ദൈവത്തിന്റെ മണവാട്ടി
പ്രാർഥനാ നിരതമായ് സ്വയമുരുകിയമരുമൊരു
മെഴുതിരിത്തുണ്ടാണ് ഞാൻ
പൊള്ളുന്ന പനിയേറ്റ് നെറ്റിമേലലിയുന്ന്
ചെറുമഞ്ഞുതുണ്ടാണ് ഞാൻ
വഴിതെറ്റിയൊഴുകിയീ ചുഴിയിൽമറഞ്ഞോരു
തീർഥമാണിന്നുമീ കന്യ
ഇതുതന്നെ സ്വർഗ്ഗവും ഇതുതന്നെ നരകവും
ഇതുതന്നെയെന്റെയൾത്താര
കൊന്തയിലെ മുത്തുകളെല്ലാം കൊറിച്ചു ഞാൻ
എന്നിട്ടുമെന്തേ വിശക്കാൻ
പിന്നിലീ രാത്രിയും മുന്നിലീ സാഗരത്തിര
കളെന്തെന്നേ ക്ഷണിക്കാൻ
കരയിലായ് കാണുന്നുകാൽപ്പാടിതെണ്ണമി
ല്ലിവയിലേതാണെന്റെ സ്വന്തം
അതിരുവിട്ടണയുമീ സാഗരം തീരത്തി
നുടലിലെപ്പാടു മായ്ക്കുന്നു
ഘന താപമേറുമെൻ ശുഷ്കപാദത്തിന്റെ
അടയാളമേയുള്ളു ബാക്കി
ധവളം മനോഹരം വസ്ത്രമെൻ മിത്രമേ
അതിനെ പുണർന്നു ഞാനെന്നും
ശുഭ്രമാം ചായം പുരണ്ടോരീ കല്ലറയ്
ക്കുള്ളിൽ പുഴുക്കളും ഞാനും
പുഴുവല്ലതൊന്നുമേന്നുള്ളിലെജീവനും
സിരയും ഞരമ്പുമാണെല്ലാം
Excellent
ReplyDeleteExcellent
ReplyDelete