വാക്കേ വാക്കേ പോകരുതേ
*******************
ഓർമ്മ എന്നെ മറന്നിട്ടും
കാഴ്ച ഇരുളിന്റെ അടിമയായിട്ടും
വിരലുകൾ മരവിച്ചൊടിഞ്ഞു പോയിട്ടും
വാക്കുകളേ നിങ്ങൾ പോയില്ലല്ലോ
എന്റെ ചിന്തയ്ക്ക് കൂട്ടിരിക്കുന്നല്ലോ
ഉറക്കിന് ആർത്തവം വന്ന ദിവസങ്ങളിൽ
നിങ്ങൾ എനിക്ക് കൂട്ടുകിടന്നു
ഇഷ്ടത്തിന് ശേഷം
പ്രണയത്തിന് മുൻപ്
നിങ്ങൾ ഹംസമായി
പിന്നെ ഞാൻ മിണ്ടാതായി
നിങ്ങലെവിടെയോ പോയി
നാവിൽ ചടുലനൃത്തം
പേനയിലൂടെ സ്‌ഖലനം
താളുകളിൽ അർത്ഥഗർഭം
സൗഹൃദങ്ങളിൽ ഷാംപെയിൻ
തിളയ്ക്കും, തണുക്കും
അഗ്നിയായി പടരും
തൈലമായി സാന്ത്വനം
ഒറ്റയ്ക്ക് വിടാതെ കൂടും
ഏകാന്തതയുമായി മല്ലിടും
വളർന്നും പടർന്നു പുണർന്നു നിറഞ്ഞും
പെറ്റുപെരുകിയും പുനർജ്ജനിച്ചും
തെരുവിലെ ചെണ്ടമേളം കേട്ട്
മടിയിലിരുന്ന് നൃത്തം ചെയ്തും
ഉള്ളിലെ ഉടുക്ക് കേട്ട്
തെരുവിൽ നൃത്തമാടിയും
നിങ്ങൾ അടങ്ങിയിരിക്കുന്നേയില്ല
വരിവരിയായി ഉറുമ്പുകളെപോലെ
എന്റെ ഞരമ്പുകളിൽ നിങ്ങൾ
അരിച്ചരിച്ചു നീങ്ങുമ്പോൾ
നുള്ളിലും പിച്ചിയും ഇക്കിളിയിട്ടും
മനസ്സിൽ ചിന്തകളുടെ പുളകം
പറയേണ്ടതൊക്കെ കാതിൽ മന്ത്രിക്കും
എന്ത് പറയരുതെന്ന് മുഖത്ത് നോക്കി ഗർജ്ജിക്കും
ആരോടും പറയാനാകാത്തത് മഷിയിൽ കുളിച്ച്
താളുകളിൽ കിടന്ന് കൈക്കുഞ്ഞായി കരഞ്ഞു
പരസ്യപ്പലകയിൽ വലിഞ്ഞുകയറി
എന്നെ മഴവില്ലിന് പിന്നാലെ പായിക്കും
ജ്വാലകളായി പിരിയും അഗ്നിയായി ഒരുമിക്കും
അർത്ഥശൂന്യമായ ലോകത്തിന്റെ
ഇരുധ്രുവങ്ങളും നിങ്ങൾ കൂട്ടിക്കെട്ടി
ഉത്സവം കഴിയുമ്പോൾ
അരങ്ങൊഴിയുമ്പോൾ
യവനിക വീഴുമ്പോൾ
കൂടെ വരാൻ കൂട്ടരുമില്ലാതാവുമ്പോൾ
അഗ്നിപരീക്ഷയൊക്കെ കടന്നു
ഭസ്മവും പൂശി
നമുക്കിനിയും പോകണ്ടേ
തീർത്ഥയാത്ര തുടങ്ങുന്നതേയുള്ളൂ
Festival over, curtains fell
Theater deserted, seats empty
Stay with me
The show is not yet over