Total Pageviews

Sunday, June 21, 2026

ഇന്നിനി കൂടുതൽ പറയുവാനെന്തുള്ളൂ 


പറയാതെ പോയതെന്തുള്ളൂ 


ആശിച്ച പോലെനിൻ  ചുണ്ടിൽ കിലുങ്ങാതെ 


വാക്കുകളെങ്ങോ മറഞ്ഞോ 


                                        (ഇന്നിനി കൂടുതൽ) 


 ഇല്ലെനിക്കേറെ പകുത്ത് നൽകീടുവാൻ 


ഉള്ളതീ ദുഃഖങ്ങൾ മാത്രം  


ഇഷ്ടങ്ങൾ നമ്മൾക്ക് വേറെവേറെ 


പക്ഷേ കഷ്ടകാലം വേറെയല്ല 


                                             (ഇന്നിനി കൂടുതൽ)


 ചേർന്ന് കെട്ടിപ്പുണർന്നെന്റെ ചാരേ 


നീയൊരിത്തിരി നേരമിരിക്കൂ 


മൗനം മതിൽക്കെട്ട് തീർക്കാതിരിക്കുവാൻ 


എന്തെങ്കിലുമൊന്ന് ചൊല്ലൂ 


                                                (ഇന്നിനി കൂടുതൽ)

നീയെന്റെ പുണ്യമാണെൻ ഭാഗ്യതാരകം   


 നിൻ പുഞ്ചിരിയെന്റെയമൃതം  


 എന്റെ ദുഃഖം എന്റെ വേദനയല്ലാമേ 


നീ വരുമ്പോൾ അകലുന്നു  


                            (നീയെന്റെ പുണ്യമാണെൻ)


ആകാശ പൂമരക്കൊമ്പിലീ തൊട്ടിലിൽ 


താരാട്ടു പാടിയുറക്കാം 


ആരുമേ കേൾക്കാത്ത നൂറല്ലൊ രായിരം 


കാര്യങ്ങൾ നിന്നോട് ചൊല്ലാം 


                        (നീയെന്റെ പുണ്യമാണെൻ)


വൃശ്ചികമാസത്തണുപ്പിൽ എൻറെ 


നെഞ്ചിന്റെ ചൂടും ഞാൻ നൽകാം 


എന്മുലപ്പാലായി നിന്നിലേക്കെത്താം ഞാൻ 


നിന്നിലെ ഞാനായി മാറാം  


                            (നീയെന്റെ പുണ്യമാണെൻ)

കൂട്ടുകൂടാനായ് രാവിൽ കൂടെ കൂട്ടാനായ് 


കാട്ടുമൈനേ നീ എന്റെ കൂടെയുണ്ടല്ലോ 


പാട്ട് പാടേണം ഒന്നിച്ചാർത്തു തുള്ളേണം 


കൂട്ടരും വേണം എന്റെ കൂടെ നീ വേണം 




                                    (കൂട്ടുകൂടാനായ് രാവിൽ)


കാലം പോകും വേഗം കണ്ടാൽ പേടിച്ചീടല്ലേ 


കൂടെ പോകാനാവില്ലെന്ന് ചിന്തിച്ചീടല്ലേ 


ലോകം മാറി കോലം മാറി നമ്മൾ മാറണ്ടേ


നാളെകൾ നമ്മെ മാടിവിളിപ്പൂ വേഗം പോയീടാം  


                                            (കൂട്ടുകൂടാനായ് രാവിൽ)


വീട്ടിൽ കുത്തിയിരിക്കാനല്ല ദൂരെപ്പോയീടാം 


ഏഴാം കടലിനക്കരെയെന്നും ഉത്സവമാണല്ലോ


 ഇന്നലെയെന്ത് നടന്നെന്നൊക്കെ മറക്കാറായില്ലേ    


ഇന്നീ രാവിൽ നിന്നോടൊപ്പം ഞാനും കൂടട്ടെ                                                         


                                            (കൂട്ടുകൂടാനായ് രാവിൽ)


 

No comments:

Post a Comment