ഓഫീസിൽ നിന്നു നേരത്തേയിറങ്ങാൻ പ്രത്യേകിച്ചു കാരണമൊന്നുമുണ്ടായിരുന്നില്ല. പ്രൊജക്റ്റ് സമ്മറി തയ്യാറാക്കിക്കൊടുത്തപ്പോൾത്തന്നെ സെക്ഷൻ ക്ലാർക്ക് പറഞ്ഞതാണ് വേണമെങ്കിൽ പൊയ്ക്കൊള്ളാൻ. ഡിസംബർ മാസമായിട്ടും ഒട്ടും പ്രതീക്ഷിക്കാതെ മാനം ഇരുണ്ടു കഴിഞ്ഞിരുന്നു.
വീണുകിട്ടിയ ഒന്നൊന്നര മണിക്കൂർ ബസു കാത്തു നിന്ന് പാഴാകുമെന്നു കരുതിയതാണ് .
അപ്പോഴാണ് തിരക്കധികമില്ലാത്ത ഈ വണ്ടി വന്നത്. സീറ്റൊന്നും ഒഴിവുണ്ടായിരുന്നില്ല. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ ഉറങ്ങിപ്പോയ ഒരാൾ പിടഞ്ഞെഴുന്നേറ്റു. ബഹളം വെച്ച് വണ്ടി നിർത്തി ഇറങ്ങിപ്പോയി. ഒരു സീറ്റൊഴിഞ്ഞു. പക്ഷെ ആ സീറ്റിൽ ഒരു ചെറുപ്പക്കാരനുണ്ട്. ചിന്തിക്കാൻ സമയമില്ല. മറ്റാരെങ്കിലും ആ സീറ്റ് കയ്യടക്കുന്നതിനു മുൻപ് ഒരു തീരുമാനമെടുക്കണം. സീറ്റ് കിട്ടിയില്ലെങ്കിൽ എത്ര നേരം നില്ക്കേണ്ടി വരുമെന്ന് അറിയില്ല. തിരക്ക് കൂടിയാൽ പിന്നെ അയാളുടെ അടുത്തു ഇരിക്കുന്നതിലും കഷ്ടമാണ് നില്ക്കേണ്ടി വരുന്നത്. നാല് വശത്തു നിന്നും കാറ്റു തിന്നു കഴിയുന്ന സർപ്പങ്ങൾ പോലെ കൈകൾ ഇഴഞ്ഞെത്തും.
ചെറുപ്പക്കാരനെ ഒന്ന് നോക്കി. അയാൾ വായനയിലാണ്. എന്റെ മനസ് വായിച്ചതുപോലെ അയാൾ നിവർന്ന് എന്നെ ഒന്ന് നോക്കി. ക്ഷണിക്കുന്നതു പോലെ ഒന്നൊതുങ്ങിയിരുന്നു. പുസ്തകത്തിൽ നിന്നും കണ്ണെടുക്കുന്നില്ല. പക്ഷെ അയാളുടെ മുഖഭാവത്തിനൊരു മാറ്റം. വായനയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. മുഖം തിരിച്ച് എന്റെ നേരെ നോക്കാനുള്ള സമ്മർദ്ദത്തെ മറികടക്കാൻ തല വെട്ടിച്ച് അയാൾ ഇടയ്ക്കിടെ പുറത്തേയ്ക്ക് നോക്കുന്നു.
ഒടുവിൽ അയാൾ തോറ്റു. എന്റെ നേരെ വീണ്ടും നോക്കി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞുമാഞ്ഞു. എനിക്ക് തോന്നിയതാണോ?
മനസിലെ ചിന്തകളെല്ലാം നിലച്ച നിമിഷം. മണിക്കൂറുകൾ കടന്നു പോയിട്ടുണ്ടാവും എന്ന് തോന്നി. പുറത്തേയ്ക്ക് നോക്കിയപ്പോൾ ബസ് തെല്ലു ദൂരം പോലും മുന്നോട്ട് നീങ്ങിയിട്ടില്ലെന്നു മനസിലായി. ഇത്ര ഹ്രസ്വമായ സമയമാണോ മണിക്കൂറുകൾ നീണ്ടതെന്ന് തോന്നിയത്?
