Total Pageviews

Friday, May 24, 2019

 സുന്ദരം, സുരഭിലവും
കെ ശ്രീകുമാർ

കഥാരചനയ്ക്കുള്ള വിഷയം അറിഞ്ഞപ്പോൾ അയാൾക്ക് അത്ര സന്തോഷമായില്ല. കുറേകൂടി മൂര്ത്തമായ എന്തെങ്കിലുമായിരുന്നു അയാൾ പ്രതീക്ഷിച്ചത്. ഒഡീഷയിൽ കൊടുങ്കാറ്റും, ശ്രീലങ്കയിൽ കൂട്ടക്കൊലയ്മ് കേരളത്തിൽ തന്നെ പല പിഞ്ചു കുഞ്ഞുങ്ങളുടെ അരുംകൊലയുമൊക്കെയുള്ളപ്പോൾ ഇങ്ങനെ അമൂർത്തമായ ഒരു പഴഞ്ചൻ വിഷയം എന്തുകൊണ്ട് വാരികക്കാർ തെരഞ്ഞെടുത്തു എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് മനസിലായില്ല. പോരെങ്കിൽ മലയാളത്തിലെഴുതാനുള്ള കഥയ്ക്ക് ഇംഗ്ലീഷിലാണ് വിഷയം തന്നിരിക്കുന്നത് . നൊസ്റ്റാൾജിയ. അതിൽ വലിയ തെറ്റു  പറയാനില്ല. ഗൃഹാതുരത്വം എന്ന വാക്കിന് ഇതേക്കാൾ അപരിചിതത്വം ആർക്കും തോന്നും. കേട്ടാൽ അസ്തിത്വവാദം പോലെയുണ്ട്.
നെറ്റ് കണക്ട് ചെയ്ത് അയാൾ ഗൂഗിളിൽ അതിന്റെ അർഥവും ചരിത്രവും തെരഞ്ഞു. ഇംഗ്ലീഷ് പദമല്ല. നൊസ്റ്റാസ് അത് ഗ്രീക്ക് ആണ്. വീട്ടിലേയ്ക്ക് മടങ്ങുക എന്നർത്ഥം. ആൾഗോസ് അതോ ആൾജോസോ? അതും ഗ്രീക്ക് ആണ്. അർഥം വേദന. അങ്ങനെയാണ് വേദനസംഹാരി അനാൾജിനായത്. ഹോംസിക്ക്നെസ്സ് എന്നർത്ഥം വരുന്ന ഒരു ജർമ്മൻ വാക്കിന് പകരം വെക്കാനാണ് പതിനെട്ടാം നൂറ്റാണ്ടിൽ ഈ വാക്കുകളുടെ ലയിപ്പിക്കൽ നടന്നത്. തീവ്രമായ ഹോംസിക്ക്നെസ്സിനു മാത്രമേ നൊസ്റ്റാൾജിയ എന്ന വാക്ക് ഉപയോഗിക്കാറുള്ളു. അല്ലെങ്കിൽ വെറും ഹോംസിക്ക്നെസ്സ്. ഗൃഹാതുരത്വം. ഗൃഹത്തെ കുറിച്ച് ഓർത്തുള്ള സുഖമില്ലായ്മ.
