തെറിക്കുന്ന ഉപ്പുരസമുള്ള ചോര
പണ്ട് ജോസേട്ടന്റെ തല്ലുകൊണ്ട് കേൾവി ശക്തി നഷ്ടപ്പെട്ട വലതു കാതിൽ വീഴുന്ന ശബ്ദമില്ല്ലാത്ത ആഘാതങ്ങൾ
ഒന്നിന് പിറകെ ഒന്നായി.
അന്നാദ്യമായി ദൈവത്തെ വിളിച്ചു കരഞ്ഞു.
"എന്തിനെന്നെ ഇങ്ങനെ ശിക്ഷിക്കുന്നു?"
നാലുദിവസം അവശയായി മുറിയിൽ കിടന്നു. ഒന്നും കഴിച്ചില്ല
അഞ്ചാംനാൾ മരുമകൾ വന്ന് കുറച്ചു കഞ്ഞി കോരിത്തന്നു
അവളുടെ ചുണ്ടിലും ചില ചോദ്യങ്ങൾ ഊറി നിന്നിരുന്നു.
"എങ്ങനെ മമ്മ കഥ പുറത്തെത്തിച്ചു? മമ്മയ്ക്കു ഫോണ്‍ പോലുമില്ലല്ലോ. ആരും സന്ദർശകരുമില്ല. എന്റെ പേരെങ്കിലും ഒന്ന് മാറ്റിക്കൊടു ക്കാമായിരുന്നില്ലേ?"
അടുത്തത് ജോസേട്ടന്റെ ഊഴമായിരുന്നു.
ഒരാഴ്ച കഴിഞ്ഞിട്ട്.
പതിവിലധികം മദ്യപിച്ച് രാത്രിയിൽ കുടിക്കാനുള്ളതും വാങ്ങി വന്ന ജോസേട്ടന്റെ കയ്യിൽ മാതൃഭൂമി ആഴ്ച്ചപ്പത്തിപ്പ് കണ്ടപ്പോൾ കൌതുകം തോന്നി. അറിയാതെ അതിനായി കൈ നീട്ടി.
കരണത്ത് വീണ അടിയോടൊപ്പം ഒരു ചോദ്യവും അതിന്റെ പ്രതിധ്വനിയും കാതിൽ വന്നലച്ചു
വലതു കാതിൽ.
അനിയന് ഇടതു കയ്യാണ് വാക്ക്. കൊച്ചിലേ അവനെ എടുത്തു കൊണ്ട് നടന്നപ്പോൾ ഞാനാണ് അത് ആദ്യമായി ശ്രദ്ധിച്ചത്
ആ കൈ കൊണ്ടാണ് കഴിഞ്ഞയാഴ്ച അവനെന്റെ വലതുകവിൾ തല്ലിത്തകർത്തത്. ഇതിപ്പോൾ വലതു കവിൾ
ജോസേട്ടനു ഇടതുകയ്യാണ് വാക്ക്.
"ആരാടീ ഈ മാധവൻ തച്ചത്ത്?"
ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമായിരുന്നില്ല.
കാലുയർത്തി ചവിട്ടാനുള്ള വായ്ത്താരി മാത്രം.
ചവിട്ടുകൊണ്ട് തറയിൽ വീണുപോയി.
മാസിക തുറന്നു ജോസെട്ടാൻ കഥ മക്കളെ വായിച്ചു കേൾപ്പിക്കുന്നു
മാധവാൻ തച്ചത്ത് എഴുതിയ കഥ. റൂത്ത് എന്ന കുടുംബിനിയുടെ നിശ്വാസങ്ങൾ നിറഞ്ഞ കഥ
ഒരു ഖണ്ഡിക വായിച്ച് ജോസേട്ടൻ മാസിക വലിച്ചെറിഞ്ഞു. അടുത്ത് വന്നു വീണ മാസികയിൽ അപരിചിതനായ കഥാകൃത്തിന്റെ മുഖം
രാത്രിയിൽ പിന്നെയും മക്കൾ ഉറങ്ങിയെന്നു വരുത്തിയ ശേഷം ക്രൂരമായ മർദ്ദനം. ഒരാച്ചയ്ക്ക് ശേഷം തന്നെ വീട്ടില് തനിച്ചാക്കി സിനിമയ്ക്ക് പോയവർ ഉടനെ മടങ്ങി വന്നു. സിനിമയുടെ ആദ്യ ഭാഗം മാത്രമേ അവർ കണ്ടുള്ളൂ. വന്നയുടനെ മക്കൾ മുറിയിൽ കയറി കതകടച്ചു.
ജോസെട്ടൻ വീണ്ടും പുറത്തു പോയി. കുറെ കഴിഞ്ഞു മടങ്ങി വന്നു. ഉറക്കത്തിൽ നിന്നും ഉണർത്താതെ മർദ്ദിച്ചു. കാരണമില്ല. ചോദ്യങ്ങളില്ല. ഉത്തരങ്ങളില്ല്ല.
പിറ്റേന്നു രാവിലെ മുറിവുകൾ വെച്ചു കെട്ടുമ്പോൾ മകൾ കണ്ണ് തുടച്ചു കൊണ്ട് ചോദിക്കുന്നു
"അമ്മയ്ക്കെന്താ പറ്റീത്? രണ്ടു വർഷം ഇതെല്ലം നിർത്തി വെച്ചതല്ലേ?"
"ഏതൊക്കെ?"
"അമ്മയൊന്നുമറിയാാത്തതുപോലെ സംസാരിക്കരുത്. കലാകൌമുദിയിൽ വന്ന കവിതയും ഞാൻ വായിച്ചു. അച്ഛനോട് പറഞ്ഞില്ലെന്നെ ഉള്ളൂ "
"ആരെഴുതിയത്?"
"രാജമല്ലി എന്ന പേര് വെച്ചു അമ്മ തന്നെ എഴുതിയത്. റൂത്തിന്റെ കഥ. കവിതയായി. അതും അശ്ലീലം തന്നെ. ഭാഗ്യം എന്റെ ഫ്രെണ്ട്സി നൊന്നും അമ്മയുടെ പേരറിയില്ല"
"മോളേ ഞനൊന്നുമെഴുതാറില്ല. നിനക്കറിയില്ലേ?"
"എങ്കിൽ അമ്മയ്ക്ക് വേണ്ടി മറ്റാരോ എഴുതുന്നു, അമ്മ പ്രോത്സാഹിപ്പിക്കുന്നു."
"എങ്ങിനെ?"
"മലയാളത്തിൽ വന്ന കഥ നോക്കൂ."
"ഞാൻ കണ്ടില്ലല്ലോ"
"ഞാനതെടുത്ത് ഒളിച്ചു വെച്ച്. ഈ തല്ലൊക്കെ വാങ്ങുന്നത് കണ്ടുനില്ക്കുന്നതും പാടാ. ഞാൻ വഴക്കുണ്ടാക്കിയാണ് ഇന്നലെ സിനിമ തുടങ്ങിയ ഉടനെ തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്നത്. ഈശ്വരാ അതെല്ലാം കൂടെ കണ്ടിരുന്നെങ്കിൽ അച്ഛൻ ഇന്നലെ ഈ വീട് കത്തിച്ചേനെ "
അതിലെ കഥാപാത്രത്തിന്റെ പേരു കേട്ടിട്ടാകണം അവരെല്ലാം കൂടി അത് കാണാൻ പോയത് എന്ന് തോന്നിയിരുന്നു.
എങ്ങിനെയാണ് തീരെ അറിയപ്പെടാത്ത തന്റെ ജീവിതത്തിൽ പെട്ടെന്ന് ലോകത്തുള്ളവർക്കെല്ലാം ഒരു താത്പര്യം വന്നത്?
കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ പുസ്തകത്തിന്റെ പേരു പത്രത്തിൽ കണ്ടപ്പോഴേ പത്രമെടുത്ത് മാറ്റി വെച്ചു ആരൊക്കെയോ എന്റെ ജീവിതം വിവിധരീതികളിൽ വെളിച്ചത്ത് കൊണ്ടുവരാൻ പണിപ്പെടുന്നു. അതെന്റെ മരണത്തിലേയ്ക്കാണ് എന്നെ നയിക്കുന്നതെന്ന് അവർ അറിയുന്നേയില്ല
ഏതോ പ്രേതത്തിന്റെ പിടിവാശി നിറഞ്ഞ സാന്നിധ്യം പോലെ സാഹിത്യം എന്റെ ജീവിതത്തിലെ മാറാരോഗമായിത്തീരുന്നു. മക്കൾക്കെല്ലാം അമ്മയോട് വെറുപ്പായി
എങ്ങിനെയാണ് അമ്മ ഈ കഥകളൊക്കെ ഇവരെക്കൊണ്ട് എഴുതിക്കുന്നതെന്ന് ഇവരാരും ചോദിക്കുന്നില്ല.
എന്തിനാണു അമ്മ ഇങ്ങനെ വിഴുപ്പലക്കി ഞങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് എന്നാണ് അവരുടെ ചോദ്യം.
ഒരു കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഇല്ലാതെ ഒരു പോസ്റ്റ്‌ കാർഡ് പോലും വാങ്ങാൻ ആകാതെ കിടക്ക മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒരു മനോരോഗിയെപ്പോലെ പൂട്ടിയിട്ടിരിക്കുകയാണ് എന്നെ എന്ന് അവർ ഓര്‍ക്കുന്നില്ല.
എന്റെ അക്ഷരങ്ങളും വാക്കുകളും എന്നെ എനിക്കന്യമായി കഴിഞ്ഞെന്നു അവർ ചിന്തിക്കുന്നില്ല.
തല്ലുകൊണ്ട് താടിയെല്ല് പൊട്ടി ഒരക്ഷരം പോലും മിണ്ടാനാവാത്ത ഒരു വെറും മാംസപിണ്ഡമല്ലെ ഞാൻ.
അടുത്ത മുറിയിൽ അവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭാവി പരിപാടികൾ ആലോചിക്കുകയാണ്
"അളിയാ, അവളാത്മഹത്യ ചെയ്യുന്നതുവരെ കാത്തിരുന്നാൽ അളിയൻ കുരുങ്ങും."
മദ്യത്തിന്റെ രൂക്ഷഗന്ധമുള്ള വാക്കുകൾ. അനിയനാണ്. നിയമം പഠിച്ചവൻ.
"വല്ല കത്തോ കുറിപ്പോ വല്ലോം എഴുതി വെച്ചിട്ടു അവൾ തൂങ്ങിയാൽ അളിയനും തൂങ്ങും. ഞാൻ വിചാരിച്ചാൽ പുഷ്പം പോലെ അളിയനെ ഇങ്ങിറക്കിക്കൊണ്ടു വരും. പക്ഷെ അതൊക്കെ റിസ്കാ.”
"അവളങ്ങിനെ ചാവണ്ടാ. എനിക്കവളെ ഇഞ്ചിഞ്ചായി കൊല്ലണം."
"ദേ അളിയാ അവളെന്റെ ചേച്ചിയാ. അളിയനിങ്ങനെ അവളെ കൊല്ലാക്കൊല ചെയ്യുന്നത് കണ്ടുനില്ക്കാൻ ഞാനില്ല. അതുകൊണ്ട് ഞാനൊരു കാര്യം പറയാം...ഇങ്ങനെ കെടന്നാലും ഇനി അവളെഴുന്നേറ്റു നടക്കുമെന്നൊന്നും തോന്നുന്നില്ല.. അതുതന്നെ കാര്യം ... അളിയനതങ്ങ് നടത്ത്. . അതിനൊക്കെ നമുക്ക് ആളൊണ്ടളിയാ. ശവം പോലും കാണത്തില്ല. വല്ലവന്റേംകൂടെ ഒളിച്ചോടിയെന്നും പറഞ്ഞു നമുക്ക് കേസും കൊടുക്കാം."
"അതൊന്നും നടക്കുന്ന കാര്യമല്ലളിയാ."
"ദേ നോക്ക്. അളിയാ... അത് ഈ ഞാൻ നടത്തിത്തരും. അളിയന് ഞാൻ തരാനൊള്ള കാശ് തരാത്തോണ്ടാ അളിയനെന്റെ വാക്കിനു ഒരു വെലയും ഇല്ലാത്തതെന്നെനിക്കറിയാം. അതുപോലല്ല ഇത്. ഇതേ ..... ഇതെന്റെ ഡിപ്പാർട്ട്മെന്റാ..."
പുഴയ്കരികിലെ ഒന്നര ഏക്കർ സ്ഥലം അച്ഛൻ ഭാഗം വെക്കാതെ മാറ്റി വെച്ചത്കൊണ്ട് ഇങ്ങനെ ഒരു നേട്ടം ഉണ്ടായി. അനിയത്തിക്ക് ഇതിലൊന്നും താത്പര്യം ഇല്ലാത്തതു ഇനി അത് ഭാഗം വെയ്ക്കേണ്ടി വരില്ല. ഒരേ ഒരവകാശി ബാക്കിയാവുന്നു.
മനസ്സറിയാതെ ആ പുഴക്കരയിലെ പഴ്മരങ്ങളിൽ കൂടു കൂട്ടിയ തൂക്കണാം കുരുവിളോടൊപ്പം പോകുന്നു.
അടുത്ത മുറിയിൽ അവർ രാകി മിനുക്കുന്നത് എനിക്കുള്ള കത്തിയാണെന്നെനിക്കറിയാം.
അവർ തന്ന പാല് കുടിച്ചിട്ട് അതേ പടി ഛർദ്ദിച്ചു കളഞ്ഞത് കൊണ്ടാണ് ഇതൊക്കെ അറിയാനും ചിന്തിക്കാനും കഴിയുന്നത്‌.
ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന ഈ അതിഥിയെ നന്നായി നേരിൽ കാണണം.
പത്തായപ്പുരയിൽ തേങ്ങ ഇരിക്കുന്ന ചാക്കും ആരോ ഒഴിച്ചെടുക്കുന്നു.കത്തി ഒരുറപ്പിനു മാത്രം. എന്റെ മുഖത്ത് തലയിണ വെച്ചമർത്തണമെന്നാണ് നിർദ്ദേശം.
കഷ്ടം! എന്താണു ഇവർക്ക് ഇത്രയും വ്യക്തമായ സത്യം കാണാൻ കഴിയാത്തത്?
ഈ റൂത്തിനെ കൊന്നിട്ട് നിങ്ങൾക്കൊന്നും നേടാനില്ല.
ഞാനാണ് എന്റെ മരണത്തിലൂടെ ജയിക്കുന്നത്. നിങ്ങളല്ല.
റൂത്തിന്റെ ഉള്ളിലെ അഗ്നി അതിന്റെ കൂട്ടുകാരെ തേടി എന്നെ നടയിറങ്ങിക്കഴിഞ്ഞു.
ഈ മരണം നിങ്ങളെനിക്ക് തരുന്ന വരദാനം
എന്റെ വേദനകളിൽ നിന്നും നിത്യമോചനം.
നിങ്ങൾക്കൊരു ബാധയൊഴിക്കൽ.
എല്ലാവർക്കും സമ്മതമായ ഒരു ഉത്തരം.
പുഴക്കരയിലെ തൂക്കണാം കുരുവികൾ മാത്രം വേറെ സ്ഥലമന്വേഷിച്ച് പോകേണ്ടി വരും
ജീവിതത്തിന്റെ മുനമ്പിനു തൊട്ടടുത്ത് എത്തിയിട്ടാകാം പലതും വ്യക്തമാവുന്നു.
അന്ന് ബുക്കും പുസ്തകവുമെല്ലാം തീയിട്ടപ്പോൾ ഞാൻ കണ്ടതാണ്. ആ ചിതയിൽ നിന്ന് മിന്നാമിന്നികൾ നാലുപാടും ചിതറിപ്പറക്കുന്നു. അവയിലൊന്ന് നാല് വയസുള്ള എന്റെ പേരക്കുട്ടിയുടെ ജനാലയ്ക്കു ചുറ്റും പറന്നു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു
അവളുടെ കണ്ണുകളിൽ ആ പ്രകാശത്തിന്റെ കണികകൾ ഞാൻ കണ്ടിട്ടുണ്ട്. ആ പ്രകാശമാണ് നിങ്ങൾ ഊതിക്കെടുത്തേണ്ടത്. അതിന്റെ വെളിച്ചമാണ് നാളെ നിങ്ങളുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുവാൻ പോകുന്നത്.
മതി, ഈ തലയിണ മതിയാവും.
ഞങ്ങളുടെ ആദ്യരാത്രിയിലും ഇതുപോലൊരു തലയിണയിലാണു എന്റെ നാണം നിറഞ്ഞ മുഖം ഞാനൊളിപ്പിച്ചു വെച്ചത് .
മരണദേവനാണ് എന്റെ അവസാനത്തെ ചുംബനം. അവസാനശ്വാസവും കവർന്നെടുത്ത് എന്നെ ഒരിക്കലും ഒടുങ്ങാത്ത രതിക്രീഡയ്ക്ക് കൂട്ടിക്കൊണ്ടുപോകാനും ഒരു തലയിണ തന്നെ.
ഇനി ഈ ലോകം എന്റെയല്ല.

സ്കൂളീപ്പോക്ക് (സ്‌കൂൾ ബസിൽ താളമടിച്ച് പാടാൻ ഒരു വടക്കൻ പാട്ട് )


നേരം വെളുത്തപ്പോൾ നേരം പോയി
നേരെയുറങ്ങുവാനൊത്തതില്ല
ഞെട്ടിയെണീറ്റു ഞാൻ ചുറ്റും നോക്കീ
പെട്ടെന്നൊരുങ്ങേണം സ്കൂളീ പോകാൻ
(നേരം വെളുത്തപ്പോൾ....)
താളം പിടിച്ചോണ്ട് നിന്നേക്കല്ലേ
പാലത്തിനപ്പുറം വണ്ടി വന്നേ
ഇന്നും കുളിക്കുവാൻ നേരമില്ലാ
ഇന്നത്തെ ഹോം വർക്കും ചെയ്തിട്ടില്ലാ
(നേരം വെളുത്തപ്പോൾ....)
അഞ്ചാറ് പുസ്തകം നോട്ടുബുക്കും
സഞ്ചിയിലാക്കി ഞാൻ തോളിൽ തൂക്കി
ലഞ്ചിന് ചപ്പാത്തി തന്നെയിന്നും
കൊഞ്ച് കറിയുണ്ടേലെന്തും തിന്നാം
(നേരം വെളുത്തപ്പോൾ....)
ടീച്ചറ് വന്നില്ല നല്ലകാലം
പി റ്റി സാർ വന്നില്ല കഷ്ടകാലം
നല്ലപേരുമഴയൊന്നുവന്നാൽ
ഹോളിഡേ തന്നേനേയിന്നുതന്നെ
(നേരം വെളുത്തപ്പോൾ....)

