Total Pageviews

Friday, May 24, 2019

സ്പന്ദിക്കുന്ന (മറ്റൊരു)അസ്ഥിമാടം

മൂന്നു നൂറ്റാണ്ടിലധികമായി മരിച്ചിട്ട്
എങ്കിലും ഇന്നും എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല
പണ്ടെന്നെ ക്‌ളാസ്സുകളിലായിരുന്നു കൊന്നുകൊണ്ടിരുന്നത്
ഇപ്പോൾ മുഖപുസ്തകത്തിലും എന്റെ മരണം ഞാൻ അറിയുന്നു.

അന്യന്റെ കുഞ്ഞിനെ കൊണ്ട് എന്നെ അച്ഛാ എന്ന് വിളിപ്പിക്കുന്നത് നിങ്ങളിൽ ഒട്ടു മിക്ക ആളുകളുടെയും വിനോദമാണ്. എന്താണ് നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടുന്നതെന്ന് എനിക്കറിയില്ല.
ഞാൻ  ഒരേ ഒരു കഥ മാത്രമേ എന്റെ നാടകത്തിനായി എഴുതിയുളളൂ. ദി ടെംപെസ്റ്റ് എന്ന നാടകത്തിനായി. അതാകട്ടെ ഒരു കഥയില്ലാ കഥയും. അതോടെ ഈ പണി തന്നെ ഞാൻ നിർത്തിയില്ലേ?
എനിക്കിതിനുള്ള കഴിവില്ല എന്നത് കൊണ്ട് മാത്രമല്ല ഞാൻ കഥകൾ നിർമ്മിച്ചെടുക്കാഞ്ഞത്.
കഥ പറയുകയായിരുന്നില്ല എന്റെ ലക്‌ഷ്യം. അതിനു ബെൻ ജോൺസണും തോമസ് കിഡ്‌ഡും എന്റെ പ്രിയ സുഹൃത്ത് മാര്ലോവുമൊക്കെ ധാരാളം.
എനിക്ക് ചില കാര്യങ്ങൾ ലോകത്തെ അറിയിക്കാനുണ്ടായിരുന്നു.
വെറുതെ പറഞ്ഞാൽ ആരും കേൾക്കില്ല എന്ന് മനസ്സിലായി.
അത് കൊണ്ട് അവരുടെ ശ്രദ്ധ ആകർഷിക്കാൻ ഒരു പഴങ്കഥ വേണമായിരുന്നു. 
അതാവുമ്പോൾ പെട്ടെന്ന് അവർക്ക് കാര്യം പിടികിട്ടും.
ഒന്നും പറയാതെ കഥ തന്നെ മനസ്സിലാവും. അരങ്ങിന്റെ ഏതാണ്ട് മുഴുവൻ സ്ഥലവും കാലവും എനിക്ക് ഇഷ്ടമുള്ളത് പറയാൻ ഉപയോഗിക്കാം. അത് ഞാൻ നന്നായി ഉപയോഗിച്ചു എന്ന് ആ ഹാരോൾഡ്‌ ഗൊദാർഡിനു മാത്രം അറിയാം.
ഞാൻ പടച്ചു വിട്ടതൊക്കെ നിങ്ങൾ പുസ്തമാക്കുമെന്നൊന്നും ഞാൻ അന്ന് കരുതിയിരുന്നില്ല. നിങ്ങളുടെ പാഠശാലകളിൽ എനിക്ക് ഈ ഗതി വരുമെന്നും ഞാൻ അറിഞ്ഞില്ല.
ഞാൻ ഒരു വലിയ സംഭവമാണെന്നൊക്കെ നിങ്ങൾ മക്കളോടും ശിഷ്യരോടും ഒക്കെ പറയുന്നതിൽ എനിക്ക് വിരോധമില്ല. അതിൽ വലിയ കള്ളം ഉണ്ടെന്നും ഞാൻ കരുതുന്നില്ല.
