Total Pageviews

Thursday, April 16, 2020


ഐസൊലേഷൻ വാർഡ്
°°°°°°°°°°°°°°°°°°°°°°
ആഗമനം
**********
യാതൊന്നും കയ്യിലില്ലാതെ, വസ്ത്രങ്ങൾ പോലും ഉരിഞ്ഞു മാറ്റി വേറെ ധരിച്ച്, മരണത്തിന്റെ വാതിൽ കടക്കുന്നത് പോലെ,  നിശബ്ദത തളം കെട്ടി നിൽക്കുന്ന ആ മുറിയിലേക്ക് നഴ്സുമാരുടെ അകമ്പടിയോടെ നടക്കുമ്പോൾ  ഭയത്തേക്കാളേറെ ആശ്വാസമാണ് രവിക്ക് തോന്നിയത്. പരിശോധനകൾ എല്ലാം കഴിഞ്ഞിരുന്നു. ഭീതിയോടെയും, സഹതാപത്തോടെയും നോക്കിയിരുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണുകളെ ഇനി പതിനാല് ദിവസത്തേക്കെങ്കിലും കാണേണ്ടല്ലോ. അതു മാത്രമായിരുന്നില്ല അയാൾ അറിയാതെ നെടുവീർപ്പിടാൻ കാരണം. എല്ലാ മനുഷ്യർക്കുമുള്ള ഒരു സംശയം അയാളുടെ കാര്യത്തിൽ മാറിക്കിട്ടിയിരുന്നു. മഹാമാരി അയാളെയും ബാധിച്ചു എന്ന് തീർച്ചയിക്കഴിഞ്ഞു. ഇനി സംശയത്തിനിനിടയില്ല. 
അത് വരെ അടഞ്ഞു കിടക്കുകയായിരുന്ന വാർഡിന്റെ വാതിൽ രവിക്കായി നഴ്‌സുമാർ തള്ളിത്തുറന്നതോടെ കട്ടിലിൽ കിടന്നിരുന്ന രോഗികളെല്ലാം ഏറെ പ്രതീക്ഷയോടെ തന്നിലേക്ക്  നോട്ടമെറിയുന്നത്  അയാൾ ശ്രദ്ധിച്ചു.  
സാധരണ വാർഡിൽ നിന്നും ഐസൊലേഷൻ വാർഡായി സ്ഥാനക്കയറ്റം കിട്ടിയ ആ മുറിയെ രവി മൊത്തത്തിലൊന്ന് വീക്ഷിച്ചു. കൃത്യമായ അകലത്തിലിട്ട കട്ടിലുകൾ. ഒറ്റ നോട്ടത്തിൽ തന്നെ മരണത്തെ കാത്തുകിടക്കുകായാണെന്നു തോന്നുന്ന രോഗികൾ. ജനലിൽ തൂക്കിയിട്ട കടും നീല നിറത്തിലുള്ള കർട്ടനുകൾ. എല്ലാംകൂടി വിഷാദത്തിന്റെയൊരു ഭാവം ആ വാർഡിന് പതിപ്പിച്ച് നൽകിയിരുന്നു. പക്ഷെ വരാമെന്നേറ്റ അതിഥി വന്നു കയറിയത് പോലെയായിരുന്നു അവിടെയുള്ളവർ രവിയെ സ്വീകരിച്ചാനയിച്ചത്. അവരുടെ ആതിഥേയത്വം കണ്ടാൽ ഏറെ നാളായി അവിടേക്കൊരു അതിഥി വന്നിട്ടെന്ന് തോന്നിപ്പോകും. നിത്യവും മരണത്തിന്റെ പുതപ്പണിഞ്ഞ് പലരും അവിടെന്ന് യാത്രപോകുന്നുണ്ടെന്നും, രോഗബാധിതരായ പുതിയ യാത്രക്കാർ മരണപാതയിലെ ആ  വഴിയമ്പലത്തിൽ തങ്ങാനെത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിലെ  വാർത്തകളിലൂടെ രവിയറിഞ്ഞിരുന്നു. അങ്ങനെയൊരു യാത്രികനാണോ  താനെന്നും, ഇവിടെ നിന്നും പോവുക മരണത്തിന്റെ പുതപ്പണിഞ്ഞിട്ടാവുമോ എന്നൊക്കെ ആലോചിച്ച് തലപുണ്ണാക്കാൻ അവിടെയുള്ളവർ രവിയെ സമ്മതിച്ചില്ല . അവന്റെ കട്ടില് നിർണയിച്ച് കൊടുത്തും ഉപദേശ നിർദ്ദേങ്ങൾ നൽകിയും അവരുടെ കൂട്ടത്തിൽ രവിയേയും അവർ വേഗം ചേർത്തു കളഞ്ഞു .
പക്ഷെ മടുപ്പിന്റെ മുഖാവരണം ആ വാർഡ്‌ എടുത്തണിഞ്ഞത് ദിവസങ്ങൾക്കുള്ളിലായിരുന്നു. .ചിരിക്കാനും, ചിരിപ്പിക്കാനുമുള്ള ശ്രമങ്ങൾ സ്വയം സമാധാനിക്കാനുള്ളതായിരുന്നു എന്ന് രവിക്ക് വേഗം മനസിലായി. എല്ലാവരും അവരവരുടെ ചിന്തകളിൽ നഷ്ടപ്പെട്ട് സമയം പോക്കാൻ ഇഷ്ടപ്പെട്ടു. രവിയുടെ അടുത്ത കട്ടിലിൽ കിടന്നിരുന്ന വൃദ്ധൻ മാത്രം ഇടയ്ക്കിടെ എന്തോ മറച്ച് പിടിച്ച് വായിക്കുന്നുണ്ടായിരുന്നു. വാർഡിലേക്ക് വന്ന അന്ന് ചെറുതായൊന്ന് പരിചയപ്പെട്ടു എന്നല്ലാതെ പിന്നീടൊന്നും ഇരുവരും സംസാരിച്ചിട്ടുണ്ടായിരുന്നില്ല.
വെളള പുതപ്പിച്ച നിലയിൽ കോലായയിൽ നീണ്ടു നിവർന്നു കിടക്കുന്ന രംഗം സ്വപ്നത്തിൽ കണ്ട് ഞെട്ടിയുണർന്ന രാത്രിയിലാണ് അടുത്ത കട്ടിലിലുള്ള വൃദ്ധനുമായി രവി വിസ്തരിച്ചൊന്ന് പരിചയപ്പെടുന്നത്. ഹാളിന്റെ അങ്ങേയറ്റത്തെ ട്യൂബ് ലൈറ്റിൽ നിന്നും വീഴുന്ന അരണ്ട വെളിച്ചത്തിൽ അയാൾ അപ്പോഴും വായിക്കുകയായിരുന്നു.
"എന്താണ് ഇക്കാ വായിക്കുന്നത്.?? "
രവിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ മടിച്ചിട്ടെന്നോണം കുറച്ച് നിമിഷങ്ങൾ കൂടി അയാൾ വായനയിൽ മുഴുകി. പിന്നെ പതിയെ തലയുയർത്തി, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
" ഇതോ, ഇത് ഞാൻ പണ്ടെഴുതിയ ഓരോ കുറിപ്പുകളാണ്. ഓരോ പ്രാന്ത്, അല്ലാതെന്തു പറയാൻ. എന്നാലും ഇപ്പോ വായിക്കുമ്പോ നല്ല രസണ്ട്."