വിഷമവൃത്തം


ചെന്നായുടെ മുഖമാണ് അയാൾക്ക്‌ . അതാരും അറിയുന്നില്ല. അതാണ്‌ അയാളുടെ വിജയം.
അയാൾക്ക് ഞങ്ങളുടെ സെക്ഷനിൽ വരേണ്ട ആവശ്യം ഇല്ല. എങ്കിലും മിക്കപോഴും ഇവിടൊക്കെ ത്തന്നെ കാണാം. കുറുക്കനെ പോലെ തോളുകൾ താഴ്ത്തി ചെന്നായയെ പോലെ ചുറ്റും നോക്കി കറങ്ങി നടക്കും.
മദ്യത്തിന്റെ രൂക്ഷ ഗന്ധമാവണം അയാളുടെ ശ്വാസത്തിന് . അയാൾ വിവാഹിതനല്ല. ഏതോ പെണ്ണിന്റെ ഭാഗ്യം. എന്റെ വീട്ടിലാരും മദ്യപിച്ചിരുന്നതായി ഓർമ്മയില്ല . അച്ഛൻ അധ്യാപകനായിരുന്നു. നേരെ ചൊവ്വേയാണ് ഞങൾ രണ്ടു പെണ്ണിനേയും ഒരാണിനേയും അച്ഛൻ വളർത്തിയത്
ആനന്ദന്റെ അച്ഛനും അമ്മയും എങ്ങിനെയുള്ളവരായിരിക്കും എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് . മനസ്സിൽ ഞാൻ അവരുടെ ചിത്രം വരച്ചു നോക്കിയിട്ടുണ്ട് . കുടുംബത്തിൽ നിന്നാണ് മനുഷ്യൻ നന്മ തിന്മകളൊക്കെ പഠിക്കുന്നത്.
ആഫീസിലെ സീനിയേഴ്സിനൊക്കെ അയാളെ ഒരുവിധമെങ്കിലും അറിയാം. പുതിയതായി വന്ന ചിലർക്ക് അയാളെ വലിയ ഇഷ്ടമാണ്. അതെങ്ങിനെയാ? കണ്ണ് ചെന്നാൽ കണ്ണും കൂട്ടത്തിലല്ല ചേരൂ?
പുതിയതായി വന്നത് കൂടുതലും പെണ്‍കുട്ടികളാണ് . ഒരു ഓഫീസിൽ ജോലിക്കു വരുന്നതാണെന്ന് ഒരു ചിന്തയും ഇല്ല. ഇപ്പോഴും കോളേജിൽ പോകുവാനാ വിചാരം. കമ്പ്യൂട്ടർ അറിയാവുന്നതുകൊണ്ട്‌ ജോലി പെട്ടെന്ന് തീർക്കും. എനിക്കും അവരെ കൊണ്ട് അങ്ങനെ ചില കാര്യങ്ങളിൽ പ്രയോജനമുണ്ട്. എങ്കിലും അവരുടെ രീതികളുമായി യോജിക്കാൻ കഴിയുന്നില്ല. ആനന്ദനാണ് അവരുടെ സപ്പോർട്ട്. സ്കെർട്ട് പോലുള്ള എന്തോ ഒരു വസ്ത്രവും ഇട്ട് വന്നതിന് ജീനയെ സെക്ഷൻ ഓഫീസർ ശകാരിച്ചു. ഹോ ആനന്ദൻ അന്നയാളെ തല്ലിയില്ല എന്നേ ഉള്ളൂ. ഹീറോയിസം കാണിച്ചതാണ്. അങ്ങിനെയാണ് അയാൾ അവരെയെല്ലാം വീഴ്ത്തിയത്. അതിൻറെ അടുത്ത മാസം ഓഫീസിൽ നിന്ന് ടൂർ ഉണ്ടായിരുന്നു ഞാൻ പോയില്ല. അവരുടെ ലോകം, അവരുടെ ആഘോഷം.
പുതിയതായ് വന്ന ഒരു കുട്ടിയോട് ആനന്ദന് പ്രത്യേകിച്ച് ഒരടുപ്പമുണ്ട് . ഒരിക്കൽ കാന്റീനിൽ അവരൊരുമിച്ചിരുന്നു കഴിക്കുന്നത്‌ കണ്ടു. നോക്കാനേ പോയില്ല. ആ കുട്ടിയെ വിളിച്ചൊന്നുപദേശിക്കണമെന്നുണ്
കാശെന്ന് കേട്ടാൽ അയാള് ചാടി വീഴും. ഓട്ടക്കയ്യനായിരിക്കണം. ചിട്ടിയും പാട്ടവുമൊന്നുമില്ല. എന്ത് പിരിവ് ഏറ്റെടുത്ത് നടത്തിക്കൊള്ളും.അയാളു കാരണം ഒരു വോളിബോൾ കോർട്ടും നെറ്റും ബോളും ഒക്കെ ഓഫീസിൽ ഉണ്ടായെന്നതു ശരി തന്നെ. എന്റെ മൂത്ത മകൾക്കായിരുന്നു ഇവിടെ ഏർപ്പെടുത്തിയ ആദ്യത്തെ എൻഡോവ്മെന്റ്റ് ഫണ്ട് കിട്ടിയതും. അയാളാണ് അത് ഓർഗനൈസ് ചെയ്തത് .
ഓഫീസിലെ കോഫീ മെഷീൻ വാങ്ങാനായി പിരിച്ച കാശിൽ നിന്ന് അയാള് എന്തോ വെട്ടിച്ചെന്ന് മൂർത്തി സാർ ഒരിക്കൽ പറഞ്ഞു. ആനന്ദൻ അയാളുടെ കരണത്തിട്ടൊന്നു പൊട്ടിച്ചു. പിന്നെ ആരും കാശിന്റെ കാര്യത്തിന് അയാളെ ഒന്നും പറഞ്ഞിട്ടില്ല. ധൈര്യമില്ലാത്തത് കൊണ്ടല്ല, അയാള് വെട്ടിക്കുകേം ഒന്നുമില്ല. വെട്ടിച്ച് ആർക്ക് കൊണ്ട് കൊടുക്കാൻ. പെണ്ണും പെടക്കോഴിയും ഒന്നും ഇല്ലല്ലോ. മൂർത്തി സാർ കമ്പ്ലെയിന്റു ചെയ്തെങ്കിലും പറയാൻ ആരും പോയില്ല. അയാള് ഒരഹങ്കാരിയാണ് . അയാൾ റിട്ടയർ ചെയ്തപ്പോൾ ഫെയർവെൽ നടത്താൻ ആർക്കും താത്പര്യം ഇല്ലായിരുന്നു. ആനന്ദന്റെ നിർബന്ധം കൊണ്ടാണ് അത് നടന്നത് . നൂറ്റി യൻപതു രൂപ വെച്ച് പിരിച്ചു. ശാന്ത പറഞ്ഞു അത് നടത്തിയത് ആനന്ദന്റെ കുറ്റബോധം കൊണ്ടാണെന്ന് . കോ ഫീമെഷീൻ വാങ്ങിയപ്പോൾ അയാള് വെട്ടിച്ചിട്ടുണ്ടാവുമോ? അതോ മൂർത്തി സാറിനെ തല്ലിയ കാര്യമാണോ ശാന്തഉദ്ദേശിച്ചത് ? ആർക്കറിയാം?
മൂത്ത മകൾ കീർത്തനയ്ക്ക് എം ബി ബി എസ്സിന് അഡ്മിഷൻ കിട്ടിയപ്പോൾ ലഡ്ഡു കൊടുക്കാൻ അവൾ ഓഫീസിൽ വന്നിരുന്നു. ആനന്ദനും അവളുമായി ഏറെ സംസാരിച്ചു. അങ്കിൾ അങ്കിൾ എന്ന് വിളിച്ച് എന്തൊരു ചിരിയും ബഹളവും ആയിരുന്നു! ഇളയമകൾ കാർത്തികയെ അല്ല ഇവൾ . ഇളക്കം കുറച്ച് കൂടുതലാണ് .
ഒരിക്കൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സുഭദ്ര അയാളോട് കളിയായി ചോദിച്ചു എന്താ കല്യാണം കഴിക്കാത്തത് എന്ന് . ഞാൻ ചെവി വട്ടം പിടിച്ചു. ശരിക്ക് എന്തെങ്കിലും കാരണം കാണും. രോഗമോ കഴിവ് കേടോ. അല്ലെങ്കിൽ തന്നെ ഇയാളെ ആര് സ്വീകരിക്കും? അതേ നിമിഷത്തിൽ എന്നെ ഞെട്ടിച്ചു കൊണ്ട് അയാളുടെ മറുപടി കേട്ട്.
"എന്നെയൊക്കെ ആര് സ്വീകരിക്കും?"
ഈശ്വരാ ഇയാളെങ്ങനെ എന്റെ മനസ് വായിച്ചു? ഹിപ്നോട്ടിസം വല്ലോം പഠിച്ചിട്ടുണ്ടോ?
ഒരു മാസം കഴിഞ്ഞപ്പോൾ അയാള് പിന്നെയും എന്റെ ജീവിതത്തിൽ കയറി വന്നു. കാർത്തിക ഫിസിക്സിന് ട്യൂഷൻ എടുക്കാൻ ഒരാൾ വേണമെന്ന് പറയുന്നുണ്ടായിരുന്നു. ഒരു ദിവസം അവൾ ആനന്ദനോട് ചോദിച്ചു നോക്കാൻ പറഞ്ഞു. അത്ഭുതം തോന്നി. ഇവള ആനന്ദനെ കണ്ടിട്ട് കൂടി ഇല്ല.
"നിനക്കെങ്ങനെ ആനന്ദനെ അറിയാം?"
"ചേച്ചി പറഞ്ഞു. അവർ ഫെയിസ് ബുക്ക് ഫ്രണ്ട്സാ."
അന്ന് വൈകിട്ട് തന്നെ കീർത്തനയെ ഫോണിൽ വിളിച്ചു . പരീക്ഷയ്ക്ക് നന്നായി പഠിക്കണമെന്നും നെറ്റിലിരുന്നു അധികം സമയം കളയരുതതെന്നും ഉപദേശിച്ചു. ഒന്ന് ചുരണ്ടി നോക്കാനായി ആനന്ദന്റെ സ്നേഹാന്വേഷണങ്ങൽ അറിയിച്ചു. ട്യൂഷന് അയാളെ ഏർപ്പെടുത്താൻ അവളും പറഞ്ഞു.
ഈശ്വരാ... ലോകം എന്തു മാത്രം മാറിയിരിക്കുന്നു. എന്റെ സഹപ്രവർത്തകനെ എന്നേക്കാൾ നാന്നായി എന്റെ മക്കൾക്കറിയാം. കണ്ടുമുട്ടലുകളും സൌഹൃദങ്ങളും മറവിൽ മാത്രം നടക്കുന്ന ഈ ലോകത്തിൽ ഇനി മൂല്യങ്ങൾക്ക് എന്ത് പ്രസക്തി? ഇരുട്ടിലെ ശത്രുവിന് വിജയ സാധ്യത കൂടും. പഠിത്തം കഴിഞ്ഞാൽ ഉടനെ കീർത്തനയുടെ കല്യാണം നടത്തണം.
നന്നായി ആലോചിച്ചുറപ്പിച്ച ശേഷമാണ് ട്യൂഷനായി ആനന്ദനെ ക്ഷണിച്ചത്. അയാൾക്ക് ജീവിതത്തിൽ നഷ്ടപ്പെടുന്നതെന്തെന്നു അയാള് അറിയണം. അറിഞ്ഞു വേദനിക്കണം. സന്തോഷകരമായ ഒരു കുടുംബ ജീവിതം എന്താണെന്ന് അയാൾ കാണട്ടെ. ജീവിത മൂല്യങ്ങളെ കുറിച്ച് അറിയട്ടെ.
കീർത്തനയുമായി അയാൾക്കെന്തു ബന്ധമുണ്ടെ ങ്കിലും അതൊക്കെ പുറത്തു വരും. അവൾ അകലെ ഹോസ്റ്റലിൽ ആയതു കൊണ്ട് അവളുടെ മേൽ ഒരു കണ്ണ്‍ വെയ്ക്കുക അസാധ്യം. പക്ഷെ ആനന്ദൻ ഇവിടെ ഉണ്ടല്ലോ. മറഞ്ഞിരുന്നാ ക്രമിക്കാനേ അയാളെ പോലുള്ള ഭീരുക്കൾക്കറിയൂ. എന്റെ കണ്മുന്നിൽ അയാളുടെ വേഷം കെട്ടൊക്കെ പൊളിയും.
അനിയേട്ടന്റെ കാര്യം തെല്ലു സംശയമുണ്ടായിരുന്നു. എപ്പോഴാണ് സ്വഭാവം മാറുന്ന തെന്നറിയില്ല. സ്നേഹമൊക്കെ യുണ്ടെങ്കിലും അപ്രതീക്ഷിതമായി വഴക്ക് തുടങ്ങും. തുടങ്ങിയാൽ പിന്നെ ഒരു മാസത്തോളം ഇന്ത്യയും പാകിസ്ഥാനുമാണ്. അതൊന്നും കുട്ടികൾക്കല്ലാതെ വേറെ ആർക്കുമറിയില്ല. അല്ലെങ്കിൽ തന്നെ ഇതു വീട്ടിലാണ് വഴക്കിലല്ലാത്തത് . എന്നാലും ആണ്ടാൻ അതൊന്നും അറിയാൻ പാടില്ല. ഒന്നാലോചിച്ചപ്പോൾ അതിലിത്ര ഉലക്കണ്ഠപ്പെടേണ്ടെന്നു തോന്നി. അനിയെട്ടന് ഇഷ്ടമുള്ളതുപോലെ പെരുമാറുകയേ വേണ്ടൂ. കളിയും ദേഷ്യവു മൊക്കെ ഒന്നടക്കി വെച്ചാൽ മതി. അപ്പോഴതും പരിഹരിച്ചു.
കീർത്തനയെ കണ്ടു കാർത്തികയും അതുപോലെ ആണെന്നു അയാൾ കരുതിയിട്ടുണ്ടാവും അതായിരിക്കും സമയമില്ലാഞ്ഞിട്ടും അയാള് ട്യൂഷന് സമ്മതിച്ചത് . എന്തായാലും കാർത്തി കയുടെ സ്വഭാവം അയാൾക്ക് ഒരു സർപ്രൈസ് ആയിരിക്കും. അയാളുടെ മനസ്സിൽ കീർത്തന എന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും തെറ്റി ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കാർത്തിക അത് മാറ്റിക്കൊള്ളും. വായിൽ നാക്കുണ്ടോന്നു വാ പൊളിച്ചു നോക്കണം.
പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത് . അനിയേട്ടന് ആനന്ദനെ ശരിക്കങ്ങ് ഇഷ്ടപ്പെട്ടു. ഫിസിക്സ് ട്യൂഷൻ മാത്രം. എന്നിട്ടും കാർത്തികയുടെ മാർക്ക് നന്നായി മെച്ചപ്പെട്ടു. ഫിസിക്സ് അവൾക്ക് പഥ്യമായി. ആനന്ദനെ അനിയേട്ടനും. ചിലപ്പോഴൊക്കെ അനിയേട്ടൻ അവളെ എണീപ്പിച്ചു വിടും. അപ്പുറത്തെങ്ങാണം നം പോയിരുന്നു പഠിക്കാൻ പറയും. ആനന്ദൻ മദ്യപിക്കുകയേ ഇല്ല. അതിൽ അനിയേട്ടനു കുറച്ചു നിരാശ തോന്നിയെങ്കിലും രാഷ്ട്രീയവും ആത്മീയതയും ചർച്ച ഒരാളെ കിട്ടിയതിൽ സന്തോഷമായി. പണ്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും സേവ ഉണ്ടായിരുന്നു. ഇപ്പോഴത്‌ മാസത്തിൽ ഒരിക്കലായി. അതും ആനന്ദൻ വരാത്ത ദിവസങ്ങളിൽ . രണ്ടുപേരും കൂടി കവിത ചൊല്ലി എന്റെ കെടുത്തുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷെ ആനന്ദന് അസുഖം ഇല്ല. നന്നായി.
കീർത്തന ഓണം അവധിക്കു വന്നപ്പോൾ ലോകത്തിൽ ഒരാള് കൂടി ആയി. കാർത്തിക അടുക്കളയിൽ വന്നിരുന്നു പഠിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു സ്പാനിഷ്‌ സിനിമയുടെ കഥ ആനന്ദ നോട് അനിയേട്ട ൻ വിവരിക്കുന്നത് കേട്ട് ഞെട്ടിപ്പോയി . അതും കീർത്തയുടെ മുന്നിൽ വെച്ച് . അന്ന് രാത്രി തന്നെ അനിയേട്ടനോട് അതേക്കുറിച്ച് പറഞ്ഞു. വളരെ തന്ത്രപൂർവ്വം വഴക്കുണ്ടാക്കാൻ ഒരവസരവും കൊടുക്കാതെ മയത്തിലാണ് പറഞ്ഞത് . അനിയേട്ടൻ അത് കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു . കീർത്തനയുടെ അനാട്ടമി ടെക്സ്റ്റ് ബുക്ക് എടുത്തു തുറന്നു കാണിച്ചു. അതെടുത്ത് വലിച്ചു കീറാനാണു തോന്നിയതു. കതക് വലിച്ചടച്ച് ഹാളിൽ പോയി കിടന്നാലോ എന്ന് തോന്നി. അത് വേണ്ട . വഴക്കുതുടങ്ങിയാൽ എല്ലാം പൊളിയും. ആനന്ദൻ അറിയും . അയാൾ ജയിക്കാൻ പാടില്ല. ഞങ്ങളുടേത് ഒരു പെർഫക്റ്റ് ഫാമിലി ആണ്. പനിക്കും ജലദോഷത്തിനും ചികിത്സിക്കാനും ഈ പിള്ളേരെ ഇതൊക്കെ എന്തിനു പഠിപ്പിക്കണം. അത് സ്പെഷ്യലൈസ് ചെയ്യുന്നവർക്ക് പോരെ? എന്ജിനീയറിങ്ങിനു വിട്ടാൽ മതിയായിരുന്നു.
കീർത്തന വെക്കേഷൻ കഴിഞ്ഞു മടങ്ങിയപ്പോൾ എന്തൊരാശ്വാസ മായിരുന്നു . ആനന്ദനുമായി ചാറ്റിങ്ങ് ഒന്നും വേണ്ടെന്നു അനിയേട്ടൻ കേൾക്കാതെ അവൾക്ക് നിർദേശം നല്കിയാണ് വിട്ടത്. അതിനൊക്കെ അതിലും കൊള്ളാവുന്ന ചെറുപ്പക്കാർ കൂടെ പഠിക്കുന്നു ണ്ടെന്നു അവൾ പറഞ്ഞപ്പോൾ ചൂളിപ്പോയി. എന്താണ് അവൾ ഉദ്ദേശിച്ചത് ? അവൾ ഒരു കൊകാണാമായിരുന്നു ച്ചു കുട്ടിയൊന്നുമല്ലേന്നോ ? തമാശയായിട്ടാണെങ്കിലും അതിനു പിന്നിൽ മുരടനക്കുന്ന ഒരു കാട്ടു ജന്തുവിനെ കാണാമായിരുന്നു
ആയിടയ്ക്കാണ് കാർത്തികയുടെ സ്വഭാവത്തിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. കീർത്തന ഒഴിച്ചിട്ട കസേരയിൽ ഇരിക്കാനൊരു ശ്രമം. അനിയേട്ടനില്ലാത്ത ഒരു ദിവസം അവളെ നന്നായി ശകാരിച്ചു. അവൾ കുറെ കരഞ്ഞും പിണങ്ങിയുമൊക്കെ ഇരുന്നു. ഇനി ദിവസം കഴിഞ്ഞേ ട്യൂഷനുള്ളൂ. ആനന്ദൻ വരുമ്പോഴേയ്ക്ക് അവളെ ശരിയാക്കി എടുകം. നെയ്പ്പായസമാണ് അവളുടെ വീക്ക്‌നെസ് . അതുതന്നെ മതി.
ഒരു ടൂ വീലർ വേണമെന്ന് കാർത്തിക പറയാൻ തുടങ്ങിയിട്ട് നാളേറെ യായി. അച്ഛന്റെ ബൈക്കും കാറുമൊക്കെ മക്കൾ രണ്ടുപേരും വീടിനു മുൻപിലത്തെ റോഡിലിട്ട് ഓടിക്കും. ലൈസൻസ് ഒക്കെ ഉണ്ട്. നിർബന്ധം സഹിക്കവയ്യാതെ ഒടുവില കാർത്തികയ്ക്ക് വണ്ടി സമ്മതിച്ചു. അനിയേട്ടൻ സ്ഥലത്തില്ലായിരുന്നു ഒന്ന് രണ്ടു ദിവസം. അതുകൊണ്ട് ആനന്ദനാണ് പേപ്പ റൊക്കെ കൊടുത്തത്. ഏതു വണ്ടി വേണമെന്ന തീരുമാനമൊക്കെ അവൾക്കു വിട്ടു കൊടുത്തു. സ്വയം തീരുമാനമെടുക്കാൻ പഠിക്കട്ടെ. അവളും അനിയേട്ടനും കൂടിയാണ് വണ്ടി എടുക്കാൻ പോയത്. പോകാൻ നേരവും അമ്മയ്ക്ക് ഒരു കിടിലൻ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല. വണ്ടിയുമായി മടങ്ങി വന്നു വീട്ടിൽ കയറിയ ഉടനെ ഓടിവന്നു കവിളിൽ ഒരു അവൾ പറഞ്ഞു,
"എന്റെയൊരു വാശിയായിരുന്നു ഒരു യമഹ ആർ എക്സ് 100 സ്വന്തമാക്കണമെന്ന് . ഓ ഇനി കോളേജ് ഒന്ന് തുറന്നാൽ മതി."