അയാൾ കമ്പ്യൂട്ടറിൽ  നിന്നും കണ്ണെടുത്ത് ഭിത്തിയിലെ ഒരു വിള്ളലിൽ നോക്കി ചിന്തയിൽ മുഴുകി. ഗൂഗിളിൽ നിന്ന് കിട്ടിയ അറിവൊന്നും ഒരു കഥാതന്തു ഉണ്ടാക്കിയെടുക്കാൻ പ്രയോജനപ്പെടില്ല എന്ന് ഉറപ്പായി. തലയിൽ എങ്ങിനെയോ ഓ എൻ വിയുടെ 'ഒരുവട്ടം  കൂടിയെന്നോർമ്മകൾ' എന്ന പഴയ പാട്ടു വന്നു കയറിയത് ഇറങ്ങിപ്പോകുന്നുമില്ല. സ്‌കൂളിനെ കുറിച്ചുള്ള വരി മൂളിയപ്പോൾ പണ്ട് സ്‌കൂളിൽ പഠിച്ച നളിനിയിലെ
ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്ത് ചിത്രശലഭം പറന്നതും
പാർത്തുനിന്നതുമണഞ്ഞു നാം കരം
കോർത്തുകാവിനരികെ നടന്നതും
അയാൾ ഓർത്തു. ആ കവിത ആദ്യം കേട്ടതുപോലെ ഇന്നും ഓർമ്മയിലുണ്ട്. അന്നൊക്കെ മനസിലെ ഒരു വലിയ സ്വപ്നമായിരുന്നു ആ രംഗം. മെയിൻ റോഡ് വിട്ട് ഒരു കാവിനരികിലൂടെയാണ് എന്നും സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. പാറിനടക്കുന്ന ചിത്രശലഭങ്ങളെ ആ വഴിയിൽ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ കാവിലെ ഭഗവതിയെ പേടിച്ച് ഒരു പെൺകുട്ടി പോലും ഒരിക്കലും ആ വഴിയേ വന്നിട്ടില്ല. പണ്ട് വായിച്ച് കഥകളും പാട്ടുകളും കവിതകളും ഒന്നിച്ച് അയാളുടെ തലയിൽ കയറി വന്നു. മണ്ണാത്തി കിളികളെ പോലെ അവ അർത്ഥമില്ലാത്ത ചിലച്ചു. ഒന്നും ശ്രദ്ദിക്കാൻ കഴിയുന്നില്ല. അതിനിടയിലും ഈ വിഷയത്തെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട് എന്ന് അയാൾ ഓർത്തു. ഒരു പക്ഷെ പ്രണയത്തെ കുറിച്ച് എഴുതപ്പെട്ടതിലുമേറെ. പ്രണയത്തെ കുറിച്ചുള്ള കഥകളും ഏറെക്കുറെ നൊസ്റ്റാൾജിയ തന്നെയാണ് പറയുന്നത്. നഷ്ടപ്രണയത്തെ കുറിച്ചുള്ള ഓര്മകളല്ലേ മിക്ക പ്രാണയ കഥകളും?
 ഇനി ഈ വിഷയത്തെക്കുറിച്ച് എന്ത് എഴുതാൻ എന്ന് അയാൾ അമ്പരന്നു. എങ്കിലും ലോകത്തിൽ ആകെ ഏഴു കഥകളെ ഉള്ളൂ എന്ന് എവിടെയോ വായിച്ചതും അയാൾ ഓർത്തു. അത് അവതരിപ്പിക്കുന്ന രീതിയിലാണ് വ്യത്യാസം.
അവിടെയും രക്ഷയില്ലെന്ന് അയാൾക്ക് തോന്നി. സിനിമയിൽ പോലും ഈ വിഷയം ഏതെല്ലാം രീതികളിൽ കൈകാര്യം ചെയ്തിരിക്കുന്നു. എന്തായാലും അറിയപ്പെടുന്ന ഗൃഹാതുരത്വ കഥകളുടെ ഒരു ഛായയും തന്റെ കഥയ്ക്ക് ഉണ്ടാകാൻ പാടില്ല. അടിച്ചു മാറ്റിയതാണെന്ന് മുൻവിധി എഴുതിക്കളയും. ശീർഷകം തൊട്ടു ആ കാര്യത്തിൽ ശ്രദ്ധ വേണം.
അടുത്തമുറിയിലെ ഷെൽഫിൽ നിന്നും അയാൾ കുറെ കഥാസമാഹാരങ്ങൾ വാരിയെടുത്ത് മേശപ്പുറത്തിട്ടു. ഇടയ്ക്കിടെ ഇവയിലൂടെ കണ്ണോടിക്കുന്നത് എഴുതുന്നതിന് വളരെ പ്രചോദനവും പ്രയോജനവുമാണ്. പലപ്പോഴും നിസ്സാരമായി കഥകൾ എഴുതിയിട്ടുണ്ട്. പക്ഷെ ഇത് അങ്ങിനെയല്ല. ഇരുപത്തിയയ്യായിരം രൂപയാണ് സമ്മാനം. മാറ്റിവെച്ച ധാരാളം കാര്യങ്ങൾക്ക് അത് പ്രയോജനപ്പെടും. കിട്ടിയാൽ.
വീടിന്റെയും കാറിന്റെയും ബൈക്കിന്റെയുമൊക്കെ ലോൺ അടച്ചു തീർത്താൽ പിന്നെ ഒരുവിധം കഴിഞ്ഞുപോകാനുള്ള കാശേ ബാക്കി വരാറുള്ളൂ. എങ്കിലും താൻ വളർന്ന സാഹചര്യങ്ങളിൽ നിന്ന് താൻ ഇന്ന് ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്നും അയാൾ ഓർത്തു . മാറിയ ജീവിത സാഹചര്യങ്ങളുമായി യോജിച്ച് പോകാൻ ഇനിയും അമ്മയ്ക്കും അച്ഛനും കഴിഞ്ഞിട്ടില്ലെന്നും അയാൾ ഓർത്തു.
