ഇല്ലാതാകുമ്പോളല്ലലലൊഴിയുന്നു
ചെറുതായി ചെറുതായങ്ങണുവായങ്ങൊടുങ്ങേണം
ചെറുതിലും കുരുന്നായ്
ഞാനലിഞ്ഞില്ലാതായിടേണം
അറിഞ്ഞാലുമറിഞ്ഞാലും അതിരില്ലാത്തറിവിന്റെ
കുറേമാത്രമറിഞ്ഞതിന്നഹങ്കാരമിനിവേണ്ടാ
ഓടുവാനും ചാടുവാനും
കുരങ്ങായി കളിക്കാനും
മടിക്കാത്ത മനസ്സിന്റെ
വിടവാങ്ങൽ ചടങ്ങെന്നോ
അടിച്ചാലുമൊടിച്ചാലും തളിർക്കുമെന്നഹന്തയ്ക്ക്
കുടിയേറാനിനിയെന്റെ ഉടൽ
ദാനം കൊടുക്കില്ല
പരമാർത്ഥം പലതില്ല പരം പോലും തോന്നലല്ലേ
പരമാത്മാവിതെല്ലാമെന്നറിഞ്ഞാലും നല്ലതല്ലേ
പെരുമാളാണവൻ നിത്യൻ,
ഉടൽ പോലുമവനായി
വരുംകാലമവൻ മാത്രമിവനെങ്ങോ
മറഞ്ഞോട്ടെ
വാളുവീശി വരുന്നോർക്കും
വാക്കുമേന്തി വരുന്നോർക്കും
ആളുമഗ്നിയിലെന്നെ മൂടിച്ചാരമാക്കാനെത്തിയോർക്കും
മേളമിട്ടും താളമിട്ടും
പാത നീളെപ്പൂവിരിച്ചും
ആളുനോക്കാതിന്നു നൽകാം സ്വാഗതത്തിൻ പുഷ്പഹാരം
അംഗഭംഗം കൊതിപ്പൂ,
ഞാനാത്മപീഢയ്ക്കൊരുക്കം ഞാൻ
ഭംഗി വാക്കല്ലെനിക്കിഷ്ട്ടം വെറുപ്പാണെന്നിഷ്ട
ഭോജ്യം
നിങ്ങളിന്നു കവർന്നെടുക്കണമെന്റെ ജന്മവുമെന്റെയുടലും
ഭംഗിയോടങ്ങവയെല്ലാമുപേക്ഷിക്കാനൊരുക്കം ഞാൻ
ഉപഗുപ്തൻ വരുവോളം
ക്ഷമിക്കേണം പ്രിയരെല്ലാം
അപരാഹ്നം കഴിഞ്ഞെന്നാലവനെത്തും മറക്കാതെ
അപരന്ന് വിനോദത്തിന്നുടലെല്ലാം നൽകിയെന്നാൽ
ഉപദേശം കേൾക്കുവാനീ കാതുമാത്രം ബാക്കിവേണം
കാലമായില്ലെന്നുരച്ചു കാമിനിയെ
തടഞ്ഞൊരു
കാലഹന്തൻ വരുന്നേരം ഇല്ല നല്ലൊരു ചേല പോലും
താലമേന്താൻ കൈകളില്ല
നന്ദിചൊല്ലാൻ നാവുമില്ല
കാലമായീ കാലശേഷം കാലബന്ധവുമന്യമല്ലോ
No comments:
Post a Comment