ശൂരനാട്ടെ വീട് വിറ്റതിൽ പിന്നെ വല്ലപ്പോഴുമേ അച്ഛൻ തിരുവനന്തപുരത്ത് ഞങ്ങളെ കാണാൻ വരുമായിരുന്നുള്ളൂ. വന്നാലും ഒരാഴ്ചയിൽ കൂടുതൽ നിൽക്കില്ല. അമ്മ ജീവിച്ചിരുന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. മക്കൾക്കെല്ലാം ഓഹരി കൊടുത്തു കഴിഞ്ഞപ്പോൾ ഇനി ഓരോരുത്തരുടെയും കൂടെ മാറി മാറി താമസിക്കാം, അല്ലാതെ സ്ഥിരമായി എങ്ങും ഇല്ല എന്നാണ് അച്ഛൻ പറഞ്ഞത്. പക്ഷെ ആരും അറിയാതെ അച്ഛന് ചില ദൂരയാത്രകൾ പതിവായി. ആദ്യമാദ്യമൊന്നും ഇതാരും ശ്രദ്ധിച്ചില്ല. ആങ്ങളയുടെ ഇളയ കുഞ്ഞിന്റെ ചോറൂണിനു അച്ഛനെ വിളിക്കാൻ നോക്കിയപ്പോഴാണ് അച്ഛൻ ആരുടേയും കൂടെയില്ല എന്ന് മനസിലായത്. ആരും അറിയിച്ചില്ലെങ്കിലും കുഞ്ഞിന്റെ ചോറൂണിന് അച്ഛൻ കൃത്യമായി എത്തി.
ഹെഡ്കോൺസ്റ്റബിളായി റിട്ടയർ ചെയ്യുന്നതിന് മുൻപേ തുടങ്ങിയതാണ് അച്ഛന്റെ യാത്രകൾ. നാസ്തികനെന്നൊക്കെ ഭാവിച്ച് നടന്നെങ്കിലും ജീവിതത്തിന്റെ സായാഹ്നമെത്തി ഭാര്യയും മരിച്ച സ്ഥിതിക്ക് മരണഭയം ദൈവവിശ്വാസത്തിന്റെ രൂപത്തിൽ അച്ഛനെ പിടികൂടിയിട്ടുണ്ടാവും, തീർത്ഥാടനമായിരിക്കാം എന്നാണ് മോഹനേട്ടൻ പറഞ്ഞത്.
അച്ഛനോട് മോഹനേട്ടന് ആദരവോടെയുള്ള ഒരസൂയ ഉണ്ടായിരുന്നു. മോഹനേട്ടന്റെ സ്വന്തം വിഷയത്തിൽ അച്ഛൻ വായിച്ച് നേടിയ അറിവായിരുന്നു അതിന്റെ കാരണം.
യാത്രകളിലൂടെ അച്ഛൻ ഒട്ടുമിക്ക ഭാഷകളും പഠിച്ചു റോഡിൽ പണിക്കു വരുന്ന ബംഗാളികളും ഒഡീസക്കാരുമെല്ലാം ഞങ്ങൾ വിളിക്കുന്നതു കേട്ട് അച്ഛനെ അച്ചാ എന്നാണ് വിളിച്ചിരുന്നത്. അവർക്കെല്ലാം അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. കൂടെക്കൂടെ അച്ഛന്റെ കാര്യങ്ങളെല്ലാം തിരക്കും. ഞങ്ങൾക്കാണെങ്കിൽ അച്ഛനെവിടെയുണ്ടെന്നു പോലും പലപ്പോഴും അറിയുകയുമില്ല.
അച്ഛൻ വന്നാൽ പിന്നെ അജിതയ്ക്ക് കോളേജിൽ പോകാനും മോഹനേട്ടന് ഓഫീസിൽ പോകാനും മടിയാണ്. അപ്പോഴാണ് വീടൊന്നുണരുന്നത് തന്നെ.സ്വസ്ഥമായിരുന്ന് ടി വി കാണാൻ എനിക്ക് സൗകര്യമാവും.
അച്ഛനാണ് അജിതയ്ക്ക് പേരിട്ടതും. ആ പേര് പിൽകാലത്ത് അവൾക്ക് വിനയായി. പേര് കേൾക്കുന്നവർ അവൾ പഠിക്കുന്ന വിഷയം കൂടി കേൾക്കുമ്പോൾ അവളെ ഒന്ന് ഇരുത്തി നോക്കും. പൊളിറ്റിക്കൽ സയൻസ് ആണ് അവളുടെ വിഷയം. അവളുടെ ഇഷ്ടമനുസരിച്ച് എടുത്തതാണ്. പക്ഷെ എത്ര പഠിച്ചാലും മാർക്കൊന്നുമില്ല. പരീക്ഷ എഴുതേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണെന്ന് പറഞ്ഞ് മോഹനേട്ടന്റെ ഒരു സുഹൃത്ത് വന്ന് ഹെല്പ് ചെയ്തു. അതുകൊണ്ടൊന്നും പ്രയോജനമില്ലെന്ന് മനസിലായി.