എന്തായിരുന്നു ഞാൻ ആ നിമിഷത്തിൽ ചിന്തിച്ചത്? നൂലു പൊട്ടിയ പട്ടം പോലെ ഞാനെങ്ങോട്ടാണ് ഞൊടിയിടയിൽ ഞെട്ടിത്തെറിച്ചു പറന്നകന്നത്? എനിക്കൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എങ്ങിനെ ഞാൻ ഈ ബസിൽ കയറാൻ ഇടയായി? പരിചയമുള്ളവരൊന്നും കൂടെയില്ലാത്തതെന്ത് ? വീട്? ജോലി? ഭർത്താവും കുട്ടികളും?
പെട്ടെന്ന്, അഹങ്കാരിയായ ഒരു കൂറ്റൻ തിരമാല മയക്കത്തിലാണ്ട കുടിലുകളെ തല്ലിത്തകർത്ത് വിഴുങ്ങുന്നപോലെ, ഓർമ്മകളെല്ലാം മടങ്ങിയെത്തി .
അപ്പോഴേയ്ക്കും ഞാനാ ചെറുപ്പക്കാരന്റെയടുത്ത് സ്ഥാനം പിടിച്ചിരുന്നു. അയാൾ എന്റെ മുഖത്ത് ഒരു നിമിഷം ഒന്നു നോക്കി. എന്തോ ചോദിയ്ക്കാൻ തുടങ്ങുന്ന പോലെ തോന്നി. പക്ഷെ പെട്ടെന്ന് അയാൾ തല വെട്ടിച്ച് പുറത്തേയ്ക്ക് നോക്കി. വീണ്ടും പുസ്തകത്തിലേയ്ക്ക് നോക്കുന്നു. വായിക്കുകയല്ല എന്തോ പരതുകയാണെന്ന് തോന്നും.
അയാളും എന്നെ പോലെ ആണ്. അത്ര തടിച്ചതല്ല. പക്ഷെ പൊക്കമുണ്ട്. കാൽമുട്ടുകൾ മുന്നിലെ സീറ്റിൽ മുട്ടിച്ചു വെച്ചിരിക്കുന്നു. എനിക്കങ്ങനെ മുട്ടിച്ചു വെയ്ക്കണമെങ്കിൽ സീറ്റിന്റെ വക്കോളം നീങ്ങി ഇരിക്കണം. ഉള്ളിൽ ചിരി വന്നു.
മടിയിലുണ്ടായിരുന്ന ബാഗ് ഞാൻ എടുത്ത് നെഞ്ചത്ത് ചേർത്ത് വെച്ചു. ഞാനെന്താണീ കാണിക്കുന്നത് ? കുട്ടികളെ മുലയൂട്ടും പോലെ. വീണ്ടും ബാഗ് ഞാൻ മടിയിൽത്തന്നെ വെച്ചു. അപ്പോഴാണ് ഞാനെന്റെ കൈകളേക്കുറിച്ച് ബോധവതിയായത്. കൈകൾ എവിടെ വെയ്ക്കും? കൈകൾ പിണച്ച്, വിരലുകൾ കോർത്ത്, ബാഗിന് മുകളിൽ വെച്ചു. പിന്നെ തിരിച്ചെടുത്ത് സാരി നേരെ പിടിച്ചിട്ടു . കാറ്റിന്റെ തണുത്ത കൈകൾ വയറ്റിൽ സ്പർശിച്ചപ്പോൾ ചൂളിപ്പോയി. സാരി ഒന്നു കൂടി നേരെ ഇട്ടു. ഇപ്പോൾ തണുത്ത സ്പർശനം ഇല്ല. നന്നായി മറഞ്ഞിട്ടുണ്ടാവണം.
കാറ്റിന്റെ കുസൃതി അടങ്ങിയില്ല. അത് മുടിയിഴകളെ നെറ്റിയിലേയ്ക്കെടുത്തിട്ടു. അവ കണ്‍പീലികളിൽ തട്ടുമ്പോഴൊക്കെ കണ്ണ്‍ ചിമ്മി അടയുന്നു. അതോ മിഴികളിൽ ഈർപ്പം കൂടിയിട്ടോ? കാറ്റു നേരെ മുഖത്തേയ്ക്ക് അടിച്ചിരുന്നെങ്കിൽ മുടി കണ്ണിൽ നിന്നുമകന്ന് പിന്നിലേയ്ക്ക് പാറിപ്പറന്നേനെ. പക്ഷെ കാറ്റിന്റെ വശത്തേയ്ക് മുഖം തിരിച്ചാൽ അത് ചെറുപ്പക്കാരനിരിക്കുന്ന വശത്തേയ്ക്കാവും.
