യുദ്ധം
നിരന്തരമിനിയുമൊടുങ്ങാത്ത പകയോടെ
ഉപ്പും
മധുരവും വേവാത്തൊരന്നവും
തീരാത്ത
പ്രശ്നങ്ങൾ ഉരുകാത്ത മഞ്ഞുമല
മരവിച്ച
ഹൃദയമതിലുമേറെത്തണുത്തൊരീ വറ്റുമീ
വറ്റാത്ത
കണ്ണീരുമെപ്പൊഴോ വറ്റി വരണ്ടൊരു
സ്നേഹപ്രവാഹവും
ആരുടെ
ശബ്ദമാണേറ്റവുമുച്ചത്തിൽ
ഇരുവരും മിണ്ടാതെയെത്രയുഗങ്ങളായാ-
രുമിണ്ടുമാദ്യമെന്നാണു
മത്സരം
യുഗ്മഗാനം
പോലുമേകാന്തനാടകം
കൂട്ടിരിക്കുമ്പോഴും
ഒറ്റയാവുന്നവർ
നിന്റെ
വസ്ത്രം കാണ്‍കെ
തൊലിയുരിയുമെനിക്കെന്റെയിഷ്ടഭോജ്യം
നിനക്കേറ്റവും
വർജ്ജ്യമാണെത്രയൊ
കാഴ്ചകൾ
ദേശങ്ങൾ കാണുവാനില്ലൊട്ടു
താത്പര്യമെന്നതും
ആകെയൊരു സൗഹൃദം
മാത്രമാണറിയാമതാണെന്റെ
ശത്രുവും നിശ്ചയം
എങ്കിലുമീരാവിലാകെയൊരു വസ്ത്രമീ
ചന്ദ്രന്റെ
വെട്ടവും മഞ്ഞ് വൃഥാവിൽ
നമുക്കായി
നെയ്തൊരു നിറമറ്റ ചേലയിൽ
ഇതളിട്ടു
വിരിയുമീ ഉടലും പ്രണയപ്രധാനമാം
നേരത്തു
നിന്നുടെ കാതിൽനിറയുന്ന
സ്വേദസുഗന്ധിയാം വാക്കുകളിലലിയുന്ന
നിശ്വാസ,
മാഴത്തിലാഴുമെൻ
ദേഹത്തിനുള്ളിലായുയരുന്നൊരുൾക്കുളിർ
ഇരതേടിയിണതേടിയിടങ്ങളേറെത്തേടി
യിരുളും
വെളിച്ചവും തിരിയാതെ നമ്മളും
ജന്തുക്കളായ്
നമ്മളെന്നും ജയിക്കുന്നു
തോല്ക്കുന്നു നമ്മൾ മനുഷ്യരായ്
നിശ്ചയം
No comments:
Post a Comment