"പിന്നേ, പുസ്തകത്തിലെ കൂറത്തരം പകർത്തി വെയ്ക്കാൻ വേറെ ആളെ നോക്കണം," എന്ന അവളുടെ പ്രതികരണം കേട്ടപ്പോൾ എനിക്ക് കാര്യം മനസിലായി.
അച്ഛൻ വന്നാൽ മോഹനേട്ടനുമായി എപ്പോഴും സംസാരം തന്നെ. അജിതയും കൂടും. നെറ്റിൽ കയറി പേരുപോലും കേട്ടിട്ടില്ലാത്ത രാജ്യങ്ങളിലെ പത്രങ്ങളൊക്ക തപ്പിപ്പിടിച്ചാണ് ചർച്ചയും തർക്കവും. മോഹനേട്ടൻ എപ്പോഴും തർക്കത്തിനു വേണ്ടി തർക്കിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയ നാളുകളിൽ ഒരിക്കൽ മോഹനേട്ടൻ പറഞ്ഞു, "നിന്റച്ഛൻ ആള് പുലിയാ. ഇപ്പം നടക്കുന്ന ഈ പ്രശ്നമുണ്ടല്ലോ, അത് മൂപ്പിലാൻ പ്രെഡിക്ട് ചെയ്തിരുന്നു. അല്ലേൽ അജിതയോട് ചോദിച്ചു നോക്ക്. അത് കേട്ട് ഒന്ന് മാറ്റി ചവിട്ടിയുരുന്നെങ്കിൽ കമ്പനിയിൽ എന്താവുമായിരുന്നു എന്റെ വില! ങാ, പറഞ്ഞിട്ടെന്തു കാര്യം!"
ശരിക്കും പറഞ്ഞാൽ അതിനുശേഷം മോഹനേട്ടന് അച്ഛനോടുള്ള സ്നേഹം ബഹുമാനമായി മാറി. ചർച്ചകൾക്കും തർക്കങ്ങൾക്കും ഒരു കുറവുമുണ്ടായില്ലെങ്കിലും അച്ഛന്റെ കാഴ്ചപ്പാടുകളോടുള്ള മോഹനേട്ടന്റെ യോജിപ്പ് കൂടി.
ഒരിക്കൽ അച്ഛനെ അന്വേഷിച്ച് ഒരു പോലീസുകാരൻ വീട്ടിൽ വന്നു. അച്ഛന്റെ പഴയ പരിചയക്കാരാരെങ്കിലുമായിരിക്കുമെന്ന് കരുതി. അങ്ങനെ ആരുമല്ലായിരുന്നു. അച്ഛനോടയാൾ വേണ്ട ബഹുമാനമൊക്കെ കാണിച്ചു. ഒരുമിച്ചിരുന്ന് എന്തൊക്കെയോ എഴുതി ഒപ്പിട്ടു വാങ്ങുകയും ചെയ്തു. സത്യത്തിൽ ഞാൻ ഒന്നു ഭയന്ന് പോയി. നക്സൽ വർഗീസിന്റെ കൊലപാതകമൊക്കെ പുറത്തു വന്ന സമയമായിരുന്നു. ഞങ്ങൾ ചോദിച്ചപ്പോഴാണ് എന്തിനാണ് അയാൾ വന്നതെന്ന് അച്ഛൻ പറഞ്ഞത്. അച്ഛൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചതിന്റെ വെരിഫിക്കേഷന് വന്നതായിരുന്നു അയാൾ.
മോഹനേട്ടന് അത് വിചിത്രമായി തോന്നി.
"ഈ പ്രായത്തിൽ എന്തിനാണ് വിദേശയാത്രയൊക്കെ?"
"അതിനെന്താ, എസ് കെ പൊറ്റക്കാടൊക്കെ എത്ര പ്രായം ചെന്നിട്ടാണ് ആഫ്രിക്കയൊക്കെ ചുറ്റിക്കണ്ടത്. അച്ഛന് അല്ലെങ്കിൽത്തന്നെ ദീർഘയാത്രകൾ അല്ലെങ്കിൽ തന്നെ അച്ഛന് ഇഷ്ടമാണല്ലോ,"ഞാനും വിട്ടുകൊടുത്തില്ല.