അയാൾ പെട്ടെന്ന് ജനാലയുടെ ഷട്ടർ താഴ്ത്തി ഇട്ടു. അയാളെന്റെ മനസു വായിച്ചുവോ? അതോ മഴ ചാറിത്തുടങ്ങിയിട്ടാണൊ?തണുത്ത കാറ്റ് എന്നിട്ടും മറുവശത്തെ ജനാലയിൽ നിന്ന് കടന്നു വരുന്നുണ്ടായിരുന്നു. ദേഹമാകെ കോരിത്തരിച്ചു .ആ ചെറുപ്പക്കാരനെ ഒന്ന് കെട്ടിപ്പിടിക്കുവാൻ തോന്നി. അയാൾ വീണ്ടും വായനയിൽ തന്നെയാണ്. ഞാൻ വലതു കാലിന്റെ മേൽനിന്നും ഇടതു കാലു താഴ്ത്തി വെച്ചു. ചെറുപ്പക്കാരന്റെ കാൽ മുട്ടിനാണ് ഉയരക്കൂടുതൽ. ബസ് ഒന്ന് ബ്രെയ്ക്ക് പിടിച്ചതും എന്റെ കാൽ മുട്ടുകൾ അയാളുടെ കാൽ മടക്കിന്റെ ഉള്ളിൽ അമർന്നു. അതു കൊണ്ട് പേടിച്ചതുപോലെ ഞാൻ അധികം മുന്നോട്ടു തെന്നിപ്പോയില്ല. അമ്മയുടെ ചിറകിനുള്ളിലെ പക്ഷിക്കുഞ്ഞിനെപ്പോലെ എന്റെ ഇടതു കാൽ മുട്ട് അയാളുടെ വലതു കാൽ മടക്കിനുള്ളിൽ തുടർന്നു. എന്റെ ശ്വാസത്തിനു ആർദ്രതയും വേഗതയും കൂടിയതായി തോന്നി. കണ്ണടച്ച് ഒരു നിമിഷം ഞാനെവിടെയാണെന്ന് തിരഞ്ഞു. ഞങ്ങളുടെ തോളുകളും തുടയുമാണ് ഇപ്പോൾ തൊട്ടിരിക്കുന്നത്. പിന്നെ കാൽ മുട്ടും. വക്ഷസ്സുകൾ അകന്നു നില്ക്കുന്നു.
അയാൾ അലക്ഷ്യമായി മാസിക തുറന്നു. കൈമുട്ടുകൾ വശങ്ങളിൽ ഞെരുക്കിയിറക്കി. ശരീരങ്ങളെ തമ്മിൽ അകറ്റുന്ന പോലെയാണ് അയാളത് ചെയ്തത്. എങ്കിലും അയാളുടെ വലതുകൈ മുട്ട് ഞങ്ങൾ തമ്മിലുള്ള ദൂരത്തെ ഇല്ലാതാക്കി. അയാളുടെ ഹൃദയമിടിപ്പ് ലോലമായ തരംഗങ്ങളായി എനിക്കിപ്പോൾ കേൾക്കാം. അയാളുടെ ശ്വാസഗതി വേഗത്തിലായിരിക്കുന്നു. ഏതു നിമിഷവും അയാൾ എന്നോട് എന്തെങ്കിലും ഒന്നു സംസാരിച്ചേക്കുമെന്ന് തോന്നി. എന്തായിരിക്കാം അയാളുടെ വാക്കുകൾ ? മറുവശത്തെ ജനാലയിൽ കൂടി വീണ്ടും കാറ്റടിച്ചു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരു മുഴുവനും ഉള്ളിൽ നിറഞ്ഞു. ബസിനകത്തെ വെളിച്ചം മങ്ങിയിരിക്കുന്നു.
തലയ്ക്കു മേലെ ഉയർന്നു നില്ക്കുന്ന അയാളുടെ മുഖം എനിക്ക് നന്നായി കാണാം. ഞാനൽപ്പം കൂടി മുന്നോട്ടു നീങ്ങിയിരുന്നു. അയാളുടെ കൈമുട്ട് പൂർണ്ണമായും എന്റെ വക്ഷസ്സിൽ നിറഞ്ഞു സ്പർശിച്ചു. അറിയാതെയാണോ ഞാനങ്ങിനെ ചെയ്തത്? അറിയാതെയല്ല പറ്റിച്ചേർന്നിരിക്കാൻ ശ്രമിച്ചത് എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. ബസ്സിന്റെ ചലനങ്ങൾക്കൊപ്പം അയാളുടെ ശരീരവും ചെറു ചലനങ്ങൾ കൊണ്ട് അതിന്റെ സാന്നിധ്യം എന്നെ അറിയിച്ചു കൊണ്ടിരുന്നു. അയാൾ ഒരു വാക്കെങ്കിലും മിണ്ടിയിരുന്നെങ്കിൽ അന്ന് ഞാൻ പ്രതീക്ഷിച്ചു.
