കാലതാമസം
(കഥയുടെ അടുക്കളയിൽ)
കഥാരചനയിൽ "ഹൂക്കിങ്ങ്" (hooking) എന്നൊരു സൂത്രമുണ്ട്. അത് പ്രാക്ടീസ് ചെയ്യാനായി രണ്ടുവർഷം മുൻപെഴുതിയ കഥയാണ് കാലതാമസം. ഹൂക്കിങ്ങ് എന്നത് ചൂണ്ടയിടലാണ്. ഈ ചൂണ്ടയിലാണ് വായനക്കാരൻ ഒരു മത്സ്യത്തെ പോലെ കുടുങ്ങുന്നത്.
വലിയ വലിയ കഥാകാരന്മാരും പല രീതിയിൽ ഇത് ചെയ്യാറുണ്ട്. ഏതു നല്ല കഥയുടെയും ആദ്യത്തെ വരി അല്ലെങ്കിൽ കൂടിപ്പോയാൽ ഖണ്ഡിക ശ്രദ്ധയോടെ വായിച്ചു നോക്കുക. ഞെളിഞ്ഞു പിടഞ്ഞു പുളയുന്ന കുണ്ടളപ്പുഴുവിൽ സമർത്ഥമായി ഒളിച്ചു വെച്ചിരിക്കുന്ന ഒരു ചൂണ്ടക്കൊളുത്ത് കാണാം. വായനക്കാരൻ ഒട്ടും സംശയിക്കാത്ത രീതിയിലാണ് വലിയ കഥാകാരന്മാർ ഇത് ചെയ്യുന്നത്. "എന്നും ഉച്ചയ്ക്ക് സ്‌കൂൾ വിട്ടുവരുമ്പോൾ ആ കുട്ടികൾ ആ രാക്ഷസന്റെ പൂന്തോട്ടത്തിൽ കളിക്കാറുണ്ടായിരുന്നു" (ഓസ്കാർ വൈൽഡ്.. The Giant's Garden). ആദ്യത്തെ വരിയിലെ സ്‌കൂളും രാക്ഷസനും തമ്മിലുള്ള ലോജിക് ഇല്ലായ്മയാണ് ആ കഥയിലെ ഹുക്ക്. ഈ ചേർച്ചയില്ലായ്മ എന്തെന്ന് അന്വേഷിച്ച് വായനക്കാരൻ ചെന്നെത്തുന്നത് കഥയുടെ ഒരു പൂമരം പൂക്കളം തീർക്കുന്ന ആ കഥയിലേക്കാണ്. ശൊ അറിഞ്ഞപോലുമില്ല ആ ചൂണ്ടക്കൊളുത്ത് വിഴുങ്ങിയത്. കഥ പറയുന്നില്ല. വായിക്കേണ്ടി വരും.
An old man with steel rimmed spectacles and very dusty clothes sat by the side of the road. (“The Old Man at the Bridge” by Ernest Hemingway)
ഈ കഥയിൽ തലക്കെട്ടിൽ പാലത്തിലിരിക്കുന്ന ഒരു വയസ്സനെ കുറിച്ച് പറഞ്ഞിട്ട് കഥയുടെ ആദ്യത്തെ വരിയിൽ വളരെ casual ആയി അയാൾ ഇരിക്കുന്നത് റോഡിലാണ് എന്ന് പറയുന്നു. എന്നാൽ മറ്റു വിവരങ്ങൾ എല്ലാം കൃത്യമായി ഉണ്ട്. ഒരു വയസ്സൻ എന്നേ ഉള്ളൂ. പേര് പറയുന്നില്ല. വേണ്ടാത്ത കാര്യങ്ങളിൽ വ്യക്തതയും വേണ്ട കാര്യങ്ങളായിൽ അവ്യക്തതയും. ഇതാണ് നമ്മളിൽ ആകാംഷ ഉണർത്തുന്നത്. കയ്യൊതുക്കത്തിന് പേരുകേട്ട കഥയാണ്. ഒരു നൂറു തവണ തിരുത്തി എഴുതപ്പെട്ടതുമാണ്. Typewriter കൊണ്ട് നൂറു ഡ്രാഫ്റ്റുകൾ. ചുമ്മാതല്ല നൊബേൽ സമ്മാനമൊക്കെ വാങ്ങിയത്.