കഥകളിലൂടെ കണ്ണോടിച്ചപ്പോൾ ഒരാശ്വാസം. ഈയിടെയായി ആരും അങ്ങനെ ഈ വിഷയം തൊട്ടിട്ടില്ല. അന്നന്നത്തെ പ്രശ്നങ്ങളും നാളെയെ കുറിച്ചുള്ള ആകുലതകളുമാണ് മിക്കതിന്റെയും വിഷയം. പക്ഷെ ഇതൊക്കെ പേരെടുത്ത എഴുത്തുകാരാണ്. എഴുതിത്തെളിഞ്ഞ വിദ്വാന്മാർ. അവർക്ക് ആശയദാരിദ്ര്യം ഉണ്ടാവില്ല. അതല്ലേ ഓണംവിശേഷാൽ പതിപ്പിലേയ്ക്ക് ആവശ്യപ്പെടുമ്പോൾ നാലും അഞ്ചും കഥകളൊക്കെ എഴുതി വിടുന്നത്. അതും ഒന്നിനൊന്നു മെച്ചം.
നെറ്റിൽ തന്നെ നോക്കാം. തന്റെ ലെവൽ ഉള്ള ആൾക്കാരൊക്കെ അവിടെ ഉണ്ടാകും.
അയാൾ വിണ്ടു കംപ്യൂട്ടറിലേയ്ക്ക് തിരിഞ്ഞു.

ആഹാ, ഇവിടെയാണ് ഇതിന്റെ കേന്ദ്രം. ധാരാളം കവിതകളും കഥകളും ലേഖനങ്ങൾ പോലും ഗതകാല സ്മൃതികളാണ്. ആ നല്ല കാലം എന്ന് തന്നെ പേരുള്ള നാല് കഥകൾ അയാൾ കണ്ടു. ഓരോന്നും വേഗത്തിൽ വായിച്ച് തീർക്കാൻ ശ്രമിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തമ്മിൽ തിരിച്ചറിയാൻ വയ്യാതായി. പൊതുവെ എല്ലാത്തിനും ഒരേ ടോൺ തന്നെ. അപ്പോൾ ഈ ടോൺ ഒഴിവാക്കി വേണം എഴുതാൻ. കഥാതന്തു എന്തായാലും ഗൃഹാതുരത്വം ആണല്ലോ തെളിഞ്ഞു നിൽക്കേണ്ടത്. ശ്രമിക്കാം.
പിന്നീടുള്ള ദിവസങ്ങളിൽ അയാൾ മുറിയടച്ചിട്ടിരുന്ന് എഴുത്തിൽ മുഴുകി. ഒരേ കഥ തന്നെ പലരീതിയിൽ എഴുതി നോക്കി. എല്ലാം വലിച്ചുകീറിക്കളഞ്ഞു. ഒന്നും ശരിയാവുന്നില്ല. വായിച്ച് മടുത്ത കഥകൾ പോലെ തന്നെ. അയാൾ പേപ്പറൊക്കെ അടുക്കുവെച്ച് പേനയും അടച്ച് മുറ്റത്തേക്കിറങ്ങി. ചെടികൾ പലതും ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. വേനൽ മഴ ഒന്ന് മുഖം കാണിച്ചിട്ടു മുങ്ങിയതാണ്.
ചെടികൾ നനച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ സ്വയം ചോദിച്ചു.
എന്തിനെക്കുറിച്ചാണ് തനിക്ക് നൊസ്റ്റാൾജിയ?
ആ നല്ല കാലം എന്ന് തോന്നിയിട്ടുള്ളത് തന്റെ ബാല്യകാലത്തെ കുറിച്ചാണ്.
ജനിച്ച ഗ്രാമത്തെക്കുറിച്ചും.
പടവും പുഴയും കുന്നുമൊക്കെയുള്ള തന്റെ ഗ്രാമവും ഇന്ന് ഏറെ മാറിപ്പോയിരിക്കും. എങ്കിലും അവിടം വരെയൊന്നു പോകുന്നത് നന്നായിരിക്കും എന്നയാൾക്ക്‌ തോന്നി. ഇരുനൂറു കിലോമീറ്റർ തന്നെ തികച്ചില്ല. കഴിയുമെങ്കിൽ അവിടുത്തെ വലിയമ്പലത്തിന്റെ പടവിലിരുന്ന് എഴുതുകയും ചെയ്യാം. അന്നത്തെ കാവാണ് ഇന്നത്തെ വലിയമ്പലം.