ഒന്ന് മടിച്ചിട്ടാണെങ്കിലും രവി ചോദിച്ചു, "എനിക്കതൊന്ന് വായിക്കാൻ തരുമോ?" 
 
തെല്ലിട നേരം ആലോചിച്ചിട്ട് വൃദ്ധൻ ആ നോട്ട് പുസ്തകത്തിൽ നിന്നും കുറച്ച് പേജുകൾ കീറിയെടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് രവിയോട് ചോദിച്ചു.

"തനിക്കൊരു കാര്യമറിയോ? ഇത് കൊറോണയുടെ രണ്ടാം വരവാണ്. അധികമാരും അറിയാതെ വന്നുപോയൊരു ചരിത്രം കൊറോണയ്ക്കുണ്ട്."

രവി അയാളെ തുറിച്ചു നോക്കി. അയാൾക്ക് തലയ്ക്കൽപ്പം വെളിവ് കുറവുണ്ടോ എന്ന് രവി സംശയിച്ചു.
അതൊന്നും ഗൗനിക്കാതെ കീറിയെടുത്ത പേജുകൾ അയാൾ രവിക്ക് നേരെ നീട്ടി.
 
"ഇതൊന്ന് വായിച്ചു നോക്ക്. ഇന്നത്തെ പോലെ മൊബൈലും ടീവിയൊന്നുമില്ലാതിരുന്ന എന്റെ കുട്ടിക്കാലത്ത് കേരളത്തിലുണ്ടായ കൊറോണയെപ്പറ്റി വിശദമായി തന്നെ ഇതിലുണ്ട്. പിന്നെ മറ്റാർക്കും ഇത് വായിക്കാൻ കൊടുക്കരുത്. എന്നാ ശെരി, താൻ വായിച്ചോ.. ഞാനൊന്ന് ഉറങ്ങട്ടെ."
അതും പറഞ്ഞ് അയാൾ വേഗം പുതപ്പിട്ട് മൂടി ചുരുണ്ടു കൂടി കട്ടിലിൽ കിടന്നു
 
എന്താണ് നടക്കുന്നതെന്നറിയാതെ കുറച്ച് നേരം ആ പേജുകളും പിടിച്ച് രവി ഇരുന്നു. പിന്നെ അവിശ്വസനീയതയോടെ ആ കുറിപ്പ് വായിക്കാൻ തുടങ്ങി.