കീർത്തനയിൽ നിന്നും ഇത് പ്രതീക്ഷിക്കാം, പക്ഷെ കാർത്തികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല . ഫോണിൽ വിവരം പറഞ്ഞപ്പോൾ കീർത്തന അറിയിച്ചപ്പോൾ അവൾ അരമണിക്കൂർ നിർത്താതെ ചിരിച്ചു. ഒരാഴ്ച ഞാൻ പിന്നെ അവളെ വിളിച്ചില്ല .
പിന്നെയാണ് പേക്കിനാവുകളുടെ തുടക്കം. മരങ്ങൾ മറിഞ്ഞു വീഴുന്നതും കടൽ കരയെ വിഴുങ്ങുന്നതും കുന്നുകൾ പെരുമഴയിൽ മണ്‍കൂനകൾ പോലെ തകരുന്നതും സ്വപ്നം കണ്ടു. എങ്ങിനെ ഞാനെന്റെ താളം തെറ്റിയ ജീവിതം നേരെയാക്കും? എന്റെ ചുറ്റും ആനന്ദൻ വേഷങ്ങൾ കെട്ടിയാടുകയാണ് . ആദ്യം കീർത്തനയായി അനിയേട്ടനായി ഇപ്പോൾ കാർത്തികയുടെ വേഷത്തിൽ. അയാള് ജീവിച്ചിരിക്കുന്നി ടത്തോളം എനിക്ക് സമാധാനമില്ല. ഈ വീട്ടിൽ നിന്നയാളെ ഒഴിവാകാനിനി ആകില്ല. പക്ഷെ മനസ്സിൽ നിന്നൊഴിവാക്കാം അയാളോട് ഞാൻ പടപോരുതുന്ന ഓരോ നിമിഷവും അയാളെന്റെ വെറുപ്പ്‌ തിന്നു കരുത്താർജ്ജിക്കുകയാണ്. അയാളോട് വാശിക്കൊന്നും പോകേണ്ടായിരുന്നു . അയാൾക്ക്‌ ഏതറ്റം വരെയും താഴാം. അതുപോലാണോ ഞാൻ? എന്തായാലും ട്യൂഷൻ തീരാറായി.
ഓഫീസിലെല്ലാവർക്കും ഒരു ഐ റ്റി കമ്പനി ഒരാഴ്ചത്തെ ഓഫീസ് ഓട്ടോമേഷൻ ക്യാമ്പിന്റെ അവസാനാം കലാപരിപാടികൾ ഉണ്ടായിരുന്നു. ആനന്ദൻ ഒരു പാട്ട് പാടി. വലിയ കയ്യടി ആയിരുന്നു. അയാൾ പാടുമെന്ന്
ആർക്കുമറി യാത്തതുകൊണ്ടായിരിക്കണം ഇത്രയും അഭിനന്ദനം. പാട്ട് എനിക്കിഷ്ടപ്പെട്ടില്ല. അത് കഴിഞ്ഞ് റവറന്റ് ഫാദർ ജോണച്ചന്റെ ഒരു സ്പീീച് ഉണ്ടായിരുന്നു. കുറച്ചു ബോറടിപ്പിച്ചെങ്കിലും അച്ചൻ ഒരു അസാധാരണമായ ഉപദേശം നല്കി. ഒരാഴ്ചയ്ക്ക് ശേഷം പുതുവർഷം ആണല്ലോ. ഇത്തവണ പുതുവർഷത്തിൽ നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ചെയ്യണമെന്നാ ഉപദേശം. ആലസ്യത്തിൽ നിന്നുണരാൻ അത് സഹായിക്കുമത്രേ . അത് നല്ലതോ ചീത്തയോ വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം എന്നും പറഞ്ഞു.ആ പറഞ്ഞതിന് അച്ചന് പെണ്‍കുട്ടികളുടെ വക പ്രത്യേക കയ്യടി കിട്ടി.
പുതിയതായി ഞാനെന്തു ചെയ്യുമെന്ന് ചിന്തിക്കുന്നതിലും മുൻപ് ഞാൻ ചിന്തിച്ചത് ആനന്ദൻ എന്ത് ചെയ്യുമെന്നായിരുന്നു. അയാൾ ചെയ്യാത്ത ഒരു ചീത്ത കാര്യം മദ്യപാനം മാത്രമായിരുന്നു.
എന്റെ തലയിലൂടെ കൊള്ളിമീനുകൾ പാഞ്ഞു. ആനന്ദൻ മദ്യപിക്കാത്തത് അനിയേട്ടന് ഒരതിശയമായിരുന്നു . അനിയേട്ടൻ ആഴ്ചയിൽ ഒരിക്കലെങ്കിലും അല്പ്പം കഴിക്കും. ഒരിക്കൽ അനിയേട്ടൻ ആനന്ദനോട് അതേക്കുറിച്ചു ചോദിച്ചത്രേ. അപ്പോൾ അയാൾ പറഞ്ഞു മദ്യത്തെ ഭയമാണെന്ന് .
"ഒരിക്കൽ നിർത്താൻ പെട്ട പാട് എനിക്കറിയാം. വീങ്ങിയ കരളുമായി നാലു ദിവസമാ ബോധമില്ലാതെ കെടന്നത് . ഇനി തുടങ്ങിയാ ചെലപ്പോ നിർത്താൻ പറ്റിയെന്നു വരില്ല."
നെഞ്ചിടിപ്പോടെ യാണെങ്കിലും പ്ലാനുകൾ പലതും എന്റെ മനസിലൂടെ കടന്നു പോയി.
ഞാനൊരു ചെറിയ ശരിയും അയാള് ഒരു വലിയ തെറ്റുമാണ് .
കരളുറപ്പുള്ളവൻ എന്ന പേര് ഞാൻ മാറ്റിത്തരാം. നിങ്ങളുടെ ദൌർബല്യം നിങ്ങൾ തന്നെ എനിക്ക് വെളിവാക്കി തന്നതിന് നന്ദി.
ക്രിസ്മസ് പ്രമാണിച്ച് അനിയേട്ടന് എന്ത് സമ്മാനം വേണമെന്ന് അച്ഛൻ ചോദിച്ചപ്പോൾ ഇപ്രാവശ്യം ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊടുക്കാൻ പറഞ്ഞു. കത്തി തീർക്കാൻ കൊല്ലന്റെ ആലയിലെത്തിയതു പോലെ എന്റെ മനസ് തുടിച്ചു .
ആനന്ദനും അനിയേട്ടനും ഒക്കെ ഉള്ള ഒരു ദിവസം ഞാൻ ഓഫീസിൽ നടന്ന പ്രസംഗത്തെ കുറിച്ചു ഒന്നു സൂചിപ്പിച്ചു. കീർത്തന ക്രിസ്മസിന് വീട്ടിൽ എത്തിയിരുന്നു. അവൾക്കും കാർത്തികയ്ക്കും ആ ഐഡിയ വളരെ ഇഷ്ടപ്പെട്ടു . പുതിയ ബൈക്കിൽ ആദ്യമായി ടൌണിൽ ചുറ്റുന്നതു അന്നാകാമെന്നു കാർത്തിക തീരുമാനിച്ചു. കീർത്തന തന്റെ നീണ്ട മുടിമുറിച്ച് ക്യാൻസർ സെന്ററിനു കൊടുക്കാൻ ആ ദിവസം തിരഞ്ഞെടുത്തു. അനിയേട്ടനു ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല. ക്രിസ്മസിന് അച്ഛൻ കൊടുത്തയച്ച സമ്മാനം കണ്ടപ്പോൾ ഉള്ളം കൈ തമാശയായി നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു,
"ശ്ശോടാ, ഈ ന്യൂ ഈയർ തൊട്ട് ജീവിതത്തിൽ ഇനി ഈ സാധനം കൈ കൊണ്ട് തൊടില്ല എന്ന് തീരുമാനിക്കാനിരുന്നതാ. നിന്റെ അച്ഛനായിട്ട് അതില്ലാതാക്കി."
"അതിനിത് അനിയേട്ടന് തരുന്നില്ലല്ലോ. "
"പിന്നെന്താ, നീ അടിച്ചു വീലാവാൻ പോവ്വണൊ?"
"അതെ. ഈ സാധനം തൊടാത്തവർ ഈ പുതു വർഷത്തിൽ അതൊന്നു പരീക്ഷിക്കുന്നു. ഇടയ്ക്കിടെ കഴിക്കുന്നവർക്ക് അത് കണ്ട് വെള്ളമിറക്കാം"
" നിന്നെ ഞാൻ സമ്മതിച്ചു"
"ഞാൻ മാത്രമല്ല വേറേം ആൾക്കാരുണ്ട് "
"ആരാ? കീർത്തനയും കാാർത്തികയുമോ?"
"അതൊക്കെ കണ്ടോളൂ!"
അനിയേട്ടൻ ആനന്ദൻ വന്നപ്പോൾ അതൊരു വലിയ തമാശയായി അവതരിപ്പിച്ചു. ആനന്ദന് മാറ്റവുമില്ല ഇയാൾക്കെല്ലാരുടെയും മനസ്സറിയാം. ഇയാടെ മനസ് ആർക്കറിയാം!
കുറെ കഴിഞ്ഞു ഒരു കവിത ചൊല്ലി . അതും തുടങ്ങി. അനിയെട്ടൻ കയ്യടിച്ച് താളം ഇട്ടു.
"വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാംനല്ലിളം കള്ള്
ചില്ലിഗ്ലാസ്സിൽ പകർന്നിട്ടതിരുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തിത്തോഴരോടോത്തു മേളിപ്പതേക്കാൾ
സ്വർലോകത്തും ലഭിക്കില്ലൊരു സുഖം പോക വേദാന്തമേ നീ"
പിന്നെയുമുണ്ടായിരുന്നു മദ്യത്തിന്റെ വീരഗാഥകൾ . അനിയേട്ടനുമുണ്ടായിരുന്നു ഏറെപ്പറയാൻ. കെമിസ്ട്രി പുസ്തകത്തിലുള്ള തൊക്കെ കാർത്തികയും പറഞ്ഞു. മെഥ ലെറ്റ ഡ്‌ സ്പിരിറ്റിന്റെ നാറ്റം ഒരു വർഷം കൊണ്ട് തനിക്കെങ്ങനെ സുഗന്ധമായി മാറിയെന്ന് കീർത്തനയും പറഞ്ഞു.
വെള്ളമെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ആ കുപ്പി കണ്ടു. ഒരു നിമിഷം നോക്കി നിന്നു . അറിയാതെ ഒന്നു കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി .അമ്പിൽ വിഷം പുരട്ടുന്ന കാട്ടാളനെ ഓർമ്മ വന്നു. ഉള്ളിൽ ഒരു ഇടിത്തീ ഉയർന്നു പൊങ്ങി. ഒരു മനുഷ്യനെ മരണത്തിലേയ്ക്ക് തള്ളി ഇടുകയാണ് .
ഞാനെങ്ങനെ തള്ളി വിടും? തീരുമാനം അയളുടേതല്ലേ?
അങ്ങിനെയൊരു ദൌർബല്യമുണ്ടെങ്കിൽ അയാൾക്ക് കഴിക്കാതെ യിരിക്കാമല്ലോ
ആണയിട്ടു പറയുന്ന നിശ്ചയ ദാർഢ്യമൊക്കെ അന്നു കാണാം .
എന്തിനാണ് ഞാൻ തനിയേ നിന്നു പുഞ്ചിരിക്കുന്നത് ?
അയളെന്നോ ടെന്ത് തെറ്റ് ചെയ്തു?
മറിച്ചു ചിന്തിച്ചാൽ അയാളെ കണ്ടത് മുതലാണ്‌ എനിക്കിത്രയും ചിന്തകൾ തലയിൽ മൂളിപ്പറക്കാൻ തുടങ്ങിയത് ?
അയാളുടെ വാക്കും ചിന്തയും പ്രവർത്തിയും എന്തിന് നിശ്വാസം പോലും ലോകത്തെ മലിനമാക്കുന്നു. ഉഷ്ണക്കാറ്റുപോലെ അത് ചീറിയടിച്ച് വിടരാൻ കൊതിക്കുന്ന സ്വപ്നങ്ങളേപ്പോലും കരിച്ചു കളയുന്നു.
അയാളുടെ തത്വ ചിന്തയ്ക്ക് അയാൾ തന്നെ ഇരയാവട്ടെ.
പുതുവത്സര വിരുന്നിന് ആനന്ദനേയും വിളിക്കണമെന്ന് അനിയേട്ടൻ പറഞ്ഞത് നന്നായി. ഞാൻ പറഞ്ഞിരുന്നെങ്കിൽ അത് അസ്വാഭാവിക മായേനേ. അയാൾക്ക്‌ നാട്ടിലേയ്ക്കുള്ള യാത്ര ഒരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. കീർത്തനയും അയാളെ വിളിച്ചു.
ഡിന്നർ കഴിഞ്ഞപ്പോൾ കുട്ടികളെ ഒറ്റ നോട്ടം കൊണ്ട് ഒഴിവാക്കി. നാടകീയമായാണ് ആ കുപ്പി മേശപ്പുറത്ത് പ്രദർശിപ്പിച്ചത് . അനിയെട്ടാൻ ഉടനെ തന്നെ തന്റെ പുതിയ ദൌത്യം വിശദീകരിച്ചു. എന്നെന്നേയ്ക്കുമായി ഒഴിവാക്കുന്നൊന്നുമി ല്ല. പകരം ടെറസ്സിൽ കൃഷി തുടങ്ങിയാണ് പുതുവത്സരം ആഘോഷിക്കുന്നത് . അത് കേട്ട് ആനന്ദൻ പോലും പൊട്ടിച്ചിരിച്ചു. എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.
മൂന്നു ഗ്ലാസ്സുകൾ മേശപ്പുറത്തു വെച്ചപ്പോൾ ആനന്ദചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. കെണി അയാൾ മനസിലാക്കിയോ എന്തോ?അനിയേട്ടൻ ചീയേഴ്സ് പറയാൻ കാത്തു നില്കാതെ തന്റെ ഗ്ലാസ് കാലിയാക്കി. വെല്ലു വിളിക്കുന്നതുപോലെ ഒരെണ്ണം എന്റെ നേരെനീട്ടി . ഇത് തന്നെ അയാളെ കൊതിപ്പിക്കാൻ പറ്റിയ അവസരം. ഞാൻ അത് സ്വീകരിച്ചു. രണ്ടു തവണയും പ്രസവ സുശ്രൂഷയ്ക്ക് ഇത് കഴിച്ചിട്ടുണ്ട് .
കണ്ണുമടച്ച് ഒരു കവിളിറക്കി.
അന്ന് കഴിച്ചത് ഇതുപോലെയോന്നുമുള്ള തായിരുന്നില്ലെന്നു തോന്നുന്നു. ഇരുവരുടെയും നോട്ടത്തിനു മുന്നില് ചൂളാൻ പാടില്ല.
എനിക്കവരോട് പുച്ഛം തോന്നി. നോക്കൂ നിങ്ങൾ ചിന്തിക്കാത്ത ഒരു കാര്യം ഞാനിന്നു ജീവിതത്തിൽ ആദ്യമായി ചെയ്തു. അതും ഒരു അന്യ പുരുഷന്റെ മുന്നില് വെച്ച് . അറിയാതെ ഞാൻ വീണ്ടും ഗ്ലാസ്സ് കയ്യിലെടുത്തു. ആനന്ദന്റെ മുഖത്തേയ്ക്ക് കണ്ണു ചിമ്മാതെ നോക്കി അതും കുടിച്ചു.
അതാ ആന്ദന്ദൻ തന്റെ കൊലക്കയർ കയ്യിലെടുക്കുന്നു. ജീീവിത്തിനും മരണത്തിനും ഇടയിലെ ഒരു നിമിഷത്തെ സംശയം. പിന്നെ ചുണ്ടിൽ മുട്ടിച്ച ഗ്ലാസിൽ നിന്നും വിധിയുടെ കയ്പ്പുനീർ ഉള്ളിന്റെ ഉള്ളിലേയ്ക്ക് . എന്താണ് എന്റെ ചിന്തകൾക്ക് ഒരു മരവിപ്പ്. എല്ലാത്തിനും വേഗത കുറയുന്നു. മേഘങ്ങളിലൂടെ ഒഴുകി നീങ്ങുന്ന അമ്പിളിയെ പോലെ ദേഹത്തിനു തീരെ ഭാരം തോന്നുന്നില്ല. ഉള്ളിലെ പകയുടെ തീക്കനൽ ഒരുമഞ്ഞു തുള്ളി പോലെ മനസ്സിൽ നിന്ന് ഒഴുകി പ്പോകുന്നു.
അനിയേട്ടന്റെ സംസാരം ഉച്ചത്തിലായി. അനിയേട്ടൻ വീണ്ടും ഗ്ലാസുകൾ നിറച്ചു . ആന്ദന്ദൻ തടഞ്ഞു.
"ഞാനില്ല. പുതു വൽസരമായിട്ടു ഞാനൊരു തീരുമാനമെടുത്തു. അത് ഇത് ആകാതിരിക്കട്ടെ."
ഞാൻ വീണ്ടും ഗ്ലാസ് കയ്യിലെടുത്തു. എന്റെ ചുണ്ടിൽ എനിക്ക് വേണ്ടാത്ത ഒരു പുഞ്ചിരി പടരുന്നതറിയാം. ആനന്ദൻ കണ്ണെടുക്കാതെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അനിയേട്ടൻ ഗ്ലാസ്‌ കാലിയാക്കി.
എന്റെ ഗ്ലാസ്‌ പകുതിയായിട്ടും രണ്ടാമത്തെ ഗ്ലാസ്‌ നിറയ്ക്കാൻ താത്പര്യം കാണിക്കുന്നില്ല. എന്റെ ഗ്ലാസ് തീർത്തും ഒഴിഞ്ഞെന്നു കണ്ടപ്പോഴാണ് അയാള് സംസാരിച്ചത് .
"ഞാനിന്നുവരെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടില്ലാത്ത ഒരു കാര്യം നാളെ ചെയ്യാൻ പോകുന്നു. അതിനാണ് നാട്ടിലേയ്ക്ക് പോകുന്നതു തന്നെ."
"ആരെയെങ്കിലും തട്ടാനായിരിക്കും." ഞാൻ ചിന്തിച്ചു.
"കൊലപാതകം വല്ലതുമാണൊടോ?" അനിയേട്ടൻ ചോദിച്ചു.
"അതിലും വലിയ പാതകമാ. ഞാനൊരു പെണ്ണിനോട് പ്രൊപോസ് ചെയ്യാൻ പോകുന്നു. പണ്ടത്തെ സുഹൃത്താണ് . ഇപ്പോൾ വിധവയും. കെട്ടിയാൽ ഒരു കുട്ടി ഫ്രീ ഉണ്ട് .
ഒഴിഞ്ഞ ഗ്ലാസ്‌ കയ്യിലെടുത്ത് ഒരു ലജ്ജയോടെ തുടർന്നു
"ഇതൊക്കെ തുടങ്ങിയ സ്ഥിതിക്ക് കയ്യില കേറി പിടിക്കാൻ ആരെങ്കിലും വേണ്ടേ മാഡം?"
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടികളെ ഇങ്ങോട്ട് വിളിച്ചാലോ? പക്ഷെ അതിനു പറ്റിയ ഒരവസ്ഥയിലല്ല
ഒരു തൂവൽ പോലെ ഞാൻ കസേരയിൽ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ ഇരിക്കുകയാണ് . എണീക്കാൻ ധൈര്യമില്ല. ഞാൻ കണ്ണുകളടച്ചു. ഒരു ദിവാസ്വപ്നം പോലെ ഒരു ഗ്രാമം ഉള്ളില തെളിയുന്നു. അവിടെയൊരു പെണ്ണിന് മംഗല്യ ഭാഗ്യം.
ആനന്ദൻ ഉടനെ മടങ്ങി. അയാള് കുറെ നേരം മൂടി അവിടെ ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. നാക്ക് കുഴയുമെന്നു പേടിച്ച് ഒന്നും ചോദിച്ചില്ല .
അനിയേട്ടൻ ആനന്ദനെ യാത്രയാക്കാൻ പോയപ്പോൾ ഞാൻ ധൃതിയിൽ ഒന്നുകൂടി ഗ്ലാസ് നിറച്ച് ചുണ്ടോടു ചേർത്തു. താഴ്ത്തി വെയ്ക്കും മുൻപ് ഗ്ലാസ്സിന് ഒരുമ്മയും കൊടുത്തു.
ആനന്ദന്റെ വിവാഹം രണ്ടാഴ്ചയ്കക്കം നടന്നു. താലികെട്ടു കണ്ടിരുന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
പെണ്ണിന്റെ കയ്യിൽ ഞാനും ഒരു വള ഇട്ടു.
മംഗളാശംസകളോടൊപ്പം മറ്റാരും കേൾക്കാതെ അവളുടെ കാതിൽ മന്ത്രിച്ചു.
"ഭാഗ്യവതിയാണ് "

