സാഹചര്യത്തെളിവുകൾ
**********
അമ്മയാണ് ചായ ഇട്ടതെങ്കിൽ അറിയാം
അത് വയൽവരമ്പത്ത് വരെ ഒഴുകിയെത്തുമായിരുന്നു
ഭാര്യയായതുകൊണ്ട് പൂമുഖത്തെ ചാരുകസേര വരെയേ എത്തിയിട്ടുള്ളൂ
അമ്മയാണ് ചോറ് വെച്ചതെങ്കിൽ അറിയാം
പകുതി അരിയും പകുതി വറുതിക്കാലത്തെ ദുരിതങ്ങളും ഒന്നിച്ചിട്ട് വേവിച്ചിട്ടുണ്ടാവും
ഭാര്യ ആയതുകൊണ്ട് നാളത്തേക്ക് പഴഞ്ചോറിനും ഉണ്ട്
ചെടിക്ക് വെള്ളം ഒഴിച്ചത് അമ്മയാണെങ്കിൽ അറിയാം
കൊടിത്തൂവയ്ക്കും കീഴാനെല്ലിക്കുമൊക്കെ കുറച്ചു വെള്ളം കിട്ടിക്കാണും
ഭാര്യ ആയതുകൊണ്ട് വെള്ളം ഒട്ടും പാഴാക്കിയിട്ടില്ല
അലക്കുകാരിക്ക് തുണിയെടുത്തുകൊടുത്തത് അമ്മയായിരുന്നെങ്കിൽ അറിയാം
അവരും കുട്ടികളും വരാന്തയിലിരുന്ന് ദോശ തിന്നുന്നുണ്ടാവും
ഭാര്യയാണ് അലക്കാൻ തുണി കൊടുത്തത്
എളുപ്പമുള്ളവ വാഷിംഗ് മെഷീനിനായി മാറ്റിവെച്ചിരിക്കുന്നു
മുറ്റം തൂക്കുന്നത് അമ്മയാണെങ്കിൽ അറിയാം
കരിയിലക്കിളികളുടെ ചിലപ്പിന് ശബ്ദം കൂടും
ഭാര്യയാണ് മുറ്റം തൂത്തത്, ഒരു കീരി ഓടിപ്പോകുന്നത് കണ്ടു
അമ്മയാണ് പശുവിനെ കറന്നതെങ്കിൽ അറിയാം
പകുതിയും കുട്ടി കുടിച്ചിട്ടുണ്ടാവും,
ഇന്ന് കറന്നത് കറവക്കാരനാണ്
പശുക്കുട്ടിയുടെ മുഖത്തൊരു വാട്ടം
സന്ധ്യാവിളക്ക് വെച്ചത് അമ്മയായിരുന്നെങ്കിൽ അറിയാം
ഗതകാല ഓർമ്മകളിൽ ദീപം ചലനമറ്റു നിൽക്കും
വിളക്ക് വെച്ചത് മറ്റാരോ ആണെന്ന് തോന്നുന്നു
ഒട്ടും കാറ്റില്ലെങ്കിലും ദീപം നന്നായി ഉലയുന്നുണ്ട്
No comments:
Post a Comment