Total Pageviews

Wednesday, September 1, 2021

 ഞങ്ങളേഴു പേർ
(വില്യം വേഡ്സ് വർത്ത്)

( ഈ തർജ്ജമ ഓമനക്കുട്ടൻ എന്ന വൃത്തത്തിൽ. ചങ്ങമ്പുഴ  "ആ പൂമാല" രചിച്ചതും ഈ വൃത്തത്തിൽ. സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ... എന്ന പാട്ടും ഇതേ വൃത്തം.)

ശ്വാസത്തിൽ പോലും ലാഘവം
ദേഹമൊക്കെയും ജീവൽസാന്നിധ്യം
മൃത്യുവിൻ സത്യമെന്തറിഞ്ഞിടാ-
മിത്ര കുഞ്ഞിലീ കണ്മണി

മൺകുടിൽ മുറ്റത്തിന്നു കണ്ടു ഞാൻ
എട്ടാണെൻ പ്രായം ചൊന്നവൾ
ആ ശിരസ്സിനു ചുറ്റിലും തിങ്ങി
വിങ്ങുമീ ചുരുൾ കൂന്തലും

ഗ്രാമകന്യയാൾ കാടിൻ പുത്രിപോൽ
വന്യമാണുടുപ്പൊക്കെയും
മയ്യെഴുതാത്ത കണ്ണുകൾ, ആർക്കും
സന്തോഷം നൽകും ചന്തവും

"എത്രയാണ് നിൻ സോദരർ ബാലേ
ചൊല്ലുകെന്നോടെ"ന്നോതി ഞാൻ
"എത്രയാണെന്നോ? ഏഴുപേർ ഞങ്ങൾ"
വിസ്മയത്തോടെ  ചൊന്നവൾ

"എങ്ങുപോയി നിൻസോദരർ ചൊല്ലു" -
കെന്നു ചോദിച്ചു നിന്നു ഞാൻ
"രണ്ടുപേർ ദൂരെ താമസം പിന്നെ
രണ്ടുപേർ ദൂരെ കപ്പലിൽ

രണ്ടുപേരീ ശ്മശാനം തന്നിലു-
ണ്ടെന്റെ ചേട്ടനും ചേച്ചിയും
പള്ളിമുറ്റത്തെക്കൊച്ചു വീടൊന്നിൽ
ഞാനുെമൊപ്പെമെന്നമ്മയും"

"ദൂരെ രണ്ടുപേർ നൗകയിൽ രണ്ടാൾ
ചാരെ നീയൊരാൾ ബാലികേ
പിന്നെയെങ്ങിനെയേഴുപേർ നിന -
ക്കെണ്ണുവാൻ വശമില്ലയോ?"

വീണ്ടും വിസ്മയിച്ചെന്നെ നോക്കുന്നു
ഏഴു കൈവിരൽ കാട്ടുന്നു
"പള്ളിമുറ്റത്തെ വൃക്ഷത്തിൻ കീഴി-
ലുണ്ടു രണ്ടാളെൻ സോദരർ"

"തുള്ളിത്തുള്ളി നീയോടുന്നു ബാലെ
നിന്നിൽ ജീവൻ തുടിക്കുന്നു
രണ്ടുപേർ മണ്ണിൻ കീഴെയാണെങ്കിൽ
ഏഴല്ലഞ്ചുപേർ മാത്രമായ്"

എത്രയും ഹരിതാഭമാകുമാക്കല്ലറ
ചൂണ്ടിച്ചൊന്നവൾ
"വീട്ടിൽ നിന്നിത്ര ദൂരത്താണവർ
തൊട്ടുതൊട്ടു കിടക്കുന്നു

പുത്തൻ തൂവാല തുന്നുമ്പോഴെന്നുടുപ്പിൻ
കീറൽ ഞാൻ നീക്കുമ്പോൾ
അങ്ങു ചാരത്ത് ചെന്നിരിക്കും ഞാൻ
പാട്ടുകൾ പാടിക്കേൾപ്പിക്കും

സൂര്യനസ്തമിച്ചെങ്കിലും പകൽ
പോകുവാൻ മടിച്ചീടും നാൾ
മിക്കവാറുമാക്കല്ലറയിലെ
സോദരൊന്നിെച്ചെന്നത്താഴം

ഏറെനാൾ രോഗമൂർച്ചയിെലെന്റെ
സോദരി കഴിഞ്ഞെങ്കിലും
മാറ്റി ദൈവമങ്ങെല്ലാദീനവും
ഞങ്ങളെ വിട്ടു പോയവൾ

ഒട്ടുമേ ഹരിതാഭമല്ലാത്തൊരാ

 ശ്മശാനത്തിൽ നിദ്രയായ്
നിത്യമങ്ങു ഞാൻ ചേട്ടനൊപ്പമായ്
എത്രയോടിക്കളിച്ചെന്നോ!

പിന്നെത്തൂ വെള്ളമഞ്ഞിൻ കുപ്പായം
ചൂടി മണ്ണും വിറച്ച നാൾ
എന്റെ ചേട്ടനുമെന്നെ വിട്ടങ്ങു
നിത്യനിദ്രയിൽ വീണുപോയ്"

"രണ്ടുപേർ സ്വർഗ്ഗം പൂകിയോരെങ്കിൽ
പിന്നെയെത്ര പേർ ഭൂമിയിൽ?"
വീണ്ടും ബാലിക നിർന്നിമേഷയായ്
ചൊല്ലി "ഞങ്ങളിങ്ങേഴു പേർ"

"രണ്ടുപേർ പരലോകം പൂകിയോർ
ഭൂവിലില്ലവരെങ്ങുമേ"
വ്യർത്ഥം ന്യായങ്ങൾ ബാല പിന്നെയും
'ഞങ്ങളേഴെ'ന്നങ്ങോതുന്നു

No comments:

Post a Comment