Total Pageviews

Wednesday, January 1, 2020


ശ്രീ, പഴയ പേര് ഹരി 

ശ്രീകുമാർ  കെ
(സ്നേഹപൂർവ്വം അഖില എന്ന സുഹൃത്തിന് )

അപരിചിതമായ നഗരത്തിലെ അപരിചിതമായ ഒരു ആശുപത്രിയിൽ രണ്ടു വാതിലുകളിലേയ്ക്ക് മാറി മാറിനോക്കി സാവിത്രി ഇരുന്നു. ഒന്ന് നേരെ മുന്നിലുള്ള ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ മറ്റൊന്ന് അവർ ഇരുന്ന ഇടനാഴിയിലേക്ക് പുറത്ത് നിന്ന് വരുന്നവർക്കായി തുറക്കുന്ന വാതിൽ.
ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറും മുമ്പ് ഹരി പറഞ്ഞ വാക്കുകൾ അവരുടെ കാതിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു
"അച്ഛൻ വന്നില്ലെങ്കിൽ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മടങ്ങി വരില്ല."
സുധാകരേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ!
വന്നാൽ തനിക്ക് ഒരു മകനെ നഷ്ടപ്പെടും. പുതിയ ഒരു മകളെ കിട്ടും.
വന്നില്ലെങ്കിൽ?
അതോർത്തപ്പോൾ സാവിത്രിക്ക് ദേഹത്തെങ്ങും വിയർപ്പ് പൊടിഞ്ഞു .
ചെറുപ്പക്കാരനായ ഒരു സർജനും പ്രായമുള്ള മറ്റൊരു സർജനും നേഴ്‌സുമാരോട് ഗൗരവമായ സംസാരിച്ചു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിന് ആകെത്തേയ്ക്ക് പോയി.
ആ വാതിൽ അടഞ്ഞു.
രണ്ടു വര്ഷം മുൻപ് സാവിത്രിയും ഒരു ശസ്ത്രക്രിയയ്ക്കായി ഇതുപോലെ ഒരു വാതിലിനപ്പുറം പോയിട്ടുണ്ട്. ആണ് ഹരിയും സുധാകരനാണ് പുറത്ത് കാവലിരുന്നത്.
ഓരോ ഹോസ്പിറ്റലിനും ഓരോ ഗന്ധമാണ്. നിറം മാത്രം ഒന്ന് തന്നെ. നീല തെല്ലും കലരാത്ത വെളുപ്പ്.
സാവിത്രി മെല്ലെ എഴുന്നേറ്റ് ഫാനിനടിയിലേയ്ക്ക് നീങ്ങിയിരുന്നു.സാരിത്തലപ്പ് ദേഹത്തുകൂടി വലിച്ചിട്ടു പുതച്ചു. തണുപ്പ് സാരമില്ല കൊതുകുകൾ വലിയ ശല്യം തന്നെ.
ഇടനാഴിയിലൂടെ അലോസരമുണ്ടാക്കുന്ന ശബ്ദവുമായി ഒരു ട്രോളി ഉരുണ്ടു വരുന്നു. അത് തള്ളിക്കൊണ്ട് വരുന്ന ചെറുപ്പക്കാരന്റെ ഷൂസിന്റെ ശബ്ദം അവിടെങ്ങും പ്രതിധ്വനിച്ചു. അല്ലെങ്കിൽ എന്ത് നിശബ്ദതയാണ് ഇവിടെ.
രാവിലെ പത്തു മണിക്കായിരുന്നു ഓപ്പറേഷൻ തീരുമാനിച്ചിരുന്നത്. പിന്നെ എന്തോ കാരണം കൊണ്ട് അത് രാത്രിയിലേയ്ക്ക് മാറ്റി. കാരണം ഒന്നും ആരും പറയുന്നില്ല.
രാവിലെ തന്നെ അനുമതി പത്രത്തിൽ ഒപ്പിട്ടു കൊടുത്തു. കണ്ണിൽ നിന്നും വന്ന കണ്ണീർ ആരും കാണാതെ തുടച്ചു.
"കരയണ്ട. ഇത് അനസ്തേഷ്യ എടുക്കുവാനുള്ള ഒരു ചടങ്ങ് മാത്രം" മലയാളം കഷ്‌ടിച്ച് അറിയാവുന്ന ഒരു നേഴ്സ് ആശ്വസിപ്പിച്ചു .
