Total Pageviews

Monday, October 19, 2015

വാഗ്വിധി
 
(ശ്രീകുമാർ എഴുത്താണി)
(ശ്രീജ  (ശ്രീ) ടീച്ചറുമായി ഉണ്ടാക്കിയ ഒരു തർക്കാണ് പ്രചോദനം)

വാക്കുകൾ ഞങ്ങളെങ്കിലും കീഴാള
വാക്കുകൾ  മാത്രമെന്നവരോതുന്നു
നാക്കിലെത്തുപ്പലെന്നും പുരണ്ടതിൻ
നാറ്റമെങ്ങിനെ പോരായ്മയായിടും

അർത്ഥമെങ്ങൾക്കുമുണ്ടെന്നിരിക്കിലും
അർത്ഥമില്ലത്തൊരാളുകൾ ചൊല്കയാൽ
വ്യർത്ഥമായിടുന്നസ്‌തിത്വ, മൊട്ടുമേ
സാർത്ഥമാകില്ല വേരറ്റ ജീവിതം

പണ്ടുകേട്ട പഴംപാട്ടിലൊക്കെയും
ഉണ്ടുഞങ്ങളെന്നെല്ലാരുമോർക്കണം
ഇണ്ടൽ സൌഖ്യവും ദൈന്യവും ദീനവും
മിണ്ടുവാൻ ഞങ്ങളിപ്പൊഴും പോരുമേ

ലാക്ക്, പേറ്, പോക്കഞ്ഞിയും ചാക്കാല
പ്രാക്ക്, ദെണ്ണവും തേവരും ചാത്തനും
മണ്ട, ചായ്പ്പുമീത്തിണ്ണയും മോന്തയും
കുണ്ടി, കൂരയും, ചുള്ളി, ചെവിത്തയും

കാതിലില്ലിവ നാവിലുമില്ലിവ
വിദ്യനേടിയോർക്കുള്ളിലുമില്ലിവ
ജാതിയിൽ തരം താണവരെങ്ങൾക്കു
പത്രമെല്ലാമയിത്തം പറഞ്ഞിടും

അന്യഭാഷയാം ആംഗലം സംസ്കൃതം
ഇന്ന് നിങ്ങൾക്ക് പഥ്യമായ് ത്തീർന്നതും
അന്നമൂട്ടുമ്പൊഴമ്മ പകർന്നതാം
നന്മയുള്ളൊരീ വാക്കു മറന്നതും

ഇന്ന് നിങ്ങൾക്ക് ന്യായമായ് തോന്നിടാം
മന്നിടത്തിൻ പുരോഗതിയായിടാം
നാളെ മാതാപിതാക്കളെ പോലുമേ
നാളുതോറുമേ മാറ്റിയെടുത്തിടാം


No comments:

Post a Comment