കഴിഞ്ഞ മാസം മൂല്യശ്രുതിയിൽ ധാരളം വായിക്കാനുണ്ട്.
മൂന്നു കഥകളുണ്ട് മൂന്നും വ്യത്യസ്തം.
ബാബുരാജ് കളമ്പൂരിന്റെ കഥ പത്രവാർത്തയിൽ നിന്നും ഉയർന്നു നിൽക്കുന്നില്ല. പോരെങ്കിൽ യാതൊരു ആർദ്രതയുമില്ലാതെ സാധാരണ മലയാള കഥകളുടെ രീതിയിൽ കണ്ണിൽ കുത്തിക്കേറും വിധം എഴുതിയിരിക്കുന്നു. ഇത് മലയാളത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട ഒരു ശൈലിയാണ് ഇപ്പോൾ. Subtle ആയി കഥപറയുവാൻ നല്ല പാടവം വേണം. ഭാഷയിലെ നേരിയ ചലനങ്ങൾ കൊണ്ട് ധാരാളം ധ്വനിയും പ്രതിധ്വനിയുമൊക്കെ ഉണ്ടാക്കാൻ കഥാകൃത്തിന് കഴിയണം.
പക്ഷേ ഒരു നല്ല പ്ലോട്ട് ഉണ്ടാക്കിയെടുക്കാമെങ്കിൽ ആർദ്രത ഒഴിവാക്കി കഥയെഴുതുവാൻ താരതമ്യേന എളുപ്പമാണ്. ഒരു വിഭാഗം വായനക്കാർക്ക് അത് രുചിച്ചില്ല എന്ന് വരും. ആശാന്റെ കരുണയിലെ പ്രസിദ്ധമായ ശ്മശാന വർണ്ണനയെക്കുറിച്ചു വൈലോപ്പിള്ളിക്കും വുതെറിങ് ഹൈറ്റ്സിനെ (Wuthering Heights)കുറിച്ച് എം കൃഷ്‌ണൻനായരും ഇങ്ങനെ ഒരു ദോഷം പറഞ്ഞിരുന്നതായി ഓർക്കുന്നു. മലയാള സാഹിത്യം എല്ലാക്കാലത്തും ആർദ്രതയിൽ നിന്നും പൊതുവെ അകന്നാണ് നിന്നിരുന്നത് എന്ന് പ്രൊഫസർ രാജകൃഷ്ണൻ ഒരിക്കൽ പ്രസംഗിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ പോരെങ്കിൽ ജെല്ലിക്കെട്ട് തുടങ്ങിയ പൂരക്കളി ചലച്ചിത്രങ്ങളിലൂടെ മിക്കവാറും എല്ലാ മലയാളികളുടെയും സംവേദനക്ഷമതയിൽ മാറ്റം വന്നതായി കരുതാം. Noise has become voice now.
ജോസഫിന്റെ ഗ്വാണ്ടനാമോയിൽ നിന്നൊരു കർഷകപുത്രി എന്ന കഥ ദേശീയ മതിലുകളുടെ ഞെരുക്കത്തിൽ നിന്നും മാനവികതയും കടന്ന് ജൈവലോകത്തെ ആകെ വാരിപ്പുണരുന്നു. മാജിക്കൽ റിയലിസം എന്നതിനേക്കാൾ ഫേബിൾ എന്ന വിഭാഗത്തിലാണ് ഈ കഥ വരുന്നത്. മനുഷ്യനിലെ മൃഗത്തെ ഉണർത്തുന്ന ചെന്നായ ആ മാനുഷികത മൃഗീയത എന്നീ വാക്കുകളെ പുനർനിർവചനം ചെയ്തിരിക്കുന്നു. കഥയുടെ തലക്കെട്ട് വളരെ പ്രധനമാണ്. പ്രണയത്തിന്റെയും വിമോചനത്തിന്റെയും ഗാഥയായി മാറിയ ഒരു സ്പാനിഷ് ഗാനത്തിലെ പല്ലവിയാണിത് എന്ന് ഗൂഗിൾ കാട്ടിത്തന്നു. രാഷ്ട്രീയത്തിൽ നിന്നും മതത്തിൽ നിന്നുമൊക്കെ ആട്ടിയിറക്കപ്പെട്ട മാനുഷിക മൂല്യങ്ങൾ ഇന്ന് ഇതുപോലെ പാട്ടിലും കലയിലും സാഹിത്യത്തിലും മാത്രമേ ബാക്കിയുള്ളു എന്നതാണ് ഈ പാട്ടിലൂടെ കഥാകൃത്ത് ഒരുക്കുന്ന പശ്ചാത്തലം നമ്മെ ബോധ്യപ്പെടുത്തുന്നത്.
