ഏഴാമത്തെ കടയാണ്. ഇവിടെയെങ്കിലും അത്തരം ഒരു റിമോട്ട് കാറ് കിട്ടിയില്ലെങ്കിൽ ഇനി പോകുന്ന വഴിക്ക് ഒരു ടൌൺ ഉണ്ട്. അവിടെ ബസ്സിറങ്ങേണ്ടി വരും.
ഞാൻ ഫോൺ സെയിൽസ്മാന്റെ കയ്യിൽ കൊടുത്തു. അയാൾ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് ആ ടോയ് കാറിന്റെ ചിത്രത്തിൽ സൂം ചെയ്തു.
"ഇത്രയും വലുതല്ല സാർ. കുറച്ച് ചെറുതുണ്ട്"
എനിക്ക് തൃപ്തിയായി. ചെറുതാണ് ഞാൻ അന്വേഷിച്ചിരുന്നതും. വലുത് വേറെ കടകളിലുമുണ്ടായിരുന്നു. വലുപ്പം പോലെ തന്നെ അവയുടെ വിലയും.
രണ്ടു റിമോട്ട് വാങ്ങണം. എന്റെ അനന്തിരവന്മാർക്ക്. ഇരട്ടകളാണ്. എന്ത് വാങ്ങിയാലും തമ്മിൽ ഒരു വ്യത്യാസവും പാടില്ല. ആയിരത്തിമുന്നൂറു രൂപയായിരുന്നു കണ്ടതിൽ ഏറ്റവും വില കുറഞ്ഞതിന്. രണ്ടെണ്ണം ആകുമ്പോൾ രണ്ടായിരത്തി അറുനൂറു രൂപ.
ചേച്ചിയെയും ചേച്ചിയുടെ മക്കളെയുമൊക്കെ വലിയ ഇഷ്ടമായിരുന്നെങ്കിലും അത്രയും ചിലവാക്കാൻ മനസ്സ് വന്നില്ല.
പൂജ അവധിക്കാണ് ആകെ നാട്ടിൽ വരാൻ ഒക്കുന്നത്. സമ്മർ വെക്കേഷൻ വരുമ്പോൾ ബറോഡയിൽ തന്നെ ഏതെങ്കിലും ചെറിയ ജോലി കണ്ടുപിടിക്കും. ചെറിയ ജോലികൾ അതിലും ചെറിയ ശമ്പളത്തിൽ സുലഭമാണ് . ഞങ്ങളുടെ സ്കൂളിൽ വെക്കേഷൻ സാലറി ഇല്ല. പ്രൈവറ്റ് സ്കൂളാണ്.
സെയിൽസ്മാൻ എടുത്തുകൊണ്ടു വന്നു കാണിച്ച റിമോട്ട് കാറ് അത്ര ചെറുതല്ല. ചൈനീസ് ആയിരിക്കണം. വില വലിയ കുറവുമില്ല. എത്ര കാലം ഇത് കൊണ്ടു കളിയ്ക്കാൻ കഴിയുമെന്നത് ഒരു പ്രശ്നമല്ല. കുട്ടികൾ പെട്ടെന്ന് വളരും. അത്രയും മാസങ്ങളൊക്കെ ഏതു കളിപ്പാട്ടവും നിൽക്കും
കളിപ്പാട്ടത്തിന്റെ വിലയിൽ തർക്കം ഉണ്ടായപ്പോൾ സെയിൽസ്മാൻ വേറെ നോക്കട്ടെ എന്ന് പറഞ്ഞു അകത്തേയ്ക്ക് പോയി.
ഞാൻ ചുറ്റും നോക്കി.
കളിപ്പാട്ടങ്ങൾക്ക് മാത്രമായി ഒരു കട. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിഭാഗങ്ങൾ. അതിൽ തന്നെ പ്രായം അനുസരിച്ച് വീണ്ടും തിരിവുണ്ട്.