അങ്ങിനെയാണ് അയാൾ വീണ്ടും തന്റെ നാട്ടിൽ വിരുന്നുകാരനായി എത്തിയത്.തന്നെ അറിയാവുന്നവർ ആരും ഇവിടെ ഉണ്ടാവില്ല. മുണ്ടുടുക്കണോ അതോ പാന്റ്സ് തന്നെ മതിയോ എന്നൊക്കെ അയാൾ സംശയിച്ചു.

ബസിറങ്ങിയപ്പോൾ അയാൾ ഒന്നമ്പരന്നു. തിരിച്ചറിയാനാവാത്ത വിധം താൻ ജനിച്ച നാട് മാറിപ്പോയിരിക്കുന്നു. ഒഴിഞ്ഞ സ്ഥലങ്ങൾ ഏറെയുള്ള തന്റെ നാട്ടിൽ വലിയ അപ്പാർട്മെന്റുകൾ കണ്ട് അയാൾക്ക് ചുണ്ടിൽ ചിരി പൊടിഞ്ഞു. വരേണ്ടിയിരുന്നില്ലെന്ന് തോന്നി. ഗതകാലത്തിന്റെ തിരുശേഷിപ്പുകൾ ഒന്നും ഇവിടെ കാണാനിടയില്ല.
മെയിൻ റോഡ് വിട്ടപ്പോൾ അയാൾക്ക് കുറച്ച് ആശ്വാസമായി. എങ്കിലും പഴയ കെട്ടിടങ്ങൾ ഒന്നും കാണാനില്ല. ഗോവയിൽ നഗരം വിട്ടാൽപിന്നെ പഴയ കെട്ടിടങ്ങളേ കാണാനുള്ളൂ എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇവിടെ അങ്ങനെയല്ല. എല്ലാം പുതിയ പുതിയ കെട്ടിടങ്ങൾ. കൃഷിയില്ലെങ്കിലും പാടങ്ങളും, കലങ്ങിയതെങ്കിലും പുഴയും ഒക്കെയുണ്ട്. അമ്പലത്തിലെ സ്വർണ്ണക്കൊടിമരം ദൂരെ നിന്ന് തന്നെ കാണാം. കറുത്ത കുഴമണ്ണ് നിറഞ്ഞ പുഴയോരത്തൂടെ, പാടത്തിന്റെ വഴുവഴുക്കുള്ള വരമ്പിലൂടെ അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. വരമ്പ് മുറിഞ്ഞു തോടിനുകുറുകേയുള്ള ചെറിയൊരു പാളത്തിലേക്ക് കയറുമ്പോൾ അയാൾ ഒന്ന് നിന്നു. ഇവിടെയാണ് രാജശേഖരൻ താമസിച്ചിരുന്നത്. ആ കുടിൽ നിന്നിടത്ത് ഒരു രണ്ടുനിലക്കെട്ടിടം. ഇതുതന്നെ സ്ഥലം. അടുത്തെങ്ങും വേറെ കുടിലുകളുമില്ല. ഇവിടെ തന്നെയാണ് അവൻ താമസിച്ചിരുന്നത്. ചൂണ്ടയിൽ ഇര  കോർക്കാനും, മുങ്ങാംകുഴിയിടാനും പട്ടത്തിൽ നൂല് കൊരുക്കാനുമൊക്കെ തന്നെ പഠിപ്പിച്ച ഗുരു. അവരൊക്കെ ഇവിടമൊക്കെ വിറ്റു പോയിക്കാണുമോ. കൃഷി ഇല്ലെങ്കിൽ പിന്നെ എന്തിനിവിടെ നിൽക്കണം?
എങ്കിലും ആ വീട്ടിൽ ഒന്ന് ചോദിക്കണം എന്ന് അയാൾക്ക് തോന്നി.
അത് രാജശേഖരന്റെ തന്നെ വീടായിരുന്നു. അവൻ തിരിച്ചറിയാൻ ഒരു പ്രയാസവും ഉണ്ടായില്ല. അടുക്കും ചിട്ടയും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു. അവൻ രണ്ടു വര്ഷം ഗൾഫിലായിരുന്നു. പിന്നെ നാട്ടിൽ വന്നു ചില ബിസിനസ്സൊക്കെ തുടങ്ങി. രണ്ടുപെൺമക്കൾ. രണ്ടുപേരും ദുബായിൽ ഇൻഫോസിസിൽ എൻജിനീയർമാർ.