സിംഹാസനം


ഓഫീസിൽ നിന്നു നേരത്തേയിറങ്ങാൻ പ്രത്യേകിച്ചു കാരണമൊന്നുമുണ്ടായിരുന്നില്ല. പ്രൊജക്റ്റ്‌ സമ്മറി തയ്യാറാക്കിക്കൊടുത്തപ്പോൾത്തന്നെ സെക്ഷൻ ക്ലാർക്ക് പറഞ്ഞതാണ് വേണമെങ്കിൽ പൊയ്ക്കൊള്ളാൻ. ഡിസംബർ മാസമായിട്ടും ഒട്ടും പ്രതീക്ഷിക്കാതെ മാനം ഇരുണ്ടു കഴിഞ്ഞിരുന്നു.
വീണുകിട്ടിയ ഒന്നൊന്നര മണിക്കൂർ ബസു കാത്തു നിന്ന് പാഴാകുമെന്നു കരുതിയതാണ് .
അപ്പോഴാണ്‌ തിരക്കധികമില്ലാത്ത ഈ വണ്ടി വന്നത്. സീറ്റൊന്നും ഒഴിവുണ്ടായിരുന്നില്ല. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ ഉറങ്ങിപ്പോയ ഒരാൾ പിടഞ്ഞെഴുന്നേറ്റു. ബഹളം വെച്ച് വണ്ടി നിർത്തി ഇറങ്ങിപ്പോയി. ഒരു സീറ്റൊഴിഞ്ഞു. പക്ഷെ ആ സീറ്റിൽ ഒരു ചെറുപ്പക്കാരനുണ്ട്. ചിന്തിക്കാൻ സമയമില്ല. മറ്റാരെങ്കിലും ആ സീറ്റ് കയ്യടക്കുന്നതിനു മുൻപ് ഒരു തീരുമാനമെടുക്കണം. സീറ്റ് കിട്ടിയില്ലെങ്കിൽ എത്ര നേരം നില്ക്കേണ്ടി വരുമെന്ന് അറിയില്ല. തിരക്ക് കൂടിയാൽ പിന്നെ അയാളുടെ അടുത്തു ഇരിക്കുന്നതിലും കഷ്ടമാണ് നില്ക്കേണ്ടി വരുന്നത്. നാല് വശത്തു നിന്നും കാറ്റു തിന്നു കഴിയുന്ന സർപ്പങ്ങൾ പോലെ കൈകൾ ഇഴഞ്ഞെത്തും.
ചെറുപ്പക്കാരനെ ഒന്ന് നോക്കി. അയാൾ വായനയിലാണ്. എന്റെ മനസ് വായിച്ചതുപോലെ അയാൾ നിവർന്ന് എന്നെ ഒന്ന് നോക്കി. ക്ഷണിക്കുന്നതു പോലെ ഒന്നൊതുങ്ങിയിരുന്നു. പുസ്തകത്തിൽ നിന്നും കണ്ണെടുക്കുന്നില്ല. പക്ഷെ അയാളുടെ മുഖഭാവത്തിനൊരു മാറ്റം. വായനയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. മുഖം തിരിച്ച് എന്റെ നേരെ നോക്കാനുള്ള സമ്മർദ്ദത്തെ മറികടക്കാൻ തല വെട്ടിച്ച് അയാൾ ഇടയ്ക്കിടെ പുറത്തേയ്ക്ക് നോക്കുന്നു.
ഒടുവിൽ അയാൾ തോറ്റു. എന്റെ നേരെ വീണ്ടും നോക്കി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞുമാഞ്ഞു. എനിക്ക് തോന്നിയതാണോ?
മനസിലെ ചിന്തകളെല്ലാം നിലച്ച നിമിഷം. മണിക്കൂറുകൾ കടന്നു പോയിട്ടുണ്ടാവും എന്ന് തോന്നി. പുറത്തേയ്ക്ക് നോക്കിയപ്പോൾ ബസ് തെല്ലു ദൂരം പോലും മുന്നോട്ട് നീങ്ങിയിട്ടില്ലെന്നു മനസിലായി. ഇത്ര ഹ്രസ്വമായ സമയമാണോ മണിക്കൂറുകൾ നീണ്ടതെന്ന് തോന്നിയത്?
എന്തായിരുന്നു ഞാൻ ആ നിമിഷത്തിൽ ചിന്തിച്ചത്? നൂലു പൊട്ടിയ പട്ടം പോലെ ഞാനെങ്ങോട്ടാണ് ഞൊടിയിടയിൽ ഞെട്ടിത്തെറിച്ചു പറന്നകന്നത്? എനിക്കൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എങ്ങിനെ ഞാൻ ഈ ബസിൽ കയറാൻ ഇടയായി? പരിചയമുള്ളവരൊന്നും കൂടെയില്ലാത്തതെന്ത് ? വീട്? ജോലി? ഭർത്താവും കുട്ടികളും?
പെട്ടെന്ന്, അഹങ്കാരിയായ ഒരു കൂറ്റൻ തിരമാല മയക്കത്തിലാണ്ട കുടിലുകളെ തല്ലിത്തകർത്ത് വിഴുങ്ങുന്നപോലെ, ഓർമ്മകളെല്ലാം മടങ്ങിയെത്തി .
അപ്പോഴേയ്ക്കും ഞാനാ ചെറുപ്പക്കാരന്റെയടുത്ത് സ്ഥാനം പിടിച്ചിരുന്നു. അയാൾ എന്റെ മുഖത്ത് ഒരു നിമിഷം ഒന്നു നോക്കി. എന്തോ ചോദിയ്ക്കാൻ തുടങ്ങുന്ന പോലെ തോന്നി. പക്ഷെ പെട്ടെന്ന് അയാൾ തല വെട്ടിച്ച് പുറത്തേയ്ക്ക് നോക്കി. വീണ്ടും പുസ്തകത്തിലേയ്ക്ക് നോക്കുന്നു. വായിക്കുകയല്ല എന്തോ പരതുകയാണെന്ന് തോന്നും.
അയാളും എന്നെ പോലെ ആണ്. അത്ര തടിച്ചതല്ല. പക്ഷെ പൊക്കമുണ്ട്. കാൽമുട്ടുകൾ മുന്നിലെ സീറ്റിൽ മുട്ടിച്ചു വെച്ചിരിക്കുന്നു. എനിക്കങ്ങനെ മുട്ടിച്ചു വെയ്ക്കണമെങ്കിൽ സീറ്റിന്റെ വക്കോളം നീങ്ങി ഇരിക്കണം. ഉള്ളിൽ ചിരി വന്നു.
മടിയിലുണ്ടായിരുന്ന ബാഗ് ഞാൻ എടുത്ത് നെഞ്ചത്ത് ചേർത്ത് വെച്ചു. ഞാനെന്താണീ കാണിക്കുന്നത് ? കുട്ടികളെ മുലയൂട്ടും പോലെ. വീണ്ടും ബാഗ് ഞാൻ മടിയിൽത്തന്നെ വെച്ചു. അപ്പോഴാണ്‌ ഞാനെന്റെ കൈകളേക്കുറിച്ച് ബോധവതിയായത്. കൈകൾ എവിടെ വെയ്ക്കും? കൈകൾ പിണച്ച്, വിരലുകൾ കോർത്ത്, ബാഗിന് മുകളിൽ വെച്ചു. പിന്നെ തിരിച്ചെടുത്ത് സാരി നേരെ പിടിച്ചിട്ടു . കാറ്റിന്റെ തണുത്ത കൈകൾ വയറ്റിൽ സ്പർശിച്ചപ്പോൾ ചൂളിപ്പോയി. സാരി ഒന്നു കൂടി നേരെ ഇട്ടു. ഇപ്പോൾ തണുത്ത സ്പർശനം ഇല്ല. നന്നായി മറഞ്ഞിട്ടുണ്ടാവണം.
കാറ്റിന്റെ കുസൃതി അടങ്ങിയില്ല. അത് മുടിയിഴകളെ നെറ്റിയിലേയ്ക്കെടുത്തിട്ടു. അവ കണ്‍പീലികളിൽ തട്ടുമ്പോഴൊക്കെ കണ്ണ്‍ ചിമ്മി അടയുന്നു. അതോ മിഴികളിൽ ഈർപ്പം കൂടിയിട്ടോ? കാറ്റു നേരെ മുഖത്തേയ്ക്ക് അടിച്ചിരുന്നെങ്കിൽ മുടി കണ്ണിൽ നിന്നുമകന്ന് പിന്നിലേയ്ക്ക് പാറിപ്പറന്നേനെ. പക്ഷെ കാറ്റിന്റെ വശത്തേയ്ക് മുഖം തിരിച്ചാൽ അത് ചെറുപ്പക്കാരനിരിക്കുന്ന വശത്തേയ്ക്കാവും.
അയാൾ പെട്ടെന്ന് ജനാലയുടെ ഷട്ടർ താഴ്ത്തി ഇട്ടു. അയാളെന്റെ മനസു വായിച്ചുവോ? അതോ മഴ ചാറിത്തുടങ്ങിയിട്ടാണൊ?തണുത്ത കാറ്റ് എന്നിട്ടും മറുവശത്തെ ജനാലയിൽ നിന്ന് കടന്നു വരുന്നുണ്ടായിരുന്നു. ദേഹമാകെ കോരിത്തരിച്ചു .ആ ചെറുപ്പക്കാരനെ ഒന്ന് കെട്ടിപ്പിടിക്കുവാൻ തോന്നി. അയാൾ വീണ്ടും വായനയിൽ തന്നെയാണ്. ഞാൻ വലതു കാലിന്റെ മേൽനിന്നും ഇടതു കാലു താഴ്ത്തി വെച്ചു. ചെറുപ്പക്കാരന്റെ കാൽ മുട്ടിനാണ് ഉയരക്കൂടുതൽ. ബസ് ഒന്ന് ബ്രെയ്ക്ക് പിടിച്ചതും എന്റെ കാൽ മുട്ടുകൾ അയാളുടെ കാൽ മടക്കിന്റെ ഉള്ളിൽ അമർന്നു. അതു കൊണ്ട് പേടിച്ചതുപോലെ ഞാൻ അധികം മുന്നോട്ടു തെന്നിപ്പോയില്ല. അമ്മയുടെ ചിറകിനുള്ളിലെ പക്ഷിക്കുഞ്ഞിനെപ്പോലെ എന്റെ ഇടതു കാൽ മുട്ട് അയാളുടെ വലതു കാൽ മടക്കിനുള്ളിൽ തുടർന്നു. എന്റെ ശ്വാസത്തിനു ആർദ്രതയും വേഗതയും കൂടിയതായി തോന്നി. കണ്ണടച്ച് ഒരു നിമിഷം ഞാനെവിടെയാണെന്ന് തിരഞ്ഞു. ഞങ്ങളുടെ തോളുകളും തുടയുമാണ് ഇപ്പോൾ തൊട്ടിരിക്കുന്നത്. പിന്നെ കാൽ മുട്ടും. വക്ഷസ്സുകൾ അകന്നു നില്ക്കുന്നു.
അയാൾ അലക്ഷ്യമായി മാസിക തുറന്നു. കൈമുട്ടുകൾ വശങ്ങളിൽ ഞെരുക്കിയിറക്കി. ശരീരങ്ങളെ തമ്മിൽ അകറ്റുന്ന പോലെയാണ് അയാളത് ചെയ്തത്. എങ്കിലും അയാളുടെ വലതുകൈ മുട്ട് ഞങ്ങൾ തമ്മിലുള്ള ദൂരത്തെ ഇല്ലാതാക്കി. അയാളുടെ ഹൃദയമിടിപ്പ്‌ ലോലമായ തരംഗങ്ങളായി എനിക്കിപ്പോൾ കേൾക്കാം. അയാളുടെ ശ്വാസഗതി വേഗത്തിലായിരിക്കുന്നു. ഏതു നിമിഷവും അയാൾ എന്നോട് എന്തെങ്കിലും ഒന്നു സംസാരിച്ചേക്കുമെന്ന് തോന്നി. എന്തായിരിക്കാം അയാളുടെ വാക്കുകൾ ? മറുവശത്തെ ജനാലയിൽ കൂടി വീണ്ടും കാറ്റടിച്ചു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരു മുഴുവനും ഉള്ളിൽ നിറഞ്ഞു. ബസിനകത്തെ വെളിച്ചം മങ്ങിയിരിക്കുന്നു.
തലയ്ക്കു മേലെ ഉയർന്നു നില്ക്കുന്ന അയാളുടെ മുഖം എനിക്ക് നന്നായി കാണാം. ഞാനൽപ്പം കൂടി മുന്നോട്ടു നീങ്ങിയിരുന്നു. അയാളുടെ കൈമുട്ട് പൂർണ്ണമായും എന്റെ വക്ഷസ്സിൽ നിറഞ്ഞു സ്പർശിച്ചു. അറിയാതെയാണോ ഞാനങ്ങിനെ ചെയ്തത്? അറിയാതെയല്ല പറ്റിച്ചേർന്നിരിക്കാൻ ശ്രമിച്ചത് എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. ബസ്സിന്റെ ചലനങ്ങൾക്കൊപ്പം അയാളുടെ ശരീരവും ചെറു ചലനങ്ങൾ കൊണ്ട് അതിന്റെ സാന്നിധ്യം എന്നെ അറിയിച്ചു കൊണ്ടിരുന്നു. അയാൾ ഒരു വാക്കെങ്കിലും മിണ്ടിയിരുന്നെങ്കിൽ അന്ന് ഞാൻ പ്രതീക്ഷിച്ചു.
എന്റെ കഴുത്തിലെ മാംസപേശികൾ അയഞ്ഞു. ബസ്സിന്റെ ചലനത്തിനൊത്ത് ഇരുവശത്തേയ്ക്കും ആടുകയാണ്. കണ്‍പോളകൾക്ക് കനം വെച്ച് തുടങ്ങിയിരിക്കുന്നു. ശ്വാസഗതി സാധാരണ രീതിയിലേയ്ക്ക് മടങ്ങി. അതിന്റെ ഊഷ്മളതയും ആർദ്രതയും കുറഞ്ഞു. ഒരു നിമിഷം അയാൾ എന്നെ കോരിയെടുത്തെങ്കിൽ വിരലുകൾ തമ്മിൽ കോർത്തു പിണഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു.
ഭർത്താവിനോടോത്ത് ആഹ്ലാദത്തോടെ ചിലവഴിച്ച എത്രയോ രാത്രികൾ ഏറ്റവും ഉഷ്ണം നിറഞ്ഞവയായിരുന്നെന്ന് എനിക്ക് തോന്നി. ഭോഗലാലസ്യത്തിന്റെ കുഞ്ഞോളങ്ങളിൽ കിടന്നു മയങ്ങുമ്പോഴുണ്ടായിരുന്നതിലും ശാന്തമായ എന്തോ ഒന്ന് ഞാനനുഭവിച്ചു. അച്ഛൻ മരിച്ച വാർത്തയറിഞ്ഞപ്പോൾ ഭർത്താവിന്റെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞതും അദ്ദേഹമെന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചതും ഞാനോർത്തു. ദുഖിക്കുമ്പോക്കെ അതെന്റെ അവകാശമായിരുന്നു. അതിനായി ഞാൻ ദുരന്തങ്ങളെ മാടിവിളിച്ചിരുന്നോ?
ആരോ എന്നെ മെല്ലെ തൊട്ടിലാട്ടുകയാണ്. എന്റെ കൈകൾ എന്റെ അച്ഛന്റെ കൈകളുമായി പിണഞ്ഞിരിക്കുന്നു. ആരുടെയോ ശ്വാസഗതി ഉയർന്നു താഴുന്നത് ഒരു താരാട്ടായി എനിക്കു കേൾക്കാം. നിറഞ്ഞ നിലാവിൽ നിശ്ചലമായ തടാകത്തിൽ ഓളങ്ങളിൽ മലർന്നു കിടന്നു ഞാൻ നീന്തി. ഒരു താമരപ്പൂവ് എന്റെ കൈകളിൽ അമർന്നു ഞെരിഞ്ഞു.
പെട്ടെന്ന് എല്ലാ ചലനങ്ങളും നിലച്ചപോലെ തോന്നി.
ആരുടെ തോളിലാണ് ഞാൻ ചാരിക്കിടന്ന് ഉറങ്ങിപ്പോയത്? ആരുടെ കൈവിരലുകൾക്കിടയിലാണ് എന്റെ കൈവിരലുകൾ മൃദുവായി ഞെരിഞ്ഞമർന്നത്?
ആദ്യത്തെ ഞെട്ടലിനു ശേഷം പിടഞ്ഞുണരുമ്പോൾ അയാളുടെ മുഖത്തൊന്നു കൂടി നോക്കാൻ കഴിഞ്ഞില്ല.
പുറത്തെ ജനങ്ങൾക്കിടയിൽ അയാൾ അലിഞ്ഞു ചേർന്നു കഴിഞ്ഞിരുന്നു .
അപരിചിതനായ സഹയാത്രികാ, നിങ്ങൾ നേരിട്ടു കാണാത്തൊരു രാജാവിന്റെ സിംഹാസനം നിരായുധനായി നിങ്ങൾ കയ്യടിക്കളഞ്ഞല്ലോ.
കെ ശ്രീകുമാർ