ഇവിടെടെയുമുണ്ട് മിടുക്കന്മാരും മിടുക്കികളും......
- തുള്ളിച്ചാടി ഒരു പൂമ്പാറ്റയെപോലെ പാറി നടന്ന പാറുക്കുട്ടിനെ, ഒരു ചോദ്യോം പറച്ചിലുമില്ലാണ്ടാണ് അമ്മ അംഗനവാടില് കൊണ്ടന്നാക്കിത്. അത്രേംനാൾ വീട്ടിലും നാട്ടിലും എല്ലാരേം ഭരിച്ചു നടന്ന പാറുക്കുട്ടിക്കത് അത്ര രസിച്ചില്ല. (കയ്പ്പചൂരൽ ജിസപ്രമോദ്)
- മലയാളിയെ പോലെ തോന്നിപ്പിക്കുന്ന മുണ്ടും ഷർട്ടും ധരിച്ച അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ഒരു തവണ കൂടി നോക്കി (അച്ഛനും മകളും. ഹരി കേശവൻ )
- ഇതൊരു അന്വേഷണമാണ്.(ഡാനിയെന്ന കൂട്ടുകാരി by സിനി ശ്രീജിത്ത്)
- അവൾ അയാൾക്കും, അയാൾ അവൾക്കും മടുപ്പായി തുടങ്ങിയിരുന്നു. (അവർ നാലുപേർ by ജയചന്ദ്രൻ എൻ ടി)
കാലതാമസം എന്ന കഥയിൽ ഞാനും ഇത് പരീക്ഷിച്ചു. അനുശീലനത്തിനായി. അതിന്റെ വിശദാംശങ്ങൾ പ്രയോജനപ്പെടും എന്ന് കരുതി ഇവിടെ കുറിക്കുന്നു.
"ടിക്കറ്റുമെടുത്ത് റെയിൽവേസ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ കയറാൻ തുടങ്ങിയതും ജി എം വിളിച്ചു. എപ്പോഴും ആ പണ്ടാരക്കാലൻ അങ്ങിനെയാണ്. ഒരൊഴിവു കിട്ടി വീട്ടിലേയ്ക്ക് തിരിക്കാൻ തുടങ്ങുമ്പോൾ എന്തെങ്കിലും ആവശ്യം പറഞ്ഞ് ഓഫീസിൽ വരെ ഒന്ന് ചെല്ലണം എന്ന് പറഞ്ഞു വിളിക്കും."
മേലുദ്യോഗസ്ഥന്മാരെ മിക്കവാറും വായനക്കാരും ഇഷ്ടപ്പെടുന്നില്ല. ആ വ്യക്തിയെ ഇഷ്ടപ്പെടുമ്പോഴും അയാൾ പ്രതിനിധാനം ചെയ്യുന്ന ആ തട്ടുതിരിപ്പാൻ സമ്പ്രദായത്തെ നമ്മൾ വെറുക്കുന്നു. ഇത് വായനക്കാരനെ "ഇതെന്റെയും കഥയല്ലേ" എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ താദാമ്യം ഏതു കഥാഗതിക്കും അത്യാവശ്യമാണ്.
"അവിടെ ചെന്നാൽ പിന്നെ ആ ആഴ്ച യാത്ര ഉണ്ടാവില്ല. ഇപ്രാവശ്യം എന്തായാലും ടിക്കറ്റ് എടുത്തു, അത്യാവശ്യമായി വീട്ടിൽ എത്തേണ്ടതുണ്ട് എന്നൊക്കെ പറഞ്ഞു രക്ഷപെട്ടു"
ഈ വരിയിലൂടെ അയാൾ എന്തോ അത്യാവശ്യത്തിന് വീട്ടിൽ പോകുകയാണെന്ന് വായനക്കാരനെ ധരിപ്പിക്കുന്നു. കഥാപാത്രവുമായി താദാമ്യം പ്രാപിച്ചിട്ടുള്ളത് കൊണ്ട് കഥാപാത്രത്തിന്റെ ടെൻഷൻ വായനക്കാരനും അറിയാതെ പങ്കുവെയ്ക്കുന്നു.
