കഥാരചനയെ പാട്ടുമായി സാമ്യപ്പെടുത്തിയാൽ ഇങ്ങനെ പറയാം: ധാരാളം ആളുകൾ കേട്ട് പഠിച്ചത് നന്നായി ഗാനമേളകളിലൊക്കെ പാടാറുണ്ട്. അവരൊക്കെ പാടുന്നത് പ്രൊഫഷണൽ ഗ്രൂപ്പുകളിലാണ് താനും.പക്ഷേ സംഗീതസംവിധായകർ അവരെയൊന്നും അപൂർവ്വമായല്ലാതെ പാടാൻ വിളിക്കാറില്ല. അതുകൊണ്ട് അവരെ പ്രൊഫഷണൽ ഗായകരായി ആരും കൂട്ടാറില്ല. സിനിമയിലും മറ്റും പാടാൻ വിളിക്കുന്നത് ശാസ്ത്രീയമായി പാടാൻ പഠിച്ചവരെയാണ്. അല്ലാത്തവരെക്കൊണ്ട് പഠിച്ചാൽ മറ്റുള്ളവർ പാടുപെടും.
ഗുഹാഭിത്തിയിൽ പടവും വരച്ചിട്ടിരുന്നുകൊണ്ട് ചുറ്റുമുള്ളവരോട് വേട്ടയുടെ കഥ പറയുന്നതൊക്കെ 35,000 വർഷങ്ങൾക്ക് മുൻപായിരുന്നു. അത് കഴിഞ്ഞു കഥ ഒരു സമുദ്രത്തോളം ആഴവും ആകാശത്തോളം പരപ്പും നേടി. കൊതുമ്പുതോണി കൊണ്ടോ പേപ്പർ വിമാനം കൊണ്ടോ അവിടെ ഇനി രക്ഷയില്ല. കഥകളെ കുറിച്ച് ധാരാളമായി സൗന്ദര്യശാസ്ത്ര പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒരു functional literacy എങ്കിലും കഥാകാരന്മാർക്ക് ഉണ്ടാകേണ്ടതാണ്. അതിന് പകരം ആയിരക്കണക്കിന് കഥകൾ വായിച്ചാൽ മാത്രം പോരാ. സെമിക്കോളൻ എന്ന ചിഹ്നത്തിന്റെ ഉപയോഗം പോലും അറിയാൻ മിനക്കെടാത്തവരാണ് നമ്മുടെ മിക്ക കഥാകൃത്തുക്കളും. അതുകൊണ്ടു കഥാചർച്ചകൾ കഥയിലെ രാഷ്ട്രീയമെന്തെന്ന ചർച്ചയ്ക്കപ്പുറം പോലും പോകുന്നില്ല.കഥയുടെ സമ്മറി വായിച്ചാലും അത്തരം ചർച്ചകൾ സാധ്യമാവും. പിന്നെന്തിനാണ് കഥാകൃത്തുക്കൾ സൂക്ഷ്മമായി എഴുതുന്നത്! അങ്ങനെ വായനക്കാരും കഥാകൃത്തുക്കളും തമ്മിൽ ഒരു ആത്മഹത്യാപരമായ symbiotic ബന്ധം നിലവിൽ വന്നിരിക്കുന്നു. എഴുത്തുകാർ മറ്റുള്ളവരെ പോലെ അന്യരുടെ കഥകളെ വിലയിരുത്തുന്നത് പേരും പെരുമയും നോക്കിയാണ്. അതുകൊണ്ട് അവർക്ക് പുതിയ എഴുത്തുകാരെയോ തങ്ങളുടെ തന്നെ കഥകളെയോ ശരിയായി വിലയിരുത്താൻ കഴിയാതെയും വരുന്നു. സ്വയം എഴുതിയതെന്തും വെട്ടം കാണിക്കാൻ മടിക്കുന്നില്ല. പിന്നെ, ആസ്വാദനം തീർത്തും വ്യക്തിപരമെന്നും ലോകത്തുണ്ടാകുന്ന കഥകളെല്ലാം ഓരോരോ രീതിയിൽ കേമമെന്നും കലയുടെ ഗുണനിലവാരം അളക്കാൻ അളവുകോലുകൾ ഇല്ലെന്നുമുള്ള കാലഹരണപ്പെട്ട ന്യായങ്ങളും പറഞ്ഞു പരത്തി നടക്കുന്നു. സർഗ്ഗക്രിയ മാത്രം നടത്തുന്നവരെയും നിരൂപകരെയും ഒന്നായി കണ്ട് എല്ലാവരും തത്വമസി എന്ന് തൊഴുതു പറയുന്നു.
No comments:
Post a Comment