Total Pageviews

Sunday, June 21, 2026

 സത്യമെന്ന ദുഃഖം 

**********************

തിരശീല വീണു 

കാണികളുടെ കരഘോഷം തുടർന്നു. അവർ തമ്മിലുള്ള ആലിംഗനമായിരുന്നു അവസാന രംഗം.

കാണികളുടെ കരഘോഷം പുറത്ത് തെല്ലടങ്ങിയപ്പോൾ, പ്രകാശം പൊലിഞ്ഞു തുടങ്ങിയപ്പോൾ അയാളാണ് ആലിംഗനത്തിൽ നിന്നും ആദ്യം കൈ അയച്ചത്. 

കുറെ നേരം കൂടി അങ്ങനെ തുടരാൻ അവൾ ആഗ്രഹിച്ചിരുന്നു.

ഗ്രീൻ റൂമിൽ ചെന്നപ്പോൾ വിഗ്ഗും മേക്കപ്പുമൊക്കെ മാറ്റണോ എന്ന് അവൾ ഒന്ന് സംശയിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു. 

അയാളോടൊപ്പമാണ് ഇന്നോവയിൽ ഇരിക്കേണ്ടി വരിക. എങ്ങിനെയെങ്കിലും അയാളുടെ അടുത്ത് തന്നെ ഇരിക്കാൻ ഇടയുണ്ടാക്കണം. 

സാധാരണ ഏറ്റവും പിന്നിലാണ് അവൾക്ക് ഇടം കിട്ടാറുള്ളത്. ജൂനിയർ ആർടിസ്റ്റല്ലേ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടണം.

അത് പ്രശ്നമല്ല. പക്ഷെ ഇന്ന് എങ്ങിനെങ്കിലും അയാളോടൊപ്പം തന്നെ ഇരിക്കണം. 

കാറിലെ തണുപ്പിനുള്ളിൽ അയാളുടെ ചൂടറിഞ്ഞുള്ള ഒരു യാത്രയെക്കുറിച്ച് ഓർത്തപ്പോഴേ അവളുടെ ദേഹം കുളിരു കോരി.

മറ്റു പല സമിതികളും കൂടുതൽ പ്രതിഫലം തരാമെന്ന് പറഞ്ഞിട്ടും അയാൾ കാരണമാണ് അവൾ ഇവിടെ തന്നെ  തുടരുന്നത്. 

ഈ ജന്മത്തിൽ ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ. ഇനിയൊരു ജന്മത്തിൽ ഇങ്ങനയായിരിക്കില്ല. അതിനായി അവൾ നേരത്ത നേർച്ചകൾ ഇല്ല. എടുക്കാത്ത വൃതങ്ങളില്ല. 

അടുത്ത ജന്മത്തിലെങ്കിലും ആഗ്രഹങ്ങൾ നടക്കാതെ വരണമെങ്കിൽ ദൈവം  അങ്ങേയറ്റം ക്രൂരനായിരിക്കണം.   

അവൾ നാടകത്തിലെ വിഗ്ഗ് മാറ്റി മറ്റൊന്ന് വെച്ചു.  നാടകത്തിൽ ഒരു കുലസ്ത്രീയുടെ ആകർഷകമല്ലാത്ത വേഷം. 

അവൾ സാരി മാറ്റിയില്ല.  ബ്ലൗസ് മാത്രം മാറ്റി. ഒരു സ്ലീവ്‌ലെസ് അണിഞ്ഞു. സ്ഥാനങ്ങളിൽ കുറേകൂടി വലിയ പാഡ് വെച്ചു. മുഖം ഒന്ന് ടച്ചപ്പ് ചെയ്തു. ആകെ ഒരു തൃപ്തി വരുത്തി. 

പറന്നു കിടക്കുന്ന മുടിയുടെ വിഗ്ഗ് അവളെ അങ്ങേയറ്റം ആകർഷണീയയാക്കിയത് കണ്ട് അവൾ കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു.

"എടാ കുണ്ടൻ കുട്ടാ നീ വരുന്നില്ലേ?" 

നാടകസംഘം മാനേജരാണ്. അയാൾ അങ്ങനെ വിളിക്കുമ്പോൾ അവൾ പരിഭവിക്കാറില്ല. പട്ടിണി കിടന്ന കാലത്ത് ആഹാരമായി മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവമാണ്. 

"കുണ്ടൻ ദേ വന്നു, " അടുത്ത് ചെന്ന് അയാളുടെ കവിളിൽ തട്ടിക്കൊണ്ടു അവൾ പറഞ്ഞു. 