"ഫോണ്‍ ചെയ്തു കഴിഞ്ഞപ്പോഴേക്കും വിളിച്ച ആൾ തൊട്ടു പിന്നിലെത്തി തോളിൽ തൊട്ടു.
ട്രീസ, എഞ്ചിനീയറിംഗിന് എന്റെ കൂടെ പഠിച്ച ബ്യൂട്ടി
ഓ മൈ ഗോഡ്. ഇവളെവിടുന്നു പൊട്ടിവീണു!"
കഥാപാത്രത്തിന്റെ ഈ excitement വായനക്കാരന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടിക്കാനുള്ളതാണ്. ഇങ്ങനെയുള്ള ഒരു പെണ്ണിനോടുള്ള കൊതി ആണിനും അങ്ങനെയൊരു പെണ്ണാകാനുള്ള കൊതി പെണ്ണിനും ഉള്ളത് ഇവിടെ ഗുണം ചെയ്യുന്നു.
ഇവിടെയാണ് ശരിക്കും ചൂണ്ടയുള്ളത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇനിയെന്ത് സംഭവിക്കും എന്ന ആകാംഷ ഏത് വായനക്കാരനും ഉണ്ടാകും. അത് നമ്മുടെ സംസ്കാരശൂന്യതയാണ്. അടുത്തവീട്ടിലെ "വക്കണ' അറിയുവാൻ പണ്ടേ കൊതിയായിരുന്നു. പിന്നെ ആ വീട്ടുകാർ മതിൽ കെട്ടി. ഭാഗ്യത്തിന് അപ്പോഴേയ്ക്കും ടി വി യിൽ അതൊക്കെ കാണിച്ച് തുടങ്ങി. സീരിയൽ എന്ന പേരിൽ. സമാധാനം. ഈ സംസ്കാരശൂന്യതയാണ് കഥയുടെ യഥാർത്ഥ തീം. The joke is on the reader.
ഈ ഹുക്കിൽ കുരുങ്ങിയ വായനക്കാരൻ ആ യുവാവോ യുവതിയോ ആയി മാറുന്നു. അവരുടെ വികാരങ്ങൾ പങ്കുവെയ്ക്കുന്നു. (എന്റെ കഥകളിൽ കൂടുതലും വായിക്കപ്പെട്ട കഥയാണ് ഇത്!) അവരുടെ സ്വകാര്യതയിൽ കൈകടത്തുന്ന കണ്ണ് കടത്തുന്ന എല്ലാവരെയും വെറുക്കുന്നു. നമ്മൾ അവരായ സ്ഥിതിക്ക് അവരുടെ സ്വാകാര്യത നമ്മുടെയും സ്വകാര്യതയാണ്. അതിൽ കൈ കടത്താൻ നമ്മൾ ആരെയെങ്കിലും സമ്മതിക്കുമോ? പെണ്ണിന്റെ ദേഹവർണ്ണയിലൂടെയും ആണിന്റെ ആർത്തിവർണ്ണനയിലൂടെയും വായനക്കാരന്റെ മനസ്സിൽ ഒരു പാണ്ടിലോറി നിറയെ ലഡ്ഡു വന്നിറങ്ങുന്നു. സദാചാരമുഖം മുടിയൊക്കെ വെറും പുറം "മോഡി" ആണെന്നൊക്കെ നമ്മൾ തിരിച്ചറിയാതെ തന്നെ അതൊക്കെ ഊരിക്കളഞ്ഞു നമ്മളും ഒരു നഗ്നവാനരനാവുന്നു.
കഥയുടെ അവസാനം ഒന്നും നടക്കാതെ വരുമ്പോൾ സ്ഖലിത ശോഷിതനായി വായനക്കാരനിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞിട്ടാണ് കഥാകൃത്തായ ശ്രീധർ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരി
"കൊച്ചിയിലെത്തുമ്പോഴേയ്ക്കും മട്ടാഞ്ചേരിയ്ക്കുള്ള സെന്റ് ജോർജ്ജ് പോയിട്ടുണ്ടാവും."
ഈ വരിയിലെ സെന്റ് ജോർജ്ജ് എന്ന പേരും ലൈംഗികതയുടെ എതിർപദമായാണ് തിരഞ്ഞെടുത്തത്.
വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ഈ കഥയുടെ അന്തസ്സാര ശൂന്യത ആർക്കും നിരാശ ഉണ്ടാക്കിയില്ല എന്നാണ്. ഞങ്ങളുടെ വിലപ്പെട്ട സമയം ഇങ്ങനെ പാഴാക്കാരുത് എന്നാരും ഭാഗ്യത്തിന് പറഞ്ഞില്ല. അതിന്റെ ഒരു കാരണം നല്ലെഴുത്ത് പോലെയുള്ള ഒരു പൊതു-വാളിൽ (wall) ഇതിൽ കൂടുതൽ ഒന്നും അനുവദിക്കില്ല എന്ന ചിന്ത കൊണ്ടാണ്. വായനക്കാരന്റെ പ്രതീക്ഷകൾ കനത്തിൽ അതിരിട്ട ആകാശമാകാൻ ഇത് സഹായിച്ചു. അതുവരെയും ലഡ്ഡുവിന് പഞ്ഞമില്ലാത്ത കൊടുത്തുകൊണ്ടിരിക്കണം എന്ന് മാത്രം. അതിനാണ് ട്രീസയെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചതും make up ഇടുവിച്ചതും ആ ഫാമിലിയിലെ അച്ഛനെ കൊണ്ട് വായിനോട്ടം നടത്തിയതും ഭാര്യയെ കൊണ്ട് വഴക്കിടീച്ചതും. ഇതുപോലെ ഒരുദ്ദേശമുണ്ട്.
"ഞാനെങ്ങനെ ജീവിക്കണം എന്ത് തിന്നണം ആരുടെ കൂടെ കിടക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം എന്റെയല്ലേ?" എന്ന വാചകംവായനക്കാരന്റെയും പ്രതീക്ഷകൾക്ക് വക നൽകുന്നു. ഇനി ട്രെയ്‌നിലെങ്ങാനും ബിരിയാണി കൊടുക്കുന്നെങ്കിലോ!
കോളേജ് റീയൂണിയൻ ഒരു padding കൂടിയാണ്. പാക്കിങ്ങ് എന്ന് കൊറിയരുകാർ പറയുന്ന തെർമോക്കോൾ. അത് കഥ നീട്ടാൻ വേണ്ടി കൂടിയാണ്. ഇത് വായനക്കാരെ ചൊറിയും. ആൾക്കാരെ ചൊറിയുന്നതു കൊണ്ട് ഒരു ഗുണമുണ്ട്. അവരുടെ വിചാരത്തിന്റെ മോഡ് മാറി വികാരത്തിന്റെ മോഡ് ആകും. നല്ല തമാശകളും ഇത് തന്നെയാണ് ചെയ്യുന്നത്. ഇനി നിങ്ങൾ യാത്രചെയ്യുമ്പോൾ ബസ്സിന് വേഗമില്ലെങ്കിൽ ഡ്രൈവറെ ചെന്ന് ഒന്ന് ചൊറിയുക. "ചേട്ടന് ഈ ഉടുപ്പ് തീരെ ചേരില്ല" എന്നോ മറ്റോ പറയുക. ധൈര്യമുണ്ടെങ്കിൽ "ചേട്ടനെ എന്താ ഒരു നാറ്റം? കുളിച്ചില്ലേ?" എന്ന് ചോദിക്കുക ബസിന്റെ വേഗത നിമിഷ നേരം കൊണ്ട് കൂടുന്നത് കാണാം. നിങ്ങൾ ചൊറിഞ്ഞപ്പോൾ അയാളുടെ ലോജിക്കൽ മോഡ് മാറി. സുരക്ഷിതത്വത്തെ കുറിച്ചുള്ള ലോജിക്കൽ ചിന്തകളും. നിങ്ങളെ പോലെയുള്ളവരുടെ പുറത്ത് വണ്ടി കേറ്റാനുള്ള ത്വരയായ്. ഈ ബസിന്റെ കഥ പറഞ്ഞതു ഒരു PADDING അല്ലേ?
അതേ!
ചെറിയ എഴുത്തുകാരെയും സൂക്ഷിക്കണം.
പോക്കറ്റടിച്ച് മാറ്റുന്നത് പേഴ്‌സല്ല
അതിലും വിലയുള്ളത്
സമയം
No comments:
Post a Comment