എല്ലാ അമ്മമാർക്കുമായി ഒരു നാടകം

ഇന്ന് വെളുപ്പിനെ അസാധാരണമായി എന്റെ മരിച്ചുപോയ അമ്മയെ സ്വപ്നം കണ്ടു. പിന്നെ പത്രം വന്നപ്പോഴാണ് May 14 ആണെന്ന് ഓർത്തത്
എല്ലാ അമ്മമാർക്കുമായി ഒരു നാടകം
"വാഴേല പൊട്ടിച്ച് പാപ്പൊണ്ടാക്കണമ്മ" എന്ന കലാഭവൻ മാണിയുടെ നാടൻ പാട്ടു പോലെ മിക്കവരികളും പാടാമെന്നു തോന്നുന്നു
അശാന്തിപുരം എന്ന ഗ്രാമം. ഇവിടെ എന്നും പ്രകൃതി ദുരന്തവും, പകർച്ചവ്യാധികളും വഴക്കും മറ്റു പ്രശ്നങ്ങളും തന്നെ. ഇതാണ് അവരുടെ ജീവിതരീതി പോലും. ഒടുവിൽ അവർക്കും മടുത്തു. അങ്ങനെ അവർ ഒരു സന്യാസിയുടെ മുന്നിൽ ഒരു പരിഹാരം തേടി എത്തി. രംഗത്തിന്റെ ഒത്ത നടുക്ക് പിന്നിലായി ഒരു ആൾരൂപം ഒരു നല്ല പീഠത്തിൽ ഇരിപ്പുണ്ട്. സ്ത്രീപുരുഷവ്യത്യാസമില്ലാത്ത ഒരു പ്രതിമയാണത് .
സന്യാസി: പറയൂ എന്തൊക്കെയാണ് നിങ്ങളുടെ പ്രശ്ങ്ങൾ?
ഗ്രാമവാസി 1: എന്തൊക്കെ തിന്നിട്ടും പിന്നേം ആർത്തിയടങ്ങുന്നില്ലേ
എന്തൊക്കെ ചെയ്തിട്ടും നാട്ടിൽ സങ്കടം തീരണില്ലേ
ഗ്രാമവാസി 2: തേവരെക്കണ്ടിട്ടും തീരാ വേദന തന്നേയാണെ
നേർച്ചകൾ നേർന്നിട്ടും ഞങ്ങടെ പ്രശ്നങ്ങൾ മാറണില്ലേ
ഗ്രാമവാസി 3 : കെട്ടിച്ചുവിട്ടിട്ടും സ്വാമീ കഷ്ടങ്ങൾ തന്നേയാണെ
കുട്ടിയൊന്നായിട്ടും വീട്ടിൽ എന്നും വഴക്കാണെ
ഗ്രാമവാസി 4 : ചങ്ങലയ്ക്കിട്ടിട്ടും ചേട്ടന്റെ വട്ടിന് മാറ്റമില്ലാ
ചാരായം മോന്തീട്ടും ചേട്ടന് സന്തോഷം തീരെയില്ലാ
ഗ്രാമവാസി 5 : രാത്രിയുറങ്ങുമ്പോൾ ഞങ്ങൾ പേക്കിനാവെത്ര കണ്ടേ
കാലത്തെഴീക്കുമ്പോൾ ഞങ്ങൾ തുള്ളിവിറയ്ക്കുന്നുണ്ടേ
ഗ്രാമവാസി 6 : അമ്മായി ചത്തിട്ടും നിത്യം വീട്ടി വഴക്കാണെ
സ്വത്തെല്ലാം കിട്ടീട്ടും കൂരേലെ പട്ടിണി മാറുന്നില്ലേ
ഗ്രാമവാസി 7 : നെല്ലുവിതച്ചാലും കൊയ്താലൊക്കെപ്പതിരാണെ
അല്ലലു തീർക്കാനായ് കഷ്ടം പോംവഴിയേതുമില്ലേ
ഗ്രാമവാസികൾ ഒന്നിച്ച്: ചത്താലും കൊള്ളാമെന്നായ് പക്ഷേ കാലനും വേണ്ടതായ്
മൊത്തത്തിലാധിയാണെ ഞങ്ങളെയൊന്നു സഹായിക്കണേ
സന്യാസി: ഇതിനൊക്കെ ഒരു കാരണമേ ഉള്ളൂ. നിങ്ങടെ ദൈവത്തിന് ശക്തിയില്ല.
ഗ്രാമവാസി 1: ശക്തി വരാൻ ഞങ്ങള് എന്തെല്ലാം ചെയ്ത്. ഉത്സവം നടത്തി. ബലി നടത്തി. നേർച്ച കൊടുത്തു. കൊച്ചുങ്ങൾക്കു പോലും കൊടുക്കാതെ പാലും നെയ്യും പഴവും ഒക്കെ കൊടുത്തു.
സന്യാസി: അതിനു ദൈവമെന്താണെന്ന് നിങ്ങൾക്കറിയില്ലല്ലോ. ദൈവം സ്നേഹമാണ്. സ്നേഹം ദൈവവും. വേറെ ഗ്രാമങ്ങളിലൊക്കെ മനുഷ്യർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു!
ഗ്രാമവാസി2: അതൊള്ളതാ.ഞാൻ പോയിട്ടുണ്ട്. പക്ഷെ അതൊക്കെ കണ്ടിട്ടെന്തു കാര്യം?
സന്യാസി: അത് ഞാൻ പറഞ്ഞു തരാം. നിങ്ങൾ അവിടെയൊക്കെ ദൈവത്തെ തേടി പോകണം. കണ്ടു കിട്ടിയാൽ ആ ദൈവത്തിന്റെ എന്തെങ്കിലും ഒരു അടയാളം, വസ്ത്രമോ കിരീടമോ ചെങ്കൊലോ പാദരക്ഷയോ ഒക്കെ വാങ്ങിച്ചുകൊണ്ടു വരണം
ഗ്രാമവാസി 3: ചോദിച്ചാ തരുമോ അതോ പിടിച്ചു പറിക്കണോ
സന്യാസി: ദൈവമല്ലേ, ചോദിച്ചാൽ തരും
ഗ്രാമവാസി 4: ദൈവമാണോന്ന് എങ്ങനെ അറിയാം? വല്ല കള്ളനുമാണേലോ? എന്താ അടയാളം?
സന്യാസി: ചില അടയാളങ്ങളുണ്ട്. ദൈവത്തിന് അനുകമ്പ, സ്നേഹം, ക്ഷമ, കരുണ, നിസ്വാർത്ഥത, സഹനശക്തി, സൗന്ദര്യം എന്നിവയൊക്കെ അളവില്ലാതെ ഉണ്ടാകും.
ഗ്രാമവാസി 5: അത് ശരിയാ. ഞാനും കേട്ടിട്ടുണ്ട്. ഇതൊക്കെയുള്ളതാണ് ദൈവമെന്ന്
സന്യാസി : അതെ, ഇതൊന്നും ഇല്ലാത്തവരെയാണ് മനുഷ്യർ എന്ന് വിളിക്കുന്നത്
ഗ്രാമവാസി6: അപ്പൊ ഒരു മനുഷ്യന് ഇതൊക്കെ കിട്ടിയാലോ
സന്യാസി: ഇതിലൊന്നേലും കിട്ടിയാൽ അയാൾ പിന്നെ ദൈവമാണ്
ഗ്രാമവാസി 7: എന്നാ പിന്നെ പോവുവല്ലേ. ഇനി എന്തിനാ താമസിക്കുന്നെ. നമ്മൾ ഏഴുപേർക്കും ഓരോ വഴിക്കു നീങ്ങാം. ഓരോരുത്തരും ഇതിലെ ഓരോ സ്വഭാവമുള്ള ദൈവത്തെ തിരയണം. അപ്പൊ നമ്മൾക്കെല്ലാം തികഞ്ഞ ദൈവത്തെ ഇവിടെ ഉണ്ടാക്കാം. എന്തായാലും ദൈവങ്ങളെ കാണുമ്പോൾ അവരുടെ എന്തേലും വാങ്ങിക്കൊണ്ടേ വരാവൂ.
സന്യാസി അവരെ യാത്രയാക്കുന്നു
രംഗം 2
ഗ്രാമവാസികൾ ഓരോരുത്തരായി വലുതും ചെറുതുമായ പെട്ടികളുമായി എത്തുന്നു. അവർ ആകെ മാറിപ്പോയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുണ്ട്. മുഖത്താകെ സന്തോഷവും. നല്ല പെരുമാറ്റവും.
ഒന്നാമൻ: ഒത്തിരി കഥ പറയാനുണ്ട്.
രണ്ടാമൻ: എനിക്കുമുണ്ട് കഥ. എല്ലാരും പറഞ്ഞിട്ട് ഞാൻ പറയാം.
സന്യാസി: നിങ്ങൾ കൊണ്ട് വന്നതൊക്കെ ഇവിടുത്തെ ദൈവത്തിന് ചാർത്തിക്കൊടുക്കുക. അത് ഓരോരുത്തർ ചെയ്യട്ടെ.ആദ്യം ഇതങ്ങ് മറയ്ക്കാം.
മൂന്നാമനും നാലാമനും ദൈവത്തിന്റെ പ്രതിമ ഒരു സ്‌ക്രീൻ കൊണ്ട് മറയ്ക്കുന്നു.
അഞ്ചാമൻ: ഓരോരുത്തർ പോയി അവർ കൊണ്ടുവന്ന സാധനങ്ങൾ അതിൽ ചാർത്തട്ടെ. ആ സമയത്ത് നമുക്ക് കഥകൾ പറയാം
സന്യാസി: അത് കൊള്ളാം. വലിയ പെട്ടിയുള്ള ആള് തന്നെ ആദ്യം പോകട്ടെ
ഏഴാമൻ: ഞാനെന്റെ കഥ പറഞ്ഞിട്ട് പൊയ്ക്കോട്ടേ
സന്യാസി : അങ്ങനെയും ആകാം
അവർ ഓരോരുത്തരും കഥ പറഞ്ഞിട്ട് പെട്ടിയുമായി പോയി മടങ്ങുന്നു.
ഏഴാമൻ:: ഞാൻ നല്ല ചന്തമുള്ള ഒരാളെ തിരക്കിയാണ് പോയത്. ആ ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ അങ്ങിനെ ഒരാൾ ഉണ്ടെന്നറിഞ്ഞു. ഒരാളാണ് പറഞ്ഞത്. ദൈവത്തെ പോലെ അയാൾ കരുതുന്നുവെന്നും പറഞ്ഞു.
നല്ല നീണ്ട മുടിയാണുപോലും. അടയാളമായിട്ടു അത് ചോദിച്ചാലോ എന്ന് ഒരു കുരുത്തക്കേട് മനസ്സിൽ തോന്നി.
ആളെ പോയി കണ്ടു. സൗന്ദര്യം കണ്ടു മയങ്ങി ഒന്നും ചോദിച്ചില്ല. ഞാൻ പോന്നു എന്റെ പിറകെ ഒരാളെ എനിക്കൊരു സമ്മാനവുമായി
പറഞ്ഞു വിട്ടിരിക്കുന്നു.
ഒന്നാമൻ: തുറന്നു നോക്കീല്ലേ
ഏഴാമൻ: എന്തായാലും വന്നു തുറക്കാമെന്നു കരുതി
അവർ പെട്ടി തുറക്കുന്നു. കാണികൾക്കു അത് കാണാൻ കഴിയുന്നില്ല. പക്ഷെ ഗ്രാമവാസികളെ അത് അത്ഭുതപരതന്ത്രരാക്കുന്നു. ഏഴാമൻ സന്തോഷം കൊണ്ട് കണ്ണുതുടച്ച് പെട്ടിയുമായി അകത്തേയ്ക്കു പോകുന്നു
ഒന്നാമൻ: ഇനി ഞാൻ പറയാം. ഞാനലഞ്ഞു തിരിഞ്ഞു ആകെ വിശന്നു വയ്യാതായി ഒരു വീട്ടിൽ ചെന്നു. അവിടുന്ന് എനിക്ക് ആഹാരം കിട്ടി. കയ്യ് കഴുകി എണീറ്റപ്പോൾ അവർ ധൃതിയിൽ അകത്ത് നിന്നും വന്ന് ചോറ് മതിയായിരുന്നോ എന്ന് ചോദിച്ചു. അത് ഉപചാരവാക്കാണെന്നു മനസിലാകാതെ ഞാൻ കുറച്ച് കൂടി കിട്ടിയാൽ കൊള്ളമെന്നു പറഞ്ഞു പിന്നേം പാത്രത്തിനു മുന്നിൽ പോയിരുന്നു. ഇനി ഞാനെങ്ങനെ പറയും. (കണ്ണ് തുടയ്ക്കുന്നു. ) ആ വീട്ടിൽ പിന്നെ ചോറില്ല. അവർക്കു കഴിക്കാനുള്ളതും കൂടിയായിരുന്നു എനിക്ക് തന്നത്. ഇതല്ലേ സ്വാമീ ദൈവം. മടങ്ങുമ്പോൾ ഒരു അടയാളവും വാങ്ങി. അത് ചാർത്തീട്ടു വരാം
(പോകുന്നു)
രണ്ടാമൻ: ഞാനൊരാളോട് ചോദിച്ചു അയാളോട് ഏറ്റവും സ്നേഹമുളളത് ആർക്കാണെന്ന്. അയാൾ ഉടനെ കരയാനും തുടങ്ങി. ആ വ്യക്തി മരിച്ചുപോയത്രെ. ഞാൻ ആ വീട്ടിൽ പോയി ആ വ്യക്തിയുടെ പഴയ ഉടുപ്പ് വാങ്ങിക്കൊണ്ടുവന്നു (പോകുന്നു)
മൂന്നാമൻ: ഒരു വ്യക്തി ഒരു കുഞ്ഞിനെ താലോലിക്കുന്നതാണ് ഞാൻ കണ്ടത്. അത് വേറെ ആരുടെയോ കുഞ്ഞാണ്. അച്ഛനും അമ്മയും മരിച്ചുപോയി. എന്റെ സ്വഭാവം കൊണ്ട് ഞാൻ ചോദിച്ചു അന്യന്റെ കുഞ്ഞിനെ നോക്കാൻ വേറെ പണി ഇല്ലേന്ന്. "ആരുടെ കുഞ്ഞായാലും കുഞ്ഞല്ലേന്ന്. ഓ ഇങ്ങനേം കരുണയോ. ഞാനാകെ മാറിപ്പോയി. ഇനി ആ കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാമെന്നു പറഞ്ഞു ഞാനിങ്ങു കൊണ്ട് പൊന്നു. (കുഞ്ഞിനെ കാണിക്കുന്നു. അതിനെയുംകൊണ്ട് അകത്തേയ്ക്ക് പോകുന്നു)
നാലാമൻ: ഞാൻ ഒരു രാത്രിയിൽ ഒരു വീട്ടിനു പിന്നിൽ തങ്ങി. ഓ അവിടെ ഒരു കൊച്ച്. ഉറങ്ങാൻ സമ്മതിച്ചില്ല. രാത്രി മൊത്തം കരച്ചിലോടു കരച്ചിൽ. രാവിലെ ഞാനാവീട്ടിൽ ചെന്ന് ചോദിച്ചു നിങ്ങൾക്ക് ചെവി കേൾക്കില്ലേന്ന്. അപ്പോൾ കിട്ടിയ മറുപടി അതുകൊണ്ടല്ലേ ഇങ്ങനെ കുഞ്ഞിന്റെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതെന്ന്. ദൈവമേ! ഞാൻ രണ്ടുകൈയ്യുമെടുത്ത് തൊഴുതു. ദേ അടയാളവും കൊണ്ടുവന്നിട്ടുണ്ട് (ഒരു പൊതിയുമായി അകത്തേയ്ക്ക് പോകുന്നു)
അഞ്ചാമൻ: ഒരാള് ദൈവത്തെ പോലെ കരുതുന്ന വ്യക്തിയെ കാണാൻ എന്നെയും കൂട്ടി പോയി. ഞാനവിടെ കിടന്നു ഉറങ്ങി. ഭയങ്കര ചൂട്. വെറുതെ മയങ്ങിയതേ ഉള്ളൂ. കുറച്ചുകഴിഞ്ഞപ്പോൾ ചൂടൊന്നു കുറഞ്ഞു. പിന്നെ കൂർക്കം വലിച്ചുറങ്ങി. അടുത്ത് ദിവസം നോക്കിയപ്പോൾ ആ ദൈവത്തിന്റെ, അല്ലാതെ ഞാൻ എന്ത് വിളിക്കും, കണ്ണൊക്കെ കലങ്ങി മുഖമൊക്കെ വീർത്തിരിക്കുന്നു. പാവം രാത്രിയിൽ ഒട്ടും ഉറങ്ങിയില്ല. എന്റെ അടുത്തിരുന്നു എന്നെ വീശുവായിരുന്നു. പോകാൻ നേരം ഞാൻ ആ വിശറി ചോദിച്ചു വാങ്ങി.
ആറാമൻ: ഞാൻ ഒരാളോട് ദൈവത്തെ കാണാൻ ഇറങ്ങിയതാണെന്നു പറഞ്ഞു. ആ വ്യക്തിയാകട്ടെ വെള്ളവും കൊണ്ട് വീട്ടിലേയ്ക് പോകുന്ന വഴിയായിരുന്നു. ഞാൻ വിളിച്ചതുകൊണ്ട് എന്റെ കൂടെ വന്നു. എവിടെയൊക്കെ പോയി എന്നിട്ടും ദൈവത്തെ കണ്ടില്ല. ഞാൻ ആകെ തളർന്ന് വഴിയിലങ്ങിരുന്നു. അപ്പോൾ എന്നോട് പറയുവാ 'നമുക്ക് ഒന്നുംകൂടൊന്നു നോക്കിയാലോ?" ഞാൻ കലിവന്ന് ഒന്ന് തുറിച്ച് നോക്കി. മൂന്നാലു കലം വെള്ളവും തലയിൽ വെച്ചോണ്ടാ ചോദ്യം. ഞാനാ കാലിൽ വീണു ചെരുപ്പും വാങ്ങി പോന്നു
(പൊതിയുമായി അയാളും അകത്തേയ്ക്കു പോകുന്നു)
സന്യാസി: (സ്വയം) ഞാനും ഈ ദൈവത്തെ കണ്ടിട്ടൊന്നുമില്ല. ഒന്ന് കണ്ടുകളയാം. നിങ്ങൾക്കും കാണണ്ടേ
(മറ നീക്കുന്നു. ഇപ്പോൾ ഒരു കുഞ്ഞിനെയും മടിയിൽ വെച്ച് അതിനെ വിശറി കൊണ്ട് വീശി പുഞ്ചിരിയോടെ ഇരിക്കുന്ന ഒരു സ്ത്രീയെ ആണ് കാണുന്നത്. പിന്നിൽ പ്രാർത്ഥന മുഴങ്ങുന്നു. അവരെല്ലാം കൈ കൂപ്പുന്നു.ദൈവം അവരെയും കാണികളെയും അനുഗ്രഹിക്കുന്നു.
ആളുകൾ നൃത്തം തുടങ്ങുന്നു
എങ്ങനെയിപ്പോഴീ നമ്മടെ വേദന ഇല്ലാണ്ടായ്
എങ്ങനെ നെഞ്ചിലെല്ലാം നമ്മക്ക് സന്തോഷം കൂടുകെട്ടി
(പരസ്പരം കെട്ടിപ്പിടിക്കുന്നു)
നൃത്തം
തേവര് വന്നല്ലോ നല്ലൊരു തേവിയായ് വന്നല്ലോ
സ്നേഹം നിറഞ്ഞതാണേ നമ്മുടെ അമ്മയും ദൈവമാണേ
സ്നേഹിക്കാൻ ശീലിച്ചാൽ നമ്മൾ ദൈവത്തിനൊപ്പമാകും
ദൈവത്തിനൊപ്പമായാൽ പിന്നെ ഭൂമിയും സ്വർഗ്ഗമാകും
(കാണികളും ചേരുന്നു )
അമ്മയെപ്പോലെയായാൽ നമ്മൾ ദൈവത്തെ പോലെയായി
അമ്മമാരില്ലെങ്കിൽ പിന്നെ നമ്മളുമില്ലല്ലോ

Sunday, May 26, 2019

പണ്ടത്തെപ്പാട്ട്

പണ്ടത്തെപ്പാട്ട്
കാണാത്ത കാഴ്ച്ചേമില്ല കേക്കാത്ത കാര്യോമില്ല
തിന്നാത്ത തീറ്റേമില്ല കുത്താത്ത മുള്ളുമില്ല
ഉണ്ടാലുമുണ്ടില്ലേലും ചത്തില്ലേലത്രേം കാലം
എല്ലാമെന്നുള്ളിൽ കേറും പാട്ടായിത്തീരേം ചെയ്യും
വേണ്ടാത്തതെല്ലാം തന്നാൽ വേണ്ടുന്നതെന്തും പാടാം
ചോദിച്ചാലെന്തും ചൊല്ലാം പാടേണമെന്നോടൊപ്പം
നിന്റേതാണെന്റേതെല്ലാം നീയുമങ്ങെന്റേതായാൽ
ഒന്നായിട്ടൊന്നിച്ചൊപ്പം നന്നായിട്ടെല്ലാം ചെയ്യാം
പണ്ടത്തെപ്പാട്ടും പാടി പാടത്തെ വെള്ളോം തേകി
വേലയ്ക്കു പോകമൊന്നായ് കൂലിയും വാങ്ങാമൊന്നായ്
കാന്താരീം മോരും ചേർത്ത് തോട്ടിലെ മീനും കൂട്ടി
കാലത്തീ പഴഞ്ചോറ് ഉച്ചയ്‌ക്കോ കപ്പേം ചക്കേം
വേലയും കാണാമൊന്നായ് കൂത്തിനും കൂടാമൊപ്പം
തേവരെ കാണാൻ പോയാൽ കൂട്ടരേം കാണാമല്ലോ
പോരുമ്പോഴങ്ങാടീന്ന് മേടിക്കാം തിന്നാന്തീറ്റി
വൈകാതെ വീട്ടിൽ ചെല്ലാം വൈകേണ്ടിന്നത്താഴവും
പാഠങ്ങൾ ചൊല്ലിച്ചൊല്ലി കുട്ടികൾ തൂക്കം തൂങ്ങി
അത്താഴമുണ്ണാമിപ്പോഴെല്ലാർക്കുമൊപ്പം കൂടാം
അപ്രത്തെയമ്മൂമ്മയ്ക്കും പൂച്ചയ്ക്കും തത്തമ്മയ്ക്കും
കൊണ്ടുപൊയ്ക്കൊടുക്കേണം എന്നിട്ടേ ഉണ്ണാവുള്ളൂ
കെ ശ്രീകുമാർ

പെട്ടുപോയവന്റെ പാട്ട്


കാലത്തെ വീട്ടീന്ന് പോന്നതാണേ
നേരം വെളുത്തപ്പം പോന്നതാണേ
ആരെയും കൂട്ടാതെ പോന്നതാണേ
വേട്ടയ്ക്ക് കൂടുവാൻ പോന്നതാണേ
കാടനേക്കണ്ടു ഞാനോടിപ്പോയീ
ആനയെക്കണ്ടു ഞാനോടിപ്പോയീ
സിമ്മത്തെക്കണ്ടു ഞാനോടിപ്പോയീ
എങ്ങോട്ടെന്നില്ലാതെ ഞാനോടിപ്പോയീ
കൂട്ടരേയൊന്നുമേ കാണാനില്ല
കൂട്ടിനായാരെയും കാണാനില്ല
കാട്ടിലെ ചോലയും കാണാനില്ല
തീറ്റയ്ക്ക് വേണ്ടതും കാണാനില്ല
ആരേലും വന്നെന്നെ കൊണ്ടുപോണേ
നാട്ടിലേക്കൊന്നെന്നെ കൊണ്ടുപോണേ
എന്തേലുമെന്നേംകൊണ്ട് പോകും മുന്നേ
വീട്ടിലേക്കൊന്നെന്നെ കൊണ്ടുപോണേ
കെ ശ്രീകുമാർ

യാത്രയുടെ അവസാനം


ചെറുതായിട്ടൊന്നു അമ്പരന്നു പോയി.
ഹോട്ടലിൽ മുറിയെടുക്കേണ്ട ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി തങ്ങാമെന്നു അച്ഛൻ പറഞ്ഞപ്പോൾ ആ സുഹൃത്ത് രമ്യച്ചിറ്റയാണെന്ന് തീരെ കരുതിയില്ല.
രമ്യച്ചിറ്റയും വല്ലാതെയായി. ഞാൻ കൂടെ വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നില്ലെന്ന് തോന്നി. അച്ഛനിങ്ങനെയാണ്. ചിലപ്പോൾ കണ്ണ്കാണാത്ത പോലെ പെരുമാറും.
ഇതിനു മുൻപ് അച്ഛൻ ഈ വീട്ടിൽ വന്നിട്ടുണ്ടാവില്ല. എത്ര പ്രയാസപ്പെട്ടാണ് ഇവരുടെ വീട് കണ്ടുപിടിച്ചത്.
രമ്യച്ചിറ്റ അമ്പരന്നു നിന്നപ്പോൾ അച്ഛനാണ് കയറിവരൂ എന്ന് പറഞ്ഞ് അകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയത്
അമ്പരപ്പ് മറച്ചുവെച്ച് രമ്യച്ചിറ്റ ചോദിച്ചു, "എപ്പോഴാ ഇന്റർവ്യൂ?"
"നാളെ രാവിലെ പതിനൊന്നിന്", അച്ഛനാണ് ഉത്തരം പറഞ്ഞത്. അതോടു കൂടി ചോദ്യങ്ങളവസാനിക്കുകയും ചെയ്തു
അധികം മിണ്ടാതെ തന്നെ അവർ കിടക്ക മുറി കാണിച്ച് തന്നു. അടഞ്ഞു കിടന്ന മുറിയുടെ നേരിയ ദുർഗന്ധം. എന്റെ മുഖം ശ്രദ്ധിച്ചിട്ടാകണം അവർ ജനാല തുറന്നിട്ടു. തണുത്ത കാറ്റ് മുറിക്കുള്ളിൽ നിറഞ്ഞു. ഈ പ്രത്യേകതണുപ്പ് ബാംഗ്ളൂരിന് സ്വന്തം.
അച്ഛന് അവർ വേറെ ഒരു മുറിയാണ് കാണിച്ച് കൊടുത്തത്. ഭാഗ്യം അത് അവരുടെ കിടപ്പുമുറിയില്ലെന്നു തോന്നുന്നു. അതും അവർ ചെയ്യും. അങ്ങനെയാണ് 'അമ്മ അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
പലകാര്യങ്ങളിലും അവർ അച്ഛനെപ്പോലെ ആണ്. ഔചിത്യം തീരെയില്ല .
ഫ്രിഡ്ജ് തുറന്ന് എന്തൊക്കെയോ എടുത്തതുകൊണ്ട് അവർ അടുക്കളയിലേയ്ക് പോയി.
അമ്മ എപ്പോൾ വേണമെങ്കിലും വിളിക്കാം. ഹോട്ടലിലാണ് റൂം എടുത്തതെന്ന് കള്ളം പറയാം. അച്ഛനും അങ്ങിനെയായിരിക്കും പറയുക.
കുളി കഴിഞ്ഞപ്പോൾ അവർ വന്നു ആഹാരം കഴിക്കാൻ വിളിച്ചു. വിശപ്പുണ്ടായിരുന്നെങ്കിലും ആഹാരത്തിന് തീരെ രുചി തോന്നിയില്ല . വെറുതെ കഴിച്ചെന്നു വരുത്തി.
അച്ഛൻ നന്നായി കഴിച്ചു. കൈകഴുകി വന്നു മേശപ്പുറത്ത് നിന്ന് വെളളവും ഗ്ലാസുമെടുത്ത് മുറിയിലേയ്ക്ക് പോയി. വല്ലപ്പോഴുമേ അച്ഛൻ മദ്യപിക്കാറുള്ളൂ. ഇതെവിടെനിന്നു സംഘടിപ്പിച്ചെന്ന് അറിയില്ല.
രമ്യച്ചിറ്റ അതുകണ്ട് ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഞാൻ മുഖം തിരിച്ച് കളഞ്ഞു.
ഞങ്ങളുടെ വീട്ടിന്റെ രണ്ടാമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇവരുടെ ഭർത്താവ് അപകടത്തിൽ മരിക്കുന്നത്. പിന്നെ രണ്ടു വർഷം കൂടി അവർ അവിടെത്തന്നെ താമസിച്ചു.
അത് ഒരു ദുരന്ത കാലമായിരുന്നു. രമ്യച്ചിറ്റയുമായുള്ള അച്ഛന്റെ അടുപ്പം വീട്ടിൽ വലിയ വഴക്കുകൾക്ക് കാരണമായി. അവർ അച്ഛന്റെ ഏതോ അകന്ന ബന്ധുവാണെന്നാണ് അന്നൊക്കെ ഞാൻ കരുതിയത്. അങ്ങിനെയൊന്നുമായിരുന്നില്ല. ഒടുവിൽ അമ്മയുടെ വഴക്ക് സഹിക്കവയ്യാതെ അവർ സ്ഥലം മാറ്റം വാങ്ങി പോയി.
അവർ പോയ ദിവസവും അതിന്റെ അടുത്ത ദിവസവും അച്ഛൻ വീട്ടിൽ വന്നില്ല. മൂന്നാം ദിവസം അച്ഛൻ വന്നപ്പോൾ സഹിക്കാൻ കഴിയാത്തതുപോലെ മദ്യത്തിന്റെ ഗന്ധമായിരുന്നു അച്ഛന്റെ ഉടുപ്പിന് പോലും.
അവർ ദൂരേയ്ക്ക് താമസം മാറിപ്പോയെങ്കിലും അച്ഛൻ ഇടയ്ക്കിടെ അവിടെയും പോകുമായിരുന്നു എന്ന് 'അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ കാലമെല്ലാം ഇതിന്റെ വഴക്കു തന്നെയായിരുന്നു വീട്ടിൽ.
അച്ഛൻ ഡ്രോയിങ് റൂമിലിരിക്കുന്നതുകണ്ട്‌ അങ്ങോട്ട് ചെന്നു. അമ്മയോട് ഫോണിൽ സംസാരിക്കുകയാണ്. എന്നെ കണ്ടപ്പോൾ ഫോൺ എനിക്ക് തന്നു. പ്രതേകിച്ച് ഒന്നും പറയാതെ ഞാൻ കട്ട് ചെയ്തു. അച്ഛനോടും ഒന്നും പറയാൻ തോന്നിയില്ല.
നാളെ ഇന്റർവ്യൂവിനു എവിടെയാണ് പ്രീഫെർ ചെയ്യുന്നത് എന്ന് ചോദിച്ചാൽ എന്ത് പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു .
പാത്രമെല്ലാം എടുത്ത് വെച്ചിട്ട് രമ്യച്ചിറ്റയും വന്നു. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് മുൻപ് ഇവരെ കണ്ടിട്ടുള്ളത്. ഇപ്പോൾ ആകെ പ്രായം ചെന്ന പോലെ ഉണ്ട്.
അച്ഛന് പതുക്കെ ലഹരി കയറിത്തുടങ്ങി. എന്റെ പഠിത്തത്തെക്കുറിച്ചും നാട്ടിലെ ഉത്സവങ്ങളെക്കുറിച്ചും ഒഴുകി വരുന്നുണ്ട്. അവരും സംസാരത്തിൽ ഒട്ടും പിന്നിലല്ല. ഞാനിരിക്കുന്നതിന്റെ ഒരു ചമ്മൽ അവർക്കുണ്ടെന്നു തോന്നി.
ഞാൻ മെല്ലെ എഴുന്നേറ്റ് യാതൊരു സങ്കോചവും കൂടാതെ ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞു.
മുറിയിൽ പോയി കിടന്നിട്ടും ഉറക്കം വന്നതേയില്ല. ജനലിലൂടെ സിറ്റിയിലെ നൈറ്റ്ലൈഫ് ശബ്ദമായും വെളിച്ചമായും കടന്നുവന്നുകൊണ്ടിരുന്നു.
അടുത്ത മുറിയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പാട്ടും ചിരിയുമൊക്കെ കേൾക്കാം.ഇരുവരും അടുക്കളയിൽ പോയി ചായയും ഇട്ടെന്ന് തോന്നുന്നു. ഉറങ്ങാനുള്ള ഭാവമൊന്നും ഇല്ല.
ഞാനറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി. ഇടയ്ക്ക് ഉണർന്നാണ് കതകുചാരിയതും ലൈറ്റ് അണച്ചതും.
രാവിലെ അച്ഛനാണ് ബെഡ്കോഫിയുമായി വന്ന് ഉണർത്തിയത്. നേരം നന്നായി വെളുത്തുകഴിഞ്ഞിരുന്നു. രമ്യച്ചിറ്റ അടുക്കളയിലാണ്. ഇടയ്ക്ക് ഇടനാഴിയിലൂടെ മുറ്റത്തേയ്ക്ക് പോകുന്ന കണ്ടു. പാലുമായി മടങ്ങി വന്നു. അവർ എനിക്ക് മുഖം തരുന്നില്ലെന്ന് തോന്നി.
നല്ല കടുപ്പമുള്ള കാപ്പി കുടിച്ചുകൊണ്ടിരുന്ന് ഞുൻ ചിന്തിച്ചു. ഇന്നലെ രണ്ടുപേരും ഉറങ്ങിയില്ലേ. ഉറങ്ങിയെങ്കിൽ എവിടെയായിരിക്കും അച്ഛൻ കിടന്നത്. എനിക്ക് വല്ലാതെ കലി വന്നു. അച്ഛൻ കാണെത്തന്നെ കാപ്പി കുളിമുറിയിലേക്ക് നീട്ടി എറിഞ്ഞു കളഞ്ഞു.
ബ്രെക്ഫാസ്റ്റുപോലും കഴിക്കാതെ ഇറങ്ങണം എന്ന് കരുതിയതാണ്. നടന്നില്ല. കഴിയുമെങ്കിൽ ഇന്റർവ്യൂ കഴിഞ്ഞ് ഒന്ന് വന്നിട്ട് പോകണമെന്ന് അവർ നിർബന്ധിച്ച് പറഞ്ഞു. ഞാനാണ് ആദ്യം ഇറങ്ങിയത്.
വലുതായി യാത്ര പറച്ചിലൊന്നും ഇല്ലാതെ അച്ഛനും ഇറങ്ങി.
റോഡിലെത്തിയപ്പോൾ അച്ഛന്റെ പ്രസരിപ്പൊക്കെ മാഞ്ഞു . ഒന്നും മിണ്ടുന്നില്ല. കുറ്റബോധമാണോ വിഷമമാണോ എന്ന് അറിയില്ല. അച്ഛനെ സന്തോഷിപ്പിക്കാൻ രമ്യച്ചിറ്റയെപ്പോലെ ഞാനും വാതോരാതെ സംസാരിച്ചു. ഓട്ടോയിൽ അച്ഛനോട് പറ്റിച്ചേർന്നിരുന്നു. അച്ഛന്റെ ശരീരത്തിന് നല്ല ചൂട് തോന്നി. അമ്മയുടേത് പോലെ നേരിയ ഒരു മണവും.
അച്ഛന്റെ കണ്ണാടി രമ്യച്ചിറ്റയുടെ വീട്ടിൽ വെച്ച് മറന്നുപോയിരുന്നു.
ഇനി അത് എടുക്കാനൊന്നും പോകണ്ട, എന്തായാലും പുതിയത് വാങ്ങാറായി എന്ന് അച്ഛൻ തന്നെയാണ് പറഞ്ഞതും
കെ ശ്രീകുമാർ