"കൂടെ ആരും ഇല്ലേ ?"
"അവന്റെ അച്ഛൻ വരും"
അത്രയേ നേഴ്സ് ചോദിച്ചുള്ളൂ. ഭാഗ്യം.
സുധാകരേട്ടൻ വരുമെന്ന് തോന്നുന്നില്ല. ഇനി ജീവിതത്തിൽ കാണാൻ കഴിയുമെന്നും തോന്നുന്നില്ല.
"മോനെ മോളാക്കി നീ തിരിച്ച് വരുമ്പോ താലവും വെളക്കുമൊക്കെയെടുത്ത് ഞാൻ ഇവിടെ നിന്നോളം. ഒക്കെ നേരെ തിരിഞ്ഞുമാറിവല്ലേ. അതായിട്ടിനി കുറയ്ക്കണ്ട'
മറുപടി ഒന്നും പറഞ്ഞില്ല.
"എന്നെ കൊണ്ടുള്ള ശല്യം രണ്ടിനും ഒഴിഞ്ഞെന്നു കരുതിക്കോ. എങ്ങോട്ടെങ്കിലും പോകുവാ ഞാൻ. നാണം കേട്ട് ഈ നാട്ടിൽ ജീവിക്കുന്നതിലും നല്ലത് വല്ലോടോം കെടന്നു ചാവുന്നതാ"
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്ത് വന്നു. സാവിത്രി അവരെ തല ഉയർത്തി നോക്കി.
"തുടങ്ങിയത് പോലും ഇല്ല. മരുന്ന് മാറി എടുക്കാൻ പോകുവാ. കുറച്ച് നേരം എടുക്കും"
അവർ സാവിത്രിയുടെ ചുറ്റും നോക്കി. വേറെ ആരും ഇല്ലേ എന്ന ഭാവത്തിൽ. പിന്നെ പുശ്ചഭാവത്തിൽ നടന്നു മറഞ്ഞു.
അവർ ഇങ്ങനെ ധാരാളം ആൾക്കാരെ കണ്ടിട്ടുണ്ടാകും. ഒറ്റയ്ക്ക് ഒരു കുട്ടിയെ വളർത്തി നശിപ്പിച്ച കഥകൾ ധാരാളം കേട്ടിട്ടുണ്ടാകും. സാവിത്രിയും ചുറ്റിലും നോക്കി. ആരെങ്കിലും തന്നോട് എന്തെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്നാശിച്ചു.
ഹരിയെ വളർത്തിയതിലെ തെറ്റാണോ ഇങ്ങനെയൊക്കെ ആയത്?
സുധാകരേട്ടന്റെ പ്രതിരൂപമാണ് ഹരി എന്നൊക്കെ കോച്ചിലെ കേൾക്കുമ്പോൾ എന്തൊരു സംതൃപ്തി ആയിരുന്നു! ഏത് സ്ത്രീയാണ് ഭർത്താവിന്റെ പ്രതിരൂപത്തിൽ ഒരു മകനെ ആഗ്രഹിക്കാത്തത്!
ഭർത്താവ് പോകുന്നിടത്തെല്ലാം മകനെയും കൊണ്ട് പോകുമായിരുന്നു. അവരുടെ ലോകത്തിൽ സാവിത്രിയ്ക്ക് തീരെ സ്ഥാനം ഇല്ലെന്ന് അവർക്ക് തോന്നിയിരുന്നു.
സ്‌കൂളിലെ നാടകത്തിൽ പെണ്ണിന്റെ വേഷം ഇടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവനോടു രഹസ്യമായി പറഞ്ഞു , "അച്ഛൻ അറിയണ്ട."
"അതെന്താ?"
"അതങ്ങിനെയാണ് "
"മിക്ക അച്ചന്മാർക്കും പെൺകുട്ടികളെ ഇഷ്ടമാണല്ലോ."
"എന്നാ നീയൊരു പെണ്ണായി നോക്ക്. അപ്പോൾ കാണാം നിന്റെ അച്ഛന്റെ തനി സ്വഭാവം."
ഹരിയോടുള്ള സുധാകരേട്ടന്റെ പ്രിയം അവൻ തന്റെ തനിപ്പകർപ്പായത് കൊണ്ടാണെന്ന് സാവിത്രിക്ക് ഉറപ്പായിരുന്നു. അയാൾ ഉടുപ്പോ പാന്റ്സോ എന്ത് വാങ്ങിയാലും അതേ നിറത്തിൽ ഒരെണ്ണം മകനും വാങ്ങുമായിരുന്നു. ഭാര്യക്ക് സാരി വാങ്ങുമ്പോൾ വേറെ നിറം തന്നെ നിഷ്കര്ഷിച്ചിരുന്നു.
