നമ്മളെല്ലാരും
എസ് കെ
അതുവഴി ഇതുവഴി പലവഴി
പെരുവഴി മറുവഴി കുറുവഴി
ഇടവഴിയൊക്കെ നടന്നിട്ടും
ഒടുവിലെത്തിയത് എന്നിൽ തന്നെ
പറഞ്ഞതെല്ലാം അന്യൻറെ തലയോട്ടിയിൽ
തട്ടിത്തെറിച്ച് കാതിൻറെ വഴിക്ക് വന്നു വീണപ്പോൾ
അതിഥി ദേവോ ഭവ എന്നോർത്ത്
പൂമെത്ത കൊടുത്ത്
വേഴ്ചയും പലിശയും
തിരിച്ചു വാങ്ങി
ഞാനിതിൽ വീണതുകൊണ്ട്
ഇത് ഞാൻ തന്നെ കുഴിച്ച കുഴി
ഞാൻ ചിരിച്ചതു കൊണ്ട്
ഇതെന്റെ തന്നെ ഫലിതം
ഞാൻ വിസർജിച്ചതു കൊണ്ട്
ഇതിന്നലത്തെസ്സദ്യ
ഞാൻ പഠിപ്പിച്ചതുകൊണ്ട്
ഇത് ഞാൻ പഠിച്ച പാഠം
പട്ടിൽപൊതിഞ്ഞ കിരീടവും
വീഞ്ഞിൻറെ കറ വീണ വസ്ത്രവും
പന്നിത്തോലിന്റെ ചെരുപ്പും
ലേലത്തിൽ കിട്ടിയ ഭിക്ഷപാത്രവും
എൻറെ കൊടിയടയാളങ്ങൾ
പരുന്തിനൊപ്പം പറക്കുനവ
അകറ്റിനിർത്തീട്ടും തൊടാൻ കൊതിച്ചതും
തേവരു വന്നെന്നെയാട്ടിയോടിച്ചതും
എങ്ങളെ ചണ്ഡാളരെന്നു വിളിച്ചൊരാ
പുസ്തകം വായിച്ചു മോക്ഷം കൊതിച്ചതും
കല്ലിനെ തൊട്ടു വണങ്ങിയെൻ ജീവിതം
കല്ലിന്നു മേലെ കുരുതിക്ക് വെച്ചതും
ആറേഴു പേർ നിന്ന് നൃത്തം ചവിട്ടിയോ-
രമ്പിളിത്തുണ്ടിനെത്തൊഴുതങ്ങു നിന്നതും
പാലുതരാത്തൊരു പയ്യിനെക്കൊന്നവ
ന്നമ്മയെക്കൊന്നങ്ങുകേമനായ് തീർന്നതും
മണിമേട മുന്നിലായ് പുൽക്കൂട് തീർത്തതും
അഭയം കൊടുത്തിട്ടു മരണം വിധിച്ചതും
എന്നുടെ മാത്രം പുരാണമാണെന്നുടെ
പല്ലിട കുത്തി മണപ്പിക്കയാണു ഞാൻ
ചിന്തയും യുക്തിയും പണയം കൊടുത്തു ഞാ
നെന്റെയീ നാവിനു ചങ്ങല തീർക്കുവാൻ
ചിന്തയ്ക്കു ചങ്ങല മരണമേയുള്ളെന്നു
തെല്ലുമോർക്കതെ തടവിലാണിന്ന് ഞാൻ
No comments:
Post a Comment