നാട്ടിലെത്രയോ
വീടുകളുണ്ടതിൽ എന്റെ വീടാണു
മുന്തിയതെന്നു ഞാൻ
കൂട്ടുകാരുടെ
മുന്നിൽ നിരന്തരം ലജ്ജയില്ലാതെ വിസ്തരിക്കുന്ന നാൾ
കൂട്ടിനായ്
വന്നു തൊട്ടയൽപ്പക്കത്ത്
ദൂരെ ദിക്കിൽനിന്നേതൊ ഭിഷഗ്വരൻ
കെട്ടി
വീടൊന്നു കൊട്ടാരതുല്യമായ്
പൊങ്ങിയെന്നിൽ അസൂയയും കുത്തനെ
മതിലു
കെട്ടി ഞാൻ ചുറ്റിലുമുള്ളിലും
കണ്ണിൽ നിന്നു മറച്ചു ഞാനൊക്കെയും
അതിനു
മേലെ ഞാനാണികൾ പാകുന്നു അയലുകാരനെ കുത്തി നോവിക്കുവാൻ
പതിവ്
തെറ്റാതെ പ്രാർത്ഥിച്ചിടുന്നു ഞാൻ മതിലിനപ്പുറം നില്ക്കുന്ന ഹർമ്മ്യവും
അതിലിരിക്കുന്ന
കുട്ടിയുമച്ഛനും മണ്ണിനുള്ളിൽ
മറഞ്ഞുപോയീടുവാൻ
ഒരു
ദിനം പാഠശാലയിൽ കണ്ടു ഞാൻ
മണ്ണൂകൊണ്ടൊരു സദ്യക്ക്
കൂട്ടുന്നു
അരുമയാമെന്റെ
പുത്രനുമൊപ്പമാപ്പുതിയ
വീട്ടിലെക്കൊച്ചു പെണ്‍കുട്ടിയും
വർണ്ണവും
ഭാഷ ജാതിയും ദേശവും
ഒന്നുമില്ലവർക്കൊന്നെന്നു
ചൊല്ലുവാൻ
വർണ്ണമെല്ലാമുറച്ചില്ലയെങ്കിലും
സ്നേഹമെന്തെന്നറിഞ്ഞവർ സ്പഷ്ടമായ്
കഷ്ടമീമത്തിൽക്കെട്ടുകൾക്കുള്ളിൽ ഞാനൊറ്റയായതാണെന്റെ വിഡ്ഢിത്തരം
വിഷമയം
ദുഷ്ടചിന്ത തിന്മയും
കൊടിയസർപ്പമായുള്ളിൽ വസിക്കുന്നു
വിഷമകാരണം
വേറെന്തിരിക്കുന്നു ലജ്ജ
തോന്നിയിട്ടെന്നെത്തിരുത്തി
ഞാൻ
ഇഷ്ടികച്ചുമർ തല്ലിത്തകർത്തുഞാനിഷ്ടതോഴനായ്ത്തീർന്നാഭിഷഗ്വരൻ
അതിഥിയായിന്നു വന്നിടും സ്നേഹിതൻ, കാത്തിരിക്കുന്നു ഞാനുമെൻ കുട്ടിയും
എതുരീതിയിൽ
സൽക്കരിക്കേണമെൻ ആത്മമിത്രത്തെയാപ്പെണ്‍ കുരുന്നിനെ
പുതിയ ലോകത്തിലണെന്റെ ജീവിതം അതിരുവേണ്ടിനിയുള്ളിലും ചുറ്റിലും
അതിരുതീണ്ടാത്ത
ബന്ധങ്ങൾ തന്നൊരീ ചെറുകുരുന്നുകൾക്കെന്തു
ഞാൻ നല്കണം
ഇടിമുഴക്കമോ
യുദ്ധമോ ഭീകരം ചെകിടടപ്പിക്കുമൊച്ചയും
കേൾക്കുന്നു
കിടുകിടുങ്ങുമീ
ഭൂമിയ്ക്ക് കമ്പളം പൊടിനിറഞ്ഞൊരീ
കാറ്റിൽ പരക്കുന്നു
കടലുപോൽ
തിരമാലകൾ പൊങ്ങുന്നു
ചുറ്റുമെത്രയോ ഗർത്തങ്ങളിളകുന്നു
അടിതകർന്നോരു
വീടുകളെത്രയോ അവയിൽ വീഴുന്നു
മണ്ണിൽ മറയുന്നു
എന്റെ
വീടൊരു മണ്‍കൂനയായതും രമ്യഹർമ്മ്യം തുരങ്കമായ്ത്തീർന്നതും
എന്റെ
ഉണ്ണിതന്നാത്മ മിത്രം തന്റെ
അച്ഛനൊത്തതിലെങ്ങോ മറഞ്ഞതും
കണ്ടറിഞ്ഞ
ഞാനാകെ ത്തളർന്നുപോയ് എന്തുചെയ്യണമെങ്ങോട്ടു പോകണം
എന്റെ
കുഞ്ഞിനെയാസശ്വസിപ്പിക്കുവാനൊന്നുമില്ലെന്റെ
വാക്കുകൾ നിഷ്ഫലം
ഇല്ല
നില്ക്കില്ല പോകണം വേഗമങ്ങന്യരാജ്യത്തോരഭയാർഥിയാകണം
പുല്ലുപോലും കിളുർക്കാൻ ഭയക്കുന്നനാട്ടിലെൻ മകൻ കാൽ നിലത്തൂന്നില്ല
"മെല്ലെ
വെയ്ക്കണം പാദങ്ങളീവിധം,
ഒട്ടുമേ
മണ്ണിലാഴ്ത്താതെ നോക്കണം
മണ്ണിനുള്ളിലുണ്ടിപ്പോഴുമെന്നുടെ കുഞ്ഞുചേച്ചി" യെന്നോതുന്നിതെൻ മകൻ