"നിനക്ക് ഈ നിറം ചേരില്ല. വേറെ വാങ്ങിയാൽ മതി"
വസ്ത്രങ്ങളുടെ നിറത്തിൽ നിന്ന് മറ്റെല്ലാത്തിലും അത് പകർന്നു തുടങ്ങിയിരുന്നു.
നാടകം കഴിഞ്ഞു സാരിയുമുടുത്ത് വീട്ടിന്റെ പിന്നാമ്പുറത്ത് കൂടി അടുക്കളയിൽ വന്നു.
"അമ്മയ്ക്ക് ഇഷ്ടപ്പെട്ടോ?"
ഒരു വാക്കു പോലും മിണ്ടാനാകാതെ നിന്ന് പോയി. മാസമെത്തും മുൻപേ തന്റെ ദേഹത്തോട് വിടപറഞ്ഞു പോയ പിറക്കാത്ത ഒരു മകൾ തന്റെ മുൻപിൽ വന്നു നിൽക്കുന്നു. കെട്ടിപ്പിടിക്കാൻ തോന്നി .
കെട്ടിപ്പിടിച്ച് ഒരു പിഞ്ചു കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നത് പോലെ ഇരു കവിളിലും മാറി മാറി ഉമ്മ കൊടുത്തു.
അവന്റെ കണ്ണ് നിറഞ്ഞതു കണ്ടു. എന്തോ പ്രശ്നമുണ്ടെന്നു തോന്നി. എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല
ഉറങ്ങാൻ നേരം അടുത്ത് വന്നു പറഞ്ഞു, " അച്ഛനെയും കാണിക്കണം എന്നുണ്ടായിരുന്നു."
 മൂന്നു ദിവസം കഴിഞ്ഞാണ് സുധാകരേട്ടൻ എല്ലാം അറിഞ്ഞത്. ഒരു വാക്കുപോലും ചോദിക്കാതെ സാവിത്രി ഇല്ലാത്ത നേരത്ത് അയാൾ ഹരിയെ തലങ്ങും വിലങ്ങും തല്ലി . പിന്നെ രണ്ടു ദിവസം വീട്ടിൽ വന്നതുപോലുമില്ല. ഹരിക്ക് അതായിരുന്നു ഏറെ പ്രയാസം.
"തല്ലിയത് വേദനിച്ചില്ലമ്മേ. പക്ഷെ അച്ഛനെന്താ ഇങ്ങനെ?"
ആരും ചോദിക്കുന്ന ചോദ്യം. ആർക്കും അറിയാത്ത ഉത്തരം.
ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ആ ചെറുപ്പക്കാരൻ ഡോക്ടർ പുറത്തിറങ്ങി. തന്റെ മുറിയിലേയ്ക്ക് പോയതാണെന്ന് തോന്നുന്നു. ഉടനെ മടങ്ങി വന്നു. സാവിത്രി എഴുന്നേറ്റു നിന്ന് തൊഴുതു. പക്ഷെ അദ്ദേഹം വേറെ ഏതോ ചിന്തയിലായിരുന്നു. കണ്ടതായി തോന്നിയില്ല.
നഗരത്തിലെ കോളേജിൽ പഠിക്കാൻ പോയപ്പോൾ ഹരിക്ക് രണ്ടു മനസ്സായിരുന്നു. വീട് വിട്ടു പോകുന്നതിന്റെ വിഷമം.  കൂടുതൽ  സ്വാതന്ത്ര്യമുള്ള ഒരു ലോകത്തിന്റെ ആകർഷണം.
ആദ്യത്തെ വര്ഷം കഴിഞ്ഞപ്പോൾ വീട്ടിൽ വരുന്നത് കുറഞ്ഞു. ഏറെ പഠിക്കാനുണ്ടെന്നായിരുന്നു അവൻ പറഞ്ഞ കാരണം. പക്ഷെ കോളേജ് കലോത്സവങ്ങളുടെ വർത്തയിലെല്ലാം അവന്റെ പേര് നിറഞ്ഞു നിന്നു.