പാസ് പോർട്ട് തപാലിൽ കിട്ടിയ അന്ന് തന്നെ അച്ഛൻ പെട്ടിയുമൊക്കെ എടുത്ത് വീട്ടിൽ നിന്ന് പോയി. വിദേശത്ത് പോകാനുള്ള ഒരുക്കമൊന്നും കണ്ടില്ല. പക്ഷെ കുറച്ചു ദിവസത്തേയ്ക് അച്ഛനെ ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല.
"നിനക്കെന്തറിയാം! നാട്ടിലെ റിട്ടയേർഡും ടയേർഡുമൊക്കെ ആയ വന്ദ്യവയോധികന്മാരൊക്കെ ഇപ്പോൾ കാറ്റുകൊള്ളാൻ പോകുന്നത് പട്ടായയിലും മക്കോവയിലും കോലാലംപൂരിലുമൊക്കെയാണ്. നീ അതൊന്നും ചോദിച്ച് അച്ഛനെ ചമ്മിക്കരുത്."
മൂന്നുമാസം കഴിഞ്ഞ് അച്ഛൻ വീണ്ടും വീട്ടിൽ വന്നു. കുറച്ച് മെലിഞ്ഞിട്ടുണ്ട്. മുഖമൊക്കെ ഒന്ന് കരുവാളിച്ചിട്ടുണ്ട്. യാത്രയെക്കുറിച്ചൊന്നും അച്ഛൻ മിണ്ടിയില്ല. ഞാനൊന്നും ചോദിച്ചതുമില്ല. നടക്കാൻ പോകുന്നതൊക്കെ നിർത്തി, വീട്ടിൽ തന്നെ വ്യായാമം തുടങ്ങി. വളരെ ആയാസകരമായ വ്യായാമങ്ങൾ. അജിതയെ കൂട്ടി വൈകിട്ട് പാർക്കിൽ ഓട്ടവും തുടങ്ങി.
ആരോഗ്യത്തിന് സാരമായ എന്തോ പ്രശ്നമുണ്ടെന്നാണ് ആദ്യം കരുതിയത്. അങ്ങിനെയൊന്നുമില്ലെന്ന് അച്ഛൻ തന്നെ പറഞ്ഞു. അച്ഛൻ മൊബൈൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തിയെന്ന് മോഹനേട്ടനാണ് ആദ്യം കണ്ടുപിടിച്ചത്. അത് ഉപയോഗിക്കുന്നില്ലെങ്കിൽ അജിതയ്ക്ക് കൊടുത്തൂടെ എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. അച്ഛൻ ആദ്യം സമ്മതിച്ചു . പക്ഷെ അന്ന് വൈകിട്ട് തന്നെ പുതിയ നല്ല ഒരു ഫോൺ അച്ഛൻ അവൾക്ക് വാങ്ങിക്കൊടുത്തു. സ്വന്തം മൊബൈൽ കേടായിപ്പോയെന്നാണ് അച്ഛൻ കാരണം പറഞ്ഞത്.
വായിക്കുന്നതിൽ കൂടുതൽ സമയം അച്ഛൻ എഴുതാൻ ചിലവഴിക്കുന്നുണ്ടായിരുന്നു. ആയാസപ്പെട്ടാണ് എഴുതുന്നതും. ഒരിക്കൽ പ്രസിദ്ധീകരിക്കാതെ മടങ്ങി വന്ന ഒരു ലേഖനം കണ്ടാണ് അച്ഛന്റെ തൂലികാനാമം ഞാൻ കണ്ടെത്തിയത്. അജിതയ്കും മോഹനേട്ടനും ഒക്കെ ഇഷ്ടമുള്ള ശാന്തൻ എന്ന ലേഖകൻ എന്റെ അച്ഛനാണെന്ന് അഭിമാനത്തോടെ ഞാൻ മനസ്സിൽ കൊണ്ട് നടന്നു. ആരോടും പറഞ്ഞില്ല.
അച്ഛൻ വയനാട്ടിൽ പോയിരുന്ന സമയത്തതാണ് മോഹനേട്ടന്റെ ഓഫീസിലും വീട്ടിലും ഇൻകംടാക്സ് റെയ്ഡ് നടന്നത്. റെയ്ഡിന് വന്ന ആൾക്കാരുടെ കൂട്ടത്തിൽ അച്ഛന് പരിചയമുള്ള ഒരു എസ് ഐയ്യും ഉണ്ടായിരുന്നു. അച്ഛന്റെ വിവരമെല്ലാം ചോദിച്ചു. ഫോൺ നമ്പർ തന്നു. അച്ഛനോട് വിളിക്കാൻ പറയണമെന്നും പറഞ്ഞു. മോഹനേട്ടന്റെയും അച്ഛന്റെയും മുറികൾ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കൊണ്ടുപോയില്ല. പഴയ ഡയറികൾ മാത്രം എടുത്തു.
