Total Pageviews

Friday, April 5, 2024

 ധനുമാസ രാവ്‌ (മിനിക്കഥ)

എല്ലാ വർഷവും ഡിസംബറിലെ അവസാന വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പള്ളിപ്പെരുന്നാൾ. നാട്ടുകാരുടെ മൊത്തം ഉൽസവം.

ശനിയാഴ്ച സന്ധ്യയ്ക്ക് രണ്ടിടങ്ങളിൽ നിന്നാരംഭിക്കുന്ന നഗരപ്രദക്ഷിണം രണ്ടു മണിക്കൂറെടുത്ത് പള്ളിയിലെത്തും.

പ്രദക്ഷിണം ആരംഭിക്കുന്നത് കൊടികൾ ഏന്തിയ ബാലന്മാർ റോഡിന്റെ ഇരുവശവുമായി അണിനിരന്നു കൊണ്ടാണ്. പത്തടി നീളമുള്ള കമ്പിന്റെ മുകളിൽ പല നിറങ്ങളിലുള്ള കൊടികൾ. റോഡിന്റെ ഒരു വശത്തുള്ള അതേ നിറങ്ങൾ മറുവശത്തും, അതാണ് നിയമം.

ഇവർക്കു പിറകിലാണ് ചെണ്ടമേളക്കാർ. തുടർന്ന് വിശുദ്ധരുടെ രൂപങ്ങളിൽ ഓരോന്ന് ഇടകലർന്ന്. ബാൻഡ് സെറ്റ് രണ്ടെണ്ണം; ഒപ്പം  വിശ്വാസികൾ, മുത്തുക്കുടകൾ ഏന്തിയ വിശ്വാസികളുടെ കൂട്ടം റോഡിനിരുവശത്തുമായി കൊടിയുടെ നിറം പോലെ ക്രമത്തിൽ. ബാക്കി വിശ്വാസികൾ അടങ്ങുന്ന ജനസഞ്ചയം പദക്ഷിണത്തെ അനുഗമിക്കും.

ബാൻഡ് സംഘമുണ്ടെങ്കിലും ആഘോഷം പൊലിപ്പിക്കുന്നതു ചെണ്ടമേളക്കാർ തന്നെ.  

പ്രദക്ഷിണം പോകുന്ന വഴിവക്കിൽ ദീപാലങ്കാരങ്ങൾ പതിവാണ്. വഴിവിളക്കുകൾക്ക്‌ പുറമേ, പ്രദക്ഷിണത്തിനു വേണ്ടി പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ ഇരുവശത്തും...

രണ്ടു മണിക്കൂർ സമയമെടുത്തു പള്ളിയിലെത്തുന്ന നഗര പ്രദക്ഷിണത്തിന്റെ രണ്ടു വിഭാഗം ചെണ്ടമേളത്തിൽ ഒരു വിഭാഗത്തിൽ  അംഗമാണ് അയാൾ.

ദീർഘ നേരത്തെ ചെണ്ട വാദനം മൂലം വിയർത്തു കുളിച്ചാണ് അന്നയാൾ വീട്ടിലേയ്ക്ക് തിരിച്ചത്.  ധനുമാസ രാവിൻറെ കുളിരും നേർത്ത കാറ്റും അയാളെ ആശ്വസിപ്പിക്കാൻ കൂടെ നടന്നു.

നടപ്പാതയ്ക്കിരുവശത്തുമുള്ള വൈദ്യുതീകരിച്ച വീടുകളിൽ വൈദ്യുത ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും പുൽക്കൂടും; അല്ലാത്ത വീടുകളിൽ മുള കീറി വർണ്ണക്കടലാസ് ഒട്ടിച്ച കൃത്രിമ നക്ഷത്രങ്ങൾ; ഉള്ളിൽ ബൾബിനു പകരം മണ്ണെണ്ണ വിളക്കോ മെഴുകു തിരിയോ കത്തിച്ചു പ്രകാശിപ്പിക്കുന്നവ.

മനുഷ്യരിൽ എക്കാലവും കാണുന്ന ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗങ്ങളെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ. വൈദ്യുതി നിലയ്ക്കുമ്പോഴും ചില കൃത്രിമ നക്ഷത്രങ്ങൾ അങ്ങിങ്ങു മാത്രമായി മിന്നിക്കൊണ്ടിരിക്കും. കാറ്റടിച്ച് വിളക്കോ തിരിയോ ചരിഞ്ഞു കൃത്രിമ നക്ഷത്രം ഭാഗികമായി കത്തുന്നതും അസാധാരണ സംഭവമല്ല.

കുളിക്കുന്നതിനുമുമ്പായി കുട്ടികൾക്ക് വാങ്ങിയ മധുരപാലഹാരങ്ങളും ബലൂണും  കളിക്കോപ്പുകളും അയാൾ അവർക്ക് സമ്മാനിച്ചു.

ജീവിതം പൊതുവേ സുന്ദരമാണ്‌; സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലുമൊക്കെ കൂടെയുണ്ടെങ്കിൽ...

ഭാര്യ ആഹാരമെടുത്ത് വെക്കാനായി അടുക്കളയിലേയ്ക്ക് പോയി. തോർത്തുമെടുത്ത് അയാൾ പുറത്തേയ്ക്കിറങ്ങി

 ഓല മേഞ്ഞ കുടിലിനു മുമ്പിലൂടെ ഒഴുകുന്ന കൈത്തോടിൽ ഇറങ്ങി അയാൾ മേലു കഴുകി.

കുടിലുനുള്ളിൽ കുട്ടികൾ അവർക്ക് ലഭിച്ച കളിക്കോപ്പുകളുമായി കളികളിൽ തുടങ്ങിയതിന്റെ കോലാഹലം അയാളെ തേടിയെത്തി.
മണ്ണെണ്ണ വിളക്കുമായി അവളെത്തി വരമ്പത്ത് അയാൾക്ക് കൂട്ടിരുന്നു.

അയാളുടെ  ജീവിതം പങ്കിടാൻ കൂടെ കൂടിയ ജീവിത പങ്കാളി.

പള്ളിപ്പെരുന്നാളിന് അയാൾ കൊട്ടിയ ചെണ്ടമേളത്തെക്കാൾ സുന്ദരമായി അയാളുടെ ഹൃദയം അപ്പോൾ മിടിക്കുന്നുണ്ടായിരുന്നു

No comments:

Post a Comment