ഇരുപതു വർഷങ്ങൾക്ക് മുൻപ് ഞാൻ കുട്ടിയായിരിക്കുമ്പോഴും ഇതുപോലെയുള്ള കളിപ്പാട്ടങ്ങളൊക്കെ ഉണ്ടായിരുന്നോ? എന്റെ ലോകത്തുണ്ടായിരുന്നില്ല. എന്റെ കൂട്ടുകാരുടെ ലോകത്തും ഉണ്ടായിരിക്കാനിടയില്ല. നഗരത്തിലെ കാശുള്ള വീട്ടിലെ കുട്ടികളുടെ ബാല്യത്തെ ഇത്തരം കളിപ്പാട്ടങ്ങൾ വര്ണാഭമാക്കിയിരിക്കാം.
സെയിൽസ്മാൻ വേറെ ഒരു കാറുമായി വന്നു. വില കുഴപ്പമില്ല. പക്ഷെ നിറം ചുവപ്പല്ല. നീലയാണ്. അവർ വാട്ട്സ് ആപ്പ് ചെയ്ത കാറിനു ചുവപ്പാണ്. കുട്ടികൾക്ക് നിറമൊക്കെ വളരെ പ്രധാനമാണ്. ചുവപ്പിനുപകരം നീല കണ്ടാൽ അവരുടെ മുഖം കറുക്കും. വില കൂടിയ ചുവപ്പ് വാങ്ങാൻ എനിക്കൊരു മടി.
ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി നീല തന്നെ വാങ്ങി. കുട്ടികൾക്ക് കുറച്ച് വിഷമമാകും. അത് കാര്യമാക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ജീവിതയാഥാർഥ്യങ്ങളൊക്കെ അവരും കണ്ടും കേട്ടും അറിഞ്ഞും വളരണമല്ലോ.
വലിയ പൊതിക്കെട്ടുമായി ബസിൽ കയറാൻ പ്രയാസപ്പെട്ടു. പ്രൈവറ്റ്ബസുകളുടെ നീളമൊക്കെ കുറഞ്ഞിരിക്കുന്നു. യാത്രക്കാരും കുറവാണ്. എല്ലാവര്ക്കും സ്വന്തമായി വണ്ടിയുണ്ട്. ലംബോർഗിനിയും ടെസ്ലയുമൊക്കെ കളിപ്പാട്ടമായി കുട്ടിക്കാലത്ത് പരിചയിക്കുന്നവർ വലുതാകുമ്പോൾ അതൊക്കെ എങ്ങിനെയും സ്വന്തമാക്കുന്നു. പെൺകുട്ടികൾക്ക് രൂപസൗന്ദര്യത്തിൽ അമിത താത്പര്യമുണ്ടാക്കുന്നതിൽ അവർ ചെറുപ്പത്തിൽ കളിക്കൂട്ടുകാരിയാക്കുന്ന ബാർബി ഡോളിനു ഒരു പങ്കുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു.
ബസിലിരുന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ കേവലം ഒരു വർഷം കൊണ്ട് നാട് എന്ത് മാത്രം മാറിയിരിക്കുന്നു എന്ന് വ്യക്തമാവുന്നു. ഇവിടെ തന്നെ ജീവിച്ചിരുന്നെങ്കിൽ ഈ വ്യത്യാസം മനസിലാക്കാൻ കഴിയുമായിരുന്നില്ല. വർഷത്തിൽ ഒരിക്കൽ മാത്രം ഈ വഴിക്കൊക്കെ വരുന്നതുകൊണ്ട് നാടിൻറെ വേഗത അത്ഭുതമാവുന്നു.
ഉള്ളിലൊരു വിഷമം തോന്നി. എന്തും നിര്ബന്ധബുദ്ധിയോടെ തിരഞ്ഞെടുത്തു സ്വന്തമാക്കാൻ ശ്രമിക്കുന്ന ഈ സമൂഹത്തിൽ എന്റെ അനിന്തരവന്മാർ മാത്രം എന്തിന് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പഠിക്കണം? ആ പാഠം അവർക്ക് ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ പ്രയോജനപ്പെടില്ല.
സമ്മാനത്തിന്റെ നിറം മാറിയതിൽ കുട്ടികളുടെ പ്രതികരണം എന്തായിരിക്കുമെന്നറിയാൻ എനിക്കും ആകാംഷയും ആധിയുമായി.
ചേച്ചിയുടെ വീടിനു മുന്നിൽ തന്നെ ബസിറങ്ങി. ഗേറ്റ് കടന്നപ്പോഴേ രണ്ടു കുട്ടികളും ഓടിയെത്തി. ചേച്ചിയും വാതിൽപ്പടിക്കൽ പ്രത്യക്ഷപ്പെട്ടു.
"നീയെന്താ താമസിച്ചേ. നിന്നെ നോക്കിയിരുന്നു കാണാഞ്ഞു ചേട്ടൻ ഓഫീസിൽ ഒന്ന് പോയിട്ട് വരാമെന്നു പറഞ്ഞിറങ്ങി."
എന്നെ മറുപടി പറയാൻ സമ്മതിക്കാതെ അനന്തിരവന്മാർ "അങ്കിൾ " എന്നും വിളിച്ചുകൊണ്ടു എന്നെ വന്നു കെട്ടിപ്പിടിച്ചു. ഇത്തവണയും എനിക്ക് അവരുടെ പേര് തിരിഞ്ഞുപോയി
"ഓ, ചേച്ചി ഇവരുടെ പേര് ഇനി തിരിച്ചിടുകയേ ഉള്ളൂ വഴി. എനിക്കവരെ എന്നും തിരിഞ്ഞു പോകും," ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചുവന്ന റിമോട്ട് കാറിനു പകരം നീല റിമോട്ട് കാർ കണ്ടപ്പോൾ കുട്ടികളുടെ മുഖമൊന്നു വാടി. കറുത്തില്ല.
അവർ തന്നെ റിമോട്ടിലും കാറിലും ബാറ്ററി ഒക്കെയിട്ട് അത് പ്രവർത്തനയോഗ്യമാക്കി
തങ്ങളുടെ കൈവിരലിന്റെ ചലനത്തിനൊത്ത് ഹോണും എൻജിനുമൊക്കെ പ്രവർത്തിപ്പിച്ച് ഓടുകയും വെട്ടിത്തിരിയുകയുമൊക്കെ ചെയ്യുന്ന യന്ത്രങ്ങൾ പെട്ടെന്ന് അവരുടെ മനസ്സിനെ കീഴടക്കി.
എന്നെ പോലും അവർ തീർത്തും അവഗണിച്ചു.
നീലനിറമുള്ള ആ കാറുകൾ ടീപ്പോയുടെ ചുറ്റിലും സോഫയുടെ അടിയിലും കസേരകൾക്കു പിന്നിലും പരസ്പരം മത്സരിച്ചു.
കണ്ണിൽ മത്സരത്തിന്റെ തിളക്കവും മുഖത്ത് വിജയപരാജയങ്ങളുടെ വർണ്ണവ്യതിയാനങ്ങളുമായി രണ്ടു കുട്ടികളും ആ കാറുകൾക്ക് പിന്നിൽ തലങ്ങും വിലങ്ങും നടന്നു.
തങ്ങളുടെ കാറുകൾ കൂട്ടിമുട്ടുമ്പോഴും അവരുടെ മിഴികൾ തമ്മിലുടക്കുന്നില്ല.
അടുക്കളയുടെ ഭാഗത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി പാളി നോക്കി. പിന്നെ അടുക്കളയിലേയ്ക്ക് പിൻവാങ്ങി. ഞാൻ എന്റെ ചേച്ചിയെ നോക്കി.
"അത് ഇവിടെ ജോലിക്കു വരുന്ന പെണ്ണിന്റെ കൊച്ചാ. അവധിദിവസം ഇവിടെ വന്നു നിൽക്കും" ചേച്ചി പറഞ്ഞു.
ഞാനാ കുട്ടിയെ അടുത്ത് വിളിച്ചു
എണ്ണതേച്ച് ചീകിയ മുടി രണ്ടായി പിന്നിൽ കെട്ടി വെച്ചിരിക്കുന്നു.
അവൾ വരാൻ മടിച്ചതുകൊണ്ട് ഞാൻ അടുക്കളയിൽ ചെന്ന് അവളെ കൂട്ടിക്കൊണ്ടു വന്നു.