അനുഭവക്കുറിപ്പ്
***********
സിനിമാ കൊട്ടകയിലെ പുതിയ പ്രദർശനം അറിയിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വണ്ടിക്ക് പിറകേ നോട്ടീസിനായി ഓടി തളർന്ന ഞങ്ങളുടെ കിതപ്പാറും മുൻപേ അടുത്ത കളിക്കുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു. കള്ളനും പോലീസും കളിക്കാനായി എണ്ണിപ്പിരിച്ച് നിൽക്കുമ്പോഴായിരുന്നു പാടത്തിന്റെ ഒരറ്റത്ത് പ്രത്യക്ഷപ്പെട്ട ഉമ്മ റേഷൻ കടയിലേക്ക് പോവാനാണെന്നും പറഞ്ഞ് വിളിക്കുന്നത്. ഇനി മറുത്തൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നെയും കാത്ത് വല്ലിപ്പ വീട്ടിൽ ഒരുങ്ങി നിൽക്കുന്നുണ്ടാവും. സത്യത്തിൽ റേഷൻ കടയിൽ നിന്ന് മടങ്ങി വരുമ്പോ മണ്ണെണ്ണ കന്നാസ് പിടിക്കാൻ മാത്രമാണ് വല്ലിപ്പ എന്നെ കൊണ്ടുപോകുന്നത്. അരിച്ചാക്ക് പിടിക്കുന്ന വല്ലിപ്പാക്ക് മറ്റേ കയ്യ് കൊണ്ട് കന്നാസും പിടിച്ചു കൂടെ? കളിക്കാൻ പറ്റാത്തതിലുള്ള അമർഷം പാടത്തെ മുഴച്ചു നിൽക്കുന്ന ചേറിൻ കട്ടകളെ  ചവിട്ടി തീർത്ത് വീട്ടിലേക്ക് മടങ്ങുമ്പോ ആശ്വാസമായത്  ബേക്കറിക്കാന്റെ ചായക്കടയിൽ നിന്നും റേഷൻ കടയിലേക്ക് പോകുമ്പോഴൊക്കെ വല്ലിപ്പ വാങ്ങിത്തരാറുള്ള ചായയേയും സുഖിയനെയും കുറിച്ചുള്ള ചിന്തയാണ്. 

" കേക്കണോ ഇങ്ങൾക്ക്" എല്ലാരുടേം ശ്രദ്ധ തന്നിലേക്കായെന്ന് കണ്ടപ്പോ ഒന്ന് ചുമച്ച ശേഷം മയമി ഹാജി ചായക്കടയിലിരുന്നു പറഞ്ഞു തുടങ്ങി
 
" അവടെ എല്ലാ ദേശക്കാരും ഉണ്ടാകും. അതില് വെളുത്തോനും കറുത്തോനും ഒരേ പോലെ മുഖള്ളോരുമൊക്കെ ഉണ്ടാവും. അതിശയം അതൊന്നുമല്ല. ലോകത്ത് എവിടെയൊക്കെയോ കിടക്കുന്ന ഈ മനുഷ്യന്മാരെയൊക്കെ മുത്ത് നബിയുടെ ആ ഹള്റത്തിലേക്ക് കൊണ്ടു വരാനുള്ള അള്ളാന്റെ കയ്‌വിനെ പറ്റി ഇങ്ങളൊന്ന് ആലോയിച്ചോക്കിൻ!!!"
അവിടെ കൂടിയിരുന്ന എന്റെ വല്ലിപ്പയടക്കമുള്ളവർ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. രണ്ട് ദിവസം മുൻപ് ഹജ്ജ് കഴിഞ്ഞ് കപ്പലിറങ്ങിയ മയമി ഹാജിയുടെയും, സഹയാത്രികനായിരുന്ന എന്റെ വല്ലിപ്പയുടെയും ഹജ്ജ് വിശേഷങ്ങൾ ഈ അടുത്തൊന്നും പറഞ്ഞു തീരില്ലെന്ന് എനിക്ക് തോന്നി. ചുമരിനോട് ചേർത്തിട്ട ബെഞ്ചിലിരുന്ന് സു ഖിയൻ തിന്നുമ്പോ എന്റെ ശ്രദ്ധ പ്രധാനാമായിട്ടും അവിടെ വെച്ചിരുന്ന റേഡിയോയിലെ വാർത്താവായനയിലായിരുന്നു.
 
