കഴിഞ്ഞ കാലത്തിൻ
തണൽ പടർന്നൊരീ
വഴിക്കിരുന്നു
ഞാൻ തളർച്ചയാറ്റുവാൻ
മിഴിക്കുള്ളിൽ
വന്നു നിറഞ്ഞിടുന്നെന്റെ
വഴിക്കു
സത്യമായ് തെളിഞ്ഞ പാഠങ്ങൾ
ഒരിക്കൽ
നീയെന്നിൽ അലിഞ്ഞിരുന്ന നാൾ
കുരുന്നു
പൈതലായ് രസിച്ചിരുന്നു ഞാൻ
ഒരായിരം
സ്വപ്നം ഫലിച്ച കാലവും
ശരിക്കുമത്ഭുതം നിറഞ്ഞ
ജീവിതം
വളർന്നു
ഞാനെന്റെ അഹന്തയുമൊപ്പം
തളർന്നു
ഞാനെന്റെ സഹായഹസ്തവും
കളങ്കമറ്റൊരു
മനസ്സുമന്യമായ്
കളഞ്ഞുപോയെന്റെ
കെടാവെളിച്ചവും
വെളുത്ത
താളിലെ കറുത്ത പാടുപോൽ
തിളങ്ങുമക്ഷരം
പഠിച്ചെടുത്തു ഞാൻ
വിളക്കു
പോലെന്നെ നയിച്ചിടുന്നൊരു
വെളിച്ചമൊട്ടുമേ
പകർന്നതില്ലതും
ഒരിക്കലെങ്കിലും
തിരിച്ചറിഞ്ഞുവോ
കുരുന്നു
നാളിലെ ഉടപ്പിറപ്പിനെ
തിരിച്ചു
പോയെന്റെ കുരുന്നു ബാല്യത്തിൽ
തിരഞ്ഞിടാനുമേ
തരപ്പെടില്ലിനി
കടുപ്പമീ
ദുഃഖം മടുത്തൊരീ ജന്മം
ഒടുങ്ങിയെന്നിലെ
ശുഭപ്രതീക്ഷയും
നടുങ്ങിയന്നു
ഞാൻ അറിഞ്ഞ വേളയിൽ
കടുത്ത
തിന്മതൻ ഫലങ്ങളിത്രയും
എനിക്കു
സമ്മതം ഭവാൻ വിധിച്ചിടും
അനുഗ്രഹങ്ങളും വിപത്തുമൊന്നുപോൽ
നിനച്ചിടുന്നു
ഞാൻ കെടാവിളക്കു നീ
ഇനിത്തുടങ്ങണം
അനന്തയാത്രകൾ
അറിഞ്ഞു
നിന്നെ ഞാൻ വിധിക്കു കാവലായ്
പറഞ്ഞിടട്ടെ
ഞാൻ മനസ്സിനാഗ്രഹം
മറഞ്ഞു
കിട്ടണം സമസ്തദു:ഖവും
മറന്നിടൊല്ല
ഞാൻ പ്രപഞ്ചനാഥനെ
നിനച്ചു
ഞാനെന്നെ നിതാന്തശാന്തമാം
കടൽപ്പരപ്പിലെ
കടത്തു കപ്പലായ്
ധരിച്ചതൊക്കെയും
അബദ്ധ ചിന്തകൾ
പെരുംകടലിലെ
കൊതുമ്പുതോണി ഞാൻ
സ്വയം
പ്രകാശിത സ്വരൂപമാണു നീ
ഉദിച്ചുനിൽക്കണം
മനസ്സിനുള്ളിലും
അതൊന്നുമാത്രമേ
ശരിക്കൊരുത്തരം
ഒടുങ്ങുമക്ഷണം
സമസ്ത ദുഃഖവും
കടുത്ത
തിന്മകൾ നിസ്സാര വീഴ്ചകൾ
മടിച്ചിടാതിനി
തിരുത്തിമാറ്റണം
മിഴിക്കു
തുല്യമായ് തെളിഞ്ഞ ബുദ്ധിയും
ഉയർന്ന
ചിന്തയും തരുന്നു മോചനം
കരത്തിലത്ഭുതത്തെളിച്ചമേറണം
കരുത്തു
നേടണം ഉണർന്നിരിക്കണം
മരിച്ചിടും
വരെ മറന്നിടാതെ നീ
ഇരുട്ടിനുള്ളിലെ
പ്രകാശമാകണം
നിറഞ്ഞു
നീയെന്റെ അണുക്കൾ തോറുമേ
അലിഞ്ഞു
ഞാനുമീ ജലത്തിലുപ്പുപോൽ
കുറഞ്ഞ
കാലമേ എനിക്കു ശേഷിപ്പൂ
അതിന്നിടയിൽ
നീ അകന്നു പോകല്ലേ
No comments:
Post a Comment