Total Pageviews

Saturday, August 5, 2023

വില്യം വേഡ്സ് വർത്തിന്റെ കവിത


ഡാഫോഡിൽസ്


മൊഴിമാറ്റം

ശ്രീകുമാർ എഴുത്താണി

 


 കുന്നിൻ മേലെയും താഴ്‌വരക്കാട്ടിലും

ചുറ്റിടുന്നൊരു മേഘം കണക്കെ ഞാൻ

അങ്ങുമിങ്ങുമലഞ്ഞു തിരിഞ്ഞ നാൾ

കണ്ടു കൂട്ടമായ് ഡാഫൊഡിൽ പൂക്കളെ


മാമരങ്ങൾക്കു കീഴെയീത്തീരത്ത്

നൃത്തമാടി രസിക്കുന്നു ഭംഗിയിൽ

എണ്ണിയാലുമൊടുങ്ങാത്ത സഞ്ചയം

കാറ്റിലാടുമീ സൗവർണ്ണസൂനങ്ങൾ


മിന്നിനിൽക്കുന്ന താരകജാലമോ

പൂത്തിറങ്ങിയോരാകാശ ഗംഗയോ

സ്വശ്ചമീത്തടാകത്തിൻ വരമ്പിലായ്‌

നീളെ നീണ്ടു കിടക്കുമീ പൂക്കണി


ഇല്ലതിരുകളെങ്ങുമേ കാണുവാൻ

ഉല്ലസിക്കുന്നിളംകാറ്റിലൊക്കെയും

ആയിരം പതിനായിരം  കണ്ടു ഞാൻ

മെല്ലെയാട്ടുന്നു വർണ്ണാഭമാനനം


തൊട്ടടുത്തീതടാകത്തിലോളങ്ങൾ

നൃത്തമാടുന്നു ചേലോടെയെങ്കിലും

എല്ലാം നിഷ്പ്രഭമാനന്ദമൂർച്ഛയിൽ

പൂക്കളിങ്ങനെ നൃത്തം തുടരവേ


ഇത്രമാത്രമാനന്ദം നിറഞ്ഞൊരീ

പുഷ്പസാഗരതീരത്ത് നിൽക്കവേ

എങ്ങിനെയേതു കാവ്യമനസിലും

നിർവൃതി വന്നു ചേരാതിരുന്നിടും


നോക്കിനിന്നു ഞാനേറെനേരം പക്ഷെ

ഒട്ടുമേതിരിഞ്ഞില്ലെനിക്കപ്പോഴും

എന്തുസമ്പന്നനായി ഞാനാക്കാഴ്ച

കാണുവാൻ പുണ്യമെന്തു ഞാൻ ചെയ്തെന്നും


കാലമേറെക്കഴിഞ്ഞു പോയെങ്കിലും

വിശ്രമിക്കുന്ന വേളയിലൊക്കെയും

തൃപ്തനെങ്കിലും തപ്തനാണെങ്കിലും

കണ്ണിനുള്ളിൽ തെളിയുമാപ്പൂവുകൾ


എത്ര ഭാഗ്യവാനേകാന്തനെങ്കിലും

എങ്ങിനെ ഹൃത്തു മേലോട്ടുയർന്നു പോയ്

നൃത്തമാടുന്നു പൂക്കളോടൊപ്പമങ്ങെ-

ന്തൊരാനന്ദമെന്നുള്ളിലിങ്ങനെ



No comments:

Post a Comment