പതിവില്ലാതെ ഒരു പ്രതേക അറിയിപ്പുണ്ടെന്ന് വാർത്താവതാരകൻ പറഞ്ഞപ്പോഴായിരുന്നു മയമി ഹാജിയുടെയും ഒപ്പം കടയിലേയും സംസാരം പെട്ടന്ന് നിലച്ചത്.
"കൊറോണയെന്ന മഹാമാരി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നും  ലോകമൊട്ടാകെ ഇതിനകം പതിനായിരത്തിലധികം ആളുകൾ മരിച്ചുവെന്നും  പ്രസ്തുത രോഗത്തിന്റെ വ്യാപനം തടയുന്നതിനായി നാളെ മുതൽ ഇന്ത്യയൊട്ടാകെ ലോക്ക്ഡോൺ ആകുമെന്നും  ആരും പുറത്തിറങ്ങരുതെന്നും  ഇറങ്ങിയാൽ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമൊക്കെയായിരുന്നു അറിയിപ്പിന്റെ രത്നച്ചുരുക്കം. വിദേശത്തു പോയി മടങ്ങി വന്നവർ നിർബന്ധമായും അടുത്തുള്ള ഹോസ്‌പിറ്റലിൽ റിപ്പോർട്ട് ചെയ്യണമെന്നും അവരുമായി സഹവാസം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും കൂടി വാർത്താവതാരകൻ പറഞ്ഞതോടെ അടക്കിപ്പിടിച്ച ചുമയുമായി മയമി ഹാജി ആദ്യം കടയിൽ നിന്നിറങ്ങിപ്പോയി. മൂപ്പരുടെ മുഖത്ത് ഭയം കാണാമായിരുന്നുബേക്കറിക്കാക്ക് പൈസ കൊടുത്ത് വിളറി വെളുത്ത മുഖവുമായി വല്ലിപ്പയും വേഗം ഇറങ്ങി നടന്നു. വല്ലിപ്പയും മയമി ഹാജിയും കുടിച്ച ചായ ഗ്ലാസിൽ മറ്റാർക്കും ചായ കൊടുക്കാതെ അവ അലമാരക്ക് മുകളിൽ കമഴ്ത്തി വെക്കുന്നത് തിരിഞ്ഞു നോക്കിയപ്പോ ഞാൻ കണ്ടു. വീട്ടിലേക്കുള്ള വഴിയിൽ പതിവ് വർത്തമാനങ്ങളില്ലാതെ വലിഞ്ഞു നടക്കുന്ന വല്ലിപ്പാന്റെ ഒപ്പമെത്താൻ ചിലപ്പോഴൊക്കെ എനിക്ക് ഓടേണ്ടി വന്നു.

വീട്ടിലെത്തിയ ഉടനെ ഉമ്മയോട് കാര്യം പറഞ്ഞത് ഞാനായിരുന്നു. നാളെ മുതൽ ബസ്സും ജീപ്പുമൊന്നും ഉണ്ടാകില്ലെന്ന് കേട്ടതോടെ ടൗണിലേക്ക് കെട്ടിച്ച പെങ്ങളുടെ വീട്ടിലേക്ക് തൊടിയിലെ ചക്കയും മാങ്ങയും കുത്തി നിറച്ച് പത്ത് മാസമായ ഗർഭിണിയുടെ വയറു പോലെ വീർത്ത സഞ്ചിയുമായി പോകാനിരുന്ന ഉമ്മ അന്തം വിട്ടിരുന്നു. വല്ലിപ്പാക്ക് ഹോസ്പിറ്റലിൽ പോയി റിപ്പോർട്ട് ചെയേണ്ടി വരുമെന്ന് കൂടി കേട്ടതോടെ ഉമ്മയുടെ മുഖം വല്ലാണ്ടായി. എന്നോട് കുളിക്കാൻ പോവാൻ പറഞ്ഞിട്ട് വല്ലിപ്പയുടെ റൂമിലേക്ക് പോയ ഉമ്മ കണ്ടത് അടച്ചിട്ട വാതിലും കേട്ടത് അടക്കിപ്പിടിച്ചുള്ള ചുമയുമായിരുന്നു. ഒന്നും മിണ്ടാതെ തിരികെ പോന്ന ഉമ്മയുടെ പിന്നീടുള്ള നോട്ടങ്ങളെല്ലാം പണി കഴിഞ്ഞു വരുന്ന ഉപ്പയേയും കാത്ത് വഴിവക്കിൽ തട്ടി നിന്നു.

അവസാനത്തെ ബസ്സിൽ വന്നിറങ്ങിയ ഉപ്പ നാട്ടുകാരിൽ നിന്ന് തന്നെ കാര്യങ്ങളൊക്കെ കേട്ടറിഞ്ഞിരുന്നു. പുറത്ത് വെച്ചിരുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കയ്യും കാലും കഴുകി അകത്തേക്ക് കയറിയ ഉപ്പ നേരെ പോയത് വല്ലിപ്പയുടെ മുറിയിലേക്കായിരുന്നു.  

പേടിക്കാനൊന്നുമില്ലെന്നും, രോഗമില്ലെന്ന് ഉറപ്പു വരുത്താൻ വേണ്ടി മാത്രമാണ് ഹോസ്പിറ്റലിൽ പോയി റിപ്പോർട്ട് ചെയ്യാൻ പറയുന്നതെന്നും പറഞ്ഞ് ഉപ്പ വല്ലിപ്പയെ സമാധാനിപ്പിക്കുമ്പോൾ  വാതിലിന്റെ മറവിലായി നിൽക്കുകയായിരുന്ന ഉമ്മയുടെയും പിന്നിൽ നിന്ന് ഉപ്പ കൊണ്ടു വന്ന കടലമിഠായി തിന്നുകയായിരുന്നു ഞാൻ.