എന്റെ കഴുത്തിലെ മാംസപേശികൾ അയഞ്ഞു. ബസ്സിന്റെ ചലനത്തിനൊത്ത് ഇരുവശത്തേയ്ക്കും ആടുകയാണ്. കണ്‍പോളകൾക്ക് കനം വെച്ച് തുടങ്ങിയിരിക്കുന്നു. ശ്വാസഗതി സാധാരണ രീതിയിലേയ്ക്ക് മടങ്ങി. അതിന്റെ ഊഷ്മളതയും ആർദ്രതയും കുറഞ്ഞു. ഒരു നിമിഷം അയാൾ എന്നെ കോരിയെടുത്തെങ്കിൽ വിരലുകൾ തമ്മിൽ കോർത്തു പിണഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു.
ഭർത്താവിനോടോത്ത് ആഹ്ലാദത്തോടെ ചിലവഴിച്ച എത്രയോ രാത്രികൾ ഏറ്റവും ഉഷ്ണം നിറഞ്ഞവയായിരുന്നെന്ന് എനിക്ക് തോന്നി. ഭോഗലാലസ്യത്തിന്റെ കുഞ്ഞോളങ്ങളിൽ കിടന്നു മയങ്ങുമ്പോഴുണ്ടായിരുന്നതിലും ശാന്തമായ എന്തോ ഒന്ന് ഞാനനുഭവിച്ചു. അച്ഛൻ മരിച്ച വാർത്തയറിഞ്ഞപ്പോൾ ഭർത്താവിന്റെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞതും അദ്ദേഹമെന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചതും ഞാനോർത്തു. ദുഖിക്കുമ്പോക്കെ അതെന്റെ അവകാശമായിരുന്നു. അതിനായി ഞാൻ ദുരന്തങ്ങളെ മാടിവിളിച്ചിരുന്നോ?
ആരോ എന്നെ മെല്ലെ തൊട്ടിലാട്ടുകയാണ്. എന്റെ കൈകൾ എന്റെ അച്ഛന്റെ കൈകളുമായി പിണഞ്ഞിരിക്കുന്നു. ആരുടെയോ ശ്വാസഗതി ഉയർന്നു താഴുന്നത് ഒരു താരാട്ടായി എനിക്കു കേൾക്കാം. നിറഞ്ഞ നിലാവിൽ നിശ്ചലമായ തടാകത്തിൽ ഓളങ്ങളിൽ മലർന്നു കിടന്നു ഞാൻ നീന്തി. ഒരു താമരപ്പൂവ് എന്റെ കൈകളിൽ അമർന്നു ഞെരിഞ്ഞു.
പെട്ടെന്ന് എല്ലാ ചലനങ്ങളും നിലച്ചപോലെ തോന്നി.
ആരുടെ തോളിലാണ് ഞാൻ ചാരിക്കിടന്ന് ഉറങ്ങിപ്പോയത്? ആരുടെ കൈവിരലുകൾക്കിടയിലാണ് എന്റെ കൈവിരലുകൾ മൃദുവായി ഞെരിഞ്ഞമർന്നത്?
ആദ്യത്തെ ഞെട്ടലിനു ശേഷം പിടഞ്ഞുണരുമ്പോൾ അയാളുടെ മുഖത്തൊന്നു കൂടി നോക്കാൻ കഴിഞ്ഞില്ല.
പുറത്തെ ജനങ്ങൾക്കിടയിൽ അയാൾ അലിഞ്ഞു ചേർന്നു കഴിഞ്ഞിരുന്നു .
അപരിചിതനായ സഹയാത്രികാ, നിങ്ങൾ നേരിട്ടു കാണാത്തൊരു രാജാവിന്റെ സിംഹാസനം നിരായുധനായി നിങ്ങൾ കയ്യടിക്കളഞ്ഞല്ലോ.
കെ ശ്രീകുമാർ
No comments:
Post a Comment