കഥയിൽ ധാരാളം പ്രഭാഷണസമാനമായ സംഭാഷണങ്ങൾ ഉണ്ട്. കൂടുതലും മൃഗജിഹ്വയിൽ നിന്നും വരുന്നത്. അവയൊന്നുമല്ല കഥയുടെ മർമ്മം. മൃഗവും മനുഷ്യനും തമ്മിലുള്ള ഇടപെടലിലൂടെ ഇരുവർക്കും സംഭവിക്കുന്ന ഉദാത്തവൽക്കരണമാണ് അതിലൊക്കെ പ്രധാനം. ഓ ഹെൻറിയുടെ മിറക്കിൾ അറ്റ് ലാവാ കാന്യൻ (Miracle at Lava Canyon) എന്ന കഥയിലെ ഡാനിനും ബോഡീഷ്യക്കും സംഭവിക്കുന്നതുപോലെ ഇരുവരും ആത്മാക്കളെ പരസ്പരം കൈമാറ്റം ചെയ്തുവോ എന്ന് തോന്നാം. സ്നേഹനിലാവ് പരന്നൊഴുകുന്ന കഥാഗതി നമ്മെ താരാട്ടുപാടി ഉറക്കുകയല്ല ഉണർത്തുപാട്ട് പാടി കണ്ണ് തുറപ്പിക്കുകയാണ് ചെയ്യുന്നത്
മലയാളത്തിൽ പ്രസിദ്ധീകൃതമാകുന്നതിനു മുൻപേ തന്നെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും നല്ല പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത കഥയാണ് മിനി ആന്റണി എഴുതിയ ആകാശത്തിലെ കൃഷിത്തോട്ടം. ബാബുരാജ് കളമ്പൂർ ദേശീയത എന്ന ഇടുങ്ങിയ ചിന്തയെക്കുറിച്ചും ജോസഫ് ഏബ്രഹാം മാനവികത എന്ന ബോണസായി തോട്ടത്തെക്കുറിച്ചും പറയുമ്പോൾ മിനി മനുഷ്യാവസ്ഥയുടെ നേർചിത്രം കാട്ടിത്തരുന്നു. മലയാളത്തിൽ മുൻനിര എഴുത്തുകാർ പോലും അപൂർവ്വമായി പ്രകടിപ്പിക്കാറുള്ള അസാമാന്യമായ കയ്യൊതുക്കമാണ് മിനിയുടെ കഥകളുടെ മുഖമുദ്ര. മൂന്നു തലമുറയിൽ പെടുന്ന മൂന്നു കഥാപാത്രങ്ങൾ. അതിൽ വൃദ്ധനും കൊച്ചുകുട്ടിയും ഒരേ ലോകത്താണ്. വാർദ്ധക്യത്തെ രണ്ടാം ബാല്യം എന്ന് പറയാം. ഇവരുടെ നടുക്ക് പെട്ടുപോകുന്ന അപ്പുവിന്റെ അമ്മ സാധാരണ മനുഷ്യന്റെ പ്രതീകമാണ്. സെൻ ബുദ്ധിസം പിന്തുടരുന്നതിന് മുൻപ് പുഴയും കുന്നുമൊക്കെ ഉണ്ടാകുമെന്നും സെന്നിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ അവയൊക്കെ ഇല്ലാതാകുമെന്നും സെന്നിൽ വിലയം പ്രാപിക്കുമ്പോൾ വീണ്ടും പുഴയും കുന്നുമൊക്കെ ദൃശ്യമാകുമെന്നും പലരും പറഞ്ഞിട്ടുണ്ട്. മൂന്നു തലമുറയുടെ ജീവിത വീക്ഷണവും വിഭിന്നമായ രീതിയിൽ ഈ ഘടന കാട്ടിത്തരുന്നു. ബാല്യകാലത്തേയ്ക്കു തിരിച്ച് പോകാൻ നമ്മൾ കൊതിക്കുന്നു. പക്ഷേ മുൻപോട്ടു പോയാലും സമാനമായ ലോകമാണെന്ന് ഈ കഥ കാട്ടിത്തരുന്നു. സ്വർണ്ണം (നിലനില്പില്ലാത്ത ലൗകിക സുഖം) മണ്ണ് (അധീശതയുടെയും അസമത്വത്തിന്റെയും മൂലകാരണം ) ആകാശം (അതിരില്ലാത്ത നിരുപാധികമായ സ്നേഹം) എന്നീ ബിംബങ്ങളിലൂടെ ധാരാളം പറയാതെ പറയുമ്പോഴും ഉള്ളിൽ തട്ടുന്ന ഒരു കഥയിൽ അതെല്ലാം ഒട്ടും മുഴച്ചു നിൽക്കാതെ തികഞ്ഞ ആർദ്രതയോടെ കോർത്തെടുക്കാൻ മിനിക്ക് കഴിഞ്ഞിരിക്കുന്നു.
മൂല്യശ്രുതിയിൽ ഈ മൂന്നു കഥകളും കൊടുത്തിരിക്കുന്ന ക്രമം നോക്കിയാൽ മലയാള കഥ എവിടെ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണ്
No comments:
Post a Comment