വല്ലിപ്പയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിച്ച പിറ്റേന്ന് വൈകുന്നേരമായിരുന്നു വീട്ടിൽ അടങ്ങിയിരുന്ന് ശീലമില്ലാത്ത ഉപ്പ എന്നെയും കൂട്ടി മീൻ പിടിക്കാൻ പോയത്. സാധാരണ ഉപ്പയും വല്ലിപ്പയുമാണ് വഞ്ചിയിൽ മീൻ പിടിക്കാൻ പോവാറ്. പക്ഷെ ഇനി മുതൽ പതിനാല് ദിവസത്തേക്ക് വല്ലിപ്പാക്ക് പുറത്തേക്ക് പോവാൻ പറ്റില്ലെന്നും, വല്ലിപ്പ കഴിച്ച പാത്രത്തിൽ കഴിക്കരുതെന്നുമൊക്കെ ഉമ്മയോട് ഉപ്പ രാവിലെ പറയുന്നത് കേട്ടിരുന്നു. മീൻ പിടിക്കാൻ കൂടെ കൂട്ടിയ സന്തോഷത്തിൽ കായലിലേക്ക് തുഴയും, വലയുമെടുത്ത് നടക്കുമ്പോ വല്ലിപ്പയുടെ ചടച്ച ചുമ മുറിയിൽ നിന്ന് കേൾക്കാമായിരുന്നു.

വലയൊക്കെയിട്ട് കുറച്ച് നേരം വിശ്രമത്തിനായി കായലിന്റെ ഓരത്തായി വഞ്ചിയിലിരിക്കുമ്പോഴാണ് ദൂരെ ഒരു തുരുത്ത് ചൂണ്ടിക്കാണിച്ച്  ഉപ്പ അതിനെ പറ്റി അറിയുമോ എന്നു ചോദിച്ചത്. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ആ തുരുത്തിലേക്ക് നോക്കി ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ഓർമകളിൽ നിന്ന് ചികഞ്ഞ് ഉപ്പ വിവരിക്കാൻ തുടങ്ങി.
"അതാണ് വസൂരി തുരുത്ത്. ഇന്റെയൊക്കെ കുട്ടിക്കാലത്ത് ഇപ്പോഴത്തെ കൊറോണയെ പോലെ ഉണ്ടായിരുന്ന ഒരു മഹാമാരിയായിരുന്നു ഈ വസൂരിയും. ചിലയിടത്ത് അതിനെ തലമ്മതട്ടി എന്നൊക്കെ വിളിക്കും. അന്ന് നമ്മടെ ചുറ്റുവട്ടത്ത് ആർക്കെങ്കിലും വസൂരി ഉണ്ടായാൽ ആദ്യം ചെയ്യുക പച്ചോലയിൽ പൊതിഞ്ഞ് മുഴുവനായും പച്ചയോല വിരിച്ച തോണിയിൽ ആ തുരുത്തിലേക്ക് കടത്തലായിരുന്നു".

മീൻ പിടിക്കാൻ വഞ്ചിയിൽ പോകുന്ന മറ്റൊരാൾക്ക് കൈ വീശി കാണ്ച്ച്‌ ഉപ്പ വീണ്ടും പറഞ്ഞു തുടങ്ങി.

" തുരുത്തിനുള്ളിൽ കെട്ടിയ ഓലമേഞ്ഞ ഷെഡുകളിൽ നരകയാതനയാവും അവര് അനുഭവിക്കുക. നല്ല ഭക്ഷണം പോലും കിട്ടില്ല അവിടെ. അങ്ങനെ വിശന്നു വലഞ്ഞ് അവിടെയുള്ളവർ നിലവിളിക്കുമ്പോ കരയിൽ നിന്നും പോകാൻ ധൈര്യമുള്ളവർ മാത്രം തോണിയിൽ അൽപ്പം ചില ഭക്ഷണങ്ങൾ എത്തിച്ച് കൊടുക്കും. അത്ര തന്നെ. മിക്കവരും അവിടെ കിടന്ന് തന്നെ മരിക്കും. രോഗത്താൽ മരിക്കാത്ത ചിലർ അവിടത്തെ കായ്കനികളും, പുല്ലും, തേങ്ങയുമൊക്കെ കഴിച്ചായിരുന്നു ജീവൻ നിലനിർത്തിയത്."
ഒന്ന് നിർത്തിയിട്ട് ഉപ്പ എന്നോട് ചോദിച്ചു,"നിന്റെ വല്ലിപ്പ ആരായിരുന്നു എന്ന് നിനക്കറിയോ?"

ഉപ്പ തന്നെ ഉത്തരം പറയട്ടെ എന്ന മട്ടിൽ ഞാൻ ഇരുന്നു.