പക്ഷെ അതിന്റെ കൂടെ ഈ ശുപ്പാണ്ടിക്കഥകൾ എന്റേതാണെന്ന് പറഞ്ഞാൽ വിശ്വസാഹിത്യത്തെ കുറിച്ച് അവരൊക്കെ എന്ത് കരുതുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
യാതൊരു സങ്കീര്ണതയും ഇല്ലാത്ത കഥകൾ തെരഞ്ഞു തന്നെ എടുത്തതാണ്. കാരണം എനിക്ക് പറയുവാനുള്ള കാര്യങ്ങൾ അങ്ങേയറ്റം സങ്കീര്ണമായിരുന്നു. വിഡ്ഢിക്കുപ്പായമാണ് കുപ്പായം എന്ന് വെറും നാല് വക്കിലാണ് ഞാൻ പറഞ്ഞത്. വേണമെങ്കിൽ ഒരു പതിയായിരം പുസ്തകം അതും പറഞ്ഞ് എഴുതാമായിരുന്നു. എഴുതിയിട്ടുമുണ്ടല്ലോ വേറെ ആൾക്കാർ. നിങ്ങളുടെ ഇന്ത്യയിൽ തന്നെ.
അങ്ങനെ സങ്കീർണ്ണമായ കാര്യങ്ങൾ ചുരുക്കി പറയുമ്പോൾ കേൾക്കുന്നവർക്ക് വലിയ ആയാസമാണ്,പ്രയാസവുമാണ് എന്ന് എനിക്കറിയാമായിരുന്നു.
അതിന്റെ കൂടെ ഒരു കുരുക്കുപിടിച്ച കഥ കൂടി തിരുകിക്കയറ്റിയാൽ അതുമില്ല ഇതുമില്ല എന്നായി പോകും. കരടിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതു കണ്ടു കയ്യടിക്കാൻ പോയി ഇന്ന് ഷോ ഇല്ല എന്നറിഞ്ഞു നാടകമെങ്കിൽ നാടകം എന്ന് കരുതി വരുന്ന കാണികളല്ലേ?
അതുകൊണ്ട് എന്റേതെന്ന് കരുതി ആ ചാൾസ് ലാംബോക്കെ എഴുതിവിട്ട കഥകൾ എടുത്ത് ദൂരെ കളയണം. അയാൾക്കാണെങ്കിൽ ആ കഥകൾ പോലും പൂർണ്ണമായി മനസ്സിൽ കയറിയിട്ടില്ല. സഹോദരിയുടെ നൊസ്സ് കുറച്ച് പുള്ളിക്കും ഉണ്ടായിരുന്നോ എന്നാ എന്റെ സംശയം.
അവിടുത്തെ ഗൈഡൊക്കെ ഇവിടെയും കിട്ടും. ഞാൻ ചിരിച്ച് മണ്ണുകപ്പി.
ദയവായി നിങ്ങൾ കുട്ടികളോട് പറഞ്ഞു കൊടുക്കണം, ഇങ്ങനെ പൊട്ടക്കഥകൾ എഴുതിയാലൊന്നും ഒരു ലോക്കൽ അവാർഡ് പോലും കിട്ടില്ലെന്ന്. സാഹിത്യം അതിനൊക്കെ ഉപരിയാണെന്ന്.
നിങ്ങളും സമയം കിട്ടുമ്പോൾ ഒരു കാര്യം ചെയ്യണം. എന്റെ നാടകങ്ങളിൽ നിന്ന് ഈ കഥകളെയൊക്കെ  ഒന്ന് നീക്കി വെച്ചിട്ട് ബാക്കി വല്ലതും ഉണ്ടോ എന്ന് നോക്കണം.
അതിന്റെ ക്രെഡിറ്റ് മാത്രമേ എനിക്ക് തരാവൂ, പ്ളീസ്!

നിങ്ങളുടെ വി സാംബശിവനെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും.

എന്ന്
സസ്നേഹം
നിങ്ങളുടെ 

വില്ല്യം ഷേക്‌സ്‌പിയർ



No comments:

Post a Comment