എം എസി ക്ക് ചേർന്നപ്പോൾ വളരെ അകലെയുള്ള കോളേജ് തന്നെ ഹരി തിരഞ്ഞെടുത്തു. അവിടെ ഏതോ നാടക സമിതിയിലൊക്കെ ചേർന്ന് എന്ന് ഒരിക്കൽ കത്തിൽ പറഞ്ഞിരുന്നു. അവൻ പ്രേമിക്കുന്ന പെണ്കുട്ടിയുടേതെന്ന് പറഞ്ഞു ഒരു ഫോട്ടോയും അയച്ചു തന്നു.
അത് അവൻ തന്നെയാണെന്ന് തിരിച്ചറിയാൻ ഏറെ നേരമെടുത്തു.
മറുപടി എഴുതിയപ്പോൾ ഈ രൂപത്തിലാണോ നീ മടങ്ങി വരുന്നതെന്ന് ചോദിച്ചത് അവനു വിഷമമായി. ഒത്ത ഒരാൺകുട്ടിയായി അവൻ മടങ്ങി വരാൻ എന്തെല്ലാം നേർച്ചകൾ ചെയ്തു! അതിനു ഫലമുണ്ടായി. നല്ല സുന്ദരനായാണ് അവൻ ദൂരെ നഗരത്തിൽ നിന്നും രണ്ടുവര്ഷങ്ങള്ക്ക് ശേഷം മടങ്ങി വന്നത്.
അത് അച്ഛനെ ബോധിപ്പിക്കാൻ മാത്രമായിരുന്നു. മനസ്സ് കൊണ്ട് അവൻ ഏറെ മാറി പോയിരുന്നു.
അതൊന്നും അച്ഛനെ അറിയിക്കാതിരിക്കാൻ വളരെ ശ്രമിച്ചു.
ഒടുവിൽ ഒരു മാസികയിൽ വായിച്ചതനുസരിച്ച് അവനെ ഒരു മനശ്ശാസ്ത്രഞ്ജന്റെ അടുത്ത് കൂട്ടിക്കൊണ്ടു പോയി. അതും സുധാകരേട്ടൻ അറിയാതെ.
അതിന്റെ മൂന്നാം ദിവസമാണ് അവൻ ഒരു കുറിപ്പുമെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വന്നിട്ട് മുറിയടച്ച് ഒരേ ഇരുപ്പായിരുന്നു. എവിടെയോ ഒരു ജോലി നേടി ആരോടും പറയാതെ വീട് വിട്ടു പോയി. ആരും അന്വേഷിക്കരുത് എന്നു ഒരു കത്ത് മാത്രം ഒരിക്കൽ വന്നു.
നേഴ്‌സിങ് ഷിഫ്റ്റ് കഴിഞ്ഞെന്നു തോന്നുന്നു .
നല്ല സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ യൂണിഫോമൊക്കെ മാറ്റി നന്നായി അണിഞ്ഞൊരുങ്ങി വീട്ടിലേയ്ക്ക് മടങ്ങുന്നു. അതിൽ മിക്കവർക്കും ഹരിയുടെ മുഖമാണെന്നു തോന്നി.
ദൂരെ എവിടെയെങ്കിലും ആയിരിക്കാം ഇവരൊക്കെ താമസിക്കുന്നത്. ഈ നഗരത്തിൽ രാത്രിയും പകലും എന്നൊന്നും വേർതിരിവില്ല. ഇവിടെയാണ് സർജറി ചെയ്യാൻ ഉദ്ദേശിക്കുന്നത്, അമ്മ എന്റെ കൂടെ വേണം എന്ന് ഹരി എഴുതി അറിയിച്ചപ്പോൾ പിന്നെ വേര് ഒന്നും നോക്കിയില്ല. ട്രെയിൻ ടിക്കറ്റും അവൻ അയച്ചു തന്നിരുന്നു.
സാവിത്രി വീണ്ടും പുറത്തേയ്ക്കുള്ള വാതിലിലേക്ക് നോക്കി. വെറുതെ എന്തിനാണ് ആശിക്കുന്നത്? സുധാകരേട്ടൻ വരില്ല. അതൊന്നും സാരമില്ല എന്ന് എങ്ങനെ ഹരിയെ പറഞ്ഞു മനസ്സിലാക്കും?
 ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ മലർക്കെ തുറന്നു. നേഴ്‌സുമാർ പരിഭ്രാന്തരായി ഓടുന്നു. ഒരു ഡോക്ടറും പുറത്തെത്തി. അദ്ദേഹം ധൃതിയിൽ ആർക്കോ ഫോൺ ചെയ്യുന്നു.