"അന്ന് വസൂരിക്കാലത്ത് രോഗികളെ ആ തുരുത്തിലേക്ക് കൊണ്ടുപോവാനും, നിലവിളി കേൾക്കുമ്പോ ഭക്ഷണം കൊണ്ടു കൊടുക്കാനും മുന്നിലുണ്ടായിരുന്ന ആളായിരുന്നു നിന്റെ വല്ലിപ്പ. നിനക്കറിയോ മരിച്ചുപോയ നിന്റെ വല്ലിമ്മ അന്ന് വല്ലിപ്പയോട് എത്രയോ തവണ പറഞ്ഞിരിക്കുന്നു, രോഗികളെ കടത്തുന്ന തോണിക്കാരനായിട്ട് പോകരുതെന്ന്. ഉപ്പ അതിനൊന്നും ചെവികൊടുക്കില്ലായിരുന്നു. അത്ര മാത്രം ധൈര്യവാനായിരുന്നു നിന്റെ വല്ലിപ്പ. ആ ഉപ്പയാ ഇപ്പോ...."
ഉപ്പയുടെ വാക്കുകളിടറി. "പറഞ്ഞിട്ടെന്താ പ്രായമായില്ലേ..." 
ഉപ്പ നെടുവീർപ്പിട്ട് വലകൾക്കരികിലേക്ക് വഞ്ചി തുഴഞ്ഞു.
അന്തി മയങ്ങിയ നേരത്ത് വലയെടുത്ത് മടങ്ങുമ്പോ കായലിൽ വിശ്രമിക്കുന്ന ആ തുരുത്തിലേക്ക് ഞാൻ നോക്കി. പച്ചയോലകൾ വിരിച്ച തോണിയിൽ രോഗികളെ കൊണ്ടുപോകുന്ന വല്ലിപ്പ ഒരു മിന്നായം പോലെ എന്റെ മനസ്സിൽ തെളിഞ്ഞു.

വീട്ടിലെത്തിയപ്പോഴാണ് മയമി ഹാജിയെ ശ്വാസംമുട്ട് അധികമായിട്ട് വീണ്ടും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിരിക്കുകയാണെന്ന് ഉമ്മ പറഞ്ഞ് ഞങ്ങൾ അറിയുന്നത്. വല്ലിപ്പയോടിത് പറയരുതെന്ന് എന്നെയും ഉമ്മയേയും ഉപ്പ ശട്ടം കെട്ടി. അന്ന് രാത്രി ഞങ്ങൾ പിടിച്ച മീനും കൂട്ടി ദിവസങ്ങൾക്ക് ശേഷം വല്ലിപ്പ നന്നായൊന്ന് ഭക്ഷണം കഴിച്ചു. അല്ലേലും ഈ അടുത്തായി വല്ലിപ്പാക്ക് ഇത്തിരി വിശപ്പ് കൂടുതലാണെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു ദിവസം ഉമ്മയോട് 

ഞാൻ അത് ചോദിക്കുകയും ചെയ്തു, "എന്തിനാ ഉമ്മാ വല്ലിപ്പ ഇത്രെയും ചോറ് തിന്നുന്നത്?"

തുടയിലൊന്ന് നുള്ളിയിട്ട് 'വലുതായാ നീയും അത്ര ചോർ തിന്നും' എന്നായിരുന്നു ഉമ്മയുടെ മറുപടി.

രണ്ട് ദിവസം കഴിഞ്ഞ് കാണും, കൂട്ടുകാരാരും ലോക്ക്ഡൌൺ കാരണം പുറത്തിറങ്ങാത്തതിനാൽ കളിക്കാൻ പോവാൻ പറ്റാതെ ചൊറിയും കുത്തി ഞാൻ വീട്ടിലിരിക്കുന്ന ഒരു ഉച്ച നേരത്തായിരുന്നു ഉപ്പയെ തിരക്കി ഒരാൾ ഓടി വന്നത്. ലോക്കഡോൺ ആയതിൽ പിന്നെ ഉമ്മയെ അടുക്കളയിൽ സഹായിക്കുകയായിരുന്ന ഉപ്പ. പടിക്കെ നിന്നു കൊണ്ടുള്ള കൂടുകാരന്റെ വിളി കേട്ട് ഉമ്മറത്തേക്ക് വന്നു. അയാൾ വീട്ടു മുറ്റത്തേക്ക് കയറാതിരുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല
 
" എടാ നമ്മടെ മയമി ഹാജി മരിച്ചു."

മുറിയിൽ വാതിലടച്ചിരിക്കുന്ന വല്ലിപ്പ അത് കേൾക്കേണ്ടെന്ന് കരുതിയാണെന്നു തോന്നുന്നു ഉപ്പ കൂട്ടുകാരനോട് 'ശബ്ദം താഴ്ത്തി പറ എന്ന് ആംഗ്യം കാണിച്ചായിരുന്നു' അയാളുടെ അടുക്കലേക്ക് പോയത്.  
വേലിക്ക് അപ്പുറവുമിപ്പുറവുമായി നിന്ന് പിന്നെയും കുറച്ച് നേരം അവര് എന്തൊക്കെയോ കുശുകുശുക്കി. പക്ഷെ വല്ലിപ്പയുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ചൊരു കരച്ചിൽ കേട്ടത് ഞാൻ മാത്രമായിരുന്നു. ഉപ്പയുടെ കൂട്ടുകാരൻ ഉറക്കെ വിളിച്ച് പറഞ്ഞത് വല്ലിപ്പ കേട്ടെന്നു തീർച്ചയായി. വല്ലിപ്പയുടെ ആ അടക്കിപ്പിടിച്ച കരച്ചിലിൽ ഉണ്ടായിരുന്നു അടുത്ത കൂട്ടുകാരൻ മരിച്ചതിന്റെയും അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്തതിലുമൊക്കെയുള്ള വിഷമം.