"അച്ഛൻ?"
"അച്ഛൻ ഇവിടെയുണ്ട് " അവൻ അടുത്തമുറി ചൂണ്ടിക്കാണിച്ചു. "അമ്മയോട് പറഞ്ഞു, അടുക്കളയിലാ കാപ്പിയെടുക്കുവാ"
അവന്റെ അച്ഛനെ കാണാൻ അടുത്ത മുറിയിലേയ്ക്ക് ചെന്നു. പണ്ട് മഴക്കാലത്ത് കണാറൺ മാമനാണ് എന്നെ എടുത്ത് സ്‌കൂളിൽ കൊണ്ട് പോകുന്നത്. ഇപ്പോൾ ഒരു തൊണ്ണൂറു വയസെങ്കിലും കാണും.
മുറിയിൽ കയറിയപ്പോൾ നല്ല തണുപ്പ്. എ സി ഉണ്ട്. ഒരു രോഗി കിടക്കുന്നതിന്റെ ദുർഗന്ധമൊന്നുമില്ല. ഒരു മൂലയ്ക്ക് ഹോം നേഴ്സ് ഇരുന്നു പത്രം വായിച്ച് കേൾപ്പിക്കുന്നു. കണാരൻ മാമൻ ഉറക്കത്തിൽ എന്ന പോലെ ഇടയ്ക്കിടയ്ക്ക് മൂളുന്നുണ്ട്.
"അപ്പാ ഇതാരാണെന്നു  നോക്കിയേ "
തലയിണയുടെ അടിയിൽ  നിന്നും കണ്ണാടി തപ്പിയെടുത്ത് മുഖത്ത് വെച്ചു കൊണ്ട് കണാരൻ മാമൻ എണീറ്റിരിക്കാൻ ശ്രമിച്ചു. ഹോം നേഴ്സ് പത്രം താഴെയിട്ട് ഓടിവന്നു തലയിണ വെച്ച് ചാരിയിരുത്തി.
കണ്ണാടി മുഖത്ത് ഉറപ്പിച്ച് വെച്ചുകഴിഞ്ഞപ്പോൾ നിഷ്പ്രയാസം മാമൻ എന്നെ തിരിച്ചറിഞ്ഞു.പറഞ്ഞു നിർത്തിയതിന്റെ ബാക്കി പോലെ പറഞ്ഞു തുടങ്ങി
"അവനാ ഈ വീടൊക്കെ വെച്ചേ. ഒരു പത്തു മുപ്പതിനായിരം രൂപയായിക്കാണും. കൊച്ചുങ്ങളൊക്കെ അപ്പുറത്തുണ്ട്. പത്തൊക്കെ പാസ്സായി."
ഭാർഗ്ഗവിയമ്മ കാപ്പിയുമായി വന്നു. ഒരു ഡിഷിൽ രണ്ടു കഷ്ണം കേയ്ക്കും. പൈനാപ്പിളിന്റെ നല്ല മണം.
"ആ കേയ്ക്ക് ഒന്ന് തിന്നു നോക്ക്. ഞാൻ ഇന്നലെ ഒരു പരീക്ഷണം നടത്തിയതാ. പൈനാപ്പിൾ കിട്ടിയില്ല. എസ്സെൻസാ. അതിന്റെയൊരു ടേസ്റ്റ് വ്യത്യാസം കാണും." രാജശേഖരൻ പറഞ്ഞു
ഭാർഗ്ഗവിയമ്മ ഡിഷ് എന്റെ മുന്നിലേയ്ക്ക് നീട്ടി. ഞാൻ അവരുടെ കൈകൾ ശ്രദ്ധിച്ചു. സ്വര്ണവളകൾ. വിരലിൽ കല്ലുവെച്ച വലിയ മോതിരം. മുഖത്ത് നല്ല സംതൃപ്തി.
"എന്റെ കരളൊക്കെ മാറ്റിവെച്ചതാ. അവൻ നാലാം ക്‌ളാസ്സുവരെ സ്‌കൂളി പോയി. കുഞ്ഞിന്റെ പഴയ പുസ്തകമാ അവൻ പഠിച്ചത്. ഇന്ദിരാ ഗാന്ധി പിന്നേം ഇലക്ഷന് നിക്കുവാ."