അൽപ സമയത്തിനകം പുറത്ത് ഒരു കാർ വന്നു നിന്നു. രണ്ടു ഡോക്ടർമാർ കാറിൽ നിന്നിറങ്ങി. അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തിനാണ് ഈ പരിഭ്രമം?
എന്റെ ഹരിക്ക് ഒന്നും സംഭവിക്കില്ല. അവൻ ഒരിക്കൽ മരണത്തെ തോൽപിച്ചവനാണ്. എന്റെ പൊന്നു മോളായി അവൻ ഇറങ്ങി വരും
"അച്ഛൻ വന്നില്ലെങ്കിൽ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മടങ്ങി വരില്ല."
വീണ്ടും ആ ശബ്ദം കാതിൽ മുഴങ്ങുന്നു. സുധാകരേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ!
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലുകൾ വീണ്ടും അടഞ്ഞു.
പുറത്തേയ്ക്ക് പുതിയതായി വന്ന രണ്ടു ഡോക്ടർമാർ ഇറങ്ങി വന്നു.
അവരുടെ മുൻപിൽ ചെന്ന് കൈ കൂപ്പി നിന്നിട്ടും സാവിത്രിയെ അവർ കണ്ടതായി ഭാവിച്ചില്ല. അവരുടെ മുഖം വാടിയിരുന്നു. പരസ്പരം ഒന്നും മിണ്ടാതെ തല കുനിച്ചു നടന്ന് അവർ കാറിൽ കയറി മടങ്ങി.
സാവിത്രി ചുറ്റും നോക്കി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. അരണ്ട വെളിച്ചത്തിൽ പുറത്തേയ്ക്കുള്ള വാതിൽ തുറന്ന് ഹരി കയറി വരുന്നു. അവൻ ഏറെ പ്രായം ആയതുപോലെ.
വിശ്വസിക്കാനാകാതെ സാവിത്രി അടുത്ത കസേരയിൽ ഇരുന്നു. ഒരു നേഴ്സ് വന്നു താങ്ങിപ്പിടിച്ചു.
അവ്യക്തമായ ശബ്ദങ്ങൾ.
ഹരിയുടെ കൈകൾ അവരെ വാരി പൊതിയുന്ന പോലെ.
ആ കൈകൾ അവരുടെ കണ്ണുനീർ തുടയ്ക്കുന്നു.
ചേർത്ത് പിടിക്കുന്നു.
സാവിത്രി ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിൽ തന്നെ നോക്കിക്കൊണ്ടിരുന്നു .
ഇതൊക്കെ വെറും പാഴ്ക്കിനാവ്. കണ്ണുകളെയും കാതുകളെയും വിശ്വസിക്കരുത്.
"അച്ഛൻ വന്നില്ലെങ്കിൽ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മടങ്ങി വരില്ല."
അവൻ വാക്ക് മാറ്റിയില്ല.
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു സുന്ദരിയായ ഒരു നേഴ്സ് ഇറങ്ങി വരുന്നു.
സാവിത്രിക്ക് അത് തന്റെ ഹരി ആണെന്ന് തോന്നി. ഇത് പോലെ സുന്ദരിയായി മടങ്ങി വരാനാണ് അവൻ കൊതിച്ചത്.
ആ നേഴ്സ് മെല്ലെ നടന്നു സാവിതിയുടെ അടുത്തെത്തി. അവരുടെ മുഖത്ത് ഒരു സംതൃപ്തി.
സാവിത്രിയുടെ അടുത്ത് വന്ന അവരുടെ ശബ്ദം സാവിത്രി വ്യക്തമായി കേട്ടു
"എപ്പോൾ വന്നു. അവൻ...അവൾ മാറി മാറി ചോദിക്കുന്നുണ്ടായിരുന്നു.. അച്ഛനെയും അമ്മയെയും...സുഖമായി ഇരിക്കുന്നു....സുന്ദരിയാണ് കേട്ടോ...രാവിലെ വാർഡിലേക്ക് മാറ്റും. അപ്പോൾ കാണാം."
ഭാര്യയെ ചേർത്തുപിടിച്ച് സുധാകരനും ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു .
സന്തോഷം  കൊണ്ട്.








 

No comments:

Post a Comment