എന്റെ അച്ഛൻ


ശൂരനാട്ടെ വീട് വിറ്റതിൽ പിന്നെ വല്ലപ്പോഴുമേ അച്ഛൻ തിരുവനന്തപുരത്ത് ഞങ്ങളെ കാണാൻ വരുമായിരുന്നുള്ളൂ. വന്നാലും ഒരാഴ്ചയിൽ കൂടുതൽ നിൽക്കില്ല. അമ്മ ജീവിച്ചിരുന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. മക്കൾക്കെല്ലാം ഓഹരി കൊടുത്തു കഴിഞ്ഞപ്പോൾ ഇനി ഓരോരുത്തരുടെയും കൂടെ മാറി മാറി താമസിക്കാം, അല്ലാതെ സ്ഥിരമായി എങ്ങും ഇല്ല എന്നാണ് അച്ഛൻ പറഞ്ഞത്. പക്ഷെ ആരും അറിയാതെ അച്ഛന് ചില ദൂരയാത്രകൾ പതിവായി. ആദ്യമാദ്യമൊന്നും ഇതാരും ശ്രദ്ധിച്ചില്ല. ആങ്ങളയുടെ ഇളയ കുഞ്ഞിന്റെ ചോറൂണിനു അച്ഛനെ വിളിക്കാൻ നോക്കിയപ്പോഴാണ് അച്ഛൻ ആരുടേയും കൂടെയില്ല എന്ന് മനസിലായത്. ആരും അറിയിച്ചില്ലെങ്കിലും കുഞ്ഞിന്റെ ചോറൂണിന് അച്ഛൻ കൃത്യമായി എത്തി.
ഹെഡ്കോൺസ്റ്റബിളായി റിട്ടയർ ചെയ്യുന്നതിന് മുൻപേ തുടങ്ങിയതാണ് അച്ഛന്റെ യാത്രകൾ. നാസ്തികനെന്നൊക്കെ ഭാവിച്ച് നടന്നെങ്കിലും ജീവിതത്തിന്റെ സായാഹ്നമെത്തി ഭാര്യയും മരിച്ച സ്ഥിതിക്ക് മരണഭയം ദൈവവിശ്വാസത്തിന്റെ രൂപത്തിൽ അച്ഛനെ പിടികൂടിയിട്ടുണ്ടാവും, തീർത്ഥാടനമായിരിക്കാം എന്നാണ് മോഹനേട്ടൻ പറഞ്ഞത്.
അച്ഛനോട് മോഹനേട്ടന് ആദരവോടെയുള്ള ഒരസൂയ ഉണ്ടായിരുന്നു. മോഹനേട്ടന്റെ സ്വന്തം വിഷയത്തിൽ അച്ഛൻ വായിച്ച് നേടിയ അറിവായിരുന്നു അതിന്റെ കാരണം.
യാത്രകളിലൂടെ അച്ഛൻ ഒട്ടുമിക്ക ഭാഷകളും പഠിച്ചു റോഡിൽ പണിക്കു വരുന്ന ബംഗാളികളും ഒഡീസക്കാരുമെല്ലാം ഞങ്ങൾ വിളിക്കുന്നതു കേട്ട് അച്ഛനെ അച്ചാ എന്നാണ് വിളിച്ചിരുന്നത്. അവർക്കെല്ലാം അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. കൂടെക്കൂടെ അച്ഛന്റെ കാര്യങ്ങളെല്ലാം തിരക്കും. ഞങ്ങൾക്കാണെങ്കിൽ അച്ഛനെവിടെയുണ്ടെന്നു പോലും പലപ്പോഴും അറിയുകയുമില്ല.
അച്ഛൻ വന്നാൽ പിന്നെ അജിതയ്ക്ക് കോളേജിൽ പോകാനും മോഹനേട്ടന് ഓഫീസിൽ പോകാനും മടിയാണ്. അപ്പോഴാണ് വീടൊന്നുണരുന്നത് തന്നെ.സ്വസ്ഥമായിരുന്ന് ടി വി കാണാൻ എനിക്ക് സൗകര്യമാവും.
അച്ഛനാണ് അജിതയ്ക്ക് പേരിട്ടതും. ആ പേര് പിൽകാലത്ത് അവൾക്ക് വിനയായി. പേര് കേൾക്കുന്നവർ അവൾ പഠിക്കുന്ന വിഷയം കൂടി കേൾക്കുമ്പോൾ അവളെ ഒന്ന് ഇരുത്തി നോക്കും. പൊളിറ്റിക്കൽ സയൻസ് ആണ് അവളുടെ വിഷയം. അവളുടെ ഇഷ്ടമനുസരിച്ച് എടുത്തതാണ്. പക്ഷെ എത്ര പഠിച്ചാലും മാർക്കൊന്നുമില്ല. പരീക്ഷ എഴുതേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണെന്ന് പറഞ്ഞ് മോഹനേട്ടന്റെ ഒരു സുഹൃത്ത് വന്ന് ഹെല്പ് ചെയ്തു. അതുകൊണ്ടൊന്നും പ്രയോജനമില്ലെന്ന് മനസിലായി.
"പിന്നേ, പുസ്തകത്തിലെ കൂറത്തരം പകർത്തി വെയ്ക്കാൻ വേറെ ആളെ നോക്കണം," എന്ന അവളുടെ പ്രതികരണം കേട്ടപ്പോൾ എനിക്ക് കാര്യം മനസിലായി.
അച്ഛൻ വന്നാൽ മോഹനേട്ടനുമായി എപ്പോഴും സംസാരം തന്നെ. അജിതയും കൂടും. നെറ്റിൽ കയറി പേരുപോലും കേട്ടിട്ടില്ലാത്ത രാജ്യങ്ങളിലെ പത്രങ്ങളൊക്ക തപ്പിപ്പിടിച്ചാണ് ചർച്ചയും തർക്കവും. മോഹനേട്ടൻ എപ്പോഴും തർക്കത്തിനു വേണ്ടി തർക്കിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയ നാളുകളിൽ ഒരിക്കൽ മോഹനേട്ടൻ പറഞ്ഞു, "നിന്റച്ഛൻ ആള് പുലിയാ. ഇപ്പം നടക്കുന്ന ഈ പ്രശ്നമുണ്ടല്ലോ, അത് മൂപ്പിലാൻ പ്രെഡിക്ട് ചെയ്തിരുന്നു. അല്ലേൽ അജിതയോട് ചോദിച്ചു നോക്ക്. അത് കേട്ട് ഒന്ന് മാറ്റി ചവിട്ടിയുരുന്നെങ്കിൽ കമ്പനിയിൽ എന്താവുമായിരുന്നു എന്റെ വില! ങാ, പറഞ്ഞിട്ടെന്തു കാര്യം!"
ശരിക്കും പറഞ്ഞാൽ അതിനുശേഷം മോഹനേട്ടന് അച്ഛനോടുള്ള സ്നേഹം ബഹുമാനമായി മാറി. ചർച്ചകൾക്കും തർക്കങ്ങൾക്കും ഒരു കുറവുമുണ്ടായില്ലെങ്കിലും അച്ഛന്റെ കാഴ്ചപ്പാടുകളോടുള്ള മോഹനേട്ടന്റെ യോജിപ്പ് കൂടി.
ഒരിക്കൽ അച്ഛനെ അന്വേഷിച്ച് ഒരു പോലീസുകാരൻ വീട്ടിൽ വന്നു. അച്ഛന്റെ പഴയ പരിചയക്കാരാരെങ്കിലുമായിരിക്കുമെന്ന് കരുതി. അങ്ങനെ ആരുമല്ലായിരുന്നു. അച്ഛനോടയാൾ വേണ്ട ബഹുമാനമൊക്കെ കാണിച്ചു. ഒരുമിച്ചിരുന്ന് എന്തൊക്കെയോ എഴുതി ഒപ്പിട്ടു വാങ്ങുകയും ചെയ്തു. സത്യത്തിൽ ഞാൻ ഒന്നു ഭയന്ന് പോയി. നക്സൽ വർഗീസിന്റെ കൊലപാതകമൊക്കെ പുറത്തു വന്ന സമയമായിരുന്നു. ഞങ്ങൾ ചോദിച്ചപ്പോഴാണ് എന്തിനാണ് അയാൾ വന്നതെന്ന് അച്ഛൻ പറഞ്ഞത്. അച്ഛൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചതിന്റെ വെരിഫിക്കേഷന് വന്നതായിരുന്നു അയാൾ.
മോഹനേട്ടന് അത് വിചിത്രമായി തോന്നി.
"ഈ പ്രായത്തിൽ എന്തിനാണ് വിദേശയാത്രയൊക്കെ?"
"അതിനെന്താ, എസ് കെ പൊറ്റക്കാടൊക്കെ എത്ര പ്രായം ചെന്നിട്ടാണ് ആഫ്രിക്കയൊക്കെ ചുറ്റിക്കണ്ടത്. അച്ഛന് അല്ലെങ്കിൽത്തന്നെ ദീർഘയാത്രകൾ അല്ലെങ്കിൽ തന്നെ അച്ഛന് ഇഷ്ടമാണല്ലോ,"ഞാനും വിട്ടുകൊടുത്തില്ല.
പാസ് പോർട്ട് തപാലിൽ കിട്ടിയ അന്ന് തന്നെ അച്ഛൻ പെട്ടിയുമൊക്കെ എടുത്ത് വീട്ടിൽ നിന്ന് പോയി. വിദേശത്ത് പോകാനുള്ള ഒരുക്കമൊന്നും കണ്ടില്ല. പക്ഷെ കുറച്ചു ദിവസത്തേയ്ക് അച്ഛനെ ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല.
"നിനക്കെന്തറിയാം! നാട്ടിലെ റിട്ടയേർഡും ടയേർഡുമൊക്കെ ആയ വന്ദ്യവയോധികന്മാരൊക്കെ ഇപ്പോൾ കാറ്റുകൊള്ളാൻ പോകുന്നത് പട്ടായയിലും മക്കോവയിലും കോലാലംപൂരിലുമൊക്കെയാണ്. നീ അതൊന്നും ചോദിച്ച്‌ അച്ഛനെ ചമ്മിക്കരുത്."
മൂന്നുമാസം കഴിഞ്ഞ് അച്ഛൻ വീണ്ടും വീട്ടിൽ വന്നു. കുറച്ച് മെലിഞ്ഞിട്ടുണ്ട്. മുഖമൊക്കെ ഒന്ന് കരുവാളിച്ചിട്ടുണ്ട്. യാത്രയെക്കുറിച്ചൊന്നും അച്ഛൻ മിണ്ടിയില്ല. ഞാനൊന്നും ചോദിച്ചതുമില്ല. നടക്കാൻ പോകുന്നതൊക്കെ നിർത്തി, വീട്ടിൽ തന്നെ വ്യായാമം തുടങ്ങി. വളരെ ആയാസകരമായ വ്യായാമങ്ങൾ. അജിതയെ കൂട്ടി വൈകിട്ട് പാർക്കിൽ ഓട്ടവും തുടങ്ങി.
ആരോഗ്യത്തിന് സാരമായ എന്തോ പ്രശ്നമുണ്ടെന്നാണ് ആദ്യം കരുതിയത്. അങ്ങിനെയൊന്നുമില്ലെന്ന് അച്ഛൻ തന്നെ പറഞ്ഞു. അച്ഛൻ മൊബൈൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തിയെന്ന് മോഹനേട്ടനാണ് ആദ്യം കണ്ടുപിടിച്ചത്. അത് ഉപയോഗിക്കുന്നില്ലെങ്കിൽ അജിതയ്ക്ക് കൊടുത്തൂടെ എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. അച്ഛൻ ആദ്യം സമ്മതിച്ചു . പക്ഷെ അന്ന് വൈകിട്ട് തന്നെ പുതിയ നല്ല ഒരു ഫോൺ അച്ഛൻ അവൾക്ക് വാങ്ങിക്കൊടുത്തു. സ്വന്തം മൊബൈൽ കേടായിപ്പോയെന്നാണ് അച്ഛൻ കാരണം പറഞ്ഞത്.
വായിക്കുന്നതിൽ കൂടുതൽ സമയം അച്ഛൻ എഴുതാൻ ചിലവഴിക്കുന്നുണ്ടായിരുന്നു. ആയാസപ്പെട്ടാണ് എഴുതുന്നതും. ഒരിക്കൽ പ്രസിദ്ധീകരിക്കാതെ മടങ്ങി വന്ന ഒരു ലേഖനം കണ്ടാണ് അച്ഛന്റെ തൂലികാനാമം ഞാൻ കണ്ടെത്തിയത്. അജിതയ്കും മോഹനേട്ടനും ഒക്കെ ഇഷ്ടമുള്ള ശാന്തൻ എന്ന ലേഖകൻ എന്റെ അച്ഛനാണെന്ന് അഭിമാനത്തോടെ ഞാൻ മനസ്സിൽ കൊണ്ട് നടന്നു. ആരോടും പറഞ്ഞില്ല.
അച്ഛൻ വയനാട്ടിൽ പോയിരുന്ന സമയത്തതാണ് മോഹനേട്ടന്റെ ഓഫീസിലും വീട്ടിലും ഇൻകംടാക്സ് റെയ്ഡ് നടന്നത്. റെയ്ഡിന് വന്ന ആൾക്കാരുടെ കൂട്ടത്തിൽ അച്ഛന് പരിചയമുള്ള ഒരു എസ് ഐയ്യും ഉണ്ടായിരുന്നു. അച്ഛന്റെ വിവരമെല്ലാം ചോദിച്ചു. ഫോൺ നമ്പർ തന്നു. അച്ഛനോട് വിളിക്കാൻ പറയണമെന്നും പറഞ്ഞു. മോഹനേട്ടന്റെയും അച്ഛന്റെയും മുറികൾ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കൊണ്ടുപോയില്ല. പഴയ ഡയറികൾ മാത്രം എടുത്തു.
മൊബൈൽ നമ്പർ കൊടുത്തിട്ടും അച്ഛൻ അങ്ങേരെ വിളിച്ചൊന്നുമില്ല. പഴയ വല്ല ഉടക്ക് കേസുമായിരിക്കുമെന്ന് ഞാൻ കരുതി.
അത്തവണ അധികദിവസം അച്ഛൻ ഞങ്ങളോടൊപ്പം തങ്ങിയില്ല. സാധാരണ പോകുന്നതുപോലെ വീട്ടിൽ നിന്നും ഇറങ്ങി. ടെറസ്സിൽ പച്ചക്കറിയ്ക്ക് വെളളം ഒഴിച്ച് കൊണ്ട് നിൽക്കുകയായിരുന്നു ഞാൻ. അവിടെ നിന്നാണ് കണ്ടത്. അജിതയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞത് എനിക്ക് അസാധാരണമായി തോന്നി.
പിന്നെയും മൂന്നു മാസം കഴിഞ്ഞാണ് ഞങ്ങൾ അച്ഛനെ അന്വേഷിച്ചത്. അജിതയ്ക്ക് JRF കിട്ടിയത് അച്ഛനെ അറിയിക്കാനുണ്ടായിരുന്നു. ബന്ധുവീടുകളിലൊക്കെ തിരക്കി. മൂന്നുമാസമായി അച്ഛനെ അവരാരും കണ്ടിട്ടില്ല എന്നറിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. മൂന്നുമാസം കഴിഞ്ഞാണോ തന്തപ്പടിയെ തിരക്കുന്നത് എന്ന് പറഞ്ഞ് അവർ തട്ടിക്കയറി.
അടുത്തദിവസം തന്നെ ഒരു സി ഐയ്യും മൂന്നുനാലു പോലീസുകാരും വന്ന് അച്ഛന്റെ മുറിയൊക്കെ തുറന്ന് വിശദമായി പരിശോധിച്ചു. ഒന്നും കിട്ടിയില്ല. പിന്നെ നാലാഴ്ച കഴിഞ്ഞ് ഛത്തീസ്ഗഡിൽ ഡാൽട്ടൺഗഞ്ച് എന്ന സ്ഥലത്തുനിന്നും അച്ഛന്റെ പേഴ്‌സും വാച്ചും മോതിരവും കണ്ണടയുമൊക്കെ ഒരു പാഴ്‌സലായി അയച്ചു കിട്ടി. ഉടനെ മോഹനേട്ടൻ അവിടെ പോയി അന്വേഷിക്കുകയും ചെയ്തു. അച്ഛന്റെ ഫോട്ടോ കാണിച്ചിട്ട് ഒരമ്പലത്തിലെ പൂജാരിയും തിരിച്ചറിഞ്ഞില്ല. ഹോസ്പിറ്റലുകളിൽ അന്വേഷിച്ചപ്പോൾ ഒരു നേഴ്സ് തിരിച്ചറിഞ്ഞു. ഒരു വർഷം മുൻപ് അച്ഛൻ അവരുടെ വീട്ടിൽ ചെന്നിരുന്നത്രേ. അത് വേറെ ആരോ ആയിരിക്കണം .
പോലീസ് സ്‌റ്റേഷനിലെങ്ങും പോയി അന്വേഷിക്കാനുള്ള ധൈര്യം മോഹനേട്ടന് ഉണ്ടായില്ല. അവിടെയെങ്ങും നിയമവാഴ്ചയൊന്നും ഇല്ല. കാട്ടുനീതിയാണ്. കൊല്ലും കൊലയും വെടിവയ്പ്പും. ആരെന്തിന് എതിർത്താലും അവരൊക്കെ മാവോയിസ്റ്റുകളാണ്. പിന്നെ അവരെ ആരും കാണുക പോലുമില്ല. മോഹനേട്ടൻ അതൊക്കെ പറഞ്ഞത് കേട്ടപ്പോൾ അജിത പറഞ്ഞു ചുമ്മാതല്ല ആൾക്കാർ മാവോയിസ്റ്റുകളാകുന്നതെന്ന്. ആരും ആയിപ്പോകും
അച്ഛൻ മരണപ്പെട്ടുകാണും എന്ന് ഞാനും കരുതുന്നില്ല. അപകടത്തിലോ മറ്റോ മുറിവേറ്റ് ആ ഗ്രാമത്തിലെവിടെയെങ്കിലും ഉണ്ടാവും.
അച്ഛൻ മരിക്കില്ല. തീർച്ച.