മയമി ഹാജിയുടെ മരണം കഴിഞ്ഞ് നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴായിരുന്നു വല്ലിപ്പയെ കാണാതായത്. വല്ലിപ്പാക്കുള്ള പ്രതേക പാത്രത്തിൽ രാവിലത്തെ ചായയുമായി ചെന്ന ഉമ്മയായിരുന്നു അത് ആദ്യം അറിഞ്ഞത്. ലോക്കഡോൺ കാരണം കിട്ടിയ മദ്രാസ ലീവ് നന്നായി ഉപയോഗപ്പെടുത്തി ഉറങ്ങുകയായിരുന്ന ഞാൻ കണ്ണ് മിഴിച്ചത് വല്ലിപ്പയെ തിരയുന്ന കാഴ്ചയിലേക്കായിരുന്നു. വല്ലിപ്പയെ കാണാനില്ലെന്ന് കേട്ടതോടെ ഞാനുമൊന്ന് ഞെട്ടി. 

വല്ലിപ്പ ഇതെവിടെ പോകാനാണ്.

വല്ലിപ്പയെ നോക്കാൻ കവല വരെ പോകുന്ന ഉപ്പയോടൊപ്പം ഞാനും കൂടി. ആളൊഴിഞ്ഞു കിടക്കുന്ന കവല ഞങ്ങളുടെ പ്രതീക്ഷകൾക്ക് മേൽ നിരാശയുടെ കരിമ്പടം പുതപ്പിച്ചു. വല്ലിപ്പയെ പ്രതീക്ഷിക്കാവുന്ന അവസാനത്തെ ഇടമെന്നോണം തിരിച്ചു വരും വഴി വീട്ടിൽ കയറാതെ ഉപ്പ നേരെ കടവിലേക്ക് നടന്നു. പിറകെ ഞാനും വെച്ചു പിടിച്ചു. കുറച്ചകലെയുള്ള ചീന വലയിൽ പണിയെടുക്കുന്ന മജീദിക്കയല്ലാതെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. കടവിലെ മരക്കുറ്റിയിലേക്ക് വഞ്ചി ചേർത്ത് കെട്ടുകയായിരുന്നു അയാൾ. അപ്പോഴാണ് ഞാനും ഉപ്പയും അത് ശ്രദ്ധിച്ചത്. സാധാരണ മജീദിക്കയുടെ വഞ്ചിക്കരികെ കെട്ടിയിടാറുള്ള ഞങ്ങളുടെ വഞ്ചി അവിടെ കാണാനില്ല. വല്ലിപ്പയെ തിരക്കുന്നതിനിടെ വീട്ടിൽ തുഴ വെച്ചിടത്ത് കാണാത്തതും അപ്പോൾ ഞാൻ ഓർത്തു. ഉപ്പയുടെയും എന്റെയും മുഖത്തെ പരിഭ്രാന്തി വായിച്ചറിഞ്ഞിട്ടെന്നോണം മജീദിക്ക ചോദിച്ചു.
"വല്ലിപ്പയെ തിരക്കി വന്നതാണോ??? "
ഒരു ഞെട്ടലോടെയായിരുന്നു ഞങ്ങൾ ആ ചോദ്യം കേട്ടത്. ഞങ്ങളുടെ മറുപടിക്ക് കാത്തു നിൽക്കാതെ മജീദിക്ക രാവിലെ നടന്ന കാര്യങ്ങൾ വിശദീകരിച്ചു.
അതിരാവിലെ ചീന വലയിലേക്ക് പോകാനായി മജീദിക്ക കടവിലേക്ക് വന്നപ്പോ വല്ലിപ്പ വഞ്ചി തുഴഞ്ഞു പോകാൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എവിടേക്കാ കാരണോരെ ഈ കൊച്ചു വെളുപ്പാൻ കാലത്തെന്ന് ചോദിച്ചപ്പോ ഒന്ന് മടിച്ചിട്ടായിരുന്നത്രെ വല്ലിപ്പ വസൂരി തുരുത്തിലേക്കാണെന്ന് പറഞ്ഞത്. പിന്നെയൊന്നും പറയാൻ നിക്കാതെ മൂപ്പര് തോണി തുഴഞ്ഞു പോയെന്ന് മജീദിക്ക പറഞ്ഞു നിർത്തിയതോടെ എന്റെ ഓർമ്മയിൽ പച്ചയോല വിരിച്ച തോണി തുഴയുന്ന വല്ലിപ്പയുടെ രൂപം തെളിഞ്ഞു.