അപ്പന് ഓര്മക്കുറവാ. കരളൊന്നും മാറ്റിവെച്ചില്ല. ഒരു ബൈപ്പാസ് കഴിഞ്ഞു. ഇപ്പൊ ആറേഴു വർഷമായി.
"ഞാൻ പറയുവാരുന്നു ഭാർഗവി.  രായൻ പള്ളൂക്കൂടത്തി പോയില്ലെന്ന്. നമ്മക്കൊക്കെ അന്ന് എവിടാ സ്‌കൂള്. എൻ എസ് എസ്സു കാരു സമ്മതിച്ചതോണ്ട് നാല് വരെ പോയി. എറണാകുളത്താ കുഞ്ഞേ എന്റെ കരളു മാറ്റിവെച്ചേ"
"അമൃതയിലായിരുന്നു, അതൊക്കെ ഓർമയുണ്ട്" ഭാർഗ്ഗവിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെയും കണാരൻ മാമൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കിടക്കാൻ  നേരം ഞാനും കൂടി താങ്ങിക്കൊടുത്തു.
എല്ലാരോടും യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ മാനം കറുത്ത് തുടങ്ങിയിരുന്നു. വക്കിൽ വെള്ളിക്കസവ് കെട്ടിയ കരിമേഘങ്ങൾ മാനത്ത് ഒഴുകി നടന്നു. എന്റെ മനസ്സ് പോലെ പുഴ കലങ്ങിക്കിടന്നു. ദൂരെ മഴപെയ്തിട്ടുണ്ടാവും.
ഈ യാത്ര വേണ്ടിയിരുന്നില്ല.
യാഥാർഥ്യമെന്തെന്ന് നേരിൽ കണ്ടു.
ഞാനുൾപ്പെടെയുള്ളവർ വാഴ്ത്തുന്ന ആ മനോഹര കാലം എവിടെയാണ്?
സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ഏതു വിദ്യാലയത്തിന്റെ തിരുമുറ്റത്താണ് പോകേണ്ടത്?
പൊതുജീവിതധാരയിൽ നിന്നും കുടിയൊഴിക്കപ്പെട്ടവരും ആട്ടിയകറ്റി നിർത്തപ്പെട്ടിരുന്നവരും ഏതൊരു ഗതകാലസ്തുതിയാണ് ഏറ്റു പാടേണ്ടത് ?
ആരായിരുന്നു ആ സുവർണ്ണ കാലത്തിന്റെ ഉടയോരും ഉടമകളും?
കണാരൻമാമനെ പോലെ അനേകം പേർ എന്നാണ് ഒന്നിലധികം നേരം ആഹാരം കഴിച്ച് തുടങ്ങിയത്?
മാമന്റെ വീട്ടിൽ എൺപത് വയസ്സ് തികയ്ക്കുന്ന ആദ്യത്തെ ആളായിരിക്കും കണാരൻ മാമൻ. ബൈപാസും വേറെ ആരും ചെയ്തിട്ടുണ്ടാവില്ല.
അടുത്ത കടയിൽ  നിന്നും വാങ്ങിയ നോട്ടുബുക്കും പേനയുമായി അയാൾ അമ്പലത്തിലെ വിശ്രമകേന്ദ്രത്തിലെ കസേരയിൽ ഇരുന്നു. ഫാനിനടിയിലേയ്ക്ക് കസേര കുറച്ച് നീക്കിയിട്ടു. നോട്ടുബുക്ക് മടിയിൽവെച്ച് പണ്ട് സ്‌കൂളിൽ നോട്ടെഴുതുന്ന പോലെ എഴുതാൻ തുടങ്ങി.
സമ്മാനത്തുകയായ ഇരുപത്തിയയ്യായിരം രൂപയായിരുന്നില്ല അയാളുടെ മനസ്സിൽ.
കാലപേടകത്തിലകപ്പെട്ടു പോയ രണ്ടു സഞ്ചാരികളായിരുന്നു.
കാലത്തിലൂടെ പിന്നെലേയ്ക്ക് സഞ്ചരിക്കുമ്പോൾ തങ്ങളെ കടന്നുപോകുന്ന സ്ഥലകാലങ്ങളെ കണ്ടു അവരിലൊരാൾ പറഞ്ഞു, "നമ്മൾ യാത്ര തുടങ്ങിയപ്പോൾ ലോകം എന്ത് സുന്ദരമായിരുന്നു!"
"സുരഭിലവും!"രാജശേഖരൻ കൂട്ടിച്ചേർത്തു.









No comments:

Post a Comment