Saturday, May 25, 2019

മറുവശം




             കടലിനിക്കരെ






            ആര് മാസമായി ഒരു രോഗിയെ എങ്കിലും പരിശോധിച്ചിട്ട്. മരിയ മരിച്ചതിൽ പിന്നെ ഒന്നിലും താത്പര്യമില്ല.
            മുറ്റത്ത് പുല്ലു മുട്ടൊപ്പം വളർന്നു. വീട് ഒരു പ്രേതകുടീരം പോലെ ആയിരിക്കുന്നു
ഞാൻ വീണ്ടും സീനയെ കുറിച്ച് ഓർത്തു. ഇന്നുച്ചയ്ക്ക്വരുന്നുണ്ടെന്ന് കേട്ടപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി.
           സീനയ്ക് എന്തായിരുന്നു രോഗം എന്നത് ഇന്നും എന്നെ കുഴക്കുന്നു. കഴുത്തിലെ മുഴകൾ മാറാൻ ചെയ്ത കീമോയും മറ്റും വേറെ പല ഡോക്ടര്മാരോടും ചോദിച്ചിട്ടാണ് തീരുമാനിച്ചത് . അവർക്കെല്ലാം ഒന്ന് തന്നെ ആയിരുന്നു അഭിപ്രായം. അർബുദമാണ്.
          എല്ലാ ടെസ്റ്റ് റിസൾട്ടും അതിനെ ശരി വച്ചെങ്കിലും എനിക്ക് മാത്രം അത് എന്ത് കൊണ്ടോ ശരിയല്ലെന്ന് തോന്നി.
            ആ ദിവസങ്ങളിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു.ആദ്യംആശുപത്രിയിൽ വന്നപ്പോൾ അറിയാതെ അവൾ പറഞ്ഞ ഒരു വാചകമാണ് എന്നെ വീണ്ടും വീണ്ടും ചില ചോദ്യങ്ങൾ എന്നോട് തന്നെ ചോദിയ്ക്കാൻ നിർബന്ധിക്കുന്നത്. രാത്രികളിലെന്നോ പകുതി മയങ്ങിയ അവളെ തഴുകിയുണർത്തിയ ജോമോനാണ് ആ മുഴ കണ്ടു പിടിച്ചത് . ഇത്ര ചെറുപ്പത്തിൽ ഭർത്താവിന്റെ സമീപം പകുതി മയങ്ങുന്ന ഒരു സ്ത്രീ. അവളെ അയാൾക്ക് തഴുകി ഉണർത്തേണ്ടി വരുക. അതിൽ എന്നെ കുറിച്ചും ജോമോനെ കുറിച്ചും സീനയെ കുറിച്ചും മരിയയെ കുറിച്ചും ലോകത്തിലെ സ്ത്രീ പുരുഷബന്ധങ്ങളെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നു.
          തഴുകിയാൽ മാത്രം ഉണരുന്ന ഒരു കടൽ എല്ലാരുടെയും ഉള്ളിലുണ്ടെന്ന് ഒരു മെഡിക്കൽ സയൻസ് പുസ്തകത്തിലും വായിച്ചതായി ഓർക്കുന്നില്ല
           ആ വാചകം പിന്നെ ഒരിക്കലും മനസ്സിൽ നിന്നും പോയില്ല. നിബന്ധമായും ആർത്തിരമ്പുന്ന സാഗരത്തിന്റെ അടുത്ത് ഒരിക്കലും ഒറ്റയ്ക്ക് പോകരുതെന്ന് ഒരു കൊച്ചു കുട്ടിയോടെന്ന പോലെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു . ആരെ ചികിൽസിക്കുമ്പോഴും, പ്രത്യേകിച്ച് സീനയെ ആണെങ്കിൽ, നഴ്സിനെയോ നഴ്സ് ഇല്ലെങ്കിൽ റിസപ്‌ഷനിലെ പെണ്കുട്ടിയെയോ അടുത്ത് വിളിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. അത് സേനയുടെയും എന്റെയും സമുദ്രങ്ങളുടെ വ്യത്യസ്ത തീരങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.
അതിരുകൾ സൂക്ഷിക്കാൻ അതിലും കൂടുതൽ എന്നെ സഹായിച്ചത് മരിയ ആയിരുന്നു. ഒരിക്കലും മധുരപ്പതിനേഴ് കടക്കാത്ത മാലാഖ.
            കാലം അവളെ മറന്നത് പോലെയായിരുന്നു. എന്റെ ഉള്ളിൽ മരിച്ചു എന്ന് ഞാൻ കരുതിയിരുന്ന ശിശുവിനെയും കൊച്ചു കുട്ടിയെയും ചെറുപ്പക്കാരനെയും മധ്യവയസ്കനെയും എപ്പോൾ വേണമെങ്കിലും ഒരു മാന്ത്രികനെപ്പോലെ വീണ്ടും വീണ്ടും ജീവിപ്പിക്കാൻ അവൾക്ക് എന്ത് എളുപ്പമായിരുന്നു. ആ മാന്ത്രികത അവളുടെ വാക്കിലുണ്ടെന്നും രോഗികളുടെ ഫോൺ കോളുകൾക്ക് മറുപടി പറയുമ്പോൾ അവളുടെ ശബ്ദം വീണ്ടും കേൾക്കാൻ അവർ കൊതിക്കുന്നതായും തോന്നിയിട്ടുണ്ട്.
             ഒടുവിൽ അവൾക്ക് വഴിമാറി നടന്ന കാലം പെട്ടെന്ന് എന്തോ ഓര്തിട്ടെന്നപോലെ അവളെ സ്വന്തമാക്കാൻ വന്നു . ജീവിതത്തിൽ ഒരു വലിയ ശൂന്യതയാണ് അവൾ തന്നു പോയത്. എല്ലായിടത്തും അവളുടെ ചിത്രങ്ങൾ ചില്ലിട്ടു വെച്ചിട്ടും, വീട്ടിൽ അവിടവിടെയായി അവളുടെ വസ്ത്രങ്ങളും മറ്റും വലിച്ചു വാരി ഇട്ടിട്ടും, മുറ്റത്തെ പുല്ലു പോലും വെട്ടാതെ വീടും പരിസരവും ആരും ഒന്നിലും തൊടാത്തതു പോലെ  നിലനിർത്തിയിട്ടും ആ ശൂന്യത എന്നെ ഉറക്കാൻ പോലും വിടാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
ഹോളിസ്റ്റിക് ചികിത്സയുടെ ചതിക്കുഴികൾ അതിനു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്.              
               സ്നേഹശൂന്യതയാണ് എല്ലാ രോഗത്തിനും കാരണം . മനസ്സ് കല്ലായി മാറുമ്പോൾ ദേഹവും അതിനു ശ്രമിക്കുന്നു . അർബുദത്തിന്റെ രീതിയിൽ അർബുദത്തിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടി സ്നേഹശൂന്യത ഉടലെടുത്തു തുടങ്ങുന്നു. "കല്ലാണ് നെഞ്ചിലെന്ന് " നമ്മൾ അറിയാതെയാണെങ്കിലും പറയുന്നത് എത്ര ശരി.
               സ്നേഹം മനുഷ്യന്റെ മാത്രം സ്വഭാവമാണ്. ഓമനിച്ച് വളർത്തുന്ന മൃഗങ്ങള്ക്ക് പോലും ആശ്രയത്വം മാത്രം. എത്ര ശക്തമെന്ന് തോന്നുന്ന ബന്ധങ്ങളും യഥാർത്ഥത്തിൽ ബന്ധനങ്ങൾ തന്നെ. ഭയം ഒരു സർപ്പത്തെ പോലെ ഇരുവരെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. ആ ഭയം മാറുമ്പോൾ അവർക്ക് വ്യക്തി സ്വാതന്ത്ര്യം മാത്രമാകും കൊതി. കിട്ടിയിട്ടില്ലാത്തതാണല്ലോ ആരും ആഗ്രഹിക്കുന്നത്.
മരിയയാണ് സ്നേഹം എന്തെന്ന് എന്നെ പഠിപ്പിച്ചത്. അത് കണ്ടു പഠിക്കേണ്ടതാണ് എന്നൊക്കെ പണ്ടേ വായിച്ചിരുന്നു. ഫിലോസഫി പുസ്തകങ്ങളിൽ. ഞാൻ വലിയ സ്നേഹസ്വരൂപൻ ആണെന്ന് ചിന്തിച്ചിരുന്നത് കാരണം അതൊന്നും വിശ്വസിച്ചിരുന്നില്ല .
              മരിയയിൽ നിന്നാണ് ശരിക്കും സ്നേഹം എന്തെന്ന് കണ്ടു പഠിച്ചത്. ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങൾക്കും മീതെ ഒരു രക്ഷാകവചം കൂടിയായിരുന്നു മാറിയ പഠിപ്പിച്ച സ്നേഹം
ഹോളിസ്റ്റിക്ക് ചികിത്സാരീതി സ്വീകരിക്കാൻ പ്രേരിപ്പിച്ചതും അത് തന്നെയാണ്
               ഡോക്ടർ കോശിയെ കൂടുതലായി രോഗികൾ കാണാൻ വരുന്നത് അസുഖം ഭേദമായി കഴിഞ്ഞാണ് എന്ന് എല്ലാരും പറയുന്നതിൽ ഒരു സത്യവുമുണ്ട് .
                 സീനയുടെ ജീവിതത്തിൽ കിട്ടാതെ പോയതും ഈ സ്നേഹമായിരുന്നു. അത് അവളെ രോഗിയാക്കിയപ്പോൾ അവളുടെ ഭർത്താവിന്റെ ബന്ധുക്കൾ പോലും അവളെ ശപിച്ചു. അവൾക്ക് അവളെ പോലും വെറുക്കാൻ അത് കാരണമാക്കി.
                 എല്ലാ മനുഷ്യന്റെയും ഉള്ളിൽ മഞ്ഞുപോലെ ഉറഞ്ഞുപോയ സ്നേഹമാണ് രോഗങ്ങളുടെ ഒറ്റമൂലി. ആ മഞ്ഞു ഉരുക്കുവാൻ വേണ്ടി പ്രയാസപ്പെടുന്നതിന്റെ കഥകൾ കേൾക്കാനും പുതിയ വഴികൾ പരിചയപ്പെടുത്താനും എനിക്ക് ഒരു സ്നേഹസാഗരം തന്നെ വീട്ടിലുണ്ടായിരുന്നു. കുഞ്ഞോളങ്ങൾ മാത്രമുള്ള ഒരു ശാന്തസമുദ്രം. ശാന്ത എന്ന ഒരു സ്ത്രീ നാമമാണ് ഞാൻ വീട്ടിനു പോലും ഇട്ടത്.
                   മരിയയുടെ മരണത്തിനു ശേഷം അതെല്ലാം മാറിപ്പോയി. സ്നേഹസാഗരം വറ്റി വരണ്ടപ്പോൾ ജീവിതം ഒരു വലിയ ചെളിക്കുണ്ടു മാത്രമായി
                   പഴയതു പോലെ രോഗികളുമായി അടുത്തിടപഴകാൻ താത്പര്യമോ ധൈര്യമോ ഇല്ലാതായി . ഒരു കാരണവും പറയാതെ റിസപ്‌ഷനിലെ പെൺകുട്ടി ജോലി നിർത്തിപ്പോയി.
                 അന്വേഷിക്കാൻ വിട്ട നഴ്സിനോട് 'സാറ് വല്ലാതെ മാറിപ്പോയി എന്ന് പറഞ്ഞത് ആ നഴ്സ് വന്നു എന്നോട് പറയുമ്പോൾ അതിൽ അവർ സ്വന്തമായി ഒരു കുറ്റപ്പെടുത്തലിന്റെ മൂർച്ച കൂടി ചേർത്തുവെച്ചു.
                റിസപ്‌ഷനിൽ പിന്നീട് വന്നത് ഒരു പയ്യനായിരുന്നു. നഴ്സിംഗ് പാസ്സായതാണ്. എനിക്ക് രണ്ടു നേഴ്‌സുമാരുടെ ആവശ്യമില്ലാത്തതു കൊണ്ടാണ് അവനെ റിസപ്‌ഷനിസ്റ്റ് ആക്കിയത് അവൻ വളരെ സ്നേഹത്തോടെ  ഇടപെട്ടു. അവനിൽ ഒരു സ്ത്രൈണത ഒളിഞ്ഞു കിടക്കുന്നത് തിരിച്ചറിഞ്ഞപ്പോഴേയ്കും ഏറെ താമസിച്ചു പോയിരുന്നു.
               പലപ്പോഴും എനിക്ക് അതിൽ കുറ്റബോധം തോന്നുകയും ചെയ്തു. അവനിൽ സ്ത്രൈണത ഒളിഞ്ഞു കിടന്നതാണോ എന്റെ പെരുമാറ്റം അവനെ അങ്ങനെ ആക്കിയതാണോ എന്നായിരുന്നു സംശയം. ആദ്യമൊക്കെ അവനെ കുറ്റപ്പെടുത്തിയിരുന്നു എനിക്ക് അത് എന്റെ തെറ്റാണെന്നും തോന്നി. ജനനം കൊണ്ടോ സാഹചര്യം കൊണ്ടോ അവയിലുണ്ടായ വ്യതിയാനങ്ങൾ അവൻ സമർത്ഥമായി അടക്കി വെച്ചിരുന്നല്ലോ. എന്റെ സാമീപ്യവും പെരുമാറ്റവുമല്ലേ അതെല്ലാം മാറാ നീക്കി പുറത്തു കൊണ്ടുവന്നത്?
               ജീവിതത്തിൽ ഒരു വശത്തോട്ടു മാത്രമുള്ള വഴികളില്ല. ഞാൻ അവനിലുണ്ടാക്കിയ ചലനങ്ങൾ അവൻ എന്നിലുമുണ്ടാക്കി . അത് മനസ്സിലാക്കിയ അവന് ഏറെ സന്തോഷമായിരുന്നു. പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയത് അരുമറിയാതെയിരിക്കാൻ ഞാൻ ദുഃഖിതനും പ്രായാധിക്യമുള്ളവനുമായി വേഷം കെട്ടി നടന്നു. സ്ത്രീകൾ അധികമായി എന്റെ അടുത്ത് ചികിത്സയ്ക്ക് വരാതെയായി. നഴ്സും വരവ് നിർത്തി. അങ്ങനെയാണ് അവനു റിസപ്‌ഷനിസ്റ്റും നേഴ്‌സുമായി രണ്ടു ജോലി ചെയ്യേണ്ടി വന്നത്.
               സ്ത്രീകൾ അധികം എന്റെയടുത്ത് വരാതിരിക്കാൻ അവർ ശ്രമിക്കുന്നതായി കണ്ടെങ്കിലും ആദ്യം അവനെ അവനെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ഒടുവിൽ പറഞ്ഞപ്പോൾ പിണക്കവും പരിഭവുമൊക്കെയായി. ദിവസങ്ങളോളം അവൻ മിണ്ടാതെയും മുറിക്കുള്ളിൽ പോലും വരാതെയുമിരുന്നു. ആ ദിവസങ്ങൾ വേദന നിറഞ്ഞതായിരുന്നു . മരിയയുടെ മരണം വീണ്ടും ഉണ്ടായതു പോലെ തോന്നി .
              ഇന്ന് സീന വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ കൂടുതൽ അസ്വസ്ഥനായിരുന്നു. ഞാനും.
എന്റെ അസ്വസ്ഥതയ്ക് കാരണം സീനയുടെ രോഗം പതുക്കെ വീണ്ടും പിടി മുറുക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നു .
             അർബുദത്തിന്റെ രൂപത്തിലല്ല അകാരണമായ ശരീരവേദനയായി  അത് തിരിച്ചു വന്നിരിക്കുന്നു. എന്താണ് സീനയുടെ ശരീരത്തിനും മനസ്സിനും വേണ്ടത് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു.
എന്നെ ഒരു ഉരുക്കു കവചം പോലെ സംരക്ഷിക്കാൻ മരിയ ഇല്ല
              ആ പയ്യന്റെ പെരുമാറ്റം എന്നെ കൂടുതൽ അശക്തനാക്കിയിരിക്കുന്നു . എങ്കിലും സീനയുടെ സാമീപ്യത്തിനായി സീനയെക്കാളും ഞാൻ കൊതിക്കുന്നു.
              ജോമോൻ കൂടെയില്ല എന്നത് എന്നെ ഭയപ്പെടുത്തിയോ അതോ എന്നിൽ പ്രതീക്ഷ ഉണർത്തിയോ
             എല്ലാ സാഹസികതയിലും പ്രതീക്ഷയും ഭയവും മാറാട്ടം നടത്തുമെന്നത് ഓര്മ വന്നു
             സീനയെ അകത്തേയ്ക്ക് വിളിക്കുന്നതിന് മുൻപ് മരിയയുടെ ചിത്രത്തിൽ നോക്കി ഒരു നിമിഷം ഇരുന്നു
              കാൽവരിയിലെ കൃസ്തുവിന്റെ പ്രാര്ഥനയായിരുന്നു മനസ്സിൽ. "ഈ പാനപാത്രം എന്നിൽ നിന്നും തിരിച്ചെടുക്കേണമേ. എങ്കിലുംഎന്റെ മനസ്സല്ല അങ്ങയുടെ മനസ്സെങ്കിൽ അങ്ങയുടെ ആഗ്രഹം നടക്കട്ടെ"
എന്താണ് എന്റെ മനസ്സിലെ ആഗ്രഹം എന്ന് ഉള്ളിലേയ്ക്ക് ഊളിയിട്ടുകൊണ്ടിരുന്നപ്പോഴാണ് സീന കയറി വന്നത് .
              അവൾക്ക് പ്രായം കൂടിയതുപോലെ തോന്നി . കാലം മാത്രമല്ല പ്രായവും ആപേക്ഷികമാണ്, മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ. എന്റെ ഉള്ളിലെ പ്രായം കുറഞ്ഞു. സീനയ്ക്ക് അത് കൂടുകയാണ്.
എന്നിട്ടും അവളുടെ ഉടലിൽ നിന്ന് കണ്ണുകളെ പറിച്ചെടുക്കാൻ പ്രയാസപ്പെട്ടു. അത് കണ്ട് അവൾ അസ്വസ്ഥ ആയതുപോലെ തോന്നി. ദൂരെ ശൂന്യതയിലേക്ക് കണ്ണുകളെ പായിക്കാൻ നോക്കി. മുഖത്ത് നോക്കാതെ തന്നെ ഞാൻ അവളോട് ടേബിളിൽ കയറി കിടക്കാൻ പറഞ്ഞു.
              കിടന്നപ്പോൾ അവൾ ഒരു സർപ്പസുന്ദരിയെ പോലെ തോന്നിച്ചു. വിരലുകൾ ദേഹത്തു തൊട്ടപ്പോൾ പുളയുന്നത് വേദന കൊണ്ടെന്ന് വാക്കുകളിലൂടെ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. 
             ശരീര ഭാഷയാണ് സത്യമെന്നതും വാക്കുകൾ ആ സത്യത്തെ മറയ്ക്കാനുള്ളതാണെന്നതും ഒരു ഡോക്ടർ ആദ്യം പഠിക്കുന്ന പാഠമാണ് .
              എന്റെ വിരലുകളും കണ്ണുകളും പതിനായിരം സർപ്പങ്ങളായി ആ സർപ്പസുന്ദരിയുമായി  ഇണ ചേർന്നു.
              വേദന, വികാരത്തിന് വഴിമാറിയ നിമിഷത്തിൽ അവളുടെ ശ്വാസം വിലങ്ങി . ഫണമുയർത്തി ആ നാഗകന്യക കിടക്കയിൽ നിന്ന് ആഞ്ഞു കൊത്തുവാൻ വെമ്പി. വിഷമേൽക്കാത്ത സ്നേഹദംശം.
              ഉള്ളിൽ നിന്ന് ഉയർന്നു വന്ന സീൽക്കാരങ്ങൾ അവൾ ചുമയാക്കി മാറ്റി .
             അവളുടെ മാറ് ഇരയെടുക്കുന്ന ഒരു സർപ്പത്തിന്റേതു പോലെ ഉയർന്നു താഴാൻ തുടങ്ങി
ഇതെല്ലം എന്റെ ഭാവനയാണെന്ന് ഞാൻ സംശയിക്കാതെ ഇരുന്നില്ല .
            കണ്ണുകൾ പതിയടച്ച് ഒരു നിമിഷം നിന്നപ്പോൾ ഉള്ളിലെ കടൽ അടങ്ങി കുഞ്ഞോളങ്ങൾ നിറഞ്ഞ ഒരു തടാകം പോലെ ശാന്തമായി
            പിന്നെ അതിരുകൾ മറന്ന് തടാകം വീണ്ടും ശാന്തമായ ഒരു സ്നേഹസാഗരമായതും നിമിഷങ്ങൾ കൊണ്ടായിരുന്നു.
            സീനയും തളർന്നതുപോലെ കിടക്കയിലേക്ക് വീണ്ടും കിടന്നു
             അവൾ അപ്പോഴും ചുമയ്ക്കുന്നുണ്ടായിരുന്നു
            എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ഉള്ളിലെ സ്നേഹസാഗരം മെല്ലെ പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു
            ഞാൻ വീണ്ടും അവളുടെ അടുത്തെത്തി
            തളർന്നുറങ്ങുന്ന അവളുടെ പാതിയടഞ്ഞ കണ്ണുകൾ നിറഞ്ഞിരുന്നു
            ശാന്തമായ മനസ്സോടെ അവളുടെ കഴുത്തിൽ തഴുകി മെല്ലെ ഉണർത്തിയപ്പോൾ വേദന തീരെ ഇല്ലാതായി എന്ന് അവൾ പറഞ്ഞു, ഒരു സ്വപ്നത്തിലെന്നപോലെ.
             അവൾ പോകുന്നത് ജനാലയിലൂടെ നോക്കി നിന്ന്. ചുണ്ടിലെ മായാത്ത പുഞ്ചിരിയോടെ, കൈത്തലം കൊണ്ട് കണ്ണ് തുടച്ച് അവൾ കാറിൽ കയറുമ്പോൾ ആ പയ്യൻ ഓടിച്ചെല്ലുന്നത് കണ്ടു. അവന്റെ വാക്കുകൾ എനിക്ക് മനസ്സിൽ കേൾക്കാമായിരുന്നു.
              കഷ്ടം! കാണാനാകാത്ത സ്വപ്‌നങ്ങൾ എല്ലാവര്ക്കും പേക്കിനാക്കൾ തന്നെയായിരിക്കണം 
              തിരിഞ്ഞു നോക്കിയപ്പോൾ മാലയിട്ട രൂപത്തിലൂടെ എന്നെയും നോക്കിയിരിക്കുന്ന മരിയയെ കണ്ടു. ആ കണ്ണുകളും നിറഞ്ഞിരിക്കുന്നതായും പാതിതുറന്ന ആ ചുണ്ടുകൾ ഒരു ചുംബനത്തിന് കൊതിക്കുന്നതായും എനിക്ക്  തോന്നി.



































