Total Pageviews

Thursday, January 15, 2026

 ആത്മപ്രകർഷം  

(ശ്രീജ ശ്രീ) 

*************************

ഘനസാന്ദ്രം അടവികളിൽ കളകൂജന ഘോഷം 

ധ്വനിയായ് സിരപടലങ്ങളിലൊരു മോഹനതാളം 

വനസന്ധ്യകൾ തീർക്കുന്നൊരു രുധിരകുസുമജാലം 

മനമതിലൊരു മോഹിനിതൻ  പദചലനവിലാസം  

                                                    (ഘനസാന്ദ്രം അടവികളിൽ)

വിണ്ണിൻ സമചാരുതയിൽ മണ്ണിൻ മുഖകമലം  

മണ്ണിൻനിറയൗവ്വനമോ  ഹാലവിദലധന്യം 

കണ്ണിൽ നിറനീലിമയിൽ സാഗരസാന്നിധ്യം  

എണ്ണിടാമിതതി സുരഭിലജൈവ ലോകമന്ത്രം

                                           (ഘനസാന്ദ്രം അടവികളിൽ)

ബന്ധമില്ല സ്വന്തമായതൊന്നുമില്ല ഭൂവിൽ 

അന്ധമാണ് പ്രണയമെന്നു പാടിടുന്നൊരന്ധൻ

 ബന്ധിതമെൻ ചിന്തകൾക്ക് ചിറകിതാര് നല്കീ   

ഭ്രാന്തചിത്തമെന്ന് വികലമാനസങ്ങൾ ചൊല്ലീ  

                                       (ഘനസാന്ദ്രം അടവികളിൽ)

ക്ഷുബ്ധ സാഗരത്തിനുള്ളിലാരവമൊട്ടില്ല 

ശാന്തമായ തീരമെന്ന പോലെയെൻറെയുള്ളം   

വ്രണിത പാദയെങ്കിലുമെൻ വഴിയിലില്ല വിഘ്നം   

നിണമണിഞ്ഞ രൂക്ഷശിലകളെത്ര കണ്ടവൾ ഞാൻ  

 





 

Wednesday, January 14, 2026


 പാവം പപ്പൻ ചേട്ടൻ 

*********************

പുഞ്ചവയലിൽ  പണിയെടുക്കും 

 പാവമീ ചേട്ടനെ കണ്ടിട്ടുണ്ടോ  

പദ്മനാഭനെന്ന പേരൊന്നുമേ 

പപ്പൻ ചേട്ടനൊട്ടും ചേരുകില്ല 


പപ്പൻ ചേട്ടനാരും കൂട്ടിനില്ല   

പട്ടിയൊന്ന് മാത്രം കൂടെയുണ്ടേ 

പൂച്ചയെ പണ്ട് വളർത്തി ചേട്ടൻ 

പട്ടിയെ പേടിച്ചതോടിപ്പോയി 


"പുത്തകമൊന്നും പഠിച്ചിതില്ല 

പൂതിയുണ്ടായിട്ടുമെന്തു കാര്യം

പുത്തിയില്ലെന്നാകിലെന്ത് ചെയ്യും?"  

പപ്പൻ ചേട്ടൻ ചിരിച്ചോതിടുന്നു