അവൾ ചുറ്റിലും നോക്കി. അവളുടെ ആൾ ഇറങ്ങിയിട്ടില്ല. അകത്തെവിടെയോ ഉണ്ട്. മേക്കപ്പ് മാറ്റുകയായിരിക്കും. ദേഹത്തു ഡിയോഡറന്റ് പൂശുകയായിരിക്കും. അവൾക്ക് ആ ഗന്ധം സുപരിചിതമാണ്. 

അയാൾ എവിടെ പോയാലും ടിപ്ടോപ്പിലേ പോകാറുള്ളൂ. ഒരു നാടകനടനാണെന്ന് തോന്നുകയേ ഇല്ല. മറ്റൊരു സമിതിയിലെ ഒരു നടിയുമായി പ്രണയത്തിലായിരുന്നു. 

തൻറെ പ്രാർത്ഥന ദൈവം കേട്ടിട്ടാകുമോ അവർ തമ്മിൽ ബ്രേക്ക് അപ്പ് ആയത്. 

അതായിരിക്കില്ല. അവർക്ക് വേറെ പല ഒളിസേവക്കാരും ഉണ്ടെന്ന് ആർക്കാണ് അറിയാത്തത്. എന്തായാലും അവർ പോയല്ലോ. 

എന്തായാലും ഈ ജന്മത്തിൽ അയാളെ സ്വന്തമാക്കാൻ കഴിയയൊന്നും ഇല്ല. വേദിക്ക് പുറത്ത് അയാൾക്ക് അവളോട് യാതൊരു താത്പര്യവും ഉള്ളതായി തോന്നിയിട്ടുമില്ല. എങ്കിലും വേദിയിലെ അയാളുടെ ആലിംഗനങ്ങൾ അവൾക്ക് മറക്കാനാവുകയില്ല. 

ആയിരക്കണക്കിനാളുകൾ നോക്കി നിൽക്കുമ്പോഴല്ലേ എന്നത് അവളെ കൂടുതൽ സന്തോഷിപ്പിക്കാറുണ്ട്. പലപ്പോഴും ആരുമറിയാതെ ആലിംഗനത്തിനിടയിൽ അവൾ അയാളെ ചുംബിച്ചിട്ടുമുണ്ട്. 

പക്ഷെ തിരശീല വീഴുകപോലും അയാൾ അതെല്ലാം മറക്കും. മനസ്സിൽ നിന്ന് തലയിൽ വീണ മഴച്ചാറ്റൽ പോലെ ഒക്കെ  കുടഞ്ഞു കലയും. 

അവൾക്കാകട്ടെ അതിന് തെല്ലും കഴിയില്ല. ഒരു വേദി കഴിഞ്ഞാൽ അടുത്ത വേദി വരെയും അവൾ അയാളെക്കുറിച്ച് ദിവാസ്വപ്നം കണ്ടുകൊണ്ടേയിരിക്കും.

അയാൾ അകത്തു നിന്നും ഇറങ്ങി വന്നു. എന്താ ഒരു ലുക്ക് എന്നാരും പറഞ്ഞുപോകും.

മാനേജർ അയാളെ കാറിലേക്ക് ക്ഷണിക്കുന്നു. അവൾ ഒന്നും നോക്കാതെ ഇന്നോവയുടെ അടുത്തേയ്ക്ക് നടന്നു. ഡോർ തുറന്നിട്ട് അവൾ തിരിഞ്ഞ് അയാളെ നോക്കി.

അയാൾ മാനേജരോട് സംസാരിക്കുന്നു 

"ഇല്ല ഞാൻ വരുന്നില്ല. ഒരു ഷോർട്ട് ഫിലിം ഡബ്ബിങ്ങ് ഉണ്ട്. അവർ വിളിക്കാൻ വരും. ചേട്ടൻ പൊയ്ക്കൊള്ളൂ."

'ശരി' എന്ന് പറഞ്ഞ് മാനേജർ വന്ന് വണ്ടിയിൽ മുൻസീറ്റിൽ കയറി. സൗണ്ട് ഓപ്പറേറ്ററും കൂട്ടുകാരനും പിൻ സീറ്റിലും.

കാറ് മെല്ലെ നീങ്ങിത്തുടങ്ങി.

നിറഞ്ഞ കണ്ണുകളോടെ അവൾ പുറത്തേയ്ക്ക് നോക്കി. 

ഒരു മഞ്ഞല പോലെ, ഒരു പുലർകാല സ്വപ്നം പോലെ അയാൾ അകലെ മാഞ്ഞുപോകുന്നത് അവൾ കണ്ടു.

വേദിയിൽ അയാളെ  പുണർന്ന അവളുടെ കൈത്തണ്ടയിൽ അപ്പോഴും ഒരു സുഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നു 

No comments:

Post a Comment