മഴ മഴേ മഴ
ദൂരെയാ കുന്നിൻറെ മുകളിലെങ്ങും
മഴമേഘമെല്ലാം കുമിഞ്ഞുകൂടി
മണ്ണിലെ വൃദ്ധമിഥുനങ്ങൾ തൻ
മുഖമിന്ന് ദുഃഖത്തിലാണ്ടുപോയി
തൂലിക കൊണ്ടു ഞാനെന്തിനായോ
കവിത കുറിക്കുവാനാഞ്ഞിടുന്നു
പിന്നെയെൻ വാഹനം തന്നടുത്തേ
യ്ക്കെത്തുവാൻ മെല്ലെ നടന്നിടുന്നു
മാറ്റിവെക്കുന്നു ഞാൻ തൂലികയും
എഴുതാനെടുത്തൊരു നോട്ടുബുക്കും
ഒരു തുള്ളിയെന്റെ മൂർദ്ധാവിൽ വീഴ്‌കേ
കൈകാൽ നിവർത്തി കുടയുന്നു ഞാൻ
മഴ നനഞ്ഞിട്ടെത്ര കാലമായി
ഉത്കണ്ഠ ബാധിച്ചിതെന്നു തൊട്ടോ
ഉത്കണ്ഠ ഇല്ലാത്ത മർത്യരാരും
ഇല്ലയീ ലോകത്ത് സത്യമായും
ചിന്തിച്ചിടാറില്ല നമ്മളാരും
പെട്ടെന്ന് മാഞ്ഞൊരാ നാളുകളെ
ഓടയിൽ വീണങ്ങൊഴുകി നീങ്ങും
മഴവെള്ളം പോലെയീ ഭൂതകാലം
സ്വപ്നവും കണ്ടിങ്ങ് നാമിരിക്കെ
കാലങ്ങളെത്ര കഴിഞ്ഞുപോയി
കെട്ടിപ്പടുക്കണം നല്ലഭാവി, പിന്നെ
കൈകളിൽ സമ്പത്ത് നിറയെ വേണം
ഒറ്റയ്ക്ക് കണ്ട കിനാവുകളേ നിങ്ങൾ
എങ്ങുപോയ് പാതിനൂറ്റാണ്ടിനൊപ്പം
ഇനിയുണ്ട് പാതി നൂറ്റാണ്ടു വീണ്ടും
സന്തോഷം തേടുവാൻ കാലമുണ്ട്
ഇല്ലെനിക്കിയില്ല ഭാവിഭൂതം
ഇന്നിലും ഇപ്പോഴുമെൻ ജീവിതം
മഴപെയ്ത് പാതയിൽ ഒഴുകിനീങ്ങും
ചെളിവെള്ളം തെപ്പുന്ന കുട്ടിയായി
കണ്ണിലും 'മേത്തും' പതിക്കുമീ പൊന്മഴ
ആസ്വദിക്കാമിനിയുള്ള കാലം
ജീവിക്കുവാനേ മറന്നങ്ങൊടുങ്ങിയ
പൂർവ്വികർ തന്നൊരു പുണ്യമാണീമഴ
ഉള്ളിലെന്നുള്ളിൽ നിറയുന്നു കാണാത്ത
ജീവന്റെയുള്ളിൽ തളം കെട്ടുമീ ജലം
വേദന നീക്കുന്നിതെന്റെയാത്മാവിലും
ദേഹവും മനവും സുഖപ്പെടുന്നു
മുറിവുണക്കി മുറിപ്പാടു നീക്കി ഇനി
പ്രകൃതിയും ഞാനുമീ മന്ത്രണവും
No comments:
Post a Comment