അക്ഷരം



ഹോസ്പിറ്റലിലെ കാന്റീനിൽ ചില്ലറയുടെ പ്രശ്നം ഉണ്ടായതു കൊണ്ടാണ് ഒരു മാതൃഭൂമി വാരിക വാങ്ങിയത് വീട്ടിലെത്തിയതും വായന തുടങ്ങി. കഥ വായിച്ചിട്ട് ഇഷ്ട്ടപ്പെട്ടില്ല. പിന്നെ ഒരു അഭിമുഖം വായിച്ചു  എഴുത്തിനെ കുറിച്ച് ഒരു ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ ആ അഭിമുഖം എനിക്ക്  കിട്ടിയത് അതിശയം തന്നെ.
മനോരഞ്ജൻ ബ്യാപാരി ഇന്ന് ലോകം അറിയുന്ന എഴുത്തറ്റുകാരനാണ്. ദളിത കുടുംബത്തിൽ ജനിച്ച് ദാരിദ്ര്യം കാരണം സ്‌കൂൾ കാണാൻ പോലും ഭാഗ്യം ലഭിക്കാതെ വളർന്നും തളർന്നും പല പല കൂലിപ്പണികൾ ചെയ്ത് 25 വയസ്സിലെത്തിയ മനോരഞ്ജനെ കാത്തിരുന്നത് അടിയന്തിരാവസ്ഥയും ജയില്വാസവുമായിരുന്നു.
സ്വന്തം കുറ്റപത്രം വായിച്ചു നോക്കാൻ പോലും അക്ഷരമറിയാതിരുന്ന അദ്ദേഹത്തെ ഒരു സഹതടവുകാരൻ അക്ഷരം പഠിപ്പിച്ചു
വായന വൃതമാക്കിയ അദ്ദേഹം പിന്നീട് അറിവിന്റെ അധിപനായി. ജീവിക്കാൻ വേണ്ടി മാത്രം കുറച്ചു സമയം ഓട്ടോ ഓടിച്ചു.
ഒരിക്കൽ ഓട്ടോയിൽ മഹേശ്വേതാ ദേവിയുടെ 1084: അമ്മ എന്ന പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ ഓട്ടോയ്ക്ക് നേരെ പ്രായമായ ഒരു സ്ത്രീ നടന്നു വന്നു. നാലഞ്ച് പേജ് കൂടി വായിച്ച് തീരാനുള്ള പുസ്തകം സീറ്റിനടിയിൽ വെച്ച് ആ വൃദ്ധയെ അദ്ദേഹം ഓട്ടോയിൽ കയറ്റി. യാത്രയ്ക്കിടയിൽ താൻ വായിച്ചു കൊണ്ടിരുന്ന പേജിലെ ഒരു വാക്കിന്റെ അർത്ഥവും അവരുടെ ചോദിച്ച് മനസ്സിലാക്കി.
അയാൾക്ക് എവിടെ നിന്ന് ഈ വാക്കു കിട്ടിയെന്ന് അവർ ചോദിച്ചു
വായിച്ച നോവലിൽ നിന്നാണെന്ന് അയാൾ പറഞ്ഞു
പിന്നെ അയാൾ വായിച്ച പുസ്തകങ്ങളെ കുറിച്ചായി ചർച്ച
യാത്രയുടെ ഒടുവിൽ ഇത്രയധികം വായിച്ച സ്ഥിതിക്ക് വല്ലതുമൊക്കെ എഴുതണമെന്നും താൻ അത് പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്നും അവർ പറഞ്ഞു. അവരുടെ അഡ്ഡ്രസ്സും കൊടുത്തു
അതിലെ പേര് കണ്ടു ഞെട്ടിയ മനോരഞ്ജൻ മഹേശ്വേതാ ദേവിയെ അയാൾ വായിച്ച് കൊണ്ടിരുന്ന പുസ്തകം എടുത്ത് കാണിച്ചു
തുടർന്ന് അദ്ദേഹം ധാരാളം കഥകൾ പ്രസിദ്ധീകരിക്കുകയും കടം വാങ്ങിയ കാശുകൊണ്ട് ഒരു പുസ്തകം തീരെ കുറഞ്ഞ പേപ്പറിൽ അച്ചടിച്ചെടുക്കുകയും സ്വന്തമായി തന്നെ വഴിയിൽ ഒരു തുണി വിരിച്ച് അതിലിട്ട് പുസ്തകങ്ങൾ വിൽക്കുകയും ചെയ്ത. ഒരു ദിവസം 200 കോപ്പി വരെ വിറ്റു.
പിന്നീട് 2007 പ്രഫസർ മീനാക്ഷി മുഖര്ജി EPW മാസികയിൽ എഴുതിയ ലേഖനത്തെ തുടർന്ന് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു
ദളിത് ജീവിതത്തിന്റെ ഓർമ്മപ്പാടുകൾ രേഖപ്പെടുത്തി ഇദ്ദേഹം എഴുതിയ പുസ്തകം 2019 ലെ ഹിന്ദു ലിറ്റററി പ്രൈസ് നേടി. വേറെയും ധാരാളം പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്
അന്ന് മഹേശ്വേതാ ദേവിയെ അദ്ദേഹത്തിന്റെ ഓട്ടോ റിക്ഷയിലേയ്ക്ക് നയിച്ച ശക്തി തന്നെയാകണം എഴുതിത്തുടങ്ങുന്നവർക്കായി ഒരു ബ്ലോഗ് തുടങ്ങുന്ന ഇന്ന് തന്നെ ഈ വാരികയും എന്റെ കൈകളിൽ എത്തിച്ചത്.
ആ വിശ്വാസത്തോടെ എഴുതുക
നമുക്ക് തത്കാലം മറ്റൊന്നും ചെയ്യാനില്ല
ദൈവം അക്ഷരമാണ് അക്ഷരം ദൈവവും
 








Friday, May 24, 2019

വഴി മാറി ഒഴുകി വീട്ടിലെത്തിയ ആറ്റുവെള്ളം
മടങ്ങാൻ വഴിയില്ലാത്ത ജീവിതം ഭൂപടം നോക്കി തുരുത്തുകളിലേയ്ക്ക്
ഇതെന്താ ഈ ഭൂമദ്ധ്യരേഖ ഇവിടെ വളഞ്ഞിരിക്കുന്നത്

Tempest

 From Shakespeare's Tempest

ആദ്യമായാണു ഞാനാണിനെ കാണ്മതു
മിദ്വീപിന്നുമപ്പുറം കാണാൻ കൊതിപ്പതും
ഇതുപോലെയൊരുരൂപമില്ലീ കരയ്ക്കെങ്ങു
മതിനാലെന്നത്ഭുതം വ്യക്തം
ആരാണു പേരെന്ത് നാടേതെ നൊക്കെ ഞാൻ
ഒരുപാട് ചോദിച്ചിടട്ടേ
ഫെർ ഡിനാൻഡെന്നനിൻ പേരു കേൾക്കുമ്പോഴെ
അറിയുന്നു ഞാൻ നിന്റെ ഉള്ളം

അരുതെന്നു താതൻ വിലക്കിയിട്ടുണ്ടെൻറെ
പേരുചോല്ലാൻ പോലുമാകാ
ഒരുവേളയെന്നച്ഛനറിയില്ല നിന്നോടു
പേരു ഞാൻ ചൊല്ലാം "മിറാൻഡ"
പേരുപോലത്ഭുത സ്തബ്ധയാണെപ്പൊഴും
താരും തളിരുമെൻ തോഴർ
ആരുമില്ലച്ഛനാണെല്ലാമെനിക്കെന്നു
തീരുമീ അജ്ഞാത വാസം
ഏറിയൽ, കാലിബൻ, കാറ്റും കടലുമു
ണ്ടേറെക്കളിക്കൂട്ടരില്ല
മറനീക്കി യൗവ്വനം മിഴി തുറക്കുന്നതും
അറിയുന്നു ഞാൻ നിൻറെ ചാരെ
ഓർമ്മയിൽ താഴിട്ടു സൂക്ഷിച്ച കാലങ്ങ
ളറിയാതെ ഇന്നോർ ത്തു പോയി
മറവിയിൽപെട്ടോരു  കൊട്ടാരവും പിന്നെ
യറിയാത്ത സമ്പൽസമൃദ്ധി

ടെമ്പെസ്ടിലെ ഒരു ഭാഗം

 നവരാത്രി മേളം
ഉറക്കെമേയില്ലെന്നാലും ഉണർത്തുവാനാളില്ലെങ്കിൽ
പറന്നങ്ങുമറഞ്ഞേക്കാം ദിനം വർഷംയുഗം പോലും
ചെറുതായിട്ടിളകുമീയിലയ്ക്കൊപ്പമിടയ്ക്കിടെ
ചെറുത്തുനിൽക്കുവാനാകാതൊരുമോഹം തുടിക്കുന്നു

കൊടും ചൂടിൽ തളർന്നു നീയുറങ്ങുമ്പോഴടുത്തു ഞാൻ
ഇളം കാറ്റായ് ജനാലയ്ക്കലൊരിക്കൽ വന്നണഞ്ഞോട്ടേ
മയക്കം വിട്ടുണർന്നുനീ മിഴി ചിമ്മിത്തുറക്കുമ്പോൾ
ജലത്തിൻറെ തണുപ്പായിട്ടീ മുഖത്തെപ്പുണർന്നോട്ടേ

ഇരുട്ടിൽ നീ തെളിക്കുന്നീ വിളക്കിൻറെ പ്രകാശം ഞാൻ
പരക്കും നിൻ മിഴിക്കോണിൽതെളിഞ്ഞ താരങ്ങളായി
തുറക്കും നീയൊരു കാവ്യം നിറഞ്ഞ പുസ്തകമെങ്കിൽ
പടരും ഞാനതിൽ നീളെ ത്തുടിക്കുമക്ഷരങ്ങളായ്

വിചാരങ്ങൾ കാവലേൽക്കും മനസ്സിൻറെയതിർത്തിയിൽ
വികാരത്തിൻ മറ പറ്റിക്കടക്കും ചാരനെപ്പോലെ
തടസ്സങ്ങൾ തട്ടി മാറ്റി പ്പ്രതിരോധത്തെയും നീക്കി
സുരലോകം തൊഴുന്ന നിന്നുള്ളിലിന്നെൻ അശ്വമേധം

ഉടമയെങ്കിലുമെന്നും അടിമയായ് രസിക്കും ഞാൻ
മടിയതില്ലിവനൊട്ടും കഴൽ നിന്റെ തഴുകാനും
പടിയടച്ചകലത്തു നിർത്തും ഉള്ളിലൂറും ദു:ഖമെല്ലാം
കാടുപൂത്തതു കണ്ട ശലഭം പോലെയുയരും നിന്റെയുള്ളം

മധുരമീ നവരാത്രി കാലം കഞ്ജബാണൻ പൂജവെച്ചോ-
രസ്ത്രമെല്ലാം ഞാനെടുത്തിട്ടിന്നു തന്നങ്ങെയ്ത് നോക്കും
അഞ്ചുമല്ലയ്യഞ്ചുമല്ലമ്പതും പിന്നൊന്നുമാണീയക്ഷരങ്ങള-
വയ്ക്കുമുന്നിൽ തോറ്റു പോകാൻ നീ ശ്രമിക്കും


വഴി



പകലൊടുങ്ങാത്ത പാഴ്വീ ഥിയൊക്കെയും
പകുതിയോളം നടന്നു തളർന്നു ഞാൻ
അകലെയാണു നീ നിൻനിഴൽ പോലുമെൻ
വികലനേത്രത്തിലൊട്ടും പതിഞ്ഞിടാ

ഇരവു തോറുമീദുസ്വപ്നവേള കൾ
ഇരകളാക്കുന്നു ഹൃത്തിന്നെയെപ്പൊഴും
ഇരുളിനുള്ളിലായെങ്ങൊ തെളിഞ്ഞൊരാ
ചെരുചിരാതിലെൻ ചിറകും കരിഞ്ഞുപോയ്

കവിതയുറാതെയുള്ളും വരണ്ടുപോയ്
ചുവടുതെറ്റിയെൻ പാദം പിണഞ്ഞുപോയ്
ശവസമാനനായ് കാത്തിരിക്കുന്നു ഞാൻ
എവിടെയാണെന്റെ വാല്മീകമെത്തണം

ഏതു ശക്തമാം കാറ്റിലെൻ ജീവിതം
പാതവക്കിലെ ദീപമായ് കെട്ടുപോയ്
ഏതു കാറ്റിലെൻ ലോലമാം തൂലിക
പാതിവാക്കിലെൻ കൈകളെ വിട്ടു പോയ്

ആരുമാരും അറിഞ്ഞില്ലഹല്യയായ്
ദൂരെ ദിക്കിൽ നീ കാത്തു കിടന്നതും
കാറ്റു വന്നൊരു സമ്മാനമായ്‌, മഷി
വറ്റിടാത്തോരീ തൂലിക തന്നതും

ഇന്നലത്തെയഹല്യയല്ലിന്നു നീ
മന്നിടം വിട്ടു വിണ്ണിൽ തിളങ്ങണം
എണ്ണമറ്റൊരു കാവ്യങ്ങളെത്രയൊ
ജന്മമേൽക്കാൻ കൊതിപ്പു നിന്നുള്ളിലായ്

കാകളി  ചൊല്ലി പാറിപ്പറക്കണം
താഴെ യെന്റെയീ വാല്മീകമെത്തിയാൽ
പാടണം നല്ലോരീരടിയെങ്കിൽ ഞാൻ
മൃത്യു വിട്ടങ്ങുണർന്നെഴുന്നേറ്റിടാം







നമ്മളെല്ലാരും

എസ് കെ 
 
അന്യരുടെ വാക്ക് കേട്ട്
അതുവഴി ഇതുവഴി പലവഴി
പെരുവഴി മറുവഴി കുറുവഴി
ഇടവഴിയൊക്കെ നടന്നിട്ടും
ഒടുവിലെത്തിയത് എന്നിൽ തന്നെ
പറഞ്ഞതെല്ലാം അന്യൻറെ തലയോട്ടിയിൽ
തട്ടിത്തെറിച്ച് കാതിൻറെ വഴിക്ക് വന്നു വീണപ്പോൾ
അതിഥി ദേവോ ഭവ എന്നോർത്ത്
പൂമെത്ത കൊടുത്ത്
വേഴ്ചയും പലിശയും
തിരിച്ചു വാങ്ങി

ഞാനിതിൽ വീണതുകൊണ്ട്
ഇത് ഞാൻ തന്നെ കുഴിച്ച കുഴി
ഞാൻ ചിരിച്ചതു കൊണ്ട്
ഇതെന്റെ തന്നെ ഫലിതം
ഞാൻ വിസർജിച്ചതു കൊണ്ട്
ഇതിന്നലത്തെസ്സദ്യ
ഞാൻ പഠിപ്പിച്ചതുകൊണ്ട്
ഇത് ഞാൻ പഠിച്ച പാഠം

പട്ടിൽപൊതിഞ്ഞ കിരീടവും
വീഞ്ഞിൻറെ കറ വീണ വസ്ത്രവും
പന്നിത്തോലിന്റെ ചെരുപ്പും
ലേലത്തിൽ കിട്ടിയ ഭിക്ഷപാത്രവും
എൻറെ കൊടിയടയാളങ്ങൾ
പരുന്തിനൊപ്പം പറക്കുനവ

അകറ്റിനിർത്തീട്ടും തൊടാൻ കൊതിച്ചതും
തേവരു വന്നെന്നെയാട്ടിയോടിച്ചതും
എങ്ങളെ ചണ്ഡാളരെന്നു വിളിച്ചൊരാ
പുസ്തകം വായിച്ചു മോക്ഷം കൊതിച്ചതും
കല്ലിനെ തൊട്ടു വണങ്ങിയെൻ ജീവിതം
കല്ലിന്നു മേലെ കുരുതിക്ക് വെച്ചതും
ആറേഴു പേർ നിന്ന് നൃത്തം ചവിട്ടിയോ-
രമ്പിളിത്തുണ്ടിനെത്തൊഴുതങ്ങു നിന്നതും
പാലുതരാത്തൊരു പയ്യിനെക്കൊന്നവ
ന്നമ്മയെക്കൊന്നങ്ങുകേമനായ് തീർന്നതും
മണിമേട മുന്നിലായ് പുൽക്കൂട്‌ തീർത്തതും
അഭയം കൊടുത്തിട്ടു മരണം വിധിച്ചതും
എന്നുടെ മാത്രം പുരാണമാണെന്നുടെ
 പല്ലിട കുത്തി മണപ്പിക്കയാണു ഞാൻ
ചിന്തയും യുക്തിയും പണയം കൊടുത്തു ഞാ
നെന്റെയീ നാവിനു ചങ്ങല തീർക്കുവാൻ

ചിന്തയ്ക്കു ചങ്ങല മരണമേയുള്ളെന്നു
തെല്ലുമോർക്കതെ തടവിലാണിന്ന്‌ ഞാൻ
നീലക്കടമ്പുപോൽ നീ തെളിഞ്ഞുള്ളിലെന്നുള്ളം
നിറഞ്ഞു കവിഞ്ഞുപോയി
മാനത്തെ മൂടുമീ കാർമുകിൽ കണ്ടു ഞാൻ
പീലിത്തിരുമുടിയോർത്തുപോയി
                                                   (നീലക്കടമ്പുപോൽ)

പൂമ്പാറ്റ പാറുമീ തോപ്പിലിരുന്നു ഞാൻ
കാത്തുകാത്തൽപ്പം മയക്കമായി
നിന്നോടക്കുഴൽ കേൾക്കെ നിദ്രവെടിഞ്ഞു ഞാൻ
നിന്നടുത്തെത്തുന്നു നൃത്തമാടാൻ

                                                    (നീലക്കടമ്പുപോൽ)
തോഴിമാരൊത്ത്‌ ഞാൻ നിന്നോട് ചേർന്ന് ഞാൻ
ആടുന്നു പാടുന്നു രാവുനീളെ
ഈ പ്രപഞ്ചം പോലും നിർവൃതിയിൽ മുങ്ങി
താളത്തിൽ ചോടുകൾ നാടുനീളെ
ചോരവീണ മണ്ണിൽ നിന്ന് തന്നെ വന്ന കവിതയാണ് 
പഞ്ചചാമരം എന്ന വൃത്തം 
ലോകമേ യാത്ര എന്ന കവിതപോലെ 
എളുപ്പമുള്ള വുത്തമാണ് 
മലയാള ഭാഷയ്ക്ക് എളുപ്പം വഴങ്ങും 
 
 ഉത്സവശേഷം   

അടുത്തു ചേർന്നു നിന്നു നീ പറഞ്ഞ കാര്യമൊക്കെയും
മടിച്ചിടാതെ പങ്കു വെച്ച് കൂട്ടരൊത്തു ഞാൻ സഖീ
എത്ര ഭാഗ്യമെന്നവർ പുകഴ്ത്തിയെന്റെ ജീവിതം
ഇത്രയെന്റെ ജീവിതം തളിർത്തിടുന്നിതാദ്യമായ്

മഞ്ഞു വീണരാത്രി നീളെ കൂരിരുട്ടു ചൂടി നാം
ഒന്നു ചേർന്നു കുന്നിലുള്ള പാറമേലിരുന്നതും
ഉത്സവം കൊഴുക്കുമേതു കാവിലങ്ങു ദൂരെയായ്
മത്സരിച്ചിടുന്നിതഗ്നി ഗോപുരങ്ങൾ വാനിലും

കണ്ടു ഞാനതേ തിളക്കമന്നു നിന്റെ മിഴിയിലും
ചെണ്ടുമല്ലി പോലെ ദീപ്തമായി നിന്റെ വദനവും
ഉജ്ജ്വല പ്രഭയ്ക്കു ശേഷമിരുളു വന്ന മാത്രയിൽ
സ്ഫോടനത്തിനൊലികൾ കേട്ടു തെല്ലുനീ നടുങ്ങിയോ

കാതുപൊത്തിയമ്പരന്നു കണ്ണു പൂട്ടിയന്നു നീ
എന്റെ മാറിലൊരു തണുത്ത തളിരുപോലെ ചാഞ്ഞതും
കൈകളാൽപുണർന്നു പിഞ്ചുകുഞ്ഞുപോലെ നിന്നെ ഞാൻ
നെഞ്ചിൽ നിന്നു മാറിടാതെ നിദ്രയായി നീ സഖീ

ഉത്സവം കഴിഞ്ഞ നേരമൊത്തു കുന്നിറങ്ങി നാം
കൈകൾ കോർത്തു നിന്നു രാവിലന്നു കാട്ടുചോലയിൽ
കാൽനനച്ചു കൈനനച്ചു ദേഹവും നനച്ചുനാം
മത്സ്യമിഥുനമെന്ന പോലെയരുവിയിൽ കിടന്നതും

ആദ്യ കിരണമേറ്റു മണ്ണു മഞ്ഞിലീറനായതും 
ആരുമേയറിഞ്ഞിടാതെ രാത്രിയിൽ നടന്നതും
ശയനമുറിയിലീറനോക്കെ മാറ്റി നിന്ന വേളയിൽ
രാസകേളി പിന്നെയും തുടർന്നതും മറന്നുവോ

മെതികഴിഞ്ഞു വയലൊരുക്കി വിതകഴിഞ്ഞ നാളിൽ നീ
കണവനോടൊത്തൊന്യ  നാട്ടിലിന്നു നല്കുടുംബിനി
അമ്പലത്തിലിന്നു വീണ്ടുമുൽസവം വരുമ്പോഴും
കണ്ടിടുന്നു മഞ്ഞുകാല രാത്രിയിൽ കിനാവു ഞാൻ