കരിഷ്മ എന്നാണു പേര്. കരിശ്മ എന്നാണ് അവൾ പറഞ്ഞത്.
ഞാൻ അവളുടെ കൈകളിൽ എന്റെ കൈകൾ കോർത്തു. അവൾ നാണം കൊണ്ട് തറയിൽ നോക്കി നിന്നു. പിന്നെ പിന്നെ തലതിരിച്ച് കാറുകളിലായി ശ്രദ്ധ. ഒടുവിൽ ഞാൻ അവളെ നിർബന്ധിച്ച് ആ ചേട്ടന്മാരുടെ കൂടെ കളിയ്ക്കാൻ വിട്ടു.
ചേച്ചി ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ കാറോട്ടം ടെറസ്സിലേയ്ക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. ചാമ്പ്യന്മാർ രണ്ടും ആഹാരം കഴിക്കാൻ വന്നില്ല.
ഞാൻ കരിഷ്മയെ വിളിച്ച് എന്റെ കൂടെ ഇരുത്തി ആഹാരം കഴിപ്പിച്ചു.
ഇടയ്ക്കിടയ്ക്ക് അവളുടെ അമ്മ അടുക്കളയിൽ നിന്ന് എത്തി നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ആഹാരം കഴിച്ച് ഒന്ന് വിശ്രമിക്കാൻ ചേച്ചി പറഞ്ഞു. അളിയൻ എന്തായാലും വരാൻ വൈകും. സ്‌കൂട്ടർ അവിടെ ഇരിപ്പുണ്ട്. അതുമെടുത്ത് പുറത്തൊക്കെ ഒന്ന് കറങ്ങി വരാമെന്ന് ഞാൻ കരുതി.
വേണമെങ്കിൽ ഒരു ബിയറും കുടിക്കാം
പുറത്തേയ്ക്ക് ഇറങ്ങാൻ നേരവും അനന്തിരവന്മാരെ കണ്ടില്ല. ടെറസ്സിൽ ഫോർമുല വൺ അരങ്ങേറുന്നതിന്റെ ആരവം കേൾക്കാം.
കരിഷ്മ ഗേറ്റിന്റെ അടുത്ത് വരെ ഓടി വന്നു.
"അങ്കിളേ ടാറ്റാ"
ഞാൻ അവളെ അടുത്ത് വിളിച്ച് ചേട്ടന്മാരെ പോലെ അവൾക്കും എന്തെങ്കിലും സമ്മാനം വേണോ എന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചു. എന്റെ കയ്യിൽ ഇനി എല്ലാം കൂടി അറുനൂറു രൂപ കാണും. നിഷ്കളങ്കത കൊണ്ട് അതിൽ ഒതുങ്ങാത്ത വല്ലതും വേണം എന്ന് അവൾ പറഞ്ഞാൽ ഞാൻ പെട്ടു.
അനന്തിരവന്മാരുടെ സ്വപ്നത്തിന്റെ നിറം ഒരൽപം കെടുത്തിയതേ ഉള്ളൂ.
രണ്ടും കൽപ്പിച്ച് കരിഷ്മയെ അടുത്ത് വിളിച്ച് ഞാൻ അടക്കത്തിൽ ചോദിച്ചു, "വരുമ്പോൾ ഒരു സമ്മാനം അങ്കിൾ കൊണ്ടുവരാം. എന്തുവേണം കരിഷ്മയ്ക്ക്?"
ആദ്യം നാണിച്ച് ഒന്നും മറുപടി പറയാതെ തല കുമ്പിട്ട് ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ പിന്നെയും പിന്നെയും നിർബന്ധിച്ച് ചോദിച്ചപ്പോൾ എന്റെ കാതിൽ ഇളം കാറ്റിന്റെ ശബ്ദത്തിൽ അവൾ പറഞ്ഞു, "എനിക്കൊരു മഞ്ച് വാങ്ങികൊണ്ടു വരാവോ?"
എന്റെ പേഴ്സിലെ നോട്ടുകളെല്ലാം പെട്ടെന്ന് വെറും പേപ്പർ തുണ്ടുകളായതു പോലെ തോന്നി.
No comments:
Post a Comment