മൊബൈൽ നമ്പർ കൊടുത്തിട്ടും അച്ഛൻ അങ്ങേരെ വിളിച്ചൊന്നുമില്ല. പഴയ വല്ല ഉടക്ക് കേസുമായിരിക്കുമെന്ന് ഞാൻ കരുതി.
അത്തവണ അധികദിവസം അച്ഛൻ ഞങ്ങളോടൊപ്പം തങ്ങിയില്ല. സാധാരണ പോകുന്നതുപോലെ വീട്ടിൽ നിന്നും ഇറങ്ങി. ടെറസ്സിൽ പച്ചക്കറിയ്ക്ക് വെളളം ഒഴിച്ച് കൊണ്ട് നിൽക്കുകയായിരുന്നു ഞാൻ. അവിടെ നിന്നാണ് കണ്ടത്. അജിതയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞത് എനിക്ക് അസാധാരണമായി തോന്നി.
പിന്നെയും മൂന്നു മാസം കഴിഞ്ഞാണ് ഞങ്ങൾ അച്ഛനെ അന്വേഷിച്ചത്. അജിതയ്ക്ക് JRF കിട്ടിയത് അച്ഛനെ അറിയിക്കാനുണ്ടായിരുന്നു. ബന്ധുവീടുകളിലൊക്കെ തിരക്കി. മൂന്നുമാസമായി അച്ഛനെ അവരാരും കണ്ടിട്ടില്ല എന്നറിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. മൂന്നുമാസം കഴിഞ്ഞാണോ തന്തപ്പടിയെ തിരക്കുന്നത് എന്ന് പറഞ്ഞ് അവർ തട്ടിക്കയറി.
അടുത്തദിവസം തന്നെ ഒരു സി ഐയ്യും മൂന്നുനാലു പോലീസുകാരും വന്ന് അച്ഛന്റെ മുറിയൊക്കെ തുറന്ന് വിശദമായി പരിശോധിച്ചു. ഒന്നും കിട്ടിയില്ല. പിന്നെ നാലാഴ്ച കഴിഞ്ഞ് ഛത്തീസ്ഗഡിൽ ഡാൽട്ടൺഗഞ്ച് എന്ന സ്ഥലത്തുനിന്നും അച്ഛന്റെ പേഴ്‌സും വാച്ചും മോതിരവും കണ്ണടയുമൊക്കെ ഒരു പാഴ്‌സലായി അയച്ചു കിട്ടി. ഉടനെ മോഹനേട്ടൻ അവിടെ പോയി അന്വേഷിക്കുകയും ചെയ്തു. അച്ഛന്റെ ഫോട്ടോ കാണിച്ചിട്ട് ഒരമ്പലത്തിലെ പൂജാരിയും തിരിച്ചറിഞ്ഞില്ല. ഹോസ്പിറ്റലുകളിൽ അന്വേഷിച്ചപ്പോൾ ഒരു നേഴ്സ് തിരിച്ചറിഞ്ഞു. ഒരു വർഷം മുൻപ് അച്ഛൻ അവരുടെ വീട്ടിൽ ചെന്നിരുന്നത്രേ. അത് വേറെ ആരോ ആയിരിക്കണം .
പോലീസ് സ്‌റ്റേഷനിലെങ്ങും പോയി അന്വേഷിക്കാനുള്ള ധൈര്യം മോഹനേട്ടന് ഉണ്ടായില്ല. അവിടെയെങ്ങും നിയമവാഴ്ചയൊന്നും ഇല്ല. കാട്ടുനീതിയാണ്. കൊല്ലും കൊലയും വെടിവയ്പ്പും. ആരെന്തിന് എതിർത്താലും അവരൊക്കെ മാവോയിസ്റ്റുകളാണ്. പിന്നെ അവരെ ആരും കാണുക പോലുമില്ല. മോഹനേട്ടൻ അതൊക്കെ പറഞ്ഞത് കേട്ടപ്പോൾ അജിത പറഞ്ഞു ചുമ്മാതല്ല ആൾക്കാർ മാവോയിസ്റ്റുകളാകുന്നതെന്ന്. ആരും ആയിപ്പോകും
അച്ഛൻ മരണപ്പെട്ടുകാണും എന്ന് ഞാനും കരുതുന്നില്ല. അപകടത്തിലോ മറ്റോ മുറിവേറ്റ് ആ ഗ്രാമത്തിലെവിടെയെങ്കിലും ഉണ്ടാവും.
അച്ഛൻ മരിക്കില്ല. തീർച്ച.
No comments:
Post a Comment