മജീദിക്കയുടെ വഞ്ചി ഉപ്പ വേഗത്തിൽ വെള്ളത്തിലിറക്കി. ഒരറ്റത്ത് ഞാനും ഇരിപ്പുറപ്പിച്ചു. വസൂരി തുരുത്ത് ലക്ഷ്യമാക്കി ഉപ്പ വേഗത്തിൽ വഞ്ചി തുഴഞ്ഞു. ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വെള്ളത്തിലടിക്കുന്ന തുഴയുടെ ശബ്ദമല്ലാതെ മറ്റൊന്നും ഞങ്ങളുടെ നിശബ്ദതയെ ഭഞ്ജിച്ചില്ല. വസൂരി തുരുത്തിനു നേരെ ഞാൻ കാതുകൾ  കൂർപ്പിച്ചു വെച്ചു നോക്കി, വിശപ്പ് സഹിക്കാൻ കഴിയാതെ വല്ലിപ്പയുടെ നിലവിളി എങ്ങാനും മുഴങ്ങുന്നുണ്ടോ എന്നറിയാൻ..

മടക്കം.
*******
അനുഭവക്കുറിപ്പ് വായിച്ചു കഴിഞ്ഞതോടെ ഒരായിരം ചോദ്യങ്ങൾ രവിയിൽ മുളപൊട്ടി. വൃദ്ധനെഴുതിയത് യാഥാർഥ്യമാണോ അതോ ഏതെങ്കിലും ഉച്ചക്കിറുക്കിന്റെ നേരത്ത് എഴുതിയതാണോ എന്നറിയാതെ രവി കുഴങ്ങി. ഇനി സത്യമാണെങ്കിൽ തന്നെ ഇദ്ദേഹത്തിന്റെ വല്ലിപ്പാക്ക് പിന്നീട് എന്തു സംഭവിച്ചു. എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മരണം?.
മനസ്സിൽ മുളപൊട്ടിയ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന ആ വൃദ്ധനെ രവി നോക്കിഉറങ്ങിക്കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കത അയാളുടെ മുഖത്തുണ്ടായിരുന്നു.
സംശയങ്ങൾ തീർക്കൽ നാളെ രാവിലെയാക്കാം എന്നു തീരുമാനിച്ച്‌ കുറിപ്പ് പോക്കറ്റിലേക്ക് തിരുകി രവി കട്ടിലിൽ കിടന്നു. വൃദ്ധന്റെ ചടച്ച ചുമ അയാളുടെ തന്നെ താളമൊപ്പിച്ചുള്ള കൂർക്കം വലിക്ക് ഇടയ്ക്കിടെ തടയിടുന്നുണ്ടായിരുന്നു.

നേരം വൈകിയുറങ്ങിയ ക്ഷീണത്തിൽ എഴുന്നേൽക്കാൻ വൈകിയ രവി അവസാനം എഴുന്നേറ്റത് ആശുപത്രി സൂപ്രണ്ട് ഐസൊലേഷൻ വാർഡിന്റെ ചുമതലയുള്ള ഡോക്ടറെ ശകാരിക്കുന്നത് കേട്ടായിരുന്നു. അതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ അടുത്തുള്ള കട്ടിലിലെ വൃദ്ധനു നേരെ തിരിഞ്ഞപ്പോഴാണ് അയാൾ അവിടെയില്ല എന്ന സത്യം രവി മനസിലാക്കുന്നത്. അയാളെ കാണാതായതിനുള്ള ശകാരമാണ് സുപ്രണ്ടിൽ നിന്നും ഡോക്ടർ കേൾക്കുന്നതെന്ന് കൂടി  മനസ്സിലാക്കിയതും രവിയിൽ മനസ്സിൽ തിരക്കിട്ടു ഉയർന്ന ചോദ്യങ്ങൾ അടങ്ങി
 ആശുപത്രിയുടെ പരിസരത്തെങ്ങും അയാളില്ലെന്ന് തിരയാൻ പോയ ഒരാൾ സുപ്രണ്ടിനോട് വന്ന് പറഞ്ഞതോടെ കീശയിൽ കിടന്നിരുന്ന അയാളുടെ അനുഭവക്കുറിപ്പ് ഒരിക്കൽ കൂടി രവിയെടുത്ത് വായിച്ചു.
അങ്ങകലെയുള്ള വസൂരി തുരുത്തിലേക്ക് വഞ്ചി തുഴയുന്ന വൃദ്ധന്റെ രൂപം രവി വെറുതെ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.  
പിന്നെ പതിയെ ജനലിനടുത്തേക്ക് ചെന്ന് അന്തരീക്ഷത്തിലേക്ക് കാത് കൂർപ്പിച്ച് വെച്ചു നോക്കി. വിശപ്പ് സഹിക്കാൻ കഴിയാതെ വൃദ്ധരെങ്ങാനും നിലവിളിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി മാത്